ദുബായ് : കേരളത്തിന്റെ സാധ്യതകളും അവസരങ്ങളും നിക്ഷേപകർക്കു മുന്നിൽ അവതരിപ്പിക്കാനുള്ള മികച്ച വേദിയാണ് കേരള നിക്ഷേപ സമ്മേളനമെന്ന് ലുലു ഗ്രൂപ്പ് ഇന്റർനാഷനൽ ചെയർമാൻ എം.എ.യൂസഫലി. കേരളത്തെ നല്ല രീതിയിൽ പ്രചരിപ്പിക്കാൻ കഴിയണം. ഇവിടെ കക്ഷി രാഷ്ട്രീയമില്ല. പ്രതിപക്ഷവും ഈ സമ്മേളനത്തോട് സഹകരിക്കുന്നത് നല്ല തീരുമാനമാണ്. അവർ എതിർത്താൽ, അതു നിക്ഷേപകർക്ക് സംശയത്തിന് ഇട നൽകും.ഭരണം മാറുമ്പോൾ, തങ്ങളുടെ പദ്ധതികൾ ഇവർ നടപ്പാക്കില്ലെന്നു തോന്നും. എല്ലാവരും യോജിച്ചു നിന്നു കേരളത്തിനു വേണ്ടി പ്രവർത്തിക്കുമ്പോൾ, നിക്ഷേപകർക്കു കൂടുതൽ ആത്മവിശ്വാസം ലഭിക്കുമെന്നും യൂസഫലി പറഞ്ഞു. കേരളത്തിൽ പുതിയതായി രണ്ട് ഐടി പാർക്കുകൾ കൂടി ലുലു സ്ഥാപിക്കും. ഭക്ഷ്യ സംസ്കരണശാല നിർമാണം പുരോഗമിക്കുകയാണ്. ലുലു നല്ല രീതിയിൽ കേരളത്തിൽ നിക്ഷേപിച്ചിട്ടുണ്ട്. ഇനിയും സഹകരണം തുടരുമെന്നും യൂസഫലി ‘മനോരമ’യോടു പറഞ്ഞു. കേരള നിക്ഷേപ സംഗമത്തിൽ പങ്കെടുക്കാൻ യൂസഫലി കേരളത്തിലേക്കു തിരിച്ചു.
