ന്യൂഡൽഹി : ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിലെ മൂന്നാം നമ്പർ ടെർമിനലിലെ പതിനെട്ടാം ഗേറ്റിൽ നിന്ന് രാത്രി 11.45ന് ഔദ്യോഗിക യാത്രയപ്പുകളൊന്നുമില്ലാതെ വിസ്താര പറന്നുയർന്നു. വിസ്താരയുടെ ഡൽഹി – സിംഗപ്പൂർ UK 115 രാവിലെ 8.40ന് സിംഗപ്പൂരിൽ ലാൻഡ് ചെയ്യുന്നതോടെ ഒൻപതര വർഷത്തെ ‘വാനവാസം’ വിസ്താര അവസാനിപ്പിക്കും. എയർ ഇന്ത്യ കമ്പനിയിൽ പൂർണമായി ലയിക്കുന്ന വിസ്താരയുടെ സ്വന്തം ബ്രാൻഡിലുള്ള അവസാന വിമാന സർവീസായിരുന്നു ഇന്ന്. നാളെ മുതൽ വിസ്താരയുടെ പ്രവർത്തനങ്ങൾ എയർ ഇന്ത്യയുമായി ഏകീകരിക്കും.
അവസാന യാത്രയക്കൊരുങ്ങുന്ന സിംഗപ്പൂർ വിമാനത്തിന് ഔദ്യോഗിക യാത്രയയപ്പോ മറ്റ് ചടങ്ങുകളോ സംഘടിപ്പിച്ചില്ലെന്ന് വിസ്താര പബ്ലിക്ക് റിലേഷൻസ് ഓഫിസർ അഭിലാഷ് പുഷ്പൻ അറിയിച്ചു. ‘‘തികച്ചും സാധാരണയായ മറ്റൊരു സർവീസ് പോലെ ഡൽഹി – സിംഗപ്പൂർ വിമാനവും പറന്നുപൊങ്ങി. സാങ്കേതികമായി ഇതോടെ വിസ്താര വിമാന സർവീസ് അവസാനിക്കുകയാണ്. ഇനി മുതൽ എയർ ഇന്ത്യ. അതിനപ്പുറം മറ്റ് പരിപാടികളൊന്നും ഇല്ല. വിമാനത്തിന്റെ പുറത്തെ ‘വിസ്താര’ എന്നെഴുതിയത് മാറ്റാൻ കുറേ സമയമെടുക്കും. വിമാനത്തിലെ ക്രൂ അംഗങ്ങളുടെ വേഷമെല്ലാം വിസ്താരയുടെത് തന്നെയായിരിക്കും കുറച്ച് ദിവസത്തേക്കെങ്കിലും. പതിയെ അതും മാറും.’’ – അഭിലാഷ് പുഷ്പൻ പറഞ്ഞു.
ടാറ്റ ഗ്രൂപ്പിന്റെയും സിംഗപ്പൂർ എയർലൈൻസിന്റെയും സംയുക്ത സംരംഭമായ വിസ്താര, എയർ ഇന്ത്യയുമായി ലയിക്കാൻ നേരത്തേ തീരുമാനിച്ചിരുന്നു. 2022 നവംബറിലായിരുന്നു ലയന പ്രഖ്യാപനം. ലയനപ്രക്രിയകളുടെ നടപടിക്രമങ്ങൾ പൂർത്തിയാകുന്നതോടെ വിസ്താരയുടെ വിമാനങ്ങളെല്ലാം ഇനി എയർ ഇന്ത്യ ബ്രാൻഡിനു കീഴിലാകും സേവനം നടത്തുക. എഐ എന്ന് തുടങ്ങുന്ന പുതിയ നാലക്ക ഫ്ലൈറ്റ് കോഡായിരിക്കും ഇനി മുതൽ വിസ്താരയ്ക്ക് ഉണ്ടാകുക. യുകെ എന്നെഴുതിയ ഇന്ത്യയുടെ എക്കാലത്തെയും മികച്ച സർവീസ് ഇനി ഇല്ല. റൂട്ടുകളും ഷെഡ്യൂളുകളും അതേപടി തുടരുന്നതിനാൽ തന്നെ വിസ്താരയുടെ യാത്രാനുഭവം യാത്രക്കാർക്ക് തുടർന്നും ലഭിക്കും. “പ്രീമിയം ഇക്കണോമി” ക്ലാസ് അവതരിപ്പിച്ച ആദ്യത്തെ ആഭ്യന്തര എയർലൈൻ കൂടിയായിരുന്ന വിസ്താരയെ യാത്രക്കാർ സ്നേഹിച്ചിരുന്നതും അതുകൊണ്ടു തന്നെ.
എയർ ഇന്ത്യ-വിസ്താര ലയനം പൂർത്തിയാകുന്നതോടെ ടാറ്റ ഗ്രൂപ്പിലേക്ക് 3,194.5 കോടി രൂപ അധിക നിക്ഷേപം നടത്തുമെന്നാണ് സിംഗപ്പൂർ എയർലൈൻസ് അറിയിച്ചിരിക്കുന്നത്. ഫുൾ സർവീസ് കാരിയറായ വിസ്താര 2015 ജനുവരി ഒൻപതിനാണ് പറക്കൽ ആരംഭിച്ചത്. വിസ്താരയുടെ 49 ശതമാനം ഓഹരിയും സിംഗപ്പൂർ എയർലൈൻസിന്റേതായിരുന്നു. ലയനത്തിനുശേഷം ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയിൽ 25.1% ഓഹരി പങ്കാളിത്തം സ്വന്തമാക്കുന്നതിനാണ് സിംഗപ്പൂർ അധിക നിക്ഷേപം നടത്തുന്നത്.
ഡൽഹിയിൽ നിന്ന് യാത്ര പുറപ്പെടും മുൻപ് മാറ്റത്തെ സൂചിപ്പിച്ചുകൊണ്ട് വിസ്താരയുടെ ക്യാപ്റ്റൻ യാത്രക്കാർക്ക് നന്ദി അറിയിച്ചു. ‘‘നാളെ മുതൽ പുതിയ യാത്രാ അനുഭവത്തിലേക്ക് മാറുകയാണ്. ലോകോത്തര സർവീസായ എയർ ഇന്ത്യയായി മാറുന്നു. അതിന്റെ ഗുണം യാത്രക്കാർക്കും ലഭിക്കും. വിസ്താരയെ തിരഞ്ഞെടുത്തതിന് നന്ദി.’’