മനാമ: ഒളിമ്പിക്സ് മെഡൽ ജേതാക്കൾക്ക് ഉജ്ജ്വല സ്വീകരണം നൽകി. സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്പോർട്സ് അതോറിറ്റി ചെയർമാനും ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫ സ്വീകരിച്ചു. സ്വർണമെഡൽ ജേതാക്കളായ അഖ്മദ് തഴുദിനോവ്, വിൻഫ്രഡ് യാവി, വെള്ളി മെഡൽ ജേതാവ് സൽവ ഈദ് നാസർ, വെങ്കല മെഡൽ ജേതാവ് ഗോർ മിനസ്യൻ എന്നിവർക്ക് സ്വീകരണമാണ് നൽകിയത്.
ബഹ്റൈൻ ടീമിന്റെ നേട്ടങ്ങൾ അഭിമാനാർഹമാണെന്ന് കിരീടാവകാശി പറഞ്ഞു. കായിക മേഖലയിൽ ബഹ്റൈന് ഇത്രയും വലിയ നേട്ടങ്ങൾ കരസ്ഥമാക്കാൻ സാധിച്ചത് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ കലവറയില്ലാത്ത പിന്തുണയുടെ ഫലമാണെന്ന് കിരീടാവകാശി ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര കായിക മേഖലയിൽ കൂടുതൽ നേട്ടങ്ങൾ ബഹ്റൈന് കൈവരിക്കാൻ സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.