ഈയാഴ്‌ച ആദ്യത്തെ മൂന്ന് ദിനങ്ങളിലും 10,550 നിലവാരം ഭേദിക്കാന്‍ നിഫ്‌റ്റിക്ക് സാധിച്ചിരുന്നില്ല. ശക്തമായ ചാഞ്ചാട്ടവും വിപണിയിലുണ്ടായിരുന്നു. എന്നാല്‍ ഇന്നലെ ഈ നിലവാരം ഭേദിക്കുകയും 10,550ന് മുകളിലായി ക്ലോസ് ചെയ്യുകയും ചെയ്‌തു.
കോവിഡിനെ പ്രതിരോധിക്കാന്‍ ഓഗസ്റ്റ് 15നകം പുതിയ മരുന്ന് പുറത്തിറക്കാന്‍ സാധിക്കുമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചത് വിപണിക്ക് പുതിയൊരു ഉന്മേഷപം പകരുകയായിരുന്നു. ഈ റിപ്പോര്‍ട്ട് 10,550 പോയിന്റ് ഭേദിക്കാന്‍ നിഫ്‌റ്റിയെ സഹായിച്ചു.
ഫിബനോഷി റേഷ്യോ പ്രകാരം 11,300 പോയിന്റിലാണ് അടുത്ത പ്രതിരോധം. 10,800 പോയിന്റില്‍ ചെറിയ പ്രതിരോധമുണ്ടാകും. എങ്കിലും പ്രധാന പ്രതിരോധം 11,300 പോയിന്റിലായിരിക്കും.
ഇതുവരെ ലഭിച്ചത് മികച്ച മണ്‍സൂണ്‍ ആണ്. അതിന് വിപണിക്ക് തുണയായ ഘടകമായിരുന്നു. തുടര്‍ന്നുള്ള മഴ സംബന്ധിച്ച കണക്കുകള്‍ വിപണിക്ക് നിര്‍ണായകമായിരിക്കും. അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളായില്ലെങ്കില്‍ വിപണി മുന്നേറ്റത്തിന്റെ പാതയില്‍ തന്നെ തുടരാനാണ് സാധ്യത. ആഗോള സൂചനകളും വിപണിയുടെ ഗതിയില്‍ നിര്‍ണായകമാകും.
പോയ വാരം മികച്ച പ്രകടനം നടത്തിയ മേഖലകള്‍ ഓട്ടോമൊബൈലും എഫ്‌എംസിജിയും ഫിനാന്‍ഷ്യല്‍ സര്‍വീസുമാണ്. അതേ സമയം ഫാര്‍മ, മെറ്റല്‍ മേഖലകളുടെ പ്രകടനം ദുര്‍ബലമായിരുന്നു.
കോവിഡ് മൂലമുള്ള സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നുണ്ടായ ബെയര്‍ ഘട്ടത്തെ വിപണി അതിജീവിക്കുന്നതിന്റെ ലക്ഷണങ്ങളാണ് ഇപ്പോള്‍ കാണുന്നത്. എന്നാല്‍ ഈ പോസിറ്റീവ് ഘട്ടത്തിലേക്ക് വിപണി നീങ്ങിയെന്ന് സ്ഥിരീകരണം ലഭിക്കണമെങ്കില്‍ അടുത്ത ഏതാനും ദിവസങ്ങള്‍ കൂടി 10,550 നിലവാരത്തില്‍ നിഫ്‌റ്റി തുടരണം. അത് സംഭവിച്ചാല്‍ വിപണി മുന്നേറ്റത്തിന്റെ പുതിയ ഘട്ടത്തിലെത്തിയെന്ന് ഉറപ്പിക്കാം.


















