Breaking News

മമ്മൂട്ടിക്കും മോഹന്‍ലാലിനും തുറന്ന കത്തുമായി നടി സീനത്ത് ‘അമ്മ’ ഇല്ലാതായാല്‍ നഷ്ടം മമ്മൂട്ടിക്കും മോഹന്‍ലാലിനുമല്ല, അവർക്കാണ്

മമ്മൂട്ടിക്കും മോഹന്‍ലാലിനും തുറന്ന കത്തുമായി നടി സീനത്ത്. മമ്മൂട്ടിയോ മോഹന്‍ലാലോ നേതൃത്വം വഹിക്കാത്തെ ‘അമ്മ’ എന്ന സംഘടനയെപ്പറ്റി ചിന്തിക്കാന്‍ പോലും കഴിയില്ലെന്നും പ്രസിഡന്റ് സ്ഥാനത്തേക്ക് മോഹൻലാൽ തന്നെ തിരിച്ചു വരണമെന്നും സീനത്ത് കത്തിലൂടെ പറയുന്നു. ‘അമ്മ’ സംഘടന ഇല്ലാതായാല്‍ നഷ്ടം മമ്മൂട്ടിക്കും മോഹന്‍ലാലിനും അല്ല, കഷ്ടപ്പെട്ട് ജീവിക്കുന്ന കുറച്ച് കലാകാരന്‍മാര്‍ക്കാണെന്നും സംഘടനയിലെ ഓരോ വ്യക്തികളുടെ ആവശ്യമാണ് താൻ ഈ കത്തിലൂടെ പറയുന്നതെന്നും സീനത്ത് വ്യക്തമാക്കുന്നു.
സീനത്തിന്റെ കത്ത് വായിക്കാം:
‘‘മമ്മൂക്കയ്ക്കും, ലാല്‍ജിക്കും, ഒരു തുറന്ന കത്ത്. എന്തിനാണ് സോഷ്യല്‍ മീഡിയ വഴി ഇങ്ങനെ ഒരു തുറന്ന കത്ത് എന്ന് നിങ്ങളും ജനങ്ങളും ചിന്തിക്കാം, എനിക്ക് പറയാനുള്ളത് സിനിമയെ ഇഷ്ടപ്പെടുന്ന എല്ലാവരും അറിയണം എന്നു തോന്നി. നമ്മളെല്ലാവരും സ്‌നേഹിക്കുന്നവരെ ഒരു പരിധിയില്‍ കൂടുതല്‍ കുറ്റപ്പെടുത്തുകയും വാക്കുകള്‍കൊണ്ട് കല്ലെറിയുകയും ചെയ്യുന്നത് കണ്ട് ഒരുപാട് വിഷമം തോന്നിയിട്ടുണ്ട്. പക്ഷേ പ്രതികരിക്കാന്‍ ഭയം ആയിരുന്നു, ഏതു രീതിയില്‍ പ്രതികരിച്ചാലും അതിനു താഴെ വരുന്ന സൈബര്‍ ആക്രമണം അത് താങ്ങാന്‍ എല്ലാവര്‍ക്കും പറ്റില്ലല്ലോ. പക്ഷേ ഇനിയെങ്കിലും പറയാനുള്ളത് പറഞ്ഞില്ലെങ്കില്‍ അതൊരു നന്ദികേടാകും. ആരെന്ത് ചെയ്താലും ആവശ്യത്തിനും അനാവശ്യത്തിനും പഴി കേള്‍ക്കേണ്ടി വരുന്ന ഞങ്ങളുടെയൊക്കെ ശക്തിയായ മമ്മൂട്ടി, മോഹന്‍ലാല്‍, എന്ന രണ്ട് മനുഷ്യരോട് ചെയ്യുന്ന നന്ദികേട്. ‘അമ്മ’ എന്ന സഘടനയ്ക്കു വേണ്ടി നിറഞ്ഞ മനസോടെ പ്രവൃത്തിക്കുന്ന കമ്മിറ്റി മെമ്പര്‍മാരോട് കാണിക്കുന്ന നന്ദികേട്.
1994ല്‍ രൂപം കൊണ്ടതാണ് മലയാള ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മ. തുടക്കം മുതല്‍ ആ സംഘടനയില്‍ ഒരു അംഗം ആകാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു. ‘അമ്മ’ എന്ന സംഘടന വെറുമൊരു താരസംഘടന മാത്രമല്ല ഒരു വലിയ ചാരിറ്റബിള്‍ ട്രസ്റ്റാണ്. എത്രയോ വീടില്ലാത്തവര്‍ക്ക് വീട് കൊടുക്കുകയും അമ്മയിലുള്ള 115 ഓളം ആളുകള്‍ക്ക് 5000 രൂപ വീതം ഒന്നാം തിയതി മുടക്കം കൂടാതെ എത്തിക്കുകയും, എല്ലാ മെമ്പര്‍മാര്‍ക്കും അഞ്ചു ലക്ഷത്തിന്റെ മെഡിക്കല്‍ ഇന്‍ഷുറന്‍സ് കൊടുക്കുകയും ചെയ്യുന്ന സഘടനയാണ് ‘അമ്മ’. പുതിയ കമിറ്റി രൂപം കൊണ്ടപ്പോള്‍ മരുന്ന് വാങ്ങാന്‍ പ്രയാസപ്പെടുന്നവര്‍ക്ക് 5000 രൂപയ്ക്ക് പുറമെ 2000 രൂപയുടെ മരുന്ന് എത്തിക്കാനും തീരുമാനിച്ചു. ഇതൊക്കെ ഇന്ത്യന്‍ സിനിമയില്‍ അഥവാ ഏതു സംഘടന ചെയ്യുന്നുണ്ട്? ചിലപ്പോള്‍ എന്റെ അറിവിന്റെ പരിമിതി ആവാം.
‘അമ്മ’യുടെ തുടക്കത്തില്‍ ഇത്രയും ശക്തിയുള്ള ഒരു സംഘടനയാണ് ‘അമ്മ’ എന്ന് ഒരിക്കലും കരുതിയില്ല. വര്‍ഷങ്ങള്‍ കൂടുംതോറും ‘അമ്മ’യുടെ മഹത്വവും ശക്തിയും കൂടി കൊണ്ടിരുന്നു. ഇപ്പോള്‍ ആരൊക്കെയോ ചേര്‍ന്ന് ‘അമ്മ’യെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്നു എന്നൊരു തോന്നല്‍, അത് വല്ലാത്ത വിഷമം ഉണ്ടാക്കുന്നു, ഭയം ഉണ്ടാക്കുന്നു. ആരുടെ നേരെ കുറ്റാരോപണം വന്നാലും, ആര് എന്ത് തെറ്റ് ചെയ്താലും ഉത്തരം പറയേണ്ട ബാധ്യത മമ്മൂട്ടിക്കും മോഹന്‍ലാലിനുമാണെന്ന് വാശിപിടിക്കുന്ന ഒരു കൂട്ടം ആള്‍ക്കാര്‍. ഇതെല്ലാം എന്തിന്നു വേണ്ടി? ആരെ തോല്‍പ്പിക്കാന്‍? ‘അമ്മ’ ഇല്ലാതായാല്‍ നഷ്ടം മമ്മൂട്ടിക്കും മോഹന്‍ലാലിനും അല്ല, ഒന്നാം തിയതി ആകാന്‍ കാത്തിരുന്ന് അക്കൗണ്ട് നോക്കുന്ന കുറച്ചു കുടുംബങ്ങളുണ്ട്.
ജീവിതത്തില്‍ ഒരിക്കലും പ്രതീക്ഷിക്കാതെ വരുന്ന ചില അസുഖങ്ങള്‍ കാരണം കഷ്ടപ്പെടുന്നവര്‍ക്ക് താങ്ങായും തണലായും ‘അമ്മ’യിലൂടെ കിട്ടുന്ന അഞ്ചു ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ് തുക കിട്ടുമ്പോള്‍ ആശ്വസിക്കുന്ന മുഖങ്ങള്‍ ഉണ്ട്. നിറയെ കാശുള്ളവന് ഇതൊന്നും മനസിലാവേണമെന്നില്ല, മനസിലാവാണമെങ്കില്‍ ഒരിക്കലെങ്കിലും ആ വഴിയിലൂടെ ഒന്ന് സഞ്ചരിക്കണം. ഇതിനെല്ലാം വേണ്ടി എല്ലാ തിരക്കുകളും മാറ്റി വച്ചു കഷ്ട്ടപെടുന്നവരാണ് ഈ കലാകാരമാര്‍. എല്ലാവരും കൂടെ കൂട്ട ആക്രമണം നടത്തി സഹിക്കാവുന്നതിന്റെ അപ്പുറം ആയപ്പോള്‍ സംഘടനയുടെ നേതൃസ്ഥാനം വലിച്ചെറിഞ്ഞു ഇറങ്ങി മോഹന്‍ലാല്‍ എന്ന ആ വലിയ മനുഷ്യന്‍. പക്ഷേ ഞങ്ങളാരും അത് അംഗീകരിച്ചിട്ടില്ല. ഞങ്ങളുടെ പ്രസിഡന്റ് മോഹന്‍ലാല്‍ തന്നെയാണ്. ഒരു കാര്യം കൂടി പറഞ്ഞു നിര്‍ത്തുന്നു.
പ്രിയപ്പെട്ട മമ്മൂക്കാ, ലാല്‍ജി, മമ്മൂക്കയ്ക്കും ലാലിനും ജനങ്ങളിലേക്ക് എത്താന്‍ ‘അമ്മ’ സംഘടനയുടെ ആവശ്യം ഇല്ല. ഈ ചെറിയ ജീവിതത്തില്‍ നേടാവുന്നതിനപ്പുറം പേരും പെരുമയും നിങ്ങള്‍ നേടിക്കഴിഞ്ഞു. പക്ഷേ ‘അമ്മ’ എന്ന സഘടനയ്ക്ക് നിങ്ങളെ ആവശ്യമാണ്, ‘അമ്മ’യിലെ ഓരോ വ്യക്തികള്‍ക്കും നിങ്ങളെ ആവശ്യമാണ്, നിങ്ങളുടെ സേവനം ആവശ്യമാണ്. വലിയ ശിഖരങ്ങള്‍ ഉള്ള രണ്ട് മരങ്ങളാണ് നിങ്ങള്‍, അതിനു താഴെ തണല്‍ പറ്റി ഇരിക്കാന്‍ കാത്തിരിക്കുന്ന ഒരുപാട് മനുഷ്യരുണ്ട്. അതുകൊണ്ട് ‘അമ്മ’ സംഘടനയുടെ സാരഥി ആയിട്ട് പ്രിയപ്പെട്ട ലാല്‍ തിരിച്ചു വരണം. കൂടെ കൂട്ടായി ശക്തിയായി മമ്മൂക്കയും. മമ്മൂക്കയോ ലാലോ നേതൃത്വം വഹിക്കാത്ത ഒരു ‘അമ്മ’ ചിന്തിക്കാന്‍ പോലും പറ്റില്ല. തിരിച്ചു വരൂ.’’

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.