ജോർജ് ജോസഫ്
ന്യൂയോർക്ക് : ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക(ഐപിസിഎൻഎ ) ഓൺലൈൻ മാധ്യമ സെമിനാർ സംഘടിപ്പിച്ചു. മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റർ ഡി.പ്രമേഷ്‌കുമാർ, ദി ഫോർത്ത് മലയാളം ചാനൽ ന്യൂസ് ഡയറക്ടർ ശ്രീജൻ ബാലകൃഷ്ണൻ, ഇ-മലയാളി ചീഫ് എഡിറ്റർ ജോർജ് ജോസഫ്, മുതിർന്ന മാധ്യമ പ്രവർത്തകൻ താജ് മാത്യു, ഏഷ്യാനെറ്റ് ന്യൂസ് നോർത്ത് അമേരിക്കൻ ഓപ്പറേഷൻസ് ഹെഡ് കൃഷ്ണ കിഷോർ, ഐപിസിഎൻഎ അഡ്വൈസറി ബോർഡ് ചെയർമാൻ സുനിൽ തൈമറ്റം, വൈസ് പ്രസിഡന്റ് അനിൽ ആറന്മുള,ജോയിന്റ് ട്രഷറർ റോയി മുളങ്കുന്നം എന്നിവർ സംസാരിച്ചു. ജോയിന്റ് സെക്രട്ടറി ആശാ മാത്യു മോഡറേറ്ററായിരുന്നു. സെക്രട്ടറി ഷിജോ പൗലോസ്,ട്രഷറർ വിശാഖ് ചെറിയാൻ എന്നിവർ സെമിനാർ സംഘാടനത്തിന് നേതൃത്വം വഹിച്ചു.
കേരള പ്രസ് അക്കാദമിയുടേതടക്കം നിരവധി അവാർഡുകൾ കരസ്ഥമാക്കിയ പ്രമേഷ്‌കുമാർ ‘ട്രാൻസ്‌ഫോമിംഗ് ടെലിവിഷൻ’ എന്ന വിഷയത്തെക്കുറിച്ച് ആധികാരികമായി സംസാരിച്ചു. അച്ചടി മാധ്യമങ്ങളെ ടെലിവിഷൻ മാധ്യമങ്ങളുടെ പ്രചാരം ബാധിച്ചിരുന്നു. ഇന്ന് ഓൺലൈൻ മാധ്യങ്ങളുടെ കടന്നുവരവ്, ടെലിവിഷൻ മാധ്യമങ്ങൾക്ക് വെല്ലുവിളിയാവുകയാണ്. എന്തും വിരൽത്തുമ്പിൽ ലഭിക്കാൻ വെമ്പുന്ന യുവതലമുറ പരമ്പരാഗത മാധ്യമങ്ങളെ ഉപേക്ഷിച്ച് ഓൺലൈൻ മാധ്യമങ്ങളിൽ ആകൃഷ്ടരാകുന്നു എന്നത് വസ്തുതയാണ് ‘ പ്രമേഷ്‌കുമാർ അഭിപ്രായപ്പെട്ടു.
നിർമ്മിത സാങ്കേതിക വിദ്യ അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വരുംകാലങ്ങളിൽ മാധ്യമരംഗത്ത് വിപ്ലവം സൃഷ്ടിക്കുമെന്ന് സൂചിപ്പിച്ച അദ്ദേഹം എഐ ഒരിക്കലും മാധ്യമപ്രവർത്തകർക്ക് പകരക്കാരാകില്ലെന്നും വിശ്വാസം പ്രകടിപ്പിച്ചു. പരീക്ഷണാത്മകമായി ചൈന 2018 ൽ തന്നെ എഐ ആങ്കർമാരെ അവതരിപ്പിച്ചു.2023 ൽ ഇന്ത്യയിലും അത് തുടങ്ങി. കന്നഡ ന്യൂസ് ചാനലായ പവർ ടിവിയാണ് ദക്ഷിണേന്ത്യയിൽ ഇതിന് തുടക്കം കുറിച്ചതെങ്കിൽ മലയാളത്തിൽ ആ ക്രെഡിറ്റ് മീഡിയ വണ്ണിന്റെ പേരിലാണ്. “തൊണ്ണൂറുകളിൽ ദൂരദർശൻ വന്നെങ്കിലും പത്രങ്ങളുടെ പ്രചാരത്തെ ബാധിച്ചില്ല.മലയാളത്തിലെ ഏഷ്യാനെറ്റാണ് ആദ്യമായി ഇന്ത്യയിൽ തത്സമയം വാർത്ത സംപ്രേഷണം ചെയ്തത്.രണ്ടായിരത്തോടെ സ്വകാര്യ വാർത്താചാനലുകളുടെ സുവർണകാലം വന്നു.
അടുത്ത ദശകത്തിലാണ് ഇന്റർനെറ്റിന്റെ കടന്നുവരവും ബാൻഡ്വിഡ്ത് വിപ്ലവവും തന്മൂലം സമൂഹമാധ്യമങ്ങളുടെ പ്രചാരവും വർധിച്ചത് . വീഡിയോ കണ്ടന്റുകൾക്ക് കൂടുതൽ പ്രേക്ഷകരായി.ലോകത്ത് 58.4 ശതമാനം പേരും സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്ന കാലമാണ്. വാർത്താചാനലുകളും വാർത്താ റീലുകളും അഭിമുഖങ്ങളുടെ പ്രധാന ഭാഗങ്ങളും സോഷ്യൽ മീഡിയയിൽ നൽകാൻ നിർബന്ധിതരായി.വൈവിധ്യത്തോടൊപ്പം അവിടെ വെല്ലുവിളികളുമുണ്ട്. 18 മുതൽ 34 വയസ്സുവരെയുള്ള അമേരിക്കക്കാർ അവരുടെ വീടുകളിൽ സാറ്റലൈറ്റ് ചാനൽ സബ്‌സ്‌ക്രിപ്‌ഷൻ പുതുക്കുന്നില്ല.ഒ ടി ടി പ്ലാറ്റ്ഫോമുകളിലേക്ക് അവർ നീങ്ങിക്കഴിഞ്ഞു. ഈ ട്രെൻഡ് നാളെ ഇന്ത്യയിലും വരാം.ഒരുമിച്ചിരുന്നുള്ള ടിവി കാഴ്‌ച ഇന്ന് കുറവാണ്. ഓരോരുത്തരും അവരവരുടെ അഭിരുചിക്കൊത്ത് ഓരോ റൂമിലിരുന്ന് ഫോണിൽ ഇഷ്ടമുള്ളത് കണ്ടാസ്വദിക്കും.
ഓരോ ഫോണും ഓരോ ടിവി എന്ന നിലയിലേക്ക് മാറി. ആൽഫാ ന്യൂ എന്നുവിളിക്കാവുന്ന പുതിയ തലമുറയുടെ അഭിരുചികളെ തൃപ്തിപ്പെടുത്തുന്ന കണ്ടന്റുകൾ സൃഷ്ടിക്കാൻ കഴിയണം.മാറ്റങ്ങൾ മുൻകൂട്ടികാണുക എന്നത് പ്രധാനമാണ്.ന്യൂസ്‌റൂമുകളിലൂടെ വാർത്തകളുടെ ദൃശ്യങ്ങൾ എത്തിക്കുന്നതിന് മുൻപ് ദൃക്‌സാക്ഷികൾ മൊബൈൽ ക്യാമറയിൽ പകർത്തിയ വിഷ്വൽ സമൂഹമാധ്യമത്തിലൂടെ ആളുകളിലേക്ക് എത്തുന്നു. ദൃശ്യമികവ് വേണം എന്ന വാശി ഇല്ലാതായി. സിസിടിവി ദൃശ്യം പോലുള്ള ആക്ച്വാലിറ്റി വീഡിയോ കാണാൻ പ്രേക്ഷകർക്ക് താല്പര്യം കൂടുതലാണ്.ചാനലിലെ അവതാരകരേക്കാൾ യൂട്യൂബിലെയും ഇൻസ്റ്റഗ്രാമിലെയും ഇൻഫ്ളുവൻസർമാരെയാണ് ആളുകൾക്ക് പരിചയം.ഉള്ളടക്ക നിർമ്മാണത്തിൽ പ്രേക്ഷകരുടെ അഭിരുചി മുൻകൂട്ടി അറിയാൻ എഐ സാങ്കേതിക വിദ്യയുടെ സാധ്യത ഉപയോഗപ്പെടുത്താൻ ഗവേഷണങ്ങൾ നടക്കുന്നുണ്ട്. തെറ്റായ വാർത്തകളും കൃത്രിമ കണ്ടന്റുകളും വേർതിരിച്ചറിയാൻ എഐ ക്ക് സാധിക്കില്ല. മാനുഷികതയും വലിയ ഘടകമാണ്.” മാധ്യമരംഗത്തെ മൂന്ന് പതിറ്റാണ്ടിന്റെ പ്രവർത്തനപരിചയം വച്ച് പ്രമേഷ്‌കുമാർ തന്റെ അറിവ് പങ്കുവച്ചു.
നൂതന സാങ്കേതിക വിദ്യ ഒരിക്കലും മാധ്യമരംഗത്ത് പ്രശ്നം സൃഷ്ടിക്കില്ലെന്നും അതിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്താനാണ് തനിക്ക് ആഗ്രഹമെന്നും ശ്രീജൻ വ്യക്തമാക്കി. കവിത,ഇൻസ്റ്റഗ്രാം സ്റ്റോറി എന്നിങ്ങനെ 20 വേർഷനുകൾ ഒരു വാർത്തയെ സെക്കൻഡുകൾക്കുള്ളിൽ മാറ്റാൻ കഴിയുന്ന സോഫ്റ്റ്വെയറുകളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. സാങ്കേതിക വിദ്യയോട് മുഖം തിരിക്കുന്ന ശൈലി വിട്ട് ടെക്‌നോ-എഡിറ്റോറിയലുകളിലേക്ക് ന്യൂസ്‌റൂമുകൾ മാറണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അനന്തമായ സാധ്യതകളാണ് സാങ്കേതിക വിദ്യ മാധ്യമങ്ങൾക്ക് മുൻപിൽ തുറന്നിട്ടിരിക്കുന്നതെന്നും ഇതുമുന്നിൽക്കണ്ട് എഐ ജേർണലിസം എന്ന കോഴ്സ് കേരള യൂണിവേഴ്സിറ്റി ആരംഭിച്ചിട്ടുണ്ടെന്നും ശ്രീജൻ ചൂണ്ടിക്കാട്ടി.
നാട്ടിലെ മാധ്യമപ്രവർത്തകരുമായി ബന്ധപ്പെടുന്നതിലൂടെ പുത്തൻ അറിവുകൾ നേടാമെന്ന് ബോധ്യപ്പെടുത്തിയ സെഷനുവേണ്ടി ചിലവഴിച്ച സമയം സാർത്ഥകമായി എന്ന് ജോർജ്ജ് ജോസഫ് അഭിപ്രായപ്പെട്ടു. സാങ്കേതിക വിദ്യ എങ്ങനെയൊക്കെ മാറിയാലും ഉള്ളടക്കം തന്നെയായിരിക്കും എല്ലാത്തിനും മുകളിൽ നിൽക്കുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യധാരാമാധ്യമങ്ങളിലൂടെ വർഗീയത ഒളിച്ചുകടത്തുന്നത് ഗൗരവത്തോടെ കാണേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സ്പോർട്സ്,ഫിനാൻഷ്യൽ രംഗങ്ങളിലാണ് നിർമ്മിത ബുദ്ധി പ്രയോജനപ്പെടാൻ പോകുന്നതെന്ന് കിഷോർ കുമാർ പറഞ്ഞു.മലയാളത്തിൽ ലഭിക്കുന്ന റിപോർട്ടുകൾ എഐ ഉപയോഗിച്ച് 10 ഭാഷകളിലാക്കുന്ന സ്വന്തം അനുഭവവും അദ്ദേഹം പങ്കുവച്ചു.
പ്രായഭേദമന്യേ ഏവർക്കും മനസ്സിലാകുന്ന ഭാഷയിൽ വാർത്ത എത്തിക്കാൻ മാധ്യമപ്രവർത്തകർ തന്നെ വേണമെന്നും എഐ ക്ക് അതിന് പകരമാകാൻ കഴിയുമെന്ന് കരുതുന്നില്ലെന്നും താജ് മാത്യു അഭിപ്രായപ്പെട്ടു.
Disclosure: This email and anything attached is exclusively for the addressee and, this should not be forwarded to anyone without notifying the sender. The sender has the rights for any attached content. Permission and authorization needed to use any content attached in this.
Sincere Regards,
Sunil Tristar 1-917-662-1122
Media Logistics Inc. www.medialogistics.us
Download Media App USA on any device to watch!
Our Media Outlets Click to Explore!
eMalayalee.com www.eMalayalee.com
IndiaLife and Times www.Indialife.us
Pravasi Channel www.PravasiChannel.com
IndiaLife Television www.IndiaLife.tv