മുംബൈ: ഓഹരി വിപണിയില്‍ ഇടിവ് തുടരുന്നു. സെന്‍സെക്‌സ് ഇന്ന് 129 പോയിന്റാണ് ഇടിഞ്ഞത്. തുടര്‍ച്ചയായി മൂന്ന് ദിവസം ഇടിവ് നേരിട്ട സെന്‍സെക്‌സ് ഏകദേശം 900 പോയിന്റാണ് ഈ ദിവസങ്ങളില്‍ ഇടിഞ്ഞത്.
രാവിലെ 37,897.78 പോയിന്റ് വരെ വ്യാപാരത്തിനിടെ ഉയര്‍ന്ന സെന്‍സെക്‌സ് അതിനു ശേഷം 37,431.68 വരെ ഇടിയുകയും ചെയ്‌തു. 37,606.89 പോയിന്റിലാണ് ക്ലോസ് ചെയ്‌തത്.
29 പോയിന്റ് ഇടിഞ്ഞ നിഫ്‌റ്റി 11,073ലാണ് വ്യാപാരം അവസാനിപ്പിച്ചത്. 11,150.40 പോയിന്റ് വരെ വ്യാപാരത്തിനിടെ നിഫ്‌റ്റി ഉയര്‍ന്നിരുന്നു. 11,026.65 വരെ ഒരു ഘട്ടത്തില്‍ ഇടിയുകയും ചെയ്‌തു. 11,300ല്‍ നിഫ്‌റ്റിക്ക് ശക്തമായ സമ്മര്‍ദമാണുള്ളത്. ഇത് ഭേദിക്കാനാകാതെ ലാഭമെടുപ്പ് ദൃശ്യമാവുകയായിരുന്നു വിപണിയില്‍.
ഫാര്‍മ ഓഹരികളാണ് ഇന്ന് പ്രധാനമായും നേട്ടമുണ്ടാക്കിയത്. സണ്‍ ഫാര്‍മ, സിപ്ല, ജെഎസ്‌ഡബ്ല്യു സ്റ്റീല്‍, ഗ്രാസിം, യുപിഎല്‍ എന്നിവയാണ് ഏറ്റവും ലാഭം രേഖപ്പെടുത്തിയ അഞ്ച് നിഫ്‌റ്റി ഓഹരികള്‍. സണ്‍ ഫാര്‍മ 5.46 ശതമാനം നേട്ടമുണ്ടാക്കി. ഈ ഓഹരി 52 ആഴ്‌ചത്തെ ഉയര്‍ന്ന വിലയില്‍ പുതിയ റെക്കോഡ് രേഖപ്പെടുത്തുകയും ചെയ്തു.
നിഫ്‌റ്റി ഫാര്‍മ സൂചിക ഇന്ന് 3.56ശതമാനം നേട്ടമുണ്ടാക്കി. ടോറന്റ് ഫാര്‍മ 9.18 ശതമാനവും അര്‍ബിന്ദോ ഫാര്‍മ 6.67 ശതമാനവും കാഡിലാ ഹെല്‍ത്‌കെയര്‍ 6.66 ശതമാനവും നേട്ടമുണ്ടാക്കി.
ഏയ്‌ഷര്‍ മോട്ടോഴ്‌സ്, റിലയന്‍സ് ഇന്റസ്‌ട്രീസ്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ബജാജ് ഓട്ടോ, കോട്ടക്ക് മഹീന്ദ്ര ബാങ്ക് എന്നിവയാണ് നിഫ്‌റ്റിയിലെ ഏറ്റവും നഷ്‌ടം നേരിട്ട 5 ഓഹരികള്‍.