കോവിഡിനെ പ്രതിരോധിക്കുന്നതില്‍ നേടിയെടുത്ത ഐതിഹാസികമായ വിജയം നമ്മുടെ കൊച്ചുസംസ്ഥാനത്തിന് ആഗോളതലത്തില്‍ നേടിത്തന്ന `മൈലേജ്’ വളരെ വലുതാണ്. വികസിത രാജ്യങ്ങളിലെ ആരോഗ്യ പരിരക്ഷാ മാതൃകകളുടെ ദൗര്‍ബല്യം എത്രത്തോളമാണെന്ന് കോവിഡ് എന്ന ആഗോള വ്യാധി ലോകത്തിന് കാട്ടികൊടുത്തപ്പോള്‍ ഏവരും കേരളം നേടിയെടുത്ത പ്രതിരോധ ശക്തിയെ വിസ്‌മയത്തോടെയാണ് നോക്കി കാണുന്നത്. തീര്‍ച്ചയായും കോവിഡ് പ്രതിരോധത്തില്‍ കേരളം മാത്രമല്ല ഇന്ത്യയില്‍ വിജയകരമായി മുന്നോട്ടു പോയിട്ടുള്ളത്. ഒറീസ പോലുള്ള ദരിദ്ര സംസ്ഥാനങ്ങള്‍ക്കും കോവിഡിന്റെ ആക്രമണത്തെ ചെറുക്കാനുള്ള ആസൂത്രിതമായ നീക്കങ്ങളില്‍ വിജയിക്കാന്‍ സാധിച്ചു. എന്നാല്‍ കേരളത്തിന്റെ വിജയം വ്യത്യസ്‌തമാകുന്നത് പതിറ്റാണ്ടുകളായി തുടര്‍ന്നു പോരുന്ന, ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കേരള മോഡല്‍ വികസനത്തിന്റെ വിജയം എന്ന നിലയില്‍ കൂടിയാണ്.
കേരള മോഡല്‍ സാമ്പത്തിക ഘടനയ്‌ക്ക് പരിമിതികള്‍ പലതുണ്ടെങ്കിലും ആരോഗ്യ, വിദ്യാഭ്യാസ രംഗങ്ങളില്‍ അത് നേടിയെടുത്ത വിജയം വികസന രാജ്യങ്ങളുടെ സാമൂഹിക വികസന സൂചികയോട് ചേര്‍ന്നുനില്‍ക്കുന്നതാണ്. അതുകൊണ്ടുതന്നെ കേരളത്തിന്റെ കോവിഡ് പ്രതിരോധം പതിറ്റാണ്ടുകളായി നാം തുടര്‍ന്നു പോരുന്ന ഒരു സാമൂഹിക വികസന സംസ്‌കാരത്തിന്റെ വിജയം കൂടിയാണ്.
ഒരു നാടിന്റെ സാമൂഹിക വികസനത്തിന്റെ വേരുകള്‍ ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലാണ് ആഴ്‌ന്നു കിടക്കുന്നത്. കേരളം മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്‌തമായ ഒരു സംസ്‌കാരം ആര്‍ജിച്ചെടുത്തത് ഈ മേഖലകളുടെ വികസനത്തിന് നല്‍കിയ സവിശേഷമായ ഊന്നലിലൂടെയാണ്. ചരിത്രപരമായ ഒട്ടേറെ ഘടകങ്ങള്‍ ഈ മേഖലകളുടെ സുഗമമായ വികാസത്തിന് കാരണമായിട്ടുണ്ട്. ഉദാഹരണത്തിന് ക്രിസ്‌ത്യന്‍ മിഷണറിമാര്‍ പള്ളികള്‍ക്കൊപ്പം തുടങ്ങിയ പള്ളിക്കൂടങ്ങളില്‍ നിന്ന് തുടങ്ങുന്നതാണ് കേരളത്തിലെ സാര്‍വത്രിക വിദ്യാഭ്യാസത്തിന്റെ ചരിത്രം. കമ്യൂണിസം സംഭാവന ചെയ്‌ത സമഭാവന ഈ മേഖലകളിലാണ് ഏറ്റവും പ്രകടമായത്. നവോത്ഥാനം ഉഴുതു മറിച്ച മണ്ണ് സാമൂഹിക വികസനത്തിന്റെ വിത്തുകള്‍ക്ക് വളരാന്‍ ഏറെ ഉതകിയതായിരുന്നു.
മാറിമാറി വന്ന സര്‍ക്കാരുകള്‍ ഒരു ശീലം പോലെ ഈ രണ്ട് മേഖലകളുടെയും വികസനത്തിന് പ്രത്യേക ശ്രദ്ധ നല്‍കി. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ ഹെല്‍ത്ത് സെന്ററുകള്‍ നമ്മുടെ ഗ്രാമങ്ങളുടെ ഭാഗമായിരുന്നു. അപാരമായ സാമൂഹിക ബോധമുള്ള അധ്യാപകരും ഡോക്‌ടര്‍മാരും നമ്മുടെ സോഷ്യല്‍ എന്‍ജിനീയറിംഗില്‍ വലിയ സംഭാവന ചെയ്‌തിട്ടുണ്ട്. ഒരു വിഭാഗം വികസിത രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ പൗരന്‍മാര്‍ക്ക് ഉറപ്പാക്കുന്ന സാമൂഹിക സുരക്ഷിതത്വത്തിന്റെ ചില നിഴലുകള്‍ ഈ വികസനത്തില്‍ കാണാം.
ഈ രണ്ട് മേഖലകളിലും കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ സാമൂഹിക സമത്വം എന്ന സങ്കല്‍പ്പത്തിലൂന്നിയ വലിയ ഒരു കുതിച്ചുചാട്ടം തന്നെ സംഭവിച്ചിട്ടുണ്ട്. വന്‍കിട ആശുപത്രികളില്‍ മാത്രം ചെയ്‌തു പോന്ന അവയവ മാറ്റ ശസ്‌ത്രക്രിയകള്‍ നമ്മുടെ മെഡിക്കല്‍ കോളജുകളിലും ചെയ്‌തു തുടങ്ങി. രോഗിക്ക് കിട്ടുന്ന പരിചരണത്തിലും ഡോക്‌ടര്‍മാരുടെ സേവന മികവിലും കേരളത്തിലെ മെഡിക്കല്‍ കോളജുകള്‍ സ്വകാര്യ ആശുപത്രികളോട് അടുത്ത നില്‍ക്കുന്ന നിലവാരം ആര്‍ജിച്ചു. വിദ്യാഭ്യാസ മേഖലയില്‍ നേടിയെടുത്ത മികവിന് തെളിവാണ് സംസ്ഥാനത്തെ സിബിഎസ്‌ഇ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കണ്ടുവരുന്ന കൊഴിഞ്ഞുപോക്ക്.
സര്‍ക്കാരിന്റെ സാമ്പത്തിക നിലയുടെ കാര്യത്തില്‍ ശരാശരിക്കു താഴെ മാത്രം നില്‍ക്കുന്ന ഒരു സംസ്ഥാനമാണ് ഈ വികസനം നേടിയെടുത്തത്. കോവിഡിനെതിരായ പോരാട്ടത്തില്‍ നമ്മുടെ ഇച്ഛാശക്തിക്ക് ചേര്‍ന്ന പ്രകടനം കാഴ്‌ച വെക്കാന്‍ കഴിഞ്ഞത് കേരള മോഡലിന്റെ ഫലമായ ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ അടിത്തറയുള്ളതു കൊണ്ടു മാത്രമാണ്.
എന്നാല്‍ ഈ വികസന മാതൃകയ്‌ക്ക് ഒരു മറുപുറമുണ്ട്. കോവിഡിനെ പ്രതിരോധിച്ച നമുക്ക് ഈ ആഗോള മഹാമാരി നമ്മുടെ സമ്പദ്‌വ്യവസ്ഥയ്‌ക്ക് ഏല്‍പ്പിച്ച ആഘാതങ്ങളെ അതിജീവിക്കാന്‍ പുകഴ്‌പെറ്റ കേരള മോഡലിലൂടെ എത്രത്തോളം സാധിക്കും? കോവിഡ് തകര്‍ത്തു കളഞ്ഞതിനെയൊക്കെ പഴയ പടിയാക്കാന്‍ സാമ്പത്തിക വികസനത്തില്‍ നാം തുടര്‍ന്നുപോരുന്ന രീതികള്‍ കൊണ്ട് സാധിക്കുമോ? അതേ കുറിച്ച് നാളെ ചര്‍ച്ച ചെയ്യാം.