കൊച്ചി: കുവൈത്തിലെ ഗള്‍ഫ് ബാങ്കില്‍ നിന്നും 700 കോടിയോളം രൂപ തട്ടിയെന്ന പരാതിയില്‍ 1425 മലയാളികള്‍ക്കെതിരേ അന്വേഷണം. ബാങ്കില്‍നിന്ന് ലോണെടുത്ത ശേഷം മറ്റു രാജ്യങ്ങളിലേക്ക് കടന്നെന്നാണ് പരാതി. സംഭവത്തില്‍ കേരളത്തില്‍ പത്ത് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായാണ് വിവരം.
വായ്പയെടുത്ത് മുങ്ങിയ മലയാളികളെല്ലാം കുവൈത്തിലെ സര്‍ക്കാര്‍ സര്‍വീസിലെ ജീവനക്കാരെന്ന് വിവരം. ഇതിന് പുറമെ മിനിസ്ട്രി ഓഫ് ഹെല്‍ത്തില്‍ ജീവനക്കാരായിരുന്ന 700 ഓളം മലയാളി നഴ്‌സുമാരുമാണ് ഗള്‍ഫ് ബാങ്ക് കുവൈത്തിനെ ചതിച്ചത്. 2020-22 കാലത്ത് നടന്ന തട്ടിപ്പിന്റെ വിശദമായ വിവരങ്ങള്‍ ബാങ്ക് അധികൃതര്‍ കേരളത്തിലെത്തി പൊലിസിലെ ഉന്നതര്‍ക്ക് നല്‍കി. സംഭവത്തില്‍ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തിരിച്ചടവ് മുടങ്ങിയതോടെയാണ് ബാങ്ക് അന്വേഷണം തുടങ്ങിയത്. അപ്പോഴാണ് 1425 മലയാളികള്‍ തങ്ങളെ പറ്റിച്ചുവെന്ന് ബാങ്കിന് ബോധ്യമായത്. ഇതോടെ ബാങ്ക് അധികൃതര്‍ കേരളത്തിലെത്തി ഉന്നത പോലിസ് ഉദ്യോഗസ്ഥരെ കണ്ടു. തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ആദ്യം തട്ടിപ്പ് നടത്തിയവര്‍ വഴി പഴുത് മനസിലാക്കി കൂടുതല്‍ മലയാളികള്‍ ബാങ്കിനെ പറ്റിച്ചുവെന്ന നിഗമാനമാണ് ബാങ്കിനുള്ളത്. ഇതിന് പിന്നില്‍ ഏജന്റുമാരുടെ ഇടപെടല്‍ ഉണ്ടോയെന്നും സംശയിക്കുന്നുണ്ട്. ദക്ഷിണ മേഖലാ ഐജിക്കാണ് അന്വേഷണ ചുമതല. നിലവില്‍ എറണാകുളം, കോട്ടയം ജില്ലകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.