ദുബൈ: 53ാം ദേശീയദിനാഘോഷങ്ങളുടെ നിറവിൽ യു.എ.ഇ ജനത. ലോകത്തെ 200 രാജ്യങ്ങളിൽനിന്നുള്ള പ്രവാസികൾ ആഘോഷമായി കൊണ്ടാടുന്ന ഒരു ദേശീയ ദിനം ഒരുപക്ഷേ, ലോകത്ത് വേറെയുണ്ടാകില്ല. രാജ്യവ്യത്യാസമില്ലാതെ ഇവിടെ അതിവസിക്കുന്ന ഓരോ ജനവിഭാഗവും അവരുടേതായ രീതിയിൽ യു.എ.ഇയുടെ ദേശീയദിനം ഗംഭീരമാക്കുകയാണ്.
അൽഐനിലാണ് ഇത്തവണ ഔദ്യോഗിക ചടങ്ങുകൾ നടക്കുക. സൈനിക പരേഡ് ഉൾപ്പെടെ അതിവിപുലമായ ആഘോഷ പരിപാടികളാണ് ഭരണാധികാരികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. നിവാസികൾക്ക് നേരിട്ടും തത്സമയ സംപ്രേഷണത്തിലൂടെയും ആഘോഷങ്ങളിൽ പങ്കാളികളാകാം. വൻ സുരക്ഷ സന്നാഹങ്ങളും ഒരുക്കിയിട്ടുണ്ട്. ആഘോഷങ്ങളുടെ ഭാഗമായി രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചിരുന്നു.
ശനി, ഞായർ വാരാന്ത്യ അവധിയായതിനാൽ ഫലത്തിൽ നാല് ദിവസത്തെ അവധി ദിനങ്ങളാണ് ലഭിക്കുക. ഗ്ലോബൽ വില്ലേജിൽ ഉൾപ്പെടെ ദേശീയദിനത്തിൽ പ്രത്യേകം കരിമരുന്ന് പ്രയോഗങ്ങൾ ഉൾപ്പെടെ വൻ ആഘോഷ പരിപാടികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷത്തെപോലെ റാസൽ ഖൈമയിൽ ഇത്തവണയും ഗിന്നസ് ബുക്കിൽ ഇടം നേടുന്ന വെടിക്കെട്ട് നടക്കും. ഇന്ത്യൻ അസോസിയേഷൻ, കെ.എം.സി.സി പോലുള്ള സംഘടനകൾ അതിവിപുലമായ ആഘോഷങ്ങൾ സംഘടിപ്പിച്ചു വരുന്നുണ്ട്.
ദുബൈ റോഡ് ഗതാഗത അതോറിറ്റി മെട്രോ, ട്രാം, ബസ്, വാട്ടർ ടാക്സി സർവിസുകളുടെ സമയം ദീർഘിപ്പിച്ചിട്ടുണ്ട്. കൂടാതെ ആഘോഷദിനത്തിൽ പ്രത്യേക ടൂറിസ്റ്റ് ഫെറി സർവിസുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റ ടിക്കറ്റിൽ മൂന്നു സ്റ്റേഷനുകളിലേക്ക് യാത്ര ചെയ്യാനുള്ള സൗകര്യമാണ് ആർ.ടി.എ ഒരുക്കിയത്. രണ്ടുദിവസവും പാർക്കിങ് പൂർണമായും സൗജന്യമാക്കിതായി വിവിധ എമിറേറ്റുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്. ആറാം തീയതിവരെ ഉപയോഗിക്കാവുന്ന 53 ജി.ബി ഇന്റർനെറ്റ് ഡാറ്റ സൗജന്യമായി നൽകിയാണ് പ്രമുഖ ടെലികോം സേവനദാതാക്കളായ ഡു ദേശീയദിനം ഉപഭോക്താക്കൾക്കൊപ്പം ആഘോഷിക്കുന്നത്.
കൂടാതെ ദേശീയദിന ആഘോഷങ്ങളുടെ ഭാഗമായി വിവിധ എമിറേറ്റിലെ ഭരണാധികാരികൾ തടവുകാർക്ക് നിരുപാധിക മോചനവും നൽകുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു. ജി.ഡി.ആർ.എഫ്.എ ഉൾപ്പെടെ പ്രധാന വകുപ്പുകൾ വിപുലമായ ആഘോഷ പരിപാടികൾ നടത്തിവരികയാണ്. പ്രധാന ഓഫിസുകളെല്ലാം നാലാം തീയതി മാത്രമേ പ്രവർത്തനം പുനരാരംഭിക്കൂ. എങ്കിലും അവശ്യ സർവിസുകൾക്കായി പ്രത്യേക സംവിധാനങ്ങളും അധികൃതർ ഒരുക്കിയിട്ടുണ്ട്.
പ്രചോദനാത്മകമായ ഐക്യം
യു.എ.ഇ 53ാം ദേശീയ ദിനം ആഘോഷിക്കുമ്പോള്‍ സമാനതകളില്ലാത്ത ഐക്യത്തിന്റെയും അഭിലാഷത്തിന്റെയും പുരോഗതിയുടെയും ശ്രദ്ധേയമായ ഒരു പ്രയാണമാണ് പ്രതിഫലിക്കുന്നത്. യു.എ.ഇയുടെ സ്ഥാപകരായ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല് നഹ്യാന്റെയും ശൈഖ് റാഷിദ് ബിന്‍ സഈദ് ആല് മക്തൂമിന്റെയും മൂല്യങ്ങളും ദര്‍ശനങ്ങളും ഉള്‍ക്കൊണ്ടുകൊണ്ടാണ് ‘സ്പിരിറ്റ് ഓഫ് ദ യൂനിയന്‍’ എന്ന സന്ദേശത്തിലൂടെ രാജ്യം എല്ലാ മേഖലകളിലും അഭൂതപൂര്‍വമായ ഉയരങ്ങള്‍ താണ്ടിയുള്ള ജൈത്രയാത്ര തുടരുന്നത്.
യു.എ.ഇ പ്രസിഡന്റും ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല് നഹ്യാന്റെയും, യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല് മക്തൂമിന്റെയും ധീഷണാപരമായ നേതൃത്വം മുന്‍ഗാമികളുടെ കാഴ്ചപ്പാടുകളും യാഥാർഥ്യമാക്കുകയും വിപുലമായ നേട്ടങ്ങളിലേക്ക് രാജ്യത്തെനയിക്കുകയും ചെയ്തു.
യു.എ.ഇയെ മികവിന്റെയും നവീകരണത്തിന്റെയും നൂതനത്വത്തിന്റെയും കേന്ദ്രമാക്കി സുസ്ഥിരമായ മുന്നേറ്റം സാധ്യമാക്കാന്‍ ഈ നേതൃത്വത്തിന്റെ പ്രയത്നങ്ങള്‍ക്ക് സാധിച്ചു. യു.എ.ഇയുടെ നേട്ടങ്ങളില്‍നിന്നും ജനങ്ങളോടുള്ള അര്പ്പണബോധത്തില്നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ഈ രാജ്യത്തിന്റെ ആരോഗ്യ സംരക്ഷണ അടിസ്ഥാന സൗകര്യങ്ങള്‍ക്കും അതിന്റെ മികവിനും നിരന്തരം സംഭാവന നല്കാനായതില് അഭിമാനിക്കുന്നു.
ഈ ദേശീയദിനത്തില്‍ യു.എ.ഇയുടെ നേട്ടങ്ങള്‍ മാത്രമല്ല ഭാവിയിലേക്കുള്ള ശാശ്വതമായ കാഴ്ചപ്പാടും ഞങ്ങള്‍ ആഘോഷിക്കുന്നു. സ്പിരിറ്റ് ഓഫ് ദ യൂനിയന്‍ നമ്മെ എല്ലാവരെയും പ്രചോദിപ്പിക്കുന്നത് തുടരുകയാണ്. ഒരു പൊതുലക്ഷ്യത്തിനായി എല്ലാവരും ഒത്തുചേരുമ്പോള്‍ എല്ലാം സാധ്യമാകും എന്നതിന്റെ ഓർമപ്പെടുത്തലാണിത്. ഈ രാജ്യം പുതിയ ഉയരങ്ങളിലേക്ക് കുതിക്കുന്നത് തുടരട്ടെ. ഈ ശ്രദ്ധേയമായ പൈതൃകത്തിന്റെ വളര്‍ച്ചയില്‍ നമുക്കെല്ലാവര്‍ക്കും തുടര്‍ന്നും പങ്കാളികളാകാം.