സംഗീത ആൽബമായ അഭിമന്യു ഗാനരചയിതാവ ഡോ. മധു വാസുദേവൻ പ്രകാശനം ചെയ്യുന്നു
കൊച്ചി : കാമ്പസ് രാഷ്ട്രീയത്തിന് ഇരയായി കൊല്ലപ്പെട്ട അഭിമന്യുവിന് മഹാരാജാസ് കോളേജിന്റെ അശ്രുപുഷ്പങ്ങൾ. ഇടുക്കിയിലെ വട്ടവട സ്വദേശിയായ അഭിമന്യുവിന്റെ രണ്ടാം ചരമ വാർഷിക ദിനത്തിൽ അദ്ധ്യാപകരും വിദ്യാർത്ഥികളും അനുസ്മരണവുമായി ഒത്തുചേർന്നു.
കാമ്പസ് ഫ്രണ്ട് പ്രവർത്തകർ കൊലപ്പെടുത്തിയ അഭിമന്യുവിനെ അനുസ്മരിച്ച് മഹാരാജാസ് മ്യൂസിക് ക്ലബ് തയ്യാറാക്കിയ സംഗീത ആൽബം അഭിമന്യു പ്രകാശനം ചെയ്തു. ഗാനരചയിതാവ ഡോ. മധു വാസുദേവൻ പ്രകാശനം നിർവഹിച്ചു. ഹിന്ദി വിഭാഗം അദ്ധ്യാപിക ഡോ. റീന സാം എഴുതിയ വരികൾക്ക് അനന്തരാമൻ, സെബാസ്റ്റിയൻ വർഗീസ് എന്നിവർ സംഗീതം നൽകി.
അഭിമന്യു അംഗമായിരുന്ന കോളേജിലെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ പൊതുജനങ്ങൾക്ക് കാലുകൊണ്ട് പ്രവർത്തിപ്പിക്കാവുന്ന സാനിറ്റൈസർ ഡിസ്‌പെൻസർ യൂണിറ്റുകൾ എറണാകുളം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ സ്ഥാപിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. കെ. ജയകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ താജുദ്ദീൻ, കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ.കെ.വി. ജയമോൾ തുടങ്ങിയവർ പങ്കെടുത്തു.