ദോഹ: അറബ് ലോകത്തെ കവികൾക്കിടയിൽ ഏറെ പ്രശസ്തമായ കതാറ പ്രവാചക കാവ്യ പുരസ്കാരങ്ങൾക്കുള്ള നടപടികളാരംഭിച്ച് സംഘാടകർ. മേഖലയിലെതന്നെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള കാവ്യമത്സരമെന്ന പ്രത്യേകത കൂടി കതാറ പ്രവാചക കവിത മത്സരത്തിനുണ്ട്.
ക്ലാസിക്, നബാതി വിഭാഗങ്ങളിലായി ആദ്യ മൂന്ന് സ്ഥാനക്കാർക്ക് 38 ലക്ഷം റിയാൽ (8.75 കോടി രൂപ) സമ്മാനത്തുകയുള്ള കവിത മത്സരത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള അറബിക് കവികളാണ് മാറ്റുരക്കുന്നത്. 2015ൽ ആരംഭിച്ച പുരസ്കാരത്തിന്റെ ഏഴാം പതിപ്പിലേക്കുള്ള മത്സരങ്ങൾക്ക് തുടക്കം കുറിച്ചതായി കതാറ കൾചറൽ വില്ലേജ് ഫൗണ്ടേഷൻ അറിയിച്ചു. പ്രവാചക പ്രകീർത്തനങ്ങൾ പ്രമേ യമായ കവിതകൾ നവംബർ 30ന് മുമ്പ് മത്സരത്തിനായി സമർപ്പിക്കാവുന്നതാണ്.
തുടർന്ന് വിദഗ്ധർ അടങ്ങിയ ജഡ്ജിങ് കമ്മിറ്റി 30 കവിതകൾ ഇരു വിഭാഗങ്ങളിലുമായി ആദ്യ റൗണ്ടിലേക്ക് തിരഞ്ഞെടുക്കും. ക്ലാസിക് വിഭാഗത്തിൽ 15ഉം, നബാതി വിഭാഗത്തിൽ 15ഉം കവിതകളാണ് തിരഞ്ഞടുക്കപ്പെടുന്നത്. ഈ ഘട്ടത്തിൽ ഓരോ വിഭാഗത്തിൽ നിന്നും അഞ്ച് കവിതകൾ വീതം ഫൈനൽ റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെടും. ഇവരിൽനിന്നാണ് അവസാന റൗണ്ടിലേക്കുള്ള മൂന്ന് കവിതകൾ വീതം പരിഗണിക്കുന്നത്.
ഇവരിൽനിന്ന് പുരസ്കാര വിജയികളെ പ്രഖ്യാപിക്കും. ഒന്നാം സ്ഥാനക്കാർക്ക് 10 ലക്ഷം റിയാലാണ് (2.30 കോടി രൂപ) സമ്മാനത്തുക. മികച്ച രണ്ടാമത്തെ കവിതക്ക് ആറുലക്ഷം റിയാലും, മൂന്നാം സ്ഥാനത്തിന് മൂന്ന് ലക്ഷം റിയാലും സമ്മാനമായി നൽകും. ക്ലാസിക്, നബാതി വിഭാഗങ്ങളിലെ മൂന്ന് വിഭാഗക്കാർക്കുമായി ആകെ 38 ലക്ഷം റിയാൽ സമ്മാനമായി നൽകും.
പ്രവാചക പ്രകീർത്തനങ്ങൾ ഉള്ളടക്കമായ കവിതരചനയുടെ പ്രോത്സാഹനത്തിനൊപ്പം അറബി ഭാഷയുടെ പ്രാധാന്യം കൂടി ഉയർത്തിയാണ് അവാർഡ് ഏർപ്പെടുത്തിയത്. മുസ്ലിം ലോകത്തെ ഐക്യവും ഇതിലൂടെ വിളംബരം ചെയ്യുന്നു. അറബ് വിലാസത്തോടൊപ്പം യുവാക്കളെയും സമൂഹത്തെയും സാംസ്കാരികമായി ഉണർത്തുക എന്ന കതാറയുടെ പ്രഖ്യാപിത ലക്ഷ്യത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് അവാ ർഡും അനുബന്ധ പരിപാടികളും ഒരുക്കുന്നത്. വിജയിക്കുന്ന കവിതകൾ കതാറ അച്ചടിയിലും ആലാപനത്തോടെ സി.ഡി ഫോർമാറ്റിലും പ്രസിദ്ധീകരിക്കും. എല്ലാ വർഷങ്ങളിലുമായി വിവിധ അറബ് രാജ്യങ്ങളിൽ നിന്നുൾപ്പെടെ നൂറുകണക്കിന് കവികളാണ് മത്സത്തിൽ പങ്കെടുക്കുന്നത്.











