മനാമ: ഈജിപ്തിലെ കൈറോയിൽ സംഘടിപ്പിച്ച അടിയന്തര അറബ് ഉച്ചകോടിയിൽ പങ്കെടുത്ത് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ ബഹ്റൈനിൽ തിരിച്ചെത്തി. ഉച്ചകോടിയുടെ അധ്യക്ഷ പദവി ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽസീസിയോടൊപ്പം സംയുക്തമായി അലങ്കരിച്ചാണ് ഹമദ് രാജാവ് മടങ്ങിയെത്തിയത്. ഫലസ്തീനിൽ സ്ഥിരം സമാധാനം കൊണ്ടുവരണമെന്നും ദ്വിരാഷ്ട്ര പരിഹാരം അടിസ്ഥാനമാക്കി സ്വതന്ത്ര ഫലസ്തീൻ നിർമിക്കണമെന്നും ഉച്ചകോടിയിൽ ഹമദ് രാജാവ് ബഹ്റൈന്റെ ഉറച്ച നിലപാടായി വ്യക്തമാക്കിയിരുന്നു.
ഈജിപ്ത് മാനവ വികസന ഉപപ്രധാനമന്ത്രിയും ആരോഗ്യ മന്ത്രിയുമായ ഡോ. ഖാലിദ് അബ്ദുൽ ഗഫാർ, ഈജിപ്തിലെ ബഹ്റൈൻ അംബാസഡറും അറബ് ലീഗിലെ സ്ഥിരം പ്രതിനിധിയുമായ ഫൗസിയ ബിൻത് അബ്ദുല്ല സൈനാലുമാണ് ഹമദ് രാജാവിനെ കൈറോ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് യാത്രയാക്കിയത്. ബഹ്റൈനിൽ തിരിച്ചെത്തിയ അദ്ദേഹത്തെ സർക്കാർ പ്രതിനിധികളും രാജകുടുംബാംഗങ്ങളും സ്വീകരിച്ചു.
