കുവൈത്ത് സിറ്റി : 53 രാജ്യക്കാർക്കുള്ള ഇ-വീസ കുവൈത്ത് താൽക്കാലികമായി നിർത്തിവച്ചു. ഇ-വീസ പ്ലാറ്റ്ഫോം കാലോചിതമായി നവീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നവീകരണം എന്ന് പൂർത്തിയാകുമെന്ന് വ്യക്തമാക്കിയിട്ടില്ല.കുവൈത്തിൽ ഇ-വീസ സൗകര്യമില്ലാത്ത ഇന്ത്യക്കാരെ ഇതു നേരിട്ടു ബാധിക്കില്ല. എന്നാൽ യുഎസ്, യുകെ തുടങ്ങിയ രാജ്യങ്ങളിലെ ഇന്ത്യക്കാർക്ക് ഇ-വീസ സൗകര്യം ലഭിക്കില്ല. ഇതേസമയം ടൂറിസ്റ്റ് വീസ ഉൾപ്പെടെ ബദൽ സൗകര്യങ്ങൾ ഊർജിതമാക്കി.ടൂറിസ്റ്റ് വീസ ലഭിക്കുന്നതിന് കുറഞ്ഞത് 6 മാസ കാലാവധിയുള്ള പാസ്പോർട്ട്, മടക്കയാത്രാ ടിക്കറ്റ്, കുവൈത്തിലെ താമസ വിലാസം എന്നിവ നൽകണം. 3 കുവൈത്ത് ദിനാറാണ് ടൂറിസ്റ്റ് വീസയ്ക്ക് ഈടാക്കുക.