ഏഷ്യാനെറ്റിന്റെ തലവര മാറ്റി മറിച്ച സംഗീതജ്ഞനായിരുന്നു എസ് . പി ബാലസുബ്രഹ്മണ്യം. ഏഷ്യാനെറ്റിന്റെ ചരിത്രത്തിന്റെ ഒരു ഭാഗം കൂടിയാണ് അദ്ദേഹം. സാമ്പത്തിക നഷ്ടത്തിലേക്ക് പോയി കൊണ്ടിരുന്ന ഏഷ്യാനെറ്റിന്റെ വിജയത്തിന് തുടക്കം കുറിച്ചത് എസ്പിബി യുടെ സംഗീത സാഗരം എപ്പിസോഡാണ്. തന്റെ ശബ്ദ മാധുര്യത്തിലൂടെ ജനഹൃദയങ്ങള്‍ കീഴടക്കിയ എസ്പിബി മറ്റുളളവരോട് മനുഷ്യത്വപരമായി പെരുമാറുന്ന വളരെ എളിമയുളള അസാധാരണനായ ഒരു മനുഷ്യന്‍ കൂടിയാണ് ‘- ‘ദി ഗള്‍ഫ് ഇന്ത്യന്‍സി’നോട് എസ്പിബിയുമായുളള അനുഭവം പങ്കുവെച്ച് ശ്രീകണ്ഠന്‍ നായര്‍.
എസ്പിബിയെ കുറിച്ചുളള ശ്രീകണ്ഠന്‍ നായരുടെ വാക്കുകള്‍
റേറ്റിംഗില്‍ കൂപ്പികുത്തിയിരുന്ന ഏഷ്യാനെറ്റിനെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചത് എസ്. പി ബാലസുബ്രഹ്മണ്യം എന്ന ഗായകനായിരുന്നു. റേറ്റിംഗില്‍ രണ്ട് പോയിന്റില്‍ കൂപ്പുകുത്തി നിന്ന ഏഷ്യാനെറ്റിനെ 12 പോയിന്റിലേക്കെത്തിച്ചത് അദ്ദേഹം പങ്കെടുത്ത എപ്പിസോഡായിരുന്നു. പിന്നീടൊരിക്കല്‍ അദ്ദേഹത്തെ കണ്ടപ്പോള്‍ എഷ്യാനെറ്റിന്റെ തലവര മാറ്റിയത് അങ്ങാണെന്ന് പറഞ്ഞപ്പോള്‍ ഒരു സാധാരണ സംഭവം കേള്‍ക്കുന്നത് പോലെയാണ് അദ്ദേഹമത് കേട്ടത്. ആ എപ്പിസോഡ് ഷൂട്ട് ചെയ്ത വെളളിയാഴ്ചയാണ് എസ്പിബി വളരെ ക്ഷമാശീലനാണെന്ന് മനസ്സിലായത്. എപ്പിസോഡിന് വേണ്ടി ‘മണ്ണിലിന്ത കാതല്‍’ പാട്ട് റെക്കോര്‍ഡ് ചെയ്ത സമയത്ത് കീബോര്‍ഡ് വായിച്ചു കൊണ്ടിരുന്നയാള്‍ പതിനെട്ട് തവണ തെറ്റിച്ചു.
ഉച്ചയ്ക്ക് 12 മണിയാകുമ്പോള്‍ അദ്ദേഹത്തിന് പോവുകയും വേണം. പരിപാടിയുടെ കോസ്റ്റ് കുറയ്ക്കാന്‍ വേണ്ടി പതിനെട്ട് പാട്ട് പാടണമെന്നായിരുന്നു ഞാന്‍ അദ്ദേഹത്തിനോട് പറഞ്ഞിരുന്നത്. പതിനൊന്ന് മണിയായപ്പോഴേക്കും ഒമ്പത് പാട്ട് കൂടി പാടാനുണ്ടായിരുന്നു. അപ്പോഴും അദ്ദേഹം പറയുന്നുണ്ടായിരുന്നു ഡോണ്ട് വറി നായര്‍ ഞാനിത് മുഴുവന്‍ പാടുമെന്ന്. പക്ഷേ മറ്റേയാള്‍ ഇങ്ങനെ തെറ്റിച്ചു കൊണ്ടിരിക്കുന്നത് കൊണ്ട് ഒരു മണിക്കൂര്‍ കൊണ്ട് അത്രയും പാടാന്‍ പറ്റില്ലയെന്ന് എനിക്കറിയാമായിരുന്നു. ആ കീബോഡിസ്റ്റ് പതിനെട്ട് തവണയും തെറ്റിച്ചപ്പോഴാണ് അദ്ദേഹത്തിന്റെ മാഹാത്മ്യം തിരിച്ചറിഞ്ഞത്. കാരണം അയാള്‍ പതിനെട്ടാമത്തെ തവണ തെറ്റിച്ചപ്പോഴും ‘ ഡോണ്ട് വറി മാന്‍, ടേക്ക് യുവര്‍ ഓണ്‍ ടൈം, ബി പേഷ്യന്റ് പോസിറ്റീവായിരിക്കൂ.. ഇപ്പോ താങ്കള്‍ ശരിയാക്കും ‘ എന്ന് പറഞ്ഞ് എസ്പിബി താളം പറഞ്ഞു കൊടുക്കുകയായിരുന്നു.അയാള്‍ അടുത്ത തവണ പാടിയപ്പോള്‍ ശെരിയാക്കുകയും ചെയ്തു.
ഇത്രയും തിരക്കില്‍ നില്‍ക്കുന്ന അദ്ദേഹത്തിന്റെ സ്ഥാനത്ത് വേറെ ആരെയെങ്കിലുമാണ് രണ്ടില്‍ കൂടുതല്‍ തവണ ബുദ്ധിമുട്ടിപ്പിച്ചിരുന്നെങ്കി ല്‍ കീബഡിസിറ്റിന് ഒന്നു തിരിയാന്‍ പോലും പറ്റാത്ത അവസ്ഥ ഉണ്ടായേനെ. വളരെ ക്ഷമയോടും വിനയത്തോടും മറ്റുളളവരോട് പെരുമാറുന്ന ഭയങ്കര പോസിറ്റീവായിട്ടുളള ഒരാളാണ് എസ്പിബി. കൃത്യം 11. 58 ന് തന്നെ എല്ലാ പാട്ടും പാടി കഴിഞ്ഞിട്ട് യു ആര്‍ ഹാപ്പി എന്നൊരു ചോദ്യമുണ്ടായിരുന്നു. ഞാന്‍ വളരെ ഹാപ്പിയാണെന്ന് പറയുകയും ചെയ്തു. ഒരു മണിക്കൂറിനുളളില്‍ ഒമ്പത് പാട്ടും പാടിയതാണ് എസ്പിബിയുടേതായി എടുത്തു പറയേണ്ട കഴിവ്. അന്ന് എന്നെ അത്ഭുതപ്പെടുത്തിയ വേറൊരു കാര്യം എന്താണെന്ന് വെച്ചാല്‍ റെക്കോര്‍ഡ് ചെയ്ത പാട്ട് കേട്ടതിനു ശേഷം റെക്കോര്‍ഡിസ്റ്റിനെ കാണണമെന്ന് എസ്പിബി പറഞ്ഞതായിരുന്നു. ശബ്ദം റെക്കോര്‍ഡ് ചെയ്ത് ഭയങ്കര രസമായിട്ടായിരുന്നു ദിനേശ് ദേവദാസ് മിക്‌സ് ചെയ്തത്. തീരെ സമയമില്ലാഞ്ഞിട്ടും അദ്ദേഹം ദിനേശിനെ പോയി കാണുകയും അഭിനന്ദിക്കുകയും ചെയ്തു. എന്നിട്ട് ലാസ്റ്റ് പാട്ട് ഒന്നു കൂടി എടുക്കണമെന്ന് പറഞ്ഞ് റീട്ടേക്ക് എടുത്തതിന് ശേഷമാണ് സ്റ്റുഡിയോ വിട്ടു പോയത്. നിരവധി പ്രതിഭകള്‍ നമ്മുടെ രാജ്യത്തുണ്ടെങ്കിലും മനുഷ്യത്വത്തോടെ പെരുമാറുന്ന പ്രതിഭകളില്‍ എസ്പിബി അസാധാരണനായ മനുഷ്യന്‍ തന്നെയാണ്.
വീഡിയോ കാണാം