
കൊച്ചി: കേരളത്തിന്റെ വികസന കുതിപ്പിന് വേദിയായി ഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടി. നിക്ഷേപക ഉച്ചകോടിയുടെ സമാപന ദിനത്തിൽ ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷറഫ് ഗ്രൂപ്പ് 5000 കോടി രൂപയുടെ നിക്ഷേപം നടത്താൻ തയ്യാറാണെന്ന് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ലോജിസ്റ്റിക്സ് മേഖലയിൽ നടത്തുമെന്നാണ് പ്രഖ്യാപനം. ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിങ്ങ് ആൻഡ് ലോജിസ്റ്റിക്സ് ഗ്രൂപ്പ് കമ്പനികളിലൊന്നാണ് ഷറഫ് ഗ്രൂപ്പ്. കമ്പനി വൈസ് ചെയർമാൻ ഹിസ് എക്സലൻസി റിട്ട. ജനറൽ ഷറഫുദ്ദീൻ ഷറഫ് മാധ്യമങ്ങളെ കണ്ടാണ് ഇക്കാര്യമറിയിച്ചത്.
‘ഇന്ത്യയിലെ പ്രധാന ഏഴ് സിറ്റികളില്‍ ഷറഫ് ഗ്രൂപ്പിന് വ്യവസായങ്ങളുണ്ട്. കേരളത്തിലെ രണ്ട് സ്ഥലങ്ങളില്‍ 5000 കോടിയുടെ നിക്ഷേപമാണ് ഉദ്ദേശിക്കുന്നത്’- വൈസ് ചെയര്‍മാന്‍ പറഞ്ഞു. ആകർഷകമായ രീതിയില്‍ സംഘടിപ്പിച്ച് ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപ ഉച്ചകോടി വലിയ വിജയമാക്കിയ സര്‍ക്കാരിനെയും മന്ത്രിയെയും അഭിനന്ദിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് അഞ്ചുവർഷത്തിനുള്ളിൽ അദാനി ഗ്രൂപ്പ് 30,000 കോടിയുടെ നിക്ഷേപം നടത്തുമെന്നും അദാനി പോർട്‌സ് എംഡി കരൺ അദാനിയും പറഞ്ഞിരുന്നു. 5000 കോടി രൂപയാണ് ഇതുവരെ വിഴിഞ്ഞത്ത് നിക്ഷേപിച്ചിട്ടുള്ളത്. ഇത് കൂടാതെ 20,000 കോടി രൂപയുടെ നിക്ഷേപം കൂടി വിഴിഞ്ഞത്ത് നടത്തുമെന്നും പറഞ്ഞു. കൊച്ചിയിൽ ലോജിസ്‌റ്റിക്, ഇ കൊമേഴ്‌സ് ഹബ്ബ് സ്ഥാപിക്കും. സിമന്റ് ഉൽപ്പാദനമേഖലയിലും നിക്ഷേപം വാഗ്ദാനം ചെയ്തു. തിരുവനന്തപുരം വിമാനത്താവളത്തിന്റെ അടുത്തഘട്ട വിപുലീകരണത്തിന് 5500 കോടി രൂപ ചെലവഴിക്കും.

വികസനരംഗത്ത് അടയാളപ്പെടുത്താവുന്ന മാറ്റങ്ങളാണ് കേരളത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ സാധ്യമാക്കിയത്. മികച്ച വ്യവസായ സൗഹൃദാന്തരീക്ഷവും സ്‌റ്റാർട്ടപ് ആവാസവ്യവസ്ഥയും കേരളത്തെ മുന്നിലെത്തിച്ചു. മാത്രമല്ല മാനവവിഭവശേഷി വികസനത്തിലും കേരളം മാതൃകയാണെന്നും കരൺ അദാനി പറഞ്ഞു.