കൊല്‍ക്കത്ത: കൊല്‍ക്കത്ത ആർജി കാർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പിജി വിദ്യാർത്ഥിനിയായ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തില്‍ കേസിന്റെ അന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോർട്ട് സിബിഐ ഇന്ന് സുപ്രീം കോടതിയില്‍ സമർപ്പിക്കും.
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ച് കഴിഞ്ഞ ദിവസം കേസില്‍ വാദം കേട്ടിരുന്നു. കേസ് കൈകാര്യം ചെയ്യുന്നതിലും ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണം തടയുന്നതിലും സംസ്ഥാന സർക്കാർ പരാജയപ്പെട്ടുവെന്ന് സുപ്രീംകോടതി വിമർശനം ഉന്നയിച്ചിരുന്നു.
ആശുപത്രിയില്‍ നടന്ന ആക്രമണത്തില്‍ രജിസ്റ്റർ ചെയ്ത കേസിലെ അന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോർട്ട് ബംഗാള്‍ സർക്കാരും ഇന്ന് സമർപ്പിക്കും. ഈ മാസം 13നാണ് ബലാത്സംഗ കേസിന്റെ അന്വേഷണം സിബിഐക്ക് കൈമാറിയത്. ആർജി കാർ മെഡിക്കല്‍ കോളേജിന്റെ ഭാഗത്ത് നിന്നും ഗുരുതരമായ വീഴ്‌ച്ചകള്‍ ഉണ്ടായതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു
ഫസ്റ്റ് ഇൻഫർമേഷൻ റിപ്പോർട്ട് രജിസ്റ്റർ ചെയ്യുന്നതില്‍ ആശുപത്രി അധികൃതർക്കും, ആശുപത്രിയുടെ മുൻ പ്രിൻസിപ്പല്‍ ഡോ സന്ദീപ് ഘോഷും അനാസ്ഥ കാണിച്ചതായി സുപ്രീംകോടതി ചൂണ്ടിക്കാട്ടി. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം കാണാൻ മൂന്ന് മണിക്കൂറോളം സമയം മാതാപിതാക്കള്‍ കാത്തിരിക്കേണ്ടി വന്നു. അധികാരികളുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര അനാസ്ഥയാണിതെന്ന് സുപ്രീംകോടതി വിമർശിച്ചു.
ആരോഗ്യ രംഗത്ത് സുരക്ഷിതമായ തൊഴില്‍ സാഹചര്യങ്ങള്‍ നിർദ്ദേശിക്കുന്നതിനായി കോടതി പത്തംഗ സംഘത്തിനും രൂപം നല്‍കിയിട്ടുണ്ട്. അതേസമയം നാഷണല്‍ ടാസ്‌ക് ഫോഴ്‌സ് നല്‍കുന്ന ശുപാർശകള്‍ നടപ്പിലാക്കുന്നത് വരെ ഡോക്ടർമാർക്ക് ഇടക്കാല സംരക്ഷണം ഒരുക്കണമെന്നാവശ്യപ്പെട്ട് ഫെഡറേഷൻ ഓഫ് ഓള്‍ ഇന്ത്യ മെഡിക്കല്‍ അസോസിയേഷൻ സുപ്രീംകോടതിയില്‍ ഹർജി നല്‍കി. ആശുപത്രികളിലും മെഡിക്കല്‍ കോളേജുകളിലും പ്രവേശന കവാടങ്ങളില്‍ ഉള്‍പ്പെടെ സിസിടിവികള്‍ സ്ഥാപിക്കണം എന്നത് ഉള്‍പ്പെടെയുള്ള ആവശ്യങ്ങളാണ് ഇവർ മുന്നോട്ട് വച്ചിരിക്കുന്നത്.