അബുദാബി : അബുദാബി ഇന്റർനാഷനൽ ഫിനാൻഷ്യൽ സെന്ററിനു (എഡിജെഎം) കീഴിലുള്ള സ്ഥാപനങ്ങൾക്ക് വിദൂര ജോലിക്കാരെ (റിമോട്ട് വർക്ക്) നിയമിക്കാൻ അനുമതി. യുഎഇക്ക് അകത്തുനിന്നു മാത്രമല്ല വിദേശത്ത് ഉള്ളവരെയും വിദൂര ജോലിക്ക് നിയമിക്കാമെന്നതാണ് നിയമത്തിലെ സുപ്രധാന മാറ്റം. എന്നാൽ ജോലിക്ക് ആവശ്യമായ സാങ്കേതിക ഉപകരണങ്ങൾ തൊഴിലുടമകൾ നൽകണം. ഏപ്രിൽ 1 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും. ജോലിസ്ഥലങ്ങളിലെ ആഗോള മാറ്റങ്ങൾ അനുസരിച്ച് തൊഴിലുടമകൾക്കും ജീവനക്കാർക്കും ഗുണകരമാകുന്നതാണ് പുതിയ ഭേദഗതി.
വിദൂര ജോലിക്ക് പാർട്ട് ടൈം ജോലിക്കാരെയും ഉപയോഗപ്പെടുത്താമെന്ന് എഡിജെഎമ്മിലെ റജിസ്ട്രേഷൻ അതോറിറ്റി അറിയിച്ചു. റിമോട്ട് വർക്ക് നിയമത്തിൽ പാർട്ട്/ഫുൾ ടൈം ജീവനക്കാരുടെ അവകാശങ്ങളും വ്യക്തമാക്കുന്നുണ്ട്. വിദൂര ജോലിക്കാരെ നിയമിക്കാനും ആയാസരഹിത ജോലി ക്രമീകരിക്കാനും പുതിയ നിയമത്തിലൂടെ സാധിക്കും. എന്നാൽ തൊഴിൽ കരാറുകൾ, മറ്റ് തൊഴിൽ സംബന്ധമായ കാര്യങ്ങൾ എന്നിവ സജ്ജമാക്കാൻ തൊഴിലുടമകൾക്ക് സാവകാശം നൽകി.
തൊഴിൽ കരാറിൽ ജീവനക്കാരൻ വിദൂര വ്യക്തിയാണെന്ന് വ്യക്തമാക്കണം. റിമോട്ട് വർക്കാണെങ്കിലും വർക്ക് പെർമിറ്റ്, റസിഡൻസ് വീസ, തിരിച്ചറിയൽ കാർഡുകൾ എന്നിവയ്ക്കുള്ള ചെലവ് കമ്പനിയാണ് വഹിക്കേണ്ടത്. പാർട്ട് ടൈം ജീവനക്കാരുടെ ജോലി ആഴ്ചയിൽ 5 ദിവസത്തിൽ കുറവായിരിക്കണം. ദിവസേന ജോലി സമയം 8 മണിക്കൂറിൽ താഴെയും. പ്രബേഷൻ കാലയളവ് 6 മാസമാണ്. പ്രബേഷനിലുള്ള ജീവനക്കാർക്ക് രോഗാവധിക്ക് അർഹതയുണ്ട്. എന്നാൽ അവധി ദിവസത്തെ ശമ്പളത്തിന് അർഹതയില്ല. ഒരാഴ്ചത്തെ രേഖാമൂലമുള്ള അറിയിപ്പോടെ തൊഴിൽ കരാർ അവസാനിപ്പിക്കാനും അനുമതിയുണ്ട്.
ജോലിസ്ഥലത്ത് ജാതി, മത, വംശ, ലിംഗ വിവേചനം പാടില്ല. തൊഴിൽ സംവിധാനങ്ങളിൽ പുതുമകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഭേദഗതിയെന്ന് എഡിജിഎം റജിസ്ട്രേഷൻ അതോറിറ്റി സിഇഒ ഹമദ് സയാഹ് അൽ മസ്റൂഇ പറഞ്ഞു. എല്ലാ കക്ഷികൾക്കും ആവശ്യമായ സംരക്ഷണവും സ്ഥിരതയും ഉറപ്പാക്കുമെന്നും പറഞ്ഞു.
