മസ്‌കത്ത് : അല്‍ ഖുവൈറില്‍ വരുന്ന ഒമാനിലെ ഏറ്റവും വലിയ കൊടിമരം 54ാം ദേശീയ ദിനത്തോടനുബന്ധിച്ച് ഉദ്ഘാടനം ചെയ്യും. ‘അല്‍ ഖുവൈര്‍ സ്‌ക്വയര്‍’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി മസ്‌കത്ത് നഗരസഭയുടെ കീഴില്‍ ജിന്‍ഡാല്‍ ഷദീദ് അയേണ്‍ ആൻർഡ് സ്റ്റീല്‍ കമ്പനിയുമായി സഹകരിച്ചാണ് നടപ്പിലാക്കുന്നത്. പദ്ധതിയുടെ നിര്‍മാണ പ്രവൃത്തനങ്ങൾ അവസാന ഘട്ടത്തിലാണെന്ന് നഗരസഭ അറിയിച്ചു.
മിനിസ്ട്രി സ്ട്രീറ്റില്‍ 18,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ നടപ്പിലാക്കുന്ന പദ്ധതിയില്‍ വിവിധ വിനോദ സൗകര്യങ്ങള്‍, കായിക സംവിധാനങ്ങള്‍, കുടുംബങ്ങളെയും കുട്ടികളെയും ആകര്‍ഷിക്കുന്ന നിരവധി സോണുകള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിക്കൊണ്ടാണ് പദ്ധതി ഒരുക്കുക.
പച്ചപ്പ് നിറഞ്ഞ പ്രദേശങ്ങള്‍, വാക്കിങ്സൈക്ലിങ് പാതകള്‍, ഔട്ട്‌ഡോര്‍ ആൻഡ് ക്രാഫ്റ്റ് എക്‌സിബിഷന്‍, സ്‌കേറ്റ് പാര്‍ക്ക് തുടങ്ങിയവയും പദ്ധതിയില്‍ ഉള്‍ക്കൊള്ളുന്നു. ശുചിമുറികള്‍, ഒരേ സമയം 100ല്‍ പരം വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം തുടങ്ങിയവയും പദ്ധതിയുടെ ഭാഗമാണ്. അതോടൊപ്പം, ഒമാനിലെ ഏറ്റവും ഉയരം കൂടിയ മനുഷ്യ നിര്‍മിത ഘടനയായി കൊടിമരം മാറും. 135 ടണ്‍ സ്റ്റീലിലാണ് കൊടിമരം നിര്‍മിക്കുക. കൊടിമരത്തില്‍ സ്ഥാപിക്കുന്ന ഒമാനി പതാകയ്ക്ക് 18 മീറ്റര്‍ നീളവും 31.5 മീറ്റര്‍ വീതിയും ഉണ്ടാകും. വിമാനങ്ങള്‍ക്കുള്ള മുന്നറിയിപ്പ് ലൈറ്റ് സംവിധാനവും ഇതിലുണ്ടാകും.
ഒമാന്റെ വിഷന്‍ 2040 ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിനായുള്ള പൊതുസ്വകാര്യ സഹകരണമാണ് ഈ പദ്ധതി അടയാളപ്പെടുത്തുന്നത്. ആവശ്യമായ എന്‍ജിനീയറിങ് പഠനങ്ങള്‍ പൂര്‍ത്തിയാക്കിയും അനുമതികള്‍ നേടിയുമാണ് അല്‍ ഖുവൈര്‍ സ്‌ക്വയര്‍ പദ്ധതിയുടെ നിര്‍മാണ പ്രവൃത്തനങ്ങൾ പുരോഗമിക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു.