English മലയാളം

Blog

zachariah_bignewslive_malay-1200×900

ഐ ഗോപിനാഥ്

എഴുത്തുകാരന്‍ ആരുടെ ചേരിയില്‍, കല കലക്കുവേണ്ടിയോ സമൂഹത്തിനു വേണ്ടിയോ?……. കേരളത്തില്‍ ഏറെകാലം സജീവമായിരുന്ന ചര്‍ച്ചയായിരുന്നു ഇത്. പല രൂപങ്ങളിലും ഇപ്പോഴുമത് തുടരുന്നു. വാസ്തവത്തില്‍ ഈ ചര്‍ച്ച പൂര്‍ണ്ണമായും അര്‍ത്ഥരഹിതമാണ്. കലാകാരനും എഴുത്തുകാരനും മാത്രമല്ല, ഏതൊരു വ്യക്തിക്കും അനിവാര്യമായ ഒന്നാണ് സാമൂഹ്യപ്രതിബദ്ധത. അതിനുള്ള കാരണമാകട്ടെ വളരെ ലളിതമാണ്. മനുഷ്യന്‍ സാമൂഹ്യജീവിയാണ് എന്നതുതന്നെ.

സത്യത്തില്‍ കേരളത്തില്‍ വ്യാപകമായി നടന്ന ചര്‍ച്ച ഇതായിരുന്നില്ല. സാമൂഹ്യപ്രതിബദ്ധത എന്നതുകൊണ്ട് ഇവിടെ അര്‍ത്ഥമാക്കിയിരുന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടികളോടുള്ള പ്രതിബദ്ധത എന്നായിരുന്നു. ഏതു ചേരിയില്‍ എന്നതുകൊണ്ട് ഉദ്ദേശിച്ചത് കമ്യൂണിസ്റ്റ് ചേരിയിലാണോ അല്ലയോ എന്നതായിരുന്നു. സമൂഹത്തോടല്ല, പാര്‍ട്ടിയോട് പ്രതിബദ്ധതയുണ്ടോ എന്നതായിരുന്നു ചര്‍ച്ച എന്നു സാരം. അതു കാണിച്ച മോശം എഴുത്തുകാര്‍ പോലും മികച്ച എഴുത്തുകാരായി വാഴ്ത്തപ്പെട്ടു. അതു പ്രകടിപ്പിക്കാതിരുന്ന മികച്ച എഴുത്തുകാര്‍ മോശക്കാരുമായി. ഒരു വശത്ത് മുദ്രാവാക്യങ്ങള്‍ നന്നായി എഴുതിയവര്‍ മഹാകവികളായി പോലും വ്‌ഴ്ത്തപ്പെട്ടപ്പോള്‍ മറുവശത്ത് പലരുടേയും കൃതികള്‍ വായിക്കരുതതെന്ന് അണികള്‍ക്ക് സര്‍ക്കുലറുകള്‍ പോലും പോയിരുന്നു. പിന്നീട് മാര്‍ക്‌സിസ്റ്റ് ആചാര്യന്‍ ഇ എം എസ് ഒരു പരിധിവരെ തെറ്റു സമ്മതിച്ചെങ്കിലും പ്രായോഗികമായി ഇപ്പോഴും ആ നയം തന്നെയാണ് തുടരുന്നത് എന്നു കാണാം. പാര്‍ട്ടിക്കു വേണ്ടി എഴുതുകയും പ്രസംഗിക്കുകയും ചെയ്യുന്നവര്‍ മികച്ച എഴുത്തുകാരും ബുദ്ധിജീവികളുമായി വാഴ്ത്തപ്പെടുന്നു. അവരെത്തേടി പുരസ്‌കാരങ്ങളെത്തുന്നു. സ്ഥാനമാനങ്ങളും.

ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്‌കാരത്തിനര്‍ഹനായ പ്രശസ്ത എഴുത്തുകാരന്‍ സക്കറിയയുടെ ഒരു പരാമര്‍ശമാണ് ഈ കുറിപ്പിന് പ്രചോദനമായത്. സക്കറിയ ഒരിക്കലും ഒരു പാര്‍ട്ടിയുടെ വക്താവല്ല. പലപ്പോഴും ജനവിരുദ്ധ നയങ്ങള്‍ക്കും മനുഷ്യാവകാശലംഘനങ്ങള്‍ക്കുമെതിരെ ശക്തമായി പ്രതികരിച്ചിട്ടുമുണ്ട്. അതിന്റെ പേരില്‍ ഒരിക്കലെങ്കിലും അക്രമിക്കപ്പെട്ടിട്ടുമുണ്ട്. എന്നാല്‍ വിശാലമായ അര്‍ത്ഥത്തില്‍, ജനാധിപത്യസംവിധാനത്തില്‍ എഴുത്തുകാരന്‍ ഏതു ചേരിയില്‍ എന്ന ചോദ്യവും അതിന് എഴുത്തുകാരുടെ ഉത്തരവും ഇന്നും പ്രസക്തമാണ്. പണ്ട് വൈലോപ്പിള്ളി തന്നെ ഇതിന് കൃത്യമായ മറുപടി പറഞ്ഞിട്ടുണ്ട്. എഴുത്തുകാരന്‍ സൗവര്‍ണ്ണ പ്രതിപക്ഷമാകണം എന്നാണത്. അത്തരമൊരു പരിശോധനയാണ് എഴുത്തുകാരന്റെ സാമൂഹ്യപ്രതിബദ്ധതയുടെ അളവുകോല്‍. അതൊരിക്കലും ഏതെങ്കിലും പാര്‍ട്ടിയോടുള്ള പ്രതിബദ്ധതയല്ല.

Also read:  ലൈഫ് മിഷന്‍: നിയമസഭ സമിതി ഇല്ലാത്ത അധികാരം ഉപയോഗിച്ചെന്ന് കോണ്‍ഗ്രസ്

മനുഷ്യസമൂഹത്തിന്റെ ചരിത്രമെന്നു പറയുന്നത് വ്യക്തിയും സമൂഹവും തമ്മിലുള്ള ഐക്യത്തിന്റേയും സമരത്തിന്റേയും ചരിത്രമാണല്ലോ. ഒറ്റ വ്യക്തി മാത്രമേ ഉള്ളു എങ്കില്‍ അവിടെ പ്രശ്‌നമൊന്നുമില്ല. ഭരണകൂടത്തിന്റെ ആവശ്യവുമില്ല. ഒന്നില്‍ കൂടുതല്‍ വ്യക്തികളായാല്‍ അതിനൊരു സാമൂഹ്യ സ്വഭാവമായി. അതനുസരിച്ച് ചില ചട്ടങ്ങളും നിയന്ത്രണങ്ങളും ആവശ്യമായി. വ്യക്തിയുടേയും സമൂഹത്തിന്റേയും സംഘര്‍ഷങ്ങള്‍ നിയന്ത്രിക്കാന്‍ ഭരണകൂടത്തിന്റെ ആവശ്യവുമായി. ഭരണകൂടം കൊഴിയുമെന്ന സങ്കല്‍പ്പമൊക്കെ ഉട്ടോപ്യ മാത്രം. ചെയ്യാവുന്നത് ഈ ഭരണകൂടത്തെ പരമാവധി സുതാര്യവും ജനാധിപത്യപരവും വ്യക്തികളുടെ സ്വാതന്ത്ര്യത്തി്ല്‍ ഏറ്റവും കുറവ് ഇടപെടുന്നതുമാക്കി തീര്‍ക്കുക എന്നതാണ്. ഈ സംഘര്‍ഷത്തില്‍ ഭരണകൂടത്തെ ശക്തമാക്കാന്‍ ആധിപത്യശക്തികള്‍ എന്നും ശ്രമിക്കും. അതിനു വിപരീതമായി ജനകീയശക്തികളും. തീര്‍ച്ചയായും ലോകം ഇന്നോളം പരിശോധിച്ച സോഷ്യലിസമടക്കമുള്ള ഭരണകൂട രൂപങ്ങളില്‍ ഏറ്റവും മെച്ചപ്പെട്ടത് ജനാധിപത്യം തന്നെയാണ്. നമ്മളെ ഭരിക്കേണ്ടവരെ നമ്മള്‍ തന്നെ തെരഞ്ഞെടുക്കുന്നു എന്ന ഒറ്റകാരണം മതിയതിന്. പ്രജകളില്‍ നിന്നു പൗരന്മാരിലേക്കുള്ള മാറ്റം.

തീര്‍ച്ചയായും ജനാധിപത്യം എല്ലാം തികഞ്ഞ ഭരണസംവിധാനമല്ല. മുകളില്‍ സൂചിപ്പിച്ചപോലെ ഭരണകൂടത്തെ കൂടുതല്‍ ശക്തമാക്കാന്‍ ആധിപത്യശക്തികളും അതിനു വിപരീതമായി ജനകീയശക്തികളും ശ്രമിക്കും. ഇതില്‍ ഏതു ചേരിയില്‍ എന്നതാണ് യഥാര്‍ത്ഥ ചോദ്യം. അവിടെ ജനകീയപക്ഷത്തുിനില്‍ക്കേണ്ടവരാണ് സാമൂഹ്യപ്രതിബദ്ധതയുള്ള എഴുത്തുകാരും കലാകാരന്മാരും.. അപ്പോള്‍ ഭരണകൂടത്തില്‍ നിന്ന് സ്വീകരിക്കുന്ന പുരസ്‌കാരങ്ങളുടെ റോള്‍ എന്തായിരിക്കുമെന്ന് ചിന്തിക്കാവുന്നതേയുള്ളു. രാജഭരണം മുതലെ കലാകാരന്മാര്‍ക്കു നല്‍കുന്ന പട്ടും വളയും തന്നെയല്ലാതെ മറ്റെന്താണ് ആധുനികകാല പുരസ്‌കാരങ്ങള്‍? അതൊരു ധൃതരാഷ്ട്രാലിംഗനമല്ലാതെ മറ്റൊന്നല്ല. പുരസ്‌കാരങ്ങള്‍ക്കും സാംസ്‌കാരികരംഗത്തെ അധികാരങ്ങള്‍ക്കും സ്ഥാനമാനങ്ങള്‍ക്കും വേണ്ടി ഭരണകൂടത്തേയും അതിനെ നിയന്ത്രിക്കുന്ന പാര്‍ട്ടികളേയും അവയുടെ നേതാക്കളേയും പുകഴ്ത്തുന്ന എത്രയോ എഴുത്തുകാരയേും ബുദ്ധിജീവികളേയും നാം കാണുന്നു. പട്ടും വളയും വാങ്ങി രാജാവിനെ പുകഴ്ത്തുന്നതിന്റെ ആധുനികരൂപം തന്നെ. സക്കറിയയെ പോലുള്ള എഴുത്തുകാര്‍ അത്തരം ആലിംഗനത്തിനു നിന്നു കൊടുക്കണോ എന്നതാണ് ചോദ്യം?

കേരളസര്‍ക്കാരും സര്‍ക്കാരിനു നേതൃത്വം കൊടുക്കുന്ന പാര്‍ട്ടിയും അതിന്റെ പ്രമുഖനേതാക്കളും എത്രയോ അഴിമതി ആരോപണങ്ങളുടെ മുള്‍മുനയില്‍ നില്‍ക്കുമ്പോഴാണ് ഈ പുരസ്‌കാര പ്രഖ്യാപനം നടന്നത് എന്നത് ശ്രദ്ധേയമാണ്. നീതിക്കായുള്ള വാളയാര്‍ പെണ്‍കുട്ടികളുടെ നമാതാപിതാക്കളുടെ സമരവും നടക്കുന്നുണ്ടായിരുന്നു. ഭരണകൂടങ്ങളെ പലപ്പോഴും വിമര്‍ശിക്കുന്ന വ്യക്തിതന്നെയായിട്ടും പുരസ്‌കാര പ്രഖ്യാപനത്തെ തുടര്‍ന്ന്, അതേകുറിച്ചുള്ള ചോദ്യത്തിന് എല്ലാ ഭരണകൂടത്തിനും അത്തരം പ്രശ്‌നങ്ങള്‍ കാണുമെന്നു പറഞ്ഞ് സക്കറിയ ഒഴിഞ്ഞു മാറുന്നതാണ് കണ്ടത്. പിറ്റേന്ന് വ്യാജ ഏറ്റുമുട്ടലിലൂടെ ഒരാളെ കൂടി കൊന്നു കളഞ്ഞപ്പോഴും മിക്കവാറും എഴുത്തുകാരെപോലെ സക്കറിയയും പ്രതികരിച്ചില്ല. ഭരണകൂടം ലക്ഷ്യം നേടുന്ന എന്നു സാരം. കഴിഞ്ഞ വര്‍ഷം ഈ പുരസ്‌കാരം ലഭിച്ചത് പ്രശസ്ത എഴുത്തുകാരന്‍ ആനന്ദിനായിരുന്നു. ഭരണകൂടങ്ങളുടെ അതിരൂക്ഷമായ വിമര്‍ശനങ്ങലാണല്ലോ അദ്ദേഹത്തിന്റഎ രചനകള്‍. വാസ്തവത്തില്‍ ഇങ്ങനേയും കൂടിയാണ് മരുഭൂമികള്‍ ഉണ്ടാകുന്നത് എന്നതാണ് തിരിച്ചറിയപ്പെടേണ്ടത്.

Also read:  കള്ളപ്പണ ഇടപാട് ആരോപണം; പി.ടി തോമസിനെതിരെ വിജിലന്‍സ് അന്വേഷണം

ജനങ്ങളുടെ പ്രതിനിധികളാണ് സര്‍ക്കാര്‍, അതുകൊണ്ടുതന്നെ സര്‍ക്കാര്‍ നല്‍കുന്ന പുരസ്‌കാരം ജനങ്ങളുടെ പുരസ്‌കാരമാണ്, അതിനാല്‍ പുരസ്‌കാരം ലഭിച്ചതില്‍ വലിയ സന്തോഷമുണ്ട് എന്നതായിരുന്നു സക്കറിയയുടെ പ്രതികരണം. കേള്‍ക്കുമ്പോള്‍ ശരിയെന്നു തോന്നുന്ന നിലപാടുതന്നെ. ജനാധിപത്യസംവിധാനത്തില്‍ ജനങ്ങളുടെ പ്രതിനിധികള്‍ തന്നെയാണ് ഭരണകൂടം. പക്ഷെ അതൊരു ലക്ഷ്യമാണ്. വിശ്രമമില്ലാത്ത പോരാട്ടങ്ങളിലൂടേയും സംവാദങ്ങളിലൂടേയും നേടിയെടുക്കേണ്ട ഒന്ന്. ഇന്നു നിലനില്‍ക്കുന്ന ജനാധിപത്യസംവിധാനത്തെ അംഗീകരിച്ചും പങ്കെടുത്തും മാത്രമേ, ആ ലക്ഷ്യത്തെ കുറിച്ച് സംസാരിക്കാനും മുന്നോട്ടുനീങ്ങാനും കഴിയൂ എന്നതും ശരി. ആ യാത്രയിലുടനീളം മുകളില്‍ സൂചിപ്പിച്ച അമിതാധികാരശക്തികളും ജനകീയ ശക്തികളും തമ്മിലുള്ള പോരാട്ടം തുടരും. ഏതൊരു ഭരണകൂടവും എപ്പോള്‍ വേണമെങ്കിലും ജനാധിപത്യവിരുദ്ധമാകാനിടയുണ്ടെന്നുള്ള സാധ്യതയുണ്ട്. ജനാധിപത്യസംവിധാനത്തിലൂടേയും തെരഞ്ഞെടുപ്പിലൂടേയും തന്നെയാണല്ലോ കേന്ദ്രസര്‍ക്കാര്‍ അധികാരത്തിലെത്തിയത്. എന്നിട്ടും എന്താണ് രാജ്യത്ത് സംഭവിക്കുന്നത്? എന്തിനായിരുന്നു അടുത്ത കാലത്ത് നിരവധി എഴുത്തുകാര്‍ തങ്ങള്‍ക്കു ലഭിച്ച പുരസ്‌കാരങ്ങള്‍ തിരിച്ചേല്‍പ്പിച്ച് പ്രതിഷേധവും നിലപാടും വ്യക്തമാക്കിയത്.

തീര്‍ച്ചയായും എഴുത്തച്ഛന്റെ പേരിലുള്ള പുരസ്‌കാരം നിരസിക്കാന്‍ സക്കറിയ തയ്യാറാകണമെന്നു പറയാന്‍ ആര്‍ക്കും അവകാശമില്ല. എന്നാല്‍ എഴുത്തിനും വായനക്കുമൊക്കെ ഒരു സാമൂഹ്യവശവുമുണ്ട് എന്നതിനാലാണ് ഈ വിഷയം ചര്‍ച്ച ചെയ്യുന്നത്. എഴുത്തുകാര്‍ക്കു മാത്രമല്ല, എല്ലാവര്‍ക്കും ഇതു ബാധകമാണ്. സമൂഹത്തെ കൂടുതല്‍ സ്വാധിനിക്കുന്നത് എഴുത്തുകാരും കലാകാരന്മാരും ബുദ്ധിജീവികളുമായതിനാല്‍ അവരെ കുറിച്ച് കൂടുതല്‍ പറയുന്നു എന്നു മാത്രം. അതുകൊണ്ടുതന്നെയാണല്ലോ ഭരണകൂടവും അവരെ കൈപ്പിടിയിലാക്കാന്‍ ശ്രമിക്കുന്നത്. അടുത്തയിടെ ഒരു പ്രഭാഷണത്തില്‍ പ്രശസ്തചിന്തകനും എഴുത്തുകാരനുമായ ആനന്ദ് ടെല്‍തുമ്പ്‌ദെ പറഞ്ഞ വാക്കകളാണ് ഏറ്റവും പ്രസക്തം. ‘ബുദ്ധിജീവികളും എഴുത്തുകാരും സമൂഹത്തില്‍ സൈദ്ധാന്തിയകമായും പ്രായോഗികമായും ഇടപെടുന്നവരായിരിക്കണം. നയപരമായി സര്‍ക്കാരുകള്‍ നടപ്പാക്കുന്ന കൂട്ടകുരുതികളെ ലോകത്തിനു മുന്നില്‍ തുറന്നു കാണിക്കുന്നവരായിരിക്കണം. തങ്ങളുടെ വൈജ്ഞാനികമായ കഴിവുകള്‍ അധികാരമില്ലാത്ത ജനങ്ങളുടെ ഭാഗത്തു നില്‍ക്കാന്‍ ഉപയോഗിക്കണം. ജനാധിപത്യ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുകയും തങ്ങളുടെ ഭൗതിക സാഹചര്യങ്ങളേക്കാള്‍ രാജ്യത്തിന്റെ ബഹുസ്വരതക്ക് വേണ്ടി നിലകൊള്ളുകയും വേണം. അധികാര വ്യവസ്ഥയോടും അതിന്റെ അനൂകൂല്യങ്ങളോടും വിട്ടു നില്‍ക്കണം. അധികാര കേന്ദ്രവുമായി ചേര്‍ന്ന് നില്‍ക്കുന്നവരെ ബുദ്ധിജീവി എന്നു വിളിക്കാനാവില്ല. അവരെന്നും അധികാര ശക്തികളുടെ വിരുദ്ധ ചേരിയിലാകണം’. ഇതായിരുന്നു അദ്ദേഹം പറഞ്ഞത്. ആധുനികകാലത്തെ എഴുത്തുകാരന്‍ ഏതു ചേരിയില്‍ എന്ന ചോദ്യത്തിന് ഏറ്റവും ശരിയായ ഉത്തരമാണ് ആനന്ദ് നല്‍കിയത്. അതുകൊണ്ടാണല്ലോ അദ്ദേഹത്തെ പിന്നീട് കേന്ദ്രം യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത് തുറുങ്കിലിട്ടതും.

Also read:  കിഫ്ബി വിവാദം: സര്‍ക്കാര്‍ നിയമോപദേശം തേടും

എഴുത്തുകാരുടെ സാമൂഹ്യപ്രതിബദ്ധതയെ കുറിച്ചാണ് ചര്‍ച്ച ചെയ്തത്. അതിനര്‍ത്ഥം പഴയ ചര്‍ച്ചകളെ പോലെ അതിന്റെ അടിസ്ഥാനത്തില്‍ അവരുടെ കൃതികളെ വിലയിരുത്തണമെന്നോ മികച്ച അല്ലെങ്കില്‍ മോശം എഴുത്തുകാരന്‍ എന്നു തീരുമാനിക്കണോ എന്നല്ല. എഴുത്തില്‍ സാമൂഹ്യഘടകങ്ങള്‍ ഉണ്ടാകാതിരിക്കില്ല. എന്നാല്‍ അതിനേക്കാളുപരി എഴുത്തുകാരുടെ ആത്മാംശവും കാണാം. എഴുത്തിലെ സൗന്ദര്യാത്മകവശത്തെ സാമൂഹ്യഘടകങ്ങള്‍ വെച്ച് അളക്കാനുമാകില്ല. ഒരാളുടെ വൈയക്തിക അനുഭവത്തിലൂടെയാണ് എഴുത്തിന്റെ മേന്മ വിലയിരുത്തപ്പെടേണ്ടത്. അല്ലാതെ സാമൂഹ്യമായോ സംഘടനാപരമായോ അല്ല. അതിനാല്‍ തന്നെ ഇപ്പറഞ്ഞ കാരണങ്ങള്‍ കൊണ്ട് സക്കറിയയുടേയും ആനന്ദിന്റേയും കൃതികള്‍ മോശമെന്നു പറയാനാകില്ല. മറിച്ച് അവ മികച്ചതാണെന്നാണ് ഈ ലേഖകന്റെ അനുഭവവും അഭിപ്രായവും. എഴുത്തുകാരെ ഭരണകൂടം വിലക്കെടുക്കാന്‍ ശ്രമിക്കുന്നതിനെതിരെ അനിവാര്യമായ ജാഗ്രതയെ കുറിച്ചു മാത്രമാണ് പറയാന്‍ ശ്രമിച്ചത്.