മസ്കത്ത് : രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയുടെ വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയൽ മസ്‌കത്തില്‍ എത്തി. ഒമാനും ഇന്ത്യയും തമ്മിലുള്ള പതിനൊന്നാമത് ജോയിന്‍റ് കമ്മീഷൻ യോഗത്തിൽ (ജെസിഎം) പങ്കെടുക്കാനാണ് ഗോയൽ എത്തിയത്. ഒമാൻ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖൈസ് ബിൻ മുഹമ്മദ് അൽ യൂസഫുമായി ഗോയൽ കൂടിക്കാഴ്ച നടത്തി.
ഇന്ത്യയും ഒമാനും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ സംബന്ധിച്ച ചർച്ചകൾ നടന്നതായി ഗോയൽ എക്സിൽ കുറിച്ചു. ഉഭയകക്ഷി പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാനുള്ള വഴികളും ചർച്ച ചെയ്തായി അദ്ദേഹം പറഞ്ഞു. ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയും ഒമാൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയും തമ്മിലുള്ള സംയുക്ത ബിസിനസ് കൗണ്‍സില്‍ യോഗവും മസ്‌കത്തില്‍ നടക്കും.
