കുരങ്ങ് പനി: പരിശോധന കിറ്റുകൾ കുവൈത്തിലെത്തി
കുവൈത്ത് സിറ്റി: കുരങ്ങ് പനി കണ്ടെത്തുന്നതിനുള്ള പിസിആർ പരിശോധനയ്ക്ക് അടക്കമുള്ള കിറ്റുകൾ കുവൈത്തിലെത്തി. മൂക്കിൽ നിന്നുള്ള സാംപിൾ എടുത്താണ് പരിശോധന നടത്തുന്നത്.
ആരോഗ്യ മന്ത്രാലയം കുരങ്ങ് പനിക്കെതിരെയുള്ള പ്രതിരോധ കുത്തിവയ്പ്പ് എത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയതിന് ശേഷം അതിനുള്ള കാത്തിരിപ്പിലാണ്. ഗുരുതരമായ കേസുകൾക്കും സമ്പർക്കം പുലർത്തുന്നവർക്കും മാത്രമേ വാക്സിൻ നൽകുകയുള്ളൂ.
കൊവിഡ് വാക്സിൻ പോലെ എല്ലാവർക്കും കുരങ്ങ് പനി വാക്സിൻ എടുക്കേണ്ടതില്ല. ഈ രോഗത്തിന്റെ ചികിത്സക്കായി ഉപയോഗിക്കുന്ന മരുന്നുകൾ ലഭ്യമാണ്. അണുബാധ കണ്ടെത്തുന്ന സാഹചര്യത്തിനുള്ള മുൻകരുതൽ എന്ന നിലയിൽ ആശുപത്രികളിൽ ഐസൊലേഷൻ മുറികൾ മന്ത്രാലയം സജ്ജമാക്കി കഴിഞ്ഞുവെന്നും ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു.
രാജ്യത്ത് ഇതുവരെ കുരങ്ങ് പനിയുടെ ഒരു കേസ് പോലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. വൈറസ് ബാധയുണ്ടെന്ന് സംശയിക്കപ്പെടുന്ന സംഭവങ്ങളുമില്ല. എങ്കിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.