Features

ക്ഷണിക്കപ്പെടാത്ത അതിഥിയും ഞാനും : അഞ്ചാം ഭാഗം

ഞങ്ങളുടെ ടെസ്റ്റ് റിസൾട്ട് വരുന്ന ദിവസം . തോറ്റാൽ സന്തോഷിക്കുന്ന പരീക്ഷ റിസൾട്ട്. ദിവസങ്ങൾക്ക് പോലും നൂറ്റാണ്ടുകളുടെ ദൈർഘ്യമായിരുന്നു .
പലപ്പോഴും ജീവിത വേഗത്താൽ അതിനെ മറികടക്കാൻ ഞാൻ ശ്രമിച്ചു കൊണ്ടിരുന്നു എന്ന് പറയാം.

സ്വതവേ മണ്ണിനോടും, കൃഷിയോടും ഇഷ്ടമുള്ള ഞാൻ ഫ്ലാറ്റിലെ കൊച്ചു ഹാളിൽ വളർത്തി കൊണ്ടിരുന്ന ചെടികളുടെ എണ്ണം കൂട്ടി ഒരു കൊച്ചു പൂന്തോട്ടം തന്നെ രൂപപ്പെടുത്തിയെടുത്തു. മനസ്സിൻ്റെ വിങ്ങലകറ്റാൻ ഞാൻ എൻ്റെ കൊച്ചു തോട്ടത്തിലിരുന്ന് ചെടികളെ തലോടികൊണ്ടിരുന്നു. അങ്ങിനെ മുളപ്പൊട്ടുന്ന വിത്തുകൾക്കൊപ്പം മണ്ണിലും മനസ്സിലും ഒരായിരം നാലു മണി പൂക്കൾ വിരിഞ്ഞു. പ്രതീക്ഷയുടെ ചക്രവാളം സ്വപ്നം കണ്ട് അങ്ങിനെ ഞാനെൻ്റെ ഉദ്യാനത്തിൽ കുറെ സമയം ചിലവഴിച്ചു.അതിനിടയിൽ ഞാൻ എൻ്റെ ക്ലാസ്സും എടുത്തു.

റിസൾട്ട് വരേണ്ട സമയം അടുത്ത് തുടങ്ങി. ഭാര്യയുടെ കന്നിപ്രസവത്തിന് ലേബർ റൂമിനു മുമ്പിൽ കൈ പുറകിൽ കെട്ടി അങ്ങോട്ടുമിങ്ങോട്ടും നടക്കുന്ന സ്നേഹനിധികളായ ഭർത്താക്കൻമാരെ ഞാൻ തത്സമയംഓർത്തു പോയി . പക്ഷെ, സമയം അടുക്കുന്തോറും എൻ്റെ ശരീരഭാരം കൂടിക്കൂടി വന്നു. കടുത്ത തലവേദനയാൽ കണ്ണിലാകെ ഇരുട്ട് കയറിയപ്പോലെ. എത്ര ശ്രമിച്ചിട്ടും വഴങ്ങാത്ത മനസ്സും ,ശരീരവും പതിയെ കട്ടിലിൽ ചാഞ്ഞു. വല്ലാത്ത ക്ഷീണവും മന്ദതയും… മയങ്ങി പോകുന്ന പോലെ….. മൊബൈൽ കയ്യിൽ തന്നെ ഉണ്ടെങ്കിലും – അതിൽ വന്ന രണ്ട് കോളുകൾ ഞാൻ കേട്ടതേയില്ല. അതോ ഞാൻ അവഗണിച്ചതോ…. വ്യക്തമായി എനിക്കത് ഓർമ്മയില്ല.

സമയം കൃത്യം 12 മണി. ഫോണിൽ വന്ന മെസേജ് ഞാൻ പെട്ടെന്നറിഞ്ഞു . ചാടിയെഴുന്നേറ്റ് നോക്കി. നിർഭാഗ്യവശാൽ ആദ്യം കണ്ടതും ‘P’ എന്നിലെ ഇമോഷൻ ജീവി പുറത്ത് ചാടിയ നിമിഷം. ഇപ്പോഴും എനിക്കത് വിവരിക്കാൻ വാക്കുകളില്ല…… പൊട്ടിക്കരഞ്ഞുകൊണ്ട് ഞാൻ അടുത്ത റൂമിലുള്ള മകനടുത്തേക്ക് ഓടി. അതെ റിസൾട്ട് “പോസറ്റീവ്. ” മകനാണെങ്കിലും
അവനുണ്ടായ
മന: ധൈര്യം എനിക്കില്ലാതെ പോയല്ലോ എന്നോർത്ത് ഇന്ന് ഞാൻ ലജ്ജിക്കുന്നു. എത്ര ലാഘവത്തോടെയാണ് അവൻ എന്നെ ആശ്വസിപ്പിച്ചതെന്നോ. “ഇത് കണ്ട് പേടിക്കാനൊന്നും ഇല്ല. നന്നായി ശ്രദ്ധിക്കുക… അത്ര തന്നെ. റെസ്റ്റ് എടുക്കാതെ പറ്റിയതല്ലെ. ഇനി പറഞ്ഞിട്ട് കാര്യമില്ല. “ബി പോസിറ്റീവ് ” (be positive)എന്ന് പറഞ്ഞു. “സേഹയുടെ ” (ഹെൽത്ത് അതോറിട്ടി ) മെസേജിന് താഴെ, രണ്ട് മണിക്ക് മുമ്പായി
അഡ്നെക് എക്സിബിഷൻ സെൻ്ററിലെ “യെല്ലോ സോണിൽ ” (yellow zone) രണ്ടാമത്തെ ടെസ്റ്റിന് ചെല്ലാനും എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിക്കേണ്ട നമ്പറും – ശ്രദ്ധിക്കേണ്ട മാർഗനിർദേശങ്ങളും വിവരിച്ചിരുന്നു. പിറ്റെ ദിവസം ആണ് ഞാൻ എല്ലാം വായിച്ചു മനസ്സിലാക്കിയത് എന്ന് മാത്രം. ആദ്യം വക്കീലിനെ ( ഭർത്താവിനെ) വിളിച്ചു – പുളളി പെട്ടെന്ന് എത്താമെന്ന് പറഞ്ഞതേ എനിക്കറിയൂ. പിന്നീട് വക്കീലിന് നെഗറ്റീവ് മെസേജ് വന്ന വിവരവും മറ്റും പറയാൻ വിളിച്ചപ്പോൾ ഫോൺ മകൻ തന്നെയാണ് അറ്റൻ്റ് ചെയ്തതും . എൻ്റെ ഏറ്റവും അടുത്ത ബന്ധുവിനെയും ,പ്രിൻസിപ്പാൾ, വൈസ് പ്രിൻസിപ്പാൾ, കെ.എം.സി.സി മജീദ് സാറിനെയും വിളിച്ചു വിവരം പറഞ്ഞു. കാരണം ദിവസവും രണ്ട് മൂന്ന് പ്രാവശ്യമെങ്കിലും എൻ്റെ അസുഖവിവരം വിളിച്ച് അന്വേഷിക്കുന്നവരായിരുന്നു ഇവർ. “ഇത്ത ഇനിയെങ്കിലും ഒന്ന് റെസ്റ്റ് എടുക്കുക – ഇത്താക്ക് വേണ്ടിയാണ് പറയുന്നത് , പ്ലീസ്” എന്ന എൻ്റെ കസിൻ്റെ ഇടറുന്ന ശബ്ദം ഇന്നും ഞാൻ സ്നേഹത്തോടെ ഓർക്കുന്നു . ഓരോരുത്തരും എന്നെ ആശ്വസിപ്പിക്കുന്നുണ്ട് എങ്കിലും ,എനിക്ക് ഒന്നും കേൾക്കാൻ കഴിയുന്നില്ല – സത്യത്തിൽ മിണ്ടാൻ പോലും……. എല്ലാം കൈവിട്ട തോന്നൽ.

ഇതിനിടയിൽ ചൂട് വെള്ളം തന്നു കൊണ്ട് പുറത്ത് തട്ടി മകൻ എന്നെ ആശ്വസിപ്പിക്കുന്നുണ്ട്. അവൻ്റെ മുഖത്തേക്ക് നോക്കിയപ്പോൾ എൻ്റെ കണ്ണ് നിറഞ്ഞൊഴുകി. എനിക്കൊപ്പം നിന്ന് ,വാപ്പച്ചി ഇപ്പോൾ എത്തും – പെട്ടെന്ന് റെഡിയാവൂ എന്ന് പറഞ്ഞ് എല്ലാം എടുത്ത് തരികയും, അവിടെ ചെല്ലുമ്പോൾ പറയേണ്ട കാര്യങ്ങൾ പറഞ്ഞു തരികയും ,അവൻ്റെ ഫ്രണ്ടിൻ്റെ വാപ്പ (ഡോക്ടറെ ) വിളിച്ചു വിവരങ്ങൾ ചോദിക്കുകയും ചെയ്യുന്നുണ്ട്. മനസ്സിന് ധൈര്യമില്ലെങ്കിൽ പ്രശ്നമാകും എന്ന് അവൻ ഇടയ്ക്കിടെ എന്നെ ഓർമ്മ പെടുത്തുന്നുണ്ട്. പക്ഷെ എനിക്കെവിടെ ധൈര്യം. അതെപ്പോഴോ കൈവിട്ടതാണ്.

കത്തിക്കരിഞ്ഞ മുഖവുമായി പെട്ടെന്ന് തന്നെ വക്കീൽ എത്തി. സ്വതവേ വെപ്രാളക്കാരനായ വക്കീലിൻ്റെ വെപ്രാളം ഇരട്ടിയായി. വെള്ളം പോലും കുടിക്കാതെ പുള്ളി എന്നെയും കൊണ്ട് നേരെ അടുത്ത ടെസ്റ്റിന് പുറപ്പെട്ടു. യാത്രക്കിടയിൽ എന്തെല്ലാം ചെയ്യണമെന്ന് മകൻ വക്കീലിനെ വിളിച്ച് വ്യക്തമായി പറഞ്ഞുകൊടുത്തു കൊണ്ടിരിക്കുന്നുണ്ട്- ആകെ പരിഭ്രാന്തനായ വക്കീൽ പകുതിയേ കേൾക്കുന്നുള്ളൂ എന്ന് എനിക്ക് മനസ്സിലായെങ്കിലും – വിതുമ്പി കൊണ്ടിരിക്കുന്ന എനിക്ക് ഒന്നും ശ്രദ്ധിക്കാനും കഴിയുന്നില്ല. പുറത്താകട്ടെ കനത്ത ചൂടും. ഇരുട്ടിൻ്റെ കവചം പ്രകൃതിയെ നമ്മിൽ നിന്നും അകറ്റുന്ന പോലെ തോന്നി. സാധാരണ വക്കീലിൻ്റെ ഡ്രൈവിംഗിനെ പഴിചാരി മുൻ സീറ്റിലിരിക്കാറുള്ള എനിക്ക് ഇന്ന് വണ്ടി എങ്ങിനെ എവിടേക്ക് പോയാലും പ്രശ്നമേയില്ലായിരുന്നു. വണ്ടിയേതോ കൊടുംകാട്ടിലൂടെ ഒറ്റപ്പെട്ട് പോകുന്നതായും ,
ഏതാനും വന്യ മൃഗങ്ങൾ ആക്രമിക്കാൻ പാഞ്ഞ് അടുക്കുന്നത് പോലെയും എനിക്ക് തോന്നി.

അഡ്‌നെകിലെ “യെല്ലോ “(yellow Zone) സോണിൽ ഞങ്ങളെത്തി. അവിടെ എത്തിയപ്പോൾ പോലീസുകാരിൽ നിന്നാണ് ഞങ്ങൾ അറിയുന്നത് “യെല്ലോ ” പോസറ്റീവ് രോഗികൾക്ക് വീണ്ടും ചെക്കിംഗിനുള്ള സ്ഥലവും, പർപ്പിൾ നെഗറ്റീവ് കാർക്ക് വീണ്ടും ചെക്കിംഗിനുള്ള സ്ഥലവുമാണെന്ന്. ഡ്യൂട്ടിയിൽ അധികവും അറബികൾ തന്നെയായിരുന്നു. പർദധാരിയായ എന്നോട് അറബിയിലാണ് സംഭാഷണം മുഴുവൻ.അറിയാവുന്ന മുറി ഭാഷ പ്രാവീണ്യം തെളിയിച്ചെങ്കിലും കൂടുതൽ എടങ്ങേറാവാതിരിക്കാൻ ഞാൻ ഇന്ത്യൻ എന്ന് അങ്ങോട്ട് പറഞ്ഞു. റൂം നമ്പർ മൂന്ന് ചൂണ്ടി കാണിച്ച് അവിടേക്ക് പോവാൻ പറഞ്ഞു. നിമിഷങ്ങൾക്കുള്ളിൽ ടെസ്റ്റ് കഴിഞ്ഞു. വീട്ടിലെ വിശേഷങ്ങൾ ചോദിച്ചു. എത്ര പേരുണ്ട് വീട്ടിൽ? ബെഡ് റൂം – ബാത്റൂം എത്ര? എല്ലാം….
അവസാനം ഹോം കോറണ്ടയിൻ മതിയെന്ന് നിർദേശിച്ചു.. അള്ളാ …. പകുതി ആശ്വാസം ആയി . വീട്ടിൽ ആകുമ്പോൾ ഇവർ രണ്ടു പേരും കൂടെ ഉണ്ടല്ലോ എന്ന സമാധാനമായി.

വീട്ടിലെത്തിയ ഞാൻ ഒരു റൂമിൽ തനിച്ചായി. ഇനിയാണ് വക്കീലിൻ്റെ പരിരക്ഷ. നല്ല ഭക്ഷണം കഴിക്കണം, റെസ്റ്റ് എടുക്കണം എന്ന് ഡോക്ടർ പറഞ്ഞത് കേട്ട വക്കീൽ – എങ്ങിനെ നോക്കണം എന്നറിയാതെ ഒരു പടല പഴം, ആപ്പിൾ, ഓറഞ്ച്, ഈന്തപ്പഴം എല്ലാം കൂടി ഒരു തളിക നിറയെ കൊണ്ടു് വന്ന് വച്ച് കഴിക്കാൻ നിർബന്ധിക്കുന്നു. വേഗം കഴിക്കാൻ പറയുന്നു.രണ്ട് ആഴ്ചകളോളം വെറും പൊടിയരി കഞ്ഞിയിൽ മാത്രം ശരണം പ്രാപിച്ചിരുന്ന എനിക്ക് ഒന്നും കഴിക്കാനും പറ്റുന്നില്ല. ആ നിസ്സഹായ മുഖത്തേക്ക് നോക്കാനേ എനിക്ക് കഴിയുന്നില്ല.എന്നിലെ ഇമോഷൻ ജീവി ഡിസെൻഡറിയായി (വയറിളക്കം ) രൂപം കൊണ്ടു. പനി,തലവേദന, ശ്വാസതടസം ഇതൊന്നും കൂടാതെ വയറിളക്കവും. ഇത്തിരി കുഞ്ഞൻ്റെ അടുത്ത സമ്മാനപൊതി. നേരം വെളുക്കും വരെ ….ഇതേ അവസ്ഥ. ഒറ്റക്ക് റൂമിൽ കിടക്കേണ്ടി വന്നില്ല. അധികവും വാഷ് റൂമിൽ . വക്കീലിൻ്റെയും മകൻ്റെയും ടെൻഷൻ കൂടി . ഒന്നിനും പറ്റാത്ത അവസ്ഥ. ഒരു പോള കണ്ണടക്കാതെ ഒരു രാത്രി മൂന്നു പേരും തള്ളി നീക്കി. ഓരോരോ സാധനങ്ങൾ ഇരിക്കുന്ന സ്ഥലങ്ങൾ ഞാൻ വക്കീലിനോട് പറയാൻ തുടങ്ങി. പാസ്പോർട്ട്, സ്കൂളിലെ താക്കോൽ ക്കൂട്ടം, സർട്ടിഫിക്കറ്റുകൾ ….. അങ്ങനെ വിലപ്പെട്ടതെല്ലാം. എല്ലാം പറയുമ്പോഴും ഞാൻ കരയുന്നുണ്ട്. വക്കീൽ ഫ്ലാറ്റിൽ തലയും മാന്തി അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു. ആ സ്നേഹം, കരുതൽ എല്ലാം എനിക്ക് ബോധ്യമായി…… ഇനിയും സഫലീകരിക്കാത്ത എൻ്റെ ചില സ്വപ്നങ്ങൾ…മകൻ്റെ കല്യാണം,ഉപ്പയെയും ഉമ്മച്ചിയെയും കാണാൻ പറ്റുമോ….. അങ്ങിനെ പോകുന്നു പട്ടിക. വക്കീലിൻ്റെ വീട്ടുകാരെ മുഴുവനും അപ്രതീക്ഷിതമായി സമ്മി(വക്കീലിൻ്റെ അമ്മായിയുടെ മകൻ ) തലേ ദിവസം ഒരുക്കിയ സൂം മീറ്റിംഗിൽ കാണുവാൻ കഴിഞ്ഞു.ഉമ്മയും, അമ്മായിമാരുo, കുഞ്ഞുമ്മയും സുഖമല്ലേ മക്കളെ എന്ന് ചോദിക്കുമ്പോൾ സുഖമെന്ന് പറഞ്ഞെങ്കിലും ഇനി കാണുമോ എന്നോർത്ത് തൊണ്ടയിടറി. എങ്കിലും എല്ലാവരെയും ഒരുമിച്ച് കണ്ട സന്തോഷം.സമ്മിക്ക് ഒരായിരം നന്ദി.

നേരം നല്ലപോലെ വെളുത്തു. സൂര്യകിരണങ്ങൾ വീടിനുള്ളിൽ ആഗമനം അറിയിച്ചെങ്കിലും അന്ധ കാരത്തിലകപ്പെട്ട ഞങ്ങളുടെ മനസ്സിലേക്ക് പ്രകാശത്തിന് എത്തിപ്പെടാൻ കഴിഞ്ഞില്ല. ഭക്ഷണം ഒന്നും ഉണ്ടാക്കാനും പറ്റുന്നില്ല. അപ്പോഴാണ് എൻ്റെ കസിൻ വിളിച്ച് ഭക്ഷണം കൊണ്ടുവരുന്നുണ്ട് എന്ന് പറഞ്ഞത്. ഇങ്ങോട്ട് വരണ്ട .ഞങ്ങൾ അഡ്ജസ്റ്റ് ചെയ്യാം എന്ന് പറഞ്ഞിട്ട് അവർ സമ്മതിക്കുന്നേയില്ല. അവസാനം വക്കീൽ പോയി ഭക്ഷണം വാങ്ങി വന്നു. അഞ്ചാറ് കറികളും ,ചൂടുചോറും…..
അള്ളാഹുവേ…. ഒരായിരം നന്ദി. ഞങ്ങൾ ഭക്ഷണം കഴിച്ചു. മൂന്ന് നാല് ദിവസമായി വക്കീലും മകനും മര്യാദക്ക് ഭക്ഷണം കഴിച്ചിട്ട്. എല്ലാവരും മതിയാവോളം കഴിച്ചു. അഭിമാനം നോക്കിയിരുന്നാൽ പെട്ട് പോയേനെ എന്ന് അപ്പോൾ തോന്നിപോയി. നല്ല ഒരു സദ്യ കഴിച്ച പോലെ. ഞാനും നല്ല പോലെ ഭക്ഷണം കഴിച്ചു. ആ ഭക്ഷണം ഞങ്ങൾക്ക്‌ അന്ന് അമൃതായിരുന്നു.ആ കുടുംബത്തിന് വേണ്ടി ഒരു പാട് പ്രാർത്ഥിച്ചു. പിന്നീടും രണ്ട് മൂന്ന് ദിവസം അവർ തന്നെ ഭക്ഷണം എത്തിച്ചു തന്നു .എന്നും പ്രാർത്ഥനയിൽ ആപൽഘട്ടത്തിൽ ഞങ്ങളുടെ കൂടെ നിന്നവർ എല്ലാം ഉണ്ട്……

എല്ലാവരും വിവരങ്ങൾ അന്വേഷിച്ച് വിളിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യുന്നുണ്ട്. സ്ഥിരമായി എഴുതി കൊണ്ടിരുന്ന ഗ്രൂപ്പുകളിലെ പല വ്യക്തികളും കാണാതായപ്പോൾ പേഴ്സണൽ ആയി വിവരം അന്വേഷിക്കാൻ തുടങ്ങി. നമ്മുടെ കുടുംബ ഗ്രൂപ്പിലേയും പലരും പിന്നീട് വിവരം അറിഞ്ഞ് പേഴ്സണൽ ആയി ആശ്വസിപ്പിച്ചവരുണ്ട്. ഒരു പാട് ഒരുപാട് നന്ദി.

സമയം പോയതറിഞ്ഞില്ല.തലേദിവസം ടെസ്റ്റ് ചെയ്ത എൻ്റെ രണ്ടാം റിസൾട്ട് വന്നു. മിറാക്കിൾ എന്ന് പറയാനേ കഴിയൂ .റിസൾട്ട് “നെഗറ്റീവ്‌”. അങ്ങിനെ ഞാൻ രണ്ടാം പരീക്ഷ പാസായി. അടുത്ത ദിവസം തന്നെ മൂന്നാം പരീക്ഷയും പാസായി. അള്ളാഹു അക്‌ബർ……
അൽഹംദുലില്ലാഹ്‌….

നെഗറ്റീവ് റിസൾട്ട് കണ്ട എൻ്റെ മനസ്സ് മാറി. ഞാൻ ആകെ മാറി.ഞാൻ സന്തോഷവതിയായി. എല്ലാ ജോലിയും ചെയ്യാൻ തുടങ്ങി. അതാണ് മനസ്സ്. പക്ഷെ റെസ്റ്റ് എടുക്കാത്തത് കൊണ്ട് ഞാൻ വീണ്ടും തളർന്നു. ഫലം നെഗറ്റീവ് ആയിരുന്നെങ്കിലും കുഞ്ഞൻ വിക്രിയകളുമായി കൂടെ തന്നെയുള്ള കാര്യം ഞാൻ അറിഞ്ഞില്ല. അവന് ഇഷ്ടമുള്ളത് മാത്രം ചെയ്യുന്ന എന്നെ പിരിയാൻ അവനും മടി. ( റെസ്റ്റ് ഇല്ലായ്ക, പേടി, ഉറക്കമില്ലായ്മ….. ഇവയെല്ലാമാണ് അവന് ഏറെ ഇഷ്ടം.) പിന്നീട് കാര്യം മനസ്സിലാക്കിയ ഞാനും അവനെതിരെ പോരാടി. വക്കീലിനെയും ,മകനെയും തിരിഞ്ഞു നോക്കാതെ എനിക്ക് തന്ന എല്ലാ സമ്മാന പൊതികളുമായി കുഞ്ഞൻ മറ്റാരെയോ തേടി പോയി. കുഞ്ഞൻ വളരെ പെട്ടെന്നാണ് ട്ടോ കൂട്ടാളികളെ കൂട്ടുന്നതും ,അതിർവരമ്പുകൾ ഭേദിച്ച് അന്താരാഷ്ട്ര തലത്തിൽ എത്തുന്നതും. ജാഗ്രത…… എല്ലാവരും ശ്രദ്ധിക്കണേ.

അനുഭവസ്ഥ എന്ന സ്ഥിതിയിൽ നാം ശ്രദ്ധിക്കേണ്ട മുൻകരുതലുകളുമായി ഞാൻ നാളെ വരാം….
ഇൻശാ അള്ളാ…..

ഡോ.ഹസീനാ ബീഗം
അബുദാബി.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

2 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.