പിണറായി വിജയൻ ധർമ്മടം മണ്‌ഡലത്തിൽനിന്ന് ജനവിധി തേടും . കേന്ദ്ര കമ്മിറ്റിഅംഗവും ആരോഗ്യമന്ത്രിയുമായ കെ കെ ശൈലജ(മട്ടന്നൂർ) , കേന്ദ്ര കമ്മിറ്റിഅംഗങ്ങളായ എം വി ഗോവിന്ദൻ(തളിപറമ്പ്) , കെ രാധാകൃഷ്‌ണൻ (ചേലക്കര)എന്നിവരും സംസ്‌ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളും മന്ത്രിമാരുമായ എം എം മണി(ഉടുമ്പൻചോല ), ടി പി രാമകൃഷ്‌ണൻ (പേരാമ്പ്ര), സെക്രട്ടേറിയറ്റ് അംഗങ്ങളായ പി രാജീവ് (കളമശ്ശേരി), കെ എൻ ബാലഗോപാൽ (കൊട്ടാരക്കര) എന്നിവരും മത്സരരംഗത്തുണ്ട്. ഇവരെ കൂടാതെ മന്ത്രിമാരായ ജെ മേഴ്‌സിക്കുട്ടിയമ്മ, എ സി മൊയ്‌തീൻ, കടകംപള്ളി സുരേന്ദ്രൻ, കെ ടി ജലീൽ എന്നിവരും ജനവിധി തേടുന്നുണ്ട്. കലാകാരൻമാരായ മുകേഷും (കൊല്ലം) ദലിമയും (അരൂർ) , അസ്‌ഥിരോഗ വിദഗ്‌ധനായ ഡോ ജെ ജേക്കബും (തൃക്കാക്കര) ഡോക്‌ടറായ ഡോ. സുജിത്ത് വിജയനും (ചവറ) മത്സരരംഗത്തുണ്ട്.
വിദ്യാർഥി യുവജന രംഗത്തുള്ള 13 പേർ മത്സരിക്കുന്നു.ഇതിൽ 4 പേർ 30 വയസിന് താഴെയുള്ളവരാണ്. കഴിഞ്ഞ നിയമസഭയിലുണ്ടായിരുന്ന 33എംഎൽഎമാരും 5 മന്ത്രിമാരും മത്സരിക്കുന്നില്ല.ജെയ്‌ക് സി തോമസ് (പുതുപ്പള്ളി), സച്ചിൻദേവ് (ബാലുശേരി), ലിന്റോ ജോസ് (തിരുവമ്പാടി), പി മിഥുന (വണ്ടൂർ)എന്നിവർ 30 വയസിന് താഴെയുള്ളവരാണ്. 31നും 41 നും ഇടയിലുള്ള 8 പേരും 41നും 51 നും ഇടയിലുള്ള 13 പേരും 51നും 61 നും ഇടയിലുള്ള 33 പേരും 60 ന് മുകളിൽ വയസുള്ള 24 പേരുമാണ് മത്സരിക്കുന്നത്. 42 പേർ ബിരുദധാരികളാണ്. 28 പേർ അഭിഭാഷകരാണ്. ബിരുദാനന്തര ബിരുദമുള്ള 14 പേരും പി എച്ഡി നേടിയ 2 പേരും എംബിബിഎസ് ബിരുദംനേടി ഡോക്‌ടർമാരായി പ്രാക്‌ടീസ് ചെയ്യുന്ന 2 പേരും സ്‌ഥാനാർഥികളായുണ്ട്.