ന്യൂഡൽഹി : ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ അനിയന്ത്രിതമായ തിരക്കിലുണ്ടായ അപകടത്തിൽ 15ലേറെ പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നായിരുന്നു ആദ്യ വിവരം. സ്ഥിതിഗതികൾ നിയന്ത്രണ വിധേയം ആണെന്ന് റെയിൽ മന്ത്രി അശ്വിനി വൈഷ്ണവും അറിയിച്ചു. പക്ഷേ, തൊട്ടുപിന്നാലെ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ചു ഡൽഹി ലഫ്. ഗവർണർ വി. കെ. സക്‌സേനയും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും സമൂഹ മാധ്യമങ്ങളിൽ കുറിപ്പിട്ടു.
ഏതാനും സമയം കഴിഞ്ഞപ്പോൾ മരിച്ചവർക്കുള്ള അനുശോചനം എന്ന ഭാഗം ലഫ്. ഗവർണർ തിരുത്തി. അതോടെ അപകടത്തിൽ ആളുകൾ മരിച്ചോ എന്ന കാര്യത്തിൽ സ്ഥിരീകരണം ഇല്ലാതായി. മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ച് ബിജെപി എംപി പ്രവീൺ ഖണ്ഡേൽവാളും കുറിപ്പിട്ടു. എന്നാൽ 12 മണിയോടെ 15 പേർ മരിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.സ്റ്റേഷനിലെ 14, 15 പ്ലാറ്റ്ഫോമുകളിലാണ് അനിയന്ത്രിതമായ തിരക്ക് ഉണ്ടായത്. ഒട്ടേറെ പേർക്ക് തിരക്കിൽ പരുക്കേറ്റിട്ടുണ്ട്. 4 സ്ത്രീകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഡൽഹി പൊലീസ് പറഞ്ഞു. റെയിൽവേ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു.
