ന്യൂഡൽഹി: ഇന്ത്യയിലെ ഉപ്പിലും പഞ്ചസാരയിലും പ്ലാസ്റ്റിക്കിന്റെ അംശമുണ്ടെന്ന് പരിസ്ഥിതി ഗവേഷണ സ്ഥാപനമായ ടോക്സിസ് ലിങ്കിന്റെ പഠന റിപ്പോർട്ട്. കമ്പോളത്തിൽ ഇന്ന് ലഭിക്കുന്ന പാക്ക് ചെയ്തതും ചെയ്യാത്തതുമായ എല്ലാ ഉപ്പിലും പഞ്ചസാരയിലും മൈക്രോ പ്ലാസ്റ്റിക് അടങ്ങിയിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. സാധാരണ ഉപ്പടക്കം പത്തു തരം ഉപ്പിലും അഞ്ചുതരം പഞ്ചസാരയിലും പരീക്ഷണം
നടത്തിയതിനു ശേഷമാണ് ടോക്സിസ് ലിങ്ക് ഔദ്യോഗിക റിപ്പോർട്ട് പുറത്തുവിട്ടത്. 0.1 മില്ലിമീറ്റർ മുതൽ 5 മില്ലിമീറ്റർ വരെയാണ് മൈക്രോ പ്ലാസ്റ്റിക്കിന്റെ അംശം അടങ്ങിയിട്ടുള്ളത്.
അയോഡൈസ്ഡ് ഉപ്പിലാണ് അമിതമായി മൈക്രോ പ്ലാസ്റ്റിക്കിന്റെ അളവ് സ്ഥിരീകരിച്ചത്.ഒരു കിലോഗ്രാം ഉപ്പിൽ 89.10, പഞ്ചസാരയിൽ 68.25 എന്നിങ്ങനെയാണ് പരമാവധി പ്ലാസ്റ്റിക് കണങ്ങളുടെ എണ്ണം. മനുഷ്യരുടെ നിത്യോപയോഗ വസ്തുക്കളിൽ പോലും മൈക്രോ പ്ലാസ്റ്റിക് അടങ്ങിയിരിക്കുന്നു എന്നത് വലിയ ആശങ്കയിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഭക്ഷണം, വെള്ളം, വായു എന്നിവയിലൂടെയെല്ലാം മൈക്രോ പ്ലാസ്റ്റിക്കിന് മനുഷ്യ ശരീരത്തിലേക്ക് പ്രവേശിക്കാൻ സാധ്യതയുണ്ട്. ശ്വാസകോശം, ഹൃദയം, മുലപ്പാൽ, ഗർഭസ്ഥ ശിശുവിലടക്കം മൈക്രോ പ്ലാസ്റ്റിക്കിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.
“ഞങ്ങളുടെ പഠനത്തിന്റെ പ്രധാന ലക്ഷ്യം ഇപ്പോൾ നിലവിലുള്ള ശാസ്ത്രീയ പഠനങ്ങളിലേക്ക് സംഭാവന ചെയ്യുന്നതോടൊപ്പം യു.എന്നിന്റെ ആഗോള പ്ലാസ്റ്റിക് ഉടമ്പടിക്ക് ഈ പ്രശ്നം അറിയിക്കുക കൂടിയാണ്. മൈക്രോ പ്ലാസ്റ്റിക്കിന്റെ അപകട സാധ്യതകളിലേക്ക് ഗവേഷകരുടെ കൂടുതൽ ശ്രദ്ധ ആവിശ്യമുണ്ട്” -ടോക്സിസ് ലിങ്ക് സ്ഥാപക ഡയറക്ടർ രവി അഗർവാൾ പറഞ്ഞു.