പ്രധാനമന്ത്രി നരേന്ദ്ര മോദി ലഡാക്ക് സന്ദര്‍ശനത്തിനിടെ സൈനികരെ അഭിസംബോധന ചെയ്‌ത് നടത്തിയ പ്രസംഗത്തിലെ ചില വാചകങ്ങള്‍ അതീവശ്രദ്ധേയമാണ്: “അതിര്‍ത്തി വിപുലീകരണത്തിന്റെ കാലം കഴിഞ്ഞു. ഇനി വികസനത്തിന്റെ കാലമാണ്. അതിര്‍ത്തി കൈയേറുന്നവര്‍ സമാധാനത്തിന്റെ ശത്രുക്കളാണ്. അതിര്‍ത്തിയിലെ ഭൂമി പിടിച്ചെടുക്കലിന്റെ കാലം കഴിഞ്ഞു. അതിര്‍ത്തിയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ ചെലവഴിക്കുന്നത് മൂന്നിരട്ടിയായി വര്‍ധിപ്പിച്ചിട്ടുണ്ട്. അതിര്‍ത്തിയിലെ സൗകര്യങ്ങള്‍ ഇനിയും വര്‍ധിപ്പിക്കും.”
മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം സംഭവിച്ച ഒരു പ്രധാന കാര്യം അതിര്‍ത്തികളിലെ വികസന പ്രവര്‍ത്തനമാണ്. ജമ്മു കാശ്‌മീരിലെ ഏറ്റവും ഉയരം കൂടിയ പീഠഭൂമിയായ ലഡാക് സഞ്ചാരികളുടെ സ്വപ്‌നഭൂമി കൂടിയാണ്. പക്ഷേ ലഡാക്കിലെ യാത്ര പലയിടത്തും ദുസ്സഹമാണ്. എന്നാല്‍ 20014 മുതല്‍ ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്റെ കീഴില്‍ റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ നടന്നുവരികയാണ്. നാലു വരിയായും രണ്ടു വരിയായും ചൈനീസ്, പാകിസ്ഥാനി അതിര്‍ത്തികളിലേക്കുള്ള പാതകള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്നു.
ഇതിലൂടെ വിദേശികള്‍ക്കും ഇന്ത്യക്കാര്‍ക്കും ലഡാക് സന്ദര്‍ശിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യമാണ് ഒരുക്കുന്നത്. ടൂറിസം മെച്ചപ്പെടാനുള്ള സാധ്യത ഈ പ്രദേശത്ത് പുതിയ പ്രതീക്ഷകള്‍ സൃഷ്‌ടിച്ചിരിക്കുകയാണ്. 2014 മുതല്‍ കശ്‌മീരിന്റെ പ്രത്യേക പദവി നിര്‍ത്തലാക്കുന്നതുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതുവരെ അവിടുത്ത ടൂറിസം മേഖലയില്‍ വലിയ വികസനമാണ് ഉണ്ടായത്. ലഡാക്കില്‍ എവിടെയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നുണ്ട്. അത് കൂടുതലും സ്വകാര്യ സ്ഥലങ്ങളിലാണ്. ലഡാക്കിലെ ഏറ്റവും വലിയ ബിസിനസ് ഇപ്പോള്‍ സിമന്റാണ്. ഇത് യഥാര്‍ത്ഥ അടിസ്ഥാന സൗകര്യ വികസനം എങ്ങനെ സാമ്പത്തിക പ്രവര്‍ത്തനത്തെ ശക്തമായി മുന്നോട്ടുകൊണ്ടുപോകുന്നുവെന്ന് വ്യക്തമാക്കുന്നു.
ലഡാക് പോലുള്ള ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ നടത്തുന്ന അടിസ്ഥാന സൗകര്യ വികസനം സര്‍ക്കാരിന് വികസന കാര്യങ്ങളിലുള്ള താല്‍പ്പര്യത്തെയാണ് വ്യക്തമാക്കുന്നത്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്ന റെയില്‍വേ വികസനവുമായി ഇതിനെ ചേര്‍ത്തുവെക്കാം. ഈ പ്രദേശങ്ങളെയൊക്കെ നേരത്തെ മുന്‍സര്‍ക്കാരുകള്‍ അവഗണിക്കുകയായിരുന്നു. ഈ അവഗണനയുടെ കാരണം ഒന്നോ രണ്ടോ എംപിമാരെ മാത്രം ലോക്‌സഭയിലേക്ക് അയക്കുന്ന ഈ പ്രദേശങ്ങളില്‍ വലിയ നിക്ഷേപം നടത്തുന്നത് രാഷ്‌ട്രീയകരമായി ലാഭകരമല്ല എന്ന മുന്‍ ഭരണ വര്‍ഗക്കാരുടെ സങ്കുചിത ചിന്തയാകണം. എന്നാല്‍ ഇത്തരം അവികസിത പ്രദേശങ്ങളില്‍ വികസനം കൊണ്ടുവരുന്നത് സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ ഒരു കുതിച്ചുചാട്ടത്തിനാണ് വഴിയൊരുക്കുന്നത്.
അതിര്‍ത്തികളെ സംരക്ഷിക്കാനായി ഓരോ ബജറ്റിലും പ്രതിരോധ ചെലവ് കൂട്ടുമ്പോള്‍ വികസന കാര്യത്തില്‍ ഈ മേഖലകളെ തീര്‍ത്തും അവഗണിക്കുകയാണ് മുന്‍സര്‍ക്കാരുകള്‍ ചെയ്‌തിരുന്നത്. ചൈന സമീപകാലത്ത് അതിര്‍ത്തിയില്‍ പ്രകോപനം സൃഷ്‌ടിക്കുന്നതിന്റെ ഒരു പ്രധാന കാരണം ആ മേഖലയില്‍ ഇന്ത്യ നടത്തിവരുന്ന വികസന പ്രവര്‍ത്തനമാണ്. അതിര്‍ത്തിയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ ചെലവഴിക്കുന്നത് മൂന്നിരട്ടിയായി വര്‍ധിപ്പിച്ചിട്ടുണ്ടെന്നും അതിര്‍ത്തിയിലെ സൗകര്യങ്ങള്‍ ഇനിയും വര്‍ധിപ്പിക്കുമെന്നും പ്രധാനമന്ത്രി പറയുമ്പോള്‍ നല്‍കുന്ന സന്ദേശം വളരെ വ്യക്തമാണ്. അതിര്‍ത്തി മേഖലകളെ വികസിപ്പിക്കുന്നതിലൂടെ അവിടം നമുക്ക് എത്രത്തോളം പ്രധാനമാണെന്ന് അയല്‍രാജ്യങ്ങളെ ഓര്‍മിപ്പിക്കുക കൂടിയാണ് ചെയ്യുന്നത്. അതിര്‍ത്തിയിലെ സൈനിക നീക്കത്തേക്കാള്‍ പ്രധാനമാണ് അതിര്‍ത്തിയുടെ വികസനം.