‘@embassy_help’ ( എംബസി ഹെല്പ് )
എന്ന പേരില്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയാണ് തട്ടിപ്പ്.
അബുദാബി : പ്രവാസികളെ കബളിപ്പിക്കാന്‍ എംബസിയുടെ പേര് ദുരുപയോഗം ചെയ്യുന്നുണ്ടെന്നും ഇന്ത്യക്കാര്‍ ഇതില്‍ വഞ്ചിതരാകരുതെന്നും ഇന്ത്യന്‍ എംബസിയുടെ മുന്നറിയിപ്പ്.
ട്വിറ്ററില്‍ ‘@embassy_help’ എന്ന പേരില്‍ അക്കൗണ്ട് ഉണ്ടാക്കിയാണ് തട്ടിപ്പ് അരങ്ങേറുന്നത്.’ind_embassy.mea’ എന്ന പേരില്‍ ഇ മെയില്‍ അക്കൗണ്ട് ഉണ്ടാക്കി തട്ടിപ്പ് നടത്തുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
യുഎഇയില്‍ നിന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന പ്രവാസികളെയാണ് ഇവര്‍ ലക്ഷ്യമിട്ടത്. യാത്രയുടെ ക്രമീകരണങ്ങള്‍ ഒരുക്കുന്ന സര്‍വ്വീസ് എന്ന നിലയിലാണ് പ്രവാസികളുടെ പണം പിരിക്കാന്‍ ഇവര്‍ ശ്രമം നടത്തിയത്.
ഇതിനെ തുടര്‍ന്ന് ലഭിച്ച പരാതികളെ തുടര്‍ന്നാണ് എംബസി അന്വേഷണം ആരംഭിച്ചത്. നിലവില്‍ ട്വിറ്റര്‍ അക്കൗണ്ടിലൂുടെയും ഇമെയില്‍ ഉപയോഗിച്ചും തട്ടിപ്പ് നടക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.
ഇതിനെ തുടര്‍ന്നാണ് എംബസി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. എംബസിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വെരിഫൈഡ് ആണെന്നും എംബസിയുമായി സോഷ്യല്‍ മീഡിയ വഴി ബന്ധപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ ഈ വെരിഫൈഡ് അക്കൗണ്ടുകളിലുൂടെ മാത്രം ആശയ വിനിമയം നടത്തണമെന്നും എംബസി അറിയിച്ചു.
എംബസിയുടെ ട്വിറ്റര്‍ അക്കൗണ്ടിന് ബ്ലൂ ടിക് ലഭിച്ചിട്ടുണ്ട്. ഇത് നോക്കി വേണം ഔദ്യോഗിക പേജ് മനസ്സിലാക്കാന്‍.
സംശയമുള്ളവര്‍ എംബസിയുടെ വെബ്സൈറ്റിലെത്തി സോഷ്യല്‍മീഡിയ പേജുകളും ഇ മെയില്‍ വിലാസവും വ്യക്തമായി മനസ്സിലാക്കി ആശയ വിനിമയം നടത്തണമെന്നും എംബസി അറിയിച്ചു.