Editorial

ഫുട്‌ബോള്‍ ഇതിഹാസത്തിന്‌ വിട

ഫുട്‌ബോളിലെ ഒരു ഗോത്രദൈവത്തെ പോലെയായിരുന്നു മറഡോണ. അദ്ദേഹത്തിന്റെ ആരാധകര്‍ വിചിത്രമായ ഗോത്രാചാരങ്ങള്‍ പിന്തുടര്‍ന്നുപോരുന്ന ഒരു സമൂഹത്തെ പോലെയും. ആ ഗോത്രദൈവം മൈതാനത്ത്‌ ആരാധകരെ അമ്പരപ്പിച്ചു കൊണ്ട്‌ നടത്തിയ പാദചലനങ്ങള്‍ക്കിടയില്‍ താന്‍ പേറുന്ന പല തട്ടില്‍ നില്‍ക്കുന്ന വികാരവിക്ഷോഭങ്ങളുടെ പ്രതിഫലനമെന്ന പോലെ ചിരിക്കുകയും കരയുകയും ചെയ്‌തു. ഗോത്രദൈവങ്ങളെ പോലെ വികാരവിക്ഷുബ്‌ധനായിരുന്നു മറഡോണ. ഫുട്‌ബോളിനെ ഇത്രയേറെ വൈകാരികമായി സമീപിച്ച മറ്റൊരു കളിക്കാരനെ ലോകം കണ്ടിട്ടില്ല. അദ്ദേഹത്തിന്റെ ആരാധകര്‍ വികാരതീവ്രതയോടെ പ്രതികരിക്കുന്നത്‌ ആ ഫുട്‌ബോള്‍ കുലത്തിന്റെ സവിശേഷതയായിരുന്നു.

കണക്കുകള്‍ നോക്കിയാല്‍ മറഡോണ മറ്റ്‌ പല കളിക്കാരുടെയും പിന്നിലായിരിക്കും. പക്ഷേ ഒരു കളിക്കാരനെ ഫുട്‌ബോള്‍ ദൈവമാക്കി മാറ്റുന്നത്‌ സ്‌കോര്‍ ചെയ്യുന്ന ഗോളുകളുടെ എണ്ണമല്ല. അയാള്‍ കളിയെ സമീപിക്കുന്ന രീതിയും കളിയോട്‌ കാണിക്കുന്ന അഭിനിവേശത്തിന്റെ തീവ്രത മാന്ത്രികമായി പ്രവര്‍ത്തിക്കുന്നതിലെ അത്ഭുതവുമാണ്‌ ഒരു കളിക്കാരന്‌ ദൈവീക പരിവേഷം നല്‍കുന്നത്‌. അര്‍ജന്റീനക്കു വേണ്ടി ലോകകപ്പില്‍ മറഡോണ ചെയ്‌തതിനൊക്കെ ഒരു മാന്ത്രികസ്‌പര്‍ശമുണ്ടായിരുന്നു. ലാറ്റിന്‍ അമേരിക്കന്‍ ഫുട്‌ബോള്‍ എന്നാല്‍ ബ്രസീലിന്റെ മഞ്ഞപ്പട മാത്രമല്ലെന്ന്‌ മറഡോണ ലോകത്തിന്‌ കാട്ടിത്തന്നു. തുടര്‍ച്ചയായി രണ്ടു തവണ മറഡോണ അര്‍ജന്റീനയെ ലോകകപ്പിന്റെ ഫൈനലിലെത്തിക്കുകയും ഒരു തവണ കിരീടം നേടുകയും ചെയ്‌ത സമയത്ത്‌ സാങ്കേതികമായി ആ ടീമായിരുന്നില്ല ലോകത്തിലെ ഏറ്റവും മികച്ചത്‌. സാങ്കേതിക മികവിന്‌ അപ്പുറത്തേക്ക്‌ സഞ്ചരിക്കുന്ന ഫുട്‌ബോളിന്റെ മാസ്‌മരികതയാണ്‌ മറഡോണ സോക്കര്‍ പ്രേമികള്‍ക്ക്‌ കാട്ടിത്തന്നത്‌.

1986ലെ ലോകകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ കൈ കൊണ്ടുള്ള സ്‌പര്‍ശമുണ്ടായിട്ടും അനുവദിക്കപ്പെട്ട ഗോളിന്റെ പേരിലാണ്‌ ദൈവത്തിന്റെ കൈ എന്ന പ്രശസ്‌തമായ വിശേഷണമുണ്ടായത്‌. ആ കളിയില്‍ തന്നെ മറോഡണ അടിച്ച അതിമനോഹരമായ ഗോള്‍ കൂടിയായപ്പോള്‍ പകുതി ദൈവവും പകുതി സാത്താനും എന്ന വിശേഷണം മറഡോണക്ക്‌ പതിഞ്ഞുകിട്ടി. ജീവിതത്തിലും അദ്ദേഹം ഏറെക്കുറെ അങ്ങനെ തന്നെയായിരുന്നു. ഫുട്‌ബോളീല്‍ അദ്ദേഹം ദൈവമായി മാറിയെങ്കില്‍ ജീവിതത്തില്‍ സാത്താന്റെ നാടകീയമായ രംഗപ്രവേശത്തെ ചെറുക്കാന്‍ കഴിയാതെ പോയി. വൈകാരികതീവ്രതയോടെ ഫുട്‌ബോള്‍ കളിച്ച അതേ മനോഭാവത്തോടെ അദ്ദേഹം ജീവിതം വെച്ച്‌ പന്താടി.

കളിക്കാന്‍ മാത്രമേ മറഡോണക്ക്‌ അറിയുമായിരുന്നുള്ളൂ. കളിയുടെ പുറത്ത്‌ അദ്ദേഹം മിക്കവാറും മറ്റുള്ളവരുടെ കണ്ണില്‍ നോക്കിയാല്‍ പരാജയമായിരുന്നു. ജീവിതം മയക്കുമരുന്നിനും ലഹരിക്കും വലിച്ചെറിഞ്ഞു കൊടുത്ത മറഡോണയെ നയിച്ചിരുന്നത്‌ ഇഷ്‌പ്പെടുന്ന എന്തിനോടുമുള്ള അതിരുകവിഞ്ഞ അഭിനിവേശമായിരുന്നു. തീവ്രമായ വൈകാരിക സമീപനം ഫുട്‌ബോള്‍ ലോകത്ത്‌ ചെയ്യാമായിരുന്ന മറ്റ്‌ ജോലികളില്‍ അദ്ദേഹത്തിന്‌ വിലക്കായി. സിനദിന്‍ സിദാനെ പോലെ കളിക്കാരനായും കോച്ചായും ഒരു പോലെ തിളങ്ങാന്‍ മറഡോണക്ക്‌ കഴിയാതെ പോയത്‌ അദ്ദേഹത്തെ നയിച്ച ഈ അടിസ്ഥാന സ്വഭാവമായിരുന്നു. പെട്രോ ഗാര്‍ഡിയോളയെ പോലെ കളിയെ ചതുരംഗമാക്കുന്ന ഒരു കോച്ചിന്റെ ആസൂത്രണ മികവ്‌ ആ അതിവൈകാരികതയില്‍ നിന്ന്‌ സൃഷ്‌ടിച്ചെടുക്കാനാകുന്നതായിരുന്നില്ല. 2010ലെ ലോകകപ്പിനു ശേഷം മറഡോണക്ക്‌ കോച്ചിംഗ്‌ കരിയര്‍ അവസാനിപ്പിക്കേണ്ടി വന്നത്‌ അതുകൊണ്ടാണ്‌.

മറഡോണയേക്കാള്‍ സാങ്കേതിക മികവുള്ള ഒരു പിടി കളിക്കാര്‍ ഇന്നുണ്ട്‌. പക്ഷേ അവരൊന്നും മറഡോണക്ക്‌ തുല്യരാകുന്നില്ല. മറഡോണ ഗ്രൗണ്ടില്‍ സൃഷ്‌ടിച്ച മാജിക്ക്‌ ആ ഫുട്‌ബോള്‍ ദൈവത്തിന്‌ മാത്രം ചെയ്യാന്‍ കഴിയുന്നതായിരുന്നു എന്നതാണ്‌ അതിന്‌ കാരണം. മറഡോണക്ക്‌ തുല്യന്‍ മറഡോണ മാത്രമാകുന്നത്‌ അതുകൊണ്ടാണ്‌.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.