അബുദാബി : ആധുനിക സാങ്കേതിക രംഗത്ത് നിർണായകമായ മുന്നേറ്റവുമായി യുഎഇ വീണ്ടും ലോക ശ്രദ്ധ നേടുന്നു. ലോകത്തിലെ ഏറ്റവും വലിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഡാറ്റാ സെന്റർ 2026 ഓടെ അബുദാബിയിൽ സ്ഥാപിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഈ ആധുനിക സെന്ററിന് ചുക്കാനുപിടിയ്ക്കുന്നത് ഓപ്പൺ എഐയുടെ എഐ ഇൻഫ്രാസ്ട്രക്ചർ പ്ലാറ്റ്‌ഫോമായ സ്റ്റാർഗേറ്റ് ആണ്.
ഈ കേന്ദ്രം പ്രവർത്തനക്ഷമമാകുമ്പോൾ, ഓപ്പൺ എഐയുടെ ചാറ്റ് ജിപിടി സേവനങ്ങൾ രാഷ്ട്രത്തുടനീളം വാഗ്ദാനം ചെയ്യുന്ന ആദ്യ രാജ്യം യുഎഇ ആകും. ഈ പദ്ധതിയിലൂടെ യുഎഇ, ആഗോള എഐ രംഗത്ത് നേതൃത്വം നേടാനുള്ള ശ്രമങ്ങൾക്കു വേഗം നൽകുന്നു.
AI മേഖലയിൽ ശക്തമായ അന്താരാഷ്ട്ര പങ്കാളിത്തത്തോടെ ആണ് പദ്ധതി നടപ്പാക്കുന്നത്. ജി42, ഒറാക്കിൾ, എൻവിഡിയ, സിസ്കോ, സോഫ്റ്റ്ബാങ്ക് തുടങ്ങിയ ആഗോള ടെക് ജയന്റുകൾ ഈ പദ്ധതിയുമായി സഹകരിക്കുന്നു.
ഈ മെഗാ ഇൻഫ്രാസ്ട്രക്ചർ പദ്ധതി, ഓപ്പൺ എഐയുടെ ആഗോള തന്ത്രത്തിന്റെ ഭാഗമായും കൂടി വരുന്നു — ലോകത്തുടനീളമുള്ള മറ്റ് പ്രധാന പ്രദേശങ്ങളിലേക്കും, സുരക്ഷിതവും പരിസ്ഥിതിക്ക് സൗഹൃദപരവുമായ എഐ സേവനങ്ങൾ വ്യാപിപ്പിക്കാനുള്ള ലക്ഷ്യവുമാണിതിന് പിന്നിൽ.
10 ചതുരശ്ര മൈൽ വിസ്തൃതിയിൽ വികസിക്കുന്ന ഡാറ്റാ സെന്ററിന്റെ രൂപരേഖ, യുഎസ് പുറത്തുള്ള ഏറ്റവും വലിയ എഐ സെന്ററെന്ന നിലയിൽ അംഗീകരിക്കപ്പെടും. ഇത്, മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള കരാറിന്റെ അടിസ്ഥാനത്തിൽ രൂപം കൊണ്ടതാണ്.
യുഎഇയുടെ ഈ പുതിയ പദ്ധതിയിലൂടെ, രാജ്യത്തെ ഡിജിറ്റൽ ഭാവിയെ വേഗത്തിലാക്കാനും, ലോകവ്യാപകമായ എഐ വളർച്ചക്ക് അടിത്തറയിടാനും സാധിക്കുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു.