മസ്‌കത്ത് : ഇതര ജിസിസി രാഷ്ട്രങ്ങളിൽ നിന്നും ഒമാനിലേക്ക് പഴയ വാഹനങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് പുതിയ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ച് റോയൽ ഒമാൻ പൊലീസ് (ആർഒപി). ട്രാഫിക് ജനറൽ ഡയറക്ടറേറ്റും കസ്റ്റംസ് ജനറൽ ഡയറക്ടറേറ്റും ചേർന്നാണ് പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്. പുതിയ ഉത്തരവ് ഈ വർഷം ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും.
ജിസിസി രാജ്യങ്ങളിൽ നിന്ന് വാഹനങ്ങൾ ഇറക്കുമതി ചെയ്യുമ്പോൾ നൽകിവരുന്ന ‘ക്ലിയറൻസ് സർട്ടിഫിക്കറ്റ്’ ജൂലൈ മുതൽ സ്വീകരിക്കില്ല. പകരം, വാഹനം റജിസ്റ്റർ ചെയ്ത രാജ്യത്തെ അംഗീകൃത ഏജൻസി നൽകുന്ന ‘എക്സ്പോർട്ട് സർട്ടിഫിക്കറ്റ്’ ആണ് ഹാജരാക്കേണ്ടത്. കസ്റ്റംസ് നടപടികൾ കാര്യക്ഷമമാക്കാനും വാഹനങ്ങളുടെ റജിസ്ട്രേഷൻ സംവിധാനം കൂടുതൽ സുതാര്യമാക്കാനും ലക്ഷ്യമിട്ടാണ് പുതിയ തീരുമാനമെന്നും അധികൃതർ വ്യക്തമാക്കി.
അതേസമയം, ഇറക്കുമതി ചെയ്യുന്ന സ്വകാര്യ വാഹനങ്ങൾ ഏഴ് വർഷത്തിൽ കൂടുതലും ട്രക്കുകളും ബസുകളും പത്ത് വർഷത്തിൽ കൂടുതൽ പഴക്കമുള്ളതാകരുതെന്നും ഉത്തരവിൽ പറയുന്നു. 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹന എക്യുപ്‌മെന്റ്‌സ് ഇറക്കുമതി ചെയ്യുന്നതും വിലക്കിയിട്ടുണ്ട്.
