താല്‍ക്കാലിക ജീവനക്കാരെ സര്‍ക്കാരിന് തോന്നുന്നതു പോലെ സ്ഥിരപ്പെടുത്താന്‍ പാടില്ലെന്നാണ് സുപ്രിം കോടതി ഒരു ഉത്തരവിലൂടെ വ്യക്തമാക്കിയിട്ടുള്ളത്. സ്ഥിരനിയമനം നടത്തുന്നത് കൃത്യമായ പ്രക്രിയ പൂര്‍ത്തിയാക്കി മാത്രമേ പാടുള്ളൂ എന്നാണ് സുപ്രിം കോടതിയുടെ നിര്‍ദേശം. എന്നാല്‍ ഈ വിധിക്ക് യാതൊരു വിലയും കല്‍പ്പിക്കാതെ ഇഷ്‌ടക്കാരെയും സ്വന്തക്കാരെയും താല്‍ക്കാലിക പദവിയില്‍ നിന്ന് സ്ഥിരം ജോലിയിലേക്ക് പറിച്ചുനടാനുള്ള തകൃതിയായ നടപടികളാണ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ നടത്തിവരുന്നത്.
തിരുവനന്തുപരത്ത് ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടികയുടെ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടം തൊഴില്‍ അന്വേഷകരായ ചെറുപ്പക്കാര്‍ നടത്തിവരുന്ന സമരത്തിന് സര്‍ക്കാര്‍ പുല്ല് വില മാത്രമാണ് കല്‍പ്പിക്കുന്നത്. റാങ്ക് പട്ടികയിലുള്ള എല്ലാവര്‍ക്കും നിയമനം നല്‍കാനാവില്ലെന്ന ന്യായവാദം ഉയര്‍ത്തിയാണ് സമരക്കാരുടെ ആവശ്യങ്ങളെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത് പ്രശ്‌നത്തിന്റെ ഗൗരവത്തെ ചോര്‍ത്തുന്ന ഒരു തൊടുന്യായം മാത്രമാണ്. പല റാങ്ക് ലിസ്റ്റുകളിലും പ്രഥമ സ്ഥാനീയര്‍ക്ക് പോലും ജോലി ലഭ്യമാകുന്നതിനുള്ള അവസരം നിഷേധിച്ചുകൊണ്ട് ഒഴിവുകള്‍ പിഎസ് സിക്ക് റിപ്പോര്‍ട്ട് ചെയ്യാതിരിക്കുന്നത് ഒരു പതിവായിരിക്കുമ്പോള്‍ തന്നെയാണ് സ്വജനപക്ഷത്തിന് സ്ഥിരനിയമനത്തിനായി പുതിയ തസ്‌തികകള്‍ സൃഷ്‌ടിക്കാന്‍ പോലും സര്‍ക്കാര്‍ ഒരുങ്ങുന്നത്.
തൊഴില്‍ അന്വേഷകര്‍ നടത്തുന്ന പ്രക്ഷോഭം ഒരു ഭാഗത്തു ശക്തമാകുമ്പോള്‍ മറുഭാഗത്ത് താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നതിനുള്ള നിയമന ശുപാര്‍ശകള്‍ പൂര്‍ത്തിയാക്കാന്‍ ശനിയും ഞായറും ഇരുന്ന് ജോലി ചെയ്യണമെന്ന് ചീഫ് സെക്രട്ടറി ജീവനക്കാര്‍ക്ക് നോട്ടീസ് നല്‍കുന്നിടത്തോളം കാര്യങ്ങളെത്തി നില്‍ക്കുന്നു. പത്ത് വര്‍ഷത്തിലേറെ താല്‍ക്കാലിക ജീവനക്കാരായി തുടരുന്നവര്‍ക്ക് മനുഷ്യപറ്റിന്റെ പേരിലാണ് സ്ഥിരനിയമനം നല്‍കുന്നതെന്ന് പറയുന്ന മുഖ്യമന്ത്രിക്ക് തെരുവിലിറങ്ങിയിരിക്കുന്ന തൊഴില്‍ അന്വേഷകരോട് സമാനമായ മനുഷ്യപറ്റ് അനുഭവപ്പെടുന്നില്ല. ചിലരോട് മാത്രം മനുഷ്യപറ്റും കാരുണ്യവും കാണിക്കുന്നതിനെയാണ് സ്വജനപക്ഷപാതം എന്ന് പറയുന്നത്.
ധനകാര്യമന്ത്രി തോമസ് ഐസക്കിനെ സംബന്ധിച്ച് ഈ സമരം ദുഷ്‌ടശക്തികളുടേതാണ്. സംവരണസമരത്തില്‍ കണ്ടതു പോലെ തീ കൊളുത്താന്‍ പോലും മടിക്കില്ലെന്ന് ഐസക് പറയുമ്പോള്‍ സമരത്തോടുള്ള രോഷം വ്യക്തമാണ്. സംവരണ സമരത്തിന് തുല്യമായി തൊഴില്‍ അന്വേഷകരുടെ സമരത്തെ കാണാന്‍ ഐസക്കിനെ പ്രേരിപ്പിക്കുന്നത് അദ്ദേഹം അധികാര കസേരയിലാണ് ഇരിക്കുന്നത് എന്നതുകൊണ്ടു മാത്രമാണ്. പ്രതിപക്ഷത്തായിരിക്കുമ്പോള്‍ അദ്ദേഹം ഉള്‍പ്പെടെയുള്ള ഇടതുനേതാക്കള്‍ താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്ന പിന്‍വാതില്‍ ഇടപാടിനെ അരുതാത്ത ചെയ്‌തിയായി കണ്ട് വിമര്‍ശിക്കുകയാണ് ചെയ്‌തിരുന്നത്.
പിന്‍വാതില്‍ നിയമനം മാറിമാറി വരുന്ന സര്‍ക്കാരുകള്‍ തുടരുന്ന ഒരു മാമൂല്‍ ആയി മാറിയിരിക്കുകയാണ്. തങ്ങള്‍ നടത്തുന്ന ക്രമം പാലിക്കാത്ത നിയമനത്തെ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ സ്ഥിരപ്പെടുത്തലിന്റെ അക്കപ്പെരുക്കം ചൂണ്ടികാട്ടിയാണ് എല്‍ഡിഎഫ് പ്രതിരോധിക്കാന്‍ ശ്രമിക്കുന്നത്. യുഡിഎഫ് സര്‍ക്കാരിന്റെ തെറ്റായ ചെയ്‌തികളില്‍ പ്രതിഷേധിച്ചാണ് ജനം അവരെ അധികാരത്തില്‍ നിന്ന് താഴെയിറക്കിയതും എല്‍ഡിഎഫിനെ ഭരണത്തിലേറ്റിയതും. അത് യുഡിഎഫ് സര്‍ക്കാര്‍ ചെയ്‌ത നെറികേടുകള്‍ ആവര്‍ത്തിക്കാന്‍ വേണ്ടിയല്ല എന്നത് ഇത്തരം യുക്തിഹീനമായ ന്യായീകരണം നടത്തുന്ന എല്‍ഡിഎഫ് നേതാക്കള്‍ ഓര്‍ക്കേണ്ടതുണ്ട്.
ഏറ്റവും യോഗ്യരായവരെ കണ്ടെത്തി നിയമിക്കാന്‍ വേണ്ടിയാണ് പിഎസ്‌സി വഴി പരീക്ഷയും അഭിമുഖവുമൊക്കെ ഉള്‍പ്പെട്ട നിയമനപ്രക്രിയ നടത്തുന്നത്. അത്തരം പ്രക്രിയയിലൂടെ കടന്നുപോയവര്‍ക്കു മാത്രമേ സ്ഥിരനിയമനത്തിന് അര്‍ഹതയുള്ളൂ. പിഎസ്‌സി വഴി നിയമിക്കാനാകാത്ത തസ്‌തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നത് തെറ്റല്ല. എന്നാല്‍ അത്തരം തസ്‌തികകളില്‍ പത്ത് വര്‍ഷം ജോലി ചെയ്‌തുവെന്നതിന്റെ പേരില്‍ സ്ഥിരപ്പെടുത്തുന്നത് തീര്‍ത്തും തെറ്റായ ഏര്‍പ്പാടാണ്. അത് സ്ഥിര നിയമന പ്രക്രിയയെ ചോദ്യം ചെയ്യുന്നതിന് തുല്യമാണ്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.