ലോക്‌ഡൗണ്‍ നടപ്പാക്കിയത് മൂലം 29 ലക്ഷം പേര്‍ക്ക് കോവിഡ് ബാധിക്കുന്നത് തടയാനായെന്നും 78,000 മരണങ്ങള്‍ ഒഴിവാക്കാനായെന്നുമാണ് കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷ് വര്‍ധന്‍ കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ പറഞ്ഞത്. ഏതെങ്കിലും അംഗം ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയായല്ല ആരോഗ്യമന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. പാര്‍ലമെന്റിന്റെ ഇരുസഭകളിലും സ്വമേധയാ നടത്തിയ പ്രസ്‌താവന ആയിരുന്നു ഇത്. ചോദ്യങ്ങളെ ഭയക്കുന്നത് മൂലം പാര്‍ലമെന്റിലെ ചോദ്യോത്തര വേള അര മണിക്കൂറായി വെട്ടിക്കുറച്ച സര്‍ക്കാര്‍ പക്ഷേ അവകാശവാദങ്ങള്‍ ഉന്നയിക്കാന്‍ ഏതെങ്കിലും അംഗത്തിന്റെ ചോദ്യത്തിനായി കാത്തിരിക്കുന്നുമില്ല.
ഒഴിവാക്കപ്പെട്ട കോവിഡ് മരണങ്ങളുടെ എണ്ണം എങ്ങനെയാണ് കണക്കാക്കിയതെന്ന് മന്ത്രി വ്യക്തമാക്കിയിട്ടില്ല. ലോകരാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ജനസംഖ്യക്ക് ആനുപാതികമായ മരണം ഇന്ത്യയില്‍ കുറവാണെന്ന അവകാശ വാദം മന്ത്രി പാര്‍ലമെന്റിലും ആവര്‍ത്തിച്ചു. ഇന്ത്യയിലെ ടെസ്റ്റുകളുടെ എണ്ണം വളരെ കുറവാണെന്നതു കൊണ്ടുതന്നെ ഈ താരതമ്യം വേണ്ടത്ര യുക്തിസഹമല്ലെന്ന് നേരത്തെ ചൂണ്ടികാണിക്കപ്പെട്ടിട്ടുള്ളതാണ്. ലോകത്ത് ഏറ്റവും ഉയര്‍ന്ന രോഗബാധയുള്ള പത്ത് രാജ്യങ്ങളില്‍ ഏറ്റവും കുറഞ്ഞ പരിശോധനാ നിരക്കുള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സാധാരണ നിലയിലുള്ള മരണങ്ങള്‍ പോലും 30 ശതമാനം മാത്രമേ രജിസ്റ്റര്‍ ചെയ്യപ്പെടുന്നുള്ളൂവെന്നാണ് നിരീക്ഷകര്‍ ചൂണ്ടികാട്ടുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യയിലെ കോവിഡ് മരണത്തിന്റെ കണക്ക് യാഥാര്‍ത്ഥ്യവുമായി എത്രത്തോളം അടുത്തു നില്‍ക്കുന്നുവെന്ന കാര്യത്തില്‍ സംശയമുണ്ടാകുന്നത് സ്വാഭാവികം.
പ്രതിസന്ധിയുടെ കാലത്ത് പ്രതിരോധത്തിലായ സര്‍ക്കാര്‍ ചോദ്യങ്ങളെ ഭയക്കുന്നുവെ ന്നാണ് പാര്‍ലമെന്റിലെ ചോദ്യോത്തര വേള ഒഴിവാക്കാനുള്ള ശ്രമത്തില്‍ വ്യക്തമായത്. പ്രതിഷേധം ഉയര്‍ന്നപ്പോള്‍ ചോദ്യോത്തര വേളയുടെ സമയം പകുതിയായി കുറച്ചു. ചോദ്യങ്ങള്‍ ഉയര്‍ന്നാല്‍ കൃത്യമായ കണക്കുകള്‍ പോലും സര്‍ക്കാരിന്റെ കൈയിലില്ല എന്നാണ് ആദ്യദിനത്തിലെ സെഷന്‍ തന്നെ വ്യക്തമാക്കുന്നത്. ലോക്‌ഡൗണ്‍ കാലത്ത് പലായനം മൂലം മരിച്ചവരുടെ കണക്ക് അറിയില്ലെന്നാണ് ഒരു ചോദ്യത്തിന് മറുപടിയായി കേന്ദ്രമന്ത്രി സന്തോഷ് ഗാംഗ്‌വാര്‍ അറിയിച്ചത്. നാട്ടിലേക്ക് മടങ്ങിയ കുടിയേറ്റ തൊഴിലാളികളുടെ കണക്ക് സര്‍ക്കാരിന്റെ കൈയിലുണ്ടെങ്കിലും അവരില്‍ എത്ര പേര്‍ക്ക് പലായന കാലത്ത് അപകടങ്ങളും ജീവാപായവും സംഭവിച്ചുവെന്നും സുരക്ഷിതരായി നാട്ടിലേക്ക് തിരിച്ചെത്തിയവര്‍ ഇപ്പോള്‍ എങ്ങനെ കഴിയുന്നുവെന്നും സര്‍ക്കാരിന് അറിയില്ല.
ലോക്‌ഡൗണ്‍ മൂലം മരിച്ചവരുടെ കണക്കുകള്‍ യോഗേന്ദ്രയാദവിനെ പോലുള്ള സാമൂഹ്യപ്രവര്‍ത്തകര്‍ നേരത്തെ തന്നെ ചൂണ്ടികാട്ടിയിരുന്നു. പക്ഷേ ഇതുസംബന്ധിച്ച യാതൊരു കണക്കും സര്‍ക്കാരിന്റെ കൈവശമില്ലെന്നത് വിചിത്രമാണ്. കോവിഡ് മൂലമുള്ള തൊഴില്‍ നഷ്‌ടത്തിന്റെ കണക്കും സര്‍ക്കാരിന്റെ കൈവശമില്ല. ചോദ്യോത്തര വേള ഒഴിവാക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധം പിടിച്ചത് എന്തിനാണെന്ന് ഈ ഉത്തരമില്ലായ്‌മയില്‍ നിന്നു തന്നെ മനസിലാക്കാവുന്നതേയുള്ളൂ. ലോക്‌ഡൗണ്‍ കാലത്തെ സാമൂഹിക, സാമ്പത്തിക പ്രത്യാഘാതങ്ങളെ കുറിച്ചുള്ള സ്ഥിതിവിവരണ കണക്ക് കൈവശമില്ലാത്ത ഒരു സര്‍ക്കാരിന് എങ്ങനെയാണ് നാം നേരിടുന്ന പ്രതിസന്ധിയെ അതിജീവിക്കാനുള്ള മാര്‍ഗരേഖ രൂപപ്പെടുത്താന്‍ സാധിക്കുക?
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ കുറിച്ച് പ്രധാനമന്ത്രിയുടെ വാക്കുകള്‍ പാര്‍ലമെന്റില്‍ മുഴങ്ങികേള്‍ക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. മഹാഭാരത യുദ്ധത്തില്‍ 18 ദിവസം കൊണ്ട് പാണ്‌ഡവര്‍ കൗരവരെ അടിയറവ് പറയിച്ചതു പോലെ 21 ദിവസത്തിനകം കൊറോണക്കെതിരായ യുദ്ധത്തില്‍ നാം വിജയിക്കുമെന്നായിരുന്നു ഏതാണ്ട് ആറ് മാസം മുമ്പ് നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രിയുടെ വീരവാദം. ഒരു മഹാമാരിക്കെതിരായ പ്രതിരോധത്തെ മഹാഭാരത യുദ്ധവുമായി താരതമ്യം ചെയ്യാന്‍ മാത്രം ചങ്കൂറ്റം കാട്ടിയ പ്രധാനമന്ത്രി അന്ത്യം എപ്പോഴുണ്ടാകുമെന്ന് യാതൊരു നിശ്ചയവുമില്ലാത്ത ആ യുദ്ധത്തിന്റെ തുടര്‍ച്ചയെ കുറിച്ച് പാര്‍ലമെന്റ് സമ്മേളനത്തിനിടയില്‍ എപ്പോഴെങ്കിലും സംസാരിക്കുമെന്ന് പ്രതീക്ഷിക്കാം. നോട്ട്‌നിരോധനം നടപ്പിലാക്കിയതിനു ശേഷം 50 ദിവസത്തിനുള്ളില്‍ കാര്യങ്ങള്‍ ശരിയായില്ലെങ്കില്‍ തന്നെ തോന്നും പടി ശിക്ഷിച്ചോളൂ എന്ന് വികാരാധീനനായി പ്രഖ്യാപിച്ചയാളാണ് നമ്മുടെ പ്രധാനമന്ത്രി. പിന്നീട് ആ പ്രസ്‌താവനയെ കുറിച്ച് തന്നെ അദ്ദേഹം മറന്നുപോയെന്ന് തോന്നുന്നു. അതുപോലെ ആറ് മാസങ്ങള്‍ക്കു മുമ്പ് പറഞ്ഞ 21 ദിവസത്തിന്റെ കണക്കും ഓര്‍മയില്‍ നിന്ന് അപ്രത്യക്ഷമായോയെന്ന് പാര്‍ലമെന്റ് സമ്മേളനം തീരും മുമ്പ് ആരെങ്കിലും ചോദിക്കുമെന്നും അദ്ദേഹം അതിന് മറുപടി പറയുമെന്നും പ്രതീക്ഷിക്കാം.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.