English മലയാളം

Blog

സുധീര്‍നാഥ്

മാറുമറയ്ക്കല്‍ സമരത്തെ കുറിച്ച് കേട്ടിട്ടുണ്ടോ…? പതിനെട്ടാം നൂറ്റാണ്ടിന്‍റെ അവസാനപാദത്തില്‍ തെക്കന്‍ തിരുവിതാംകൂറില്‍ പൊട്ടിപ്പുറപ്പെട്ട സമരത്തെ കുറിച്ച് ഓര്‍ക്കുന്നത് നല്ലതാണ്. അന്നത്തെ മതാചാരവും നടപ്പുശീലവും വെച്ച് സ്ത്രീകള്‍ പ്രത്യേകിച്ച് താഴ്ന്ന ജാതയില്‍പെട്ടവര്‍ മാറ് മറക്കാറുണ്ടായിരുന്നില്ല. ആചാരത്തിന്‍റെ പേരില്‍ മാറു മറയ്ക്കാതെ സ്ത്രീകള്‍ നടന്ന കാലം കേരളത്തിലുണ്ട്. തലശ്ശേരിയില്‍ ആദ്യമായി ബ്ലൗസിട്ട നായര്‍ സ്ത്രീയെ പോലും മറ്റ് മേല്‍ ജാതിയില്‍പെട്ടവര്‍ തല്ലിയോടിച്ച സംഭവം പി ക്യഷ്ണപിള്ള രേഖപ്പെടുത്തിയിട്ടുണ്ട്. താഴ്ന്ന ജാതിയില്‍ പെട്ട സ്ത്രീകള്‍ക്ക് കല്ലുമാല മാത്രമേ ധരിക്കുവാന്‍ പാടുള്ളൂ. ഇന്ത്യയില്‍ ആദ്യത്തെ മെഡിക്കല്‍ കോളേജ് വന്നപ്പോള്‍ ശരീരം കീറിമുറിക്കുന്നത് മതവിരുദ്ധമാണെന്ന് പറഞ്ഞ് നൂറുകണക്കിന് ഹിന്ദുക്കളാണ് സമരത്തിന് ഇറങ്ങിയത്. സ്ത്രീയെ പച്ചക്ക് ചിതയിലെറിയുന്ന സതി നിരോധിച്ചപ്പോഴും പ്രതിഷേധമുണ്ടായി.

ഇതൊക്കെ ഓര്‍മ്മയില്‍ നിന്ന് പകര്‍ത്തിയതാണ്. എന്‍റെ കുട്ടിക്കാലത്ത് ത്യക്കാക്കരയില്‍ മാറ് മറയ്ക്കാതെ നടന്നിരുന്ന കുറുമ്പയെ ഓര്‍ക്കുന്നു. പണ്ട് അവര്‍ക്ക് മാറ് മറയ്ക്കാന്‍ അനുവാദമുണ്ടായിരുന്നില്ല. സമരങ്ങളിലൂടെ അത് നേടിയെടുത്തിട്ടും അവര്‍ പഴയ ശീലം തുടര്‍ന്നു. പഴയ കാലഘട്ടത്തിന്‍റെ പ്രതീകമായിരുന്നു അവര്‍. അതില്‍ ആരും അശ്ലീലം കണ്ടില്ല. കഴുത്തില്‍ കല്ലുമാല അണിഞ്ഞ് പല്ലുകളില്ലാതെയുള്ള അവരുടെ നിഷ്കളങ്കമായ പുഞ്ചിരി ഒരു ചിത്രകാരന് മാത്രമേ കണ്ടെത്താന്‍ സാധിക്കൂ. മെന്‍റസ് സ്റ്റുഡിയോ ഉടമയും, ഫോട്ടോഗ്രാഫറുമായ ഗോഡ് വിന്‍ അവരുടെ മനോഹരമായ ചിരി പകര്‍ത്തിയിട്ടുണ്ട്. അദ്ദേഹം വര്‍ഷങ്ങള്‍ക്ക് മുന്‍പ് പകര്‍ത്തിയ ചിത്രത്തിന് വലിയ പ്രാധാന്യമുണ്ട് ഇന്ന്. അത് ചരിത്രത്തിന്‍റെ ഭാഗമായി മാറിയിരുക്കുന്നു. 1999ല്‍ അവര്‍ മരണപ്പെട്ടു. മരണപ്പെടുമ്പോള്‍ എത്ര വയസുണ്ടെന്ന് ആര്‍ക്കും ഒരു നിശ്ചയവുമില്ല. നൂറ് വയസിന് മുകളില്‍ എന്ന് ചിലര്‍ പറയുന്നു.

Also read:  കേരളത്തിൽ കോവിഡ് ബാധിതര്‍ ഉയരുന്നു: 138 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു

ത്യക്കാക്കരയുടെ മറ്റൊരുമുഖമാണ് ചാലില്‍ ഉണ്ണി. മാനസികമായി ഉണ്ണി എന്നും ഉണ്ണി തന്നെയായിരുന്നതിനാല്‍ പ്രായവ്യത്യാസമില്ലാതെ എല്ലാവരുടേയും പ്രിയങ്കരനായിരുന്നു. കുട്ടികള്‍ പോലും ചില അവസരങ്ങളില്‍ പേരായിരുന്നു വിളിച്ചിരുന്നത്. വലിയ കാക്കി കളസവും, അതിന് മുകളില്‍ കളസം പകുതിയും കാണിച്ച് മടക്കി കുത്തിയ മുണ്ടുമായി ത്യക്കാക്കര ക്ഷേത്ര പരിസരത്ത് രാവിലെ മുതല്‍ അദ്ദേഹം ഉണ്ടാകുമായിരുന്നു. പുലര്‍ച്ചെ ക്ഷേത്രത്തിലെത്തുന്ന അദ്ദേഹമാണ് ലൈറ്റുകള്‍ ഓഫാക്കുന്നത്. വൈകീട്ട് ലൈറ്റുകള്‍ ഓണ്‍ ആക്കുന്നതും ഉണ്ണി തന്നെ. 65ാം വയസില്‍ 2017 ജനുവരി 18ന് പ്രായം അലട്ടിയ അസുഖത്തെ തുടര്‍ന്ന് അന്തരിക്കും വരെ പ്രതിഫലമില്ലാതെയാണ് അദ്ദേഹം ഈ ജോലി ചെയ്തത്. പോലീസിനെ മൂപ്പര്‍ക്ക് വലിയ പേടിയായിരുന്നു. പോലീസ് വരുന്നു എന്ന് പറഞ്ഞാല്‍ ഉണ്ണി ഓടി മാറും. അവിടെ നില്‍ക്കുന്നവരോട് പോലീസ് വരുന്നതായി ഉണ്ണി പറയുമായിരുന്നു.

Also read:  എന്‍ ജെ നായര്‍ ധാര്‍മിക മൂല്യങ്ങള്‍ക്ക് വില കല്‍പ്പിച്ച പത്രപ്രവര്‍ത്തകന്‍: മുഖ്യമന്ത്രി
(ഫോട്ടോ: വത്സന്‍ വൈറ്റില. വലിയ തൂമ്പയുമായി നടന്നു വരുന്നത് വയറോണി. ഇന്ന് കൊച്ചിന്‍ പബ്ളിക്ക് സ്ക്കൂള്‍ നില്‍ക്കുന്ന പാടമാണ് ചിത്രത്തില്‍.)

1979ല്‍ പത്മരാജന്‍ കഥ എഴുതി ഭരതന്‍ സംവിധാനം ചെയ്ത തകര എന്ന സിനിമയില്‍ ഉണ്ണിക്ക് സമാനമായ കഥാപാത്രമാണ് തകര. ബുദ്ധിമാന്ദ്യമുള്ള തകര എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് പ്രതാപ് പോത്തനായിരുന്നു. കഥയുടെ അവസാനം തകരയെ ക്രൂരമായി മര്‍ദ്ദിച്ച മാത്തു മൂപ്പനെ നിവ്യത്തിയില്ലാതെ തകര കുത്തി കൊല്ലുന്നു. ഒരു അതിര്‍ത്തി തര്‍ക്കത്തിന്‍റെ പ്രശ്ന പരിഹാരത്തിന് ഉണ്ണിയുടെ വീടിന്‍റെ ഭാഗത്ത് ഒരിക്കല്‍ പോലീസ് എത്തി. തന്നെ പിടിക്കാന്‍ വന്നതാണെന്ന് തെറ്റിദ്ധരിച്ചാകും ഉണ്ണി വാക്കത്തിയുമായി പോലീസിന് നേരെ അലറി അടുത്തു. തകരയെ പോലെ ഉണ്ണി മാറി എന്നാണ് ഒരു ദ്യക്സാക്ഷി പറഞ്ഞത്. പോലീസിനെ പേടിച്ചിരുന്ന ഉണ്ണിയാണെന്ന് ഓര്‍ക്കണം. കണ്ണാലയിലെ രാമന്‍ നായരാണ് ഉണ്ണിയെ വട്ടം പിടിച്ച് മാറ്റിയത്. ഇവിടെ കൊലപാതകം നടന്നില്ല.

ഉണ്ണിയെ പോലെ എത്രയോ കഥാപാത്രങ്ങള്‍ ത്യക്കാക്കരയുടെ മുഖമായുണ്ട്. ആറടിയിലേറെ നീളത്തിലുള്ള ക്കൈയ്യുള്ള തൂമ്പയുമായി ത്യക്കാക്കരയിലെ പറമ്പുകളില്‍ ജോലിക്ക് വന്ന, തേവന്‍, വയറോണി, ഇലക്ട്രിസിറ്റി ജീവനക്കാരനാണെങ്കിലും അദ്ധ്വാനിയുമായ പറമ്പിലെ പണിക്ക് പോകുന്ന ചാത്തന്‍, തെങ്ങുകയറ്റക്കാരന്‍ വേലായുധന്‍ ഇങ്ങനെ ത്യക്കാക്കരയിലെ വീടുകള്‍ക്ക് സുപരിചിതരായ വ്യക്തികള്‍ പലതാണ്.

Also read:  കോറോണക്കാലം: ഇനിവരുന്ന 28 ദിവസങ്ങള്‍ ഏറെ നിര്‍ണായകമെന്ന് മുരളി തുമ്മാരുക്കുടി

പറമ്പ് കിളയ്ക്കാന്‍ വരുന്നവര്‍ പാളതൊപ്പി വെയ്ക്കും. വേലിപ്പത്തലുകള്‍ വെട്ടി നുറുക്കി തെങ്ങിന് തടം കെട്ടിയ ഇടത്ത് ഇടും. കല്ലുപ്പ് വിതറും. ഇന്നിപ്പോള്‍ അതൊക്കെ ത്യക്കാക്കരയ്ക്ക് അന്യമായി. പാടങ്ങളും, നെല്ല് വിളഞ്ഞതും, പാടത്തെ പച്ച പുതപ്പിച്ച പോലുള്ള കാഴ്ച്ചകളും നഷ്ടമായിരിക്കുന്നു. തെങ്ങ് കയറ്റക്കാരന്‍ വേലായുധന്‍ നീളമുള്ള മുളയുമായാണ് തെങ്ങ് കയറാന്‍ വരുന്നത്. അത് തോളില്‍ കാണും. കയറിന്‍റെ തളപ്പ് തലയിലായിരിക്കും. മൂര്‍ച്ചയുള്ള വാക്കത്തി തോളിലോ ക്കൈകളിലോ തൂങ്ങിയിരുപ്പുണ്ടാകും. മുളയില്‍ ഓരോ പറമ്പില്‍ നിന്നും ശേഖരിക്കുന്ന തേങ്ങയും കാണും. അത് ബോണസാണ്. കൂടുതല്‍ തേങ്ങ ഉണ്ടെങ്കില്‍ അതില്‍ ഒന്നോ രണ്ടോ തെങ്ങ് കയറ്റക്കാരനുള്ളതാണ്. നീളന്‍ മുള തെങ്ങില്‍ ചാരി കയറി തുടങ്ങുന്ന കാഴ്ച്ച ഇപ്പോഴില്ല. തെങ്ങ് കയറുന്ന യന്ത്രമാണ് ഈ സ്ഥാനത്ത്. ഈറ്റ കൊണ്ട് മുറവും കൊട്ടയും ഉണ്ടാക്കി ത്യക്കാക്കരയിലെ വീടുകളില്‍ വില്‍പ്പന നടത്തിയിരുന്ന കരിമക്കാടുള്ള ചേന്നനും പരിചിത മുഖമാണ്.