പേപ്പര്‍ ബാഗ് ഉപയോഗം വര്‍ദ്ധിപ്പിക്കാന്‍ ക്യാംപെയിന് നടത്തും, 57 മൈക്രോമീറ്ററില്‍ താഴെയുള്ള പ്ലാസ്റ്റിക് ബാഗുകള്‍ രണ്ട് വര്‍ഷം കൊണ്ട് ഒഴിവാക്കും
ദുബായ് : ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക് സമ്പൂര്‍ണ നിരോധനം കൊണ്ടുവരുന്നതിന്റെ ഭാഗമായി ഒരോ ബാഗിനും 25 ഫില്‍സ് താരിഫ് ഈടാക്കുമെന്ന് ദുബായ് എക്സിക്യൂട്ടീവ് കൗണ്‍സില്‍ അറിയിച്ചു.
ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗിന് സമ്പൂര്‍ണ നിരോധനം രണ്ടു വര്‍ഷത്തിനുള്ളില്‍ കൊണ്ടു വരുന്നതിനുള്ള പ്രാരംഭ നടപടിയാണ് ഇതെന്ന് ദുബായ് എക്സിക്യൂട്ടീവ് കൗണ്‍സില്‍ അറിയിച്ചു.
കടല്‍ത്തീരങ്ങളില്‍ ചത്തടിയുന്ന കടലാമകളില്‍ 86 ശതമാനവും പ്ലാസ്റ്റിക് ഉള്ളില്‍ ചെന്നനിലയിലാണ് കണ്ടെത്തുന്നത്. ഒട്ടകങ്ങളില്‍ 50 ശതമാനത്തിന്റെ മരണ കാരണം പ്ലാസ്റ്റിക് അകത്തു ചെന്നതിനെ തുടര്‍ന്നാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
ജൂലൈ ഒന്ന് മുതല്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക് 25 ഫില്‍സ് തീരുവ പിരിക്കുമെന്നും രണ്ട് വര്‍ഷത്തിനുള്ളില്‍ 100 ശതമാനം നിരോധനവും നടപ്പിലാക്കുമെന്നും ദുബായ് എക്സിക്യൂട്ടീവ് കൗണ്‍സില്‍ അറിയിച്ചു.