Kerala

തങ്കപ്പന്‍റ ബാര്‍ബര്‍ ഷോപ്പും, പപ്പനാഭന്‍റ പെട്ടിക്കടയും ( തൃക്കാക്കര സ്‌ക്കെച്ചസ് )

സുധീര്‍നാഥ്

വ്യത്യസ്തനാമൊരു ബാര്‍ബറാം ബാലനെ
സത്യത്തിലാരും തിരിച്ചറിഞ്ഞില്ല…
തലവടിക്കുന്നോര്‍ക്ക് തലവനാം ബാലന്‍
വെറുമൊരു ബാലനല്ലിവനൊരു കാലന്‍
കഥപറയുമ്പോള്‍ എന്ന ചിത്രത്തിലെ ഈ പാട്ട് കേള്‍ക്കുമ്പോള്‍ മനസില്‍ ഓടി എത്തുന്ന രൂപം ത്യക്കാക്കരയിലെ പഴയ തങ്കപ്പന്‍ ചേട്ടനെയാണ്. അദ്ദേഹമായിരുന്നു സ്ഥലത്തെ പ്രധാന ബാര്‍ബര്‍. കൊച്ചി സര്‍വ്വകലാശാല ക്യാമ്പസിനോട് ചേര്‍ന്ന് താമസിക്കുന്ന അദ്ദേഹം രാവിലെ തന്നെ പൈപ്പ് ലൈന്‍ കവലയിലെ മരം കൊണ്ടുള്ള ബാര്‍ബര്‍ ഷോപ്പ് തുറക്കാന്‍ എത്തും. എന്തു വേഗതയാണെന്നോ അദ്ദേഹത്തിന്‍റെ നടത്തത്തിന്. നടത്ത മത്സരത്തില്‍ ത്യക്കാക്കരയില്‍ അദ്ദേഹത്തെ വെല്ലാന്‍ മറ്റാരുമുണ്ടാകില്ല. കക്ഷത്ത് പേപ്പറില്‍ പൊതിഞ്ഞ ഒരു പൊതി സ്ഥിരമായി കാണാം. പൊതി വെയ്ക്കുന്ന ക്കൈകളില്‍ തന്നെ പുകയുന്ന ബീഡിയും ഉണ്ടാകും. പൊതി കക്ഷത്തില്‍ നിന്ന് പോകാതെ അദ്ദേഹം ബീഡിയും വലിക്കും. പൊതിയില്‍ മുടി വെട്ടാനുള്ള എല്ലാ ഉപകരണങ്ങളും ഉണ്ടായിരിക്കും. ഷേവിങ്ങും ഒപ്പമുണ്ട്. താടിക്കാരുടെ താടിയും ട്രിമ്മ് ചെയ്യുന്നതും അദ്ദേഹത്തിന്‍റെ ലിസ്റ്റിലുണ്ട്. ഒന്ന് മുടി വെട്ടിയേച്ച് പോകൂ തങ്കപ്പാ… എന്ന് പറഞ്ഞാല്‍ മതി, അദ്ദേഹം മുടി വെട്ടേണ്ട ആളെ ഇരുത്തി തന്‍റെ കക്ഷത്തില്‍ നിന്നുള്ള പൊതി തുറന്ന് മുടി വെട്ട് ആരംഭിക്കും. വീട്ടില്‍ വന്ന് വെട്ടുന്നതിന് പ്രത്യേക നിരക്കൊന്നും ഈടാക്കിയിരുന്നില്ല.

മുടി വെട്ടുന്നതിനും ഒരു പ്രത്യേകത ഉണ്ട്. മൂന്നോ നാലോ തവണ കത്രിക താളത്തില്‍ വായുവിനെ വെട്ടിയിട്ടേ മുടി വെട്ടൂ. അതിനൊരു താളമുണ്ട്. ഒരു കാര്യം ഉറപ്പാണ്. തങ്കപ്പന്‍ ചേട്ടന്‍ സംഗീതം പഠിച്ചിട്ടില്ലെങ്കിലും, നല്ല താളബോധം ഉണ്ടായിരുന്നു. കുട്ടിക്കാലത്ത് എത്രയോ തവണ തങ്കപ്പന്‍ ചേട്ടന്‍റെ കലാപ്രകടനം എന്‍റെ തലയിലും നടന്നിരിക്കുന്നു. ട്രിമര്‍ ഉപയോഗിച്ച് പിന്‍വശം വെട്ടുന്നത് ഓര്‍ക്കുന്നു. എല്ലാം കഴിഞ്ഞ് മിനുസമുള്ള കല്ല് കൊണ്ട് ഒരു തുടയ്ക്കലുണ്ട്. ഇന്നത്തെ ഡെറ്റോള്‍ പ്രയോഗത്തിന്‍റെ ആദ്യരൂപം…! തങ്കപ്പന്‍ ചേട്ടന്‍റെ ബാര്‍ബര്‍ ഷോപ്പായിരുന്നു സ്ഥലത്തെ പരദൂഷണത്തിന്‍റെ കേന്ദ്രം. പറയാനും കേള്‍ക്കാനും ആളുകള്‍ അവിടെ സമ്മേളിക്കാറുണ്ട്. വിളക്ക് കത്തിച്ച് പണിയെടുക്കുന്ന ശീലമില്ലാത്തതിനാല്‍ ഇരുട്ടും മുന്‍പ് കട അടയ്ക്കും. രാവിലെ വന്നപോലെ വേഗത്തിലല്ല മടക്കയാത്ര. വഴിയുടെ വീതി അളന്നേ പോകൂ….!

തങ്കപ്പന്‍ ചേട്ടന്‍റെ മകനായിരുന്നു കുറേകാലം വന്നിരുന്നത്. പിന്നീട് കവലയിലെ പ്രധാന ബാര്‍ബര്‍ കുമാറായിരുന്നു. കടമുറിയിലേയ്ക്ക് ബാര്‍ബര്‍ ഷോപ്പ് മാറി. നന്നായി ഓടകുഴല്‍ വായിച്ചിരുന്ന അദ്ദേഹം ജോലിയില്ലാതിരിക്കുന്ന അവസരങ്ങളില്‍ എപ്പോഴും ഓടകുഴല്‍ വായിക്കും. കടയില്‍ ആരുമില്ലെന്നും, ഈ സമയത്ത് ചെന്നാല്‍ കാത്തു നില്‍ക്കാതെ മുടി വെട്ടാം എന്നതും ഈ ഓടകുഴല്‍ വിളി കേട്ടാല്‍ മനസിലാക്കണം. ഇപ്പോഴും അദ്ദേഹം ഈ രംഗത്ത് തന്നെ പ്രവര്‍ത്തിക്കുന്നു.

ത്യക്കാക്കര പൈപ്പ് ലൈന്‍ കവലയില്‍ പപ്പനാഭന്‍ എന്ന പത്മനാഭന്‍ നായരുടെ പെട്ടികട ഉണ്ടായിരുന്നു. മരം കൊണ്ടുള്ള പെട്ടിക്കടയുടെ സംരക്ഷണത്തിനായി തെങ്ങോല മെടഞ്ഞത് കൊണ്ട് മുകളിലായി ഒരു കൂര ഉണ്ടാക്കിയിരുന്നു. രാവിലേയും, വൈകീട്ടും കടയുടെ ചുറ്റും അദ്ദേഹം അടിച്ച് വാരി വ്യത്തിയാക്കിയിടും. കടയില്‍ അയ്യപ്പനും ക്യഷ്ണന്‍റേയും ചെറിയ ഒരു ഫോട്ടോ ഉണ്ടായിരുന്നു. രണ്ട് സമയവും ചെറിയൊരു വിളക്ക് അവിടെ കത്തിച്ച് വെച്ചിരിക്കും. ചന്ദന തിരി പുകഞ്ഞു കൊണ്ടിരിക്കും. ഇടപ്പള്ളി കൈരളിയിലെ സിനിമയുടെ ബോര്‍ഡ് കടയ്ക്ക് മുന്നില്‍ കാണാം. കടയില്‍ സന്ധ്യയായാല്‍ പുറത്തും അകത്തും ഒരു വിളക്ക് കത്തിച്ചിരിക്കും. മറ്റൊരു ചെറിയ വിളക്ക് കട തുറക്കുന്ന സമയം മുതല്‍ അടയ്ക്കുന്ന സമയം വരെ കത്തിയിരിക്കും. സിഗററ്റും ബീഡിയും വലിക്കുന്നവര്‍ക്കുള്ളതാണ് അത്. കാലിയാകുന്ന സിഗററ്റ് കൂട് നീളത്തില്‍ ചെറിയ കഷ്ണങ്ങളായി മുറിച്ച് കൊച്ചു വിളക്കിന് സമീപം വെച്ചിട്ടുണ്ടാകും. കാറ്റ് വന്ന് വിളക്ക് അണയാതിരിക്കാന്‍ സിഗററ്റ് കൂടിന്‍റെ കവറു കൊണ്ട് തന്നെ സംരക്ഷണ വലയം ഉണ്ടാക്കി വെയ്ക്കും. ചെറിയ പേപ്പര്‍ കഷ്ണങ്ങളില്‍ നിന്ന് ഒന്നെടുത്ത് വിളക്കില്‍ നിന്ന് തീ പകര്‍ന്നാണ് സിഗററ്റും, ബീഡിയും കത്തിച്ചിരുന്നത്. ലൈറ്ററിന്‍റെ ആദ്യ രൂപം എന്ന് വിശേഷിപ്പിക്കാം.

ത്യക്കാക്കര പൈപ്പ് ലൈന്‍ കവലയില്‍ തന്നെയുള്ള പപ്പനാഭന്‍ ചേട്ടന്‍റെ കട ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍ ആയിരുന്നു. ത്യക്കാക്കരയിലെ എല്ലാ കുടുംബത്തെ കുറിച്ചും, വ്യക്തികളെ കുറിച്ചും, അവരുടെ ജോലിയെ കുറിച്ചും അദ്ദേഹത്തിനോളം അറിവ് മറ്റാര്‍ക്കും ഉണ്ടായിരുന്നില്ല എന്നാണ് എന്‍റെ വിശ്വാസം. അപരിചിതരുടെ വഴി ചോദിച്ചുള്ള ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടിയാണ് ലഭിച്ചിരുന്നത്. വലിയ ഇടവേളകളിലാണ് ബസുകള്‍ വന്നിരുന്നത്. ബസിന്‍റെ സമയവും, അത് കടന്ന് പോയെങ്കില്‍ അതും ജനങ്ങള്‍ ചോദിച്ചറിഞ്ഞിരുന്നത് അദ്ദേഹത്തില്‍ നിന്നായിരുന്നു. ബസ് കാത്തിരിക്കുന്ന ഒരിടം കൂടിയായിരുന്നു അദ്ദേഹത്തിന്‍റെ കട.

സിഗററ്റും, ബീഡിയും, വെറ്റിലയും ചുണ്ണാമ്പും, അടക്കയും, കല്ലുസോഡയും, സര്‍ബത്തും അവിടെ ലഭക്കുമായിരുന്നു. ഓരോരുത്തരുടെ ബ്രാന്‍റ് അദ്ദേഹത്തിന് അറിയാം. ഇന്‍കം ടാക്സ് ഉദ്യോഗസ്ഥനായിരുന്നു മോഡിശ്ശേരിയിലെ ബേബിച്ചായന്‍ ചാര്‍മിനാര്‍ സിഗററ്റിന്‍റെ പ്രിയങ്കരനാണ്. എന്‍റെ അച്ഛനാകട്ടെ ദിനേശ് ബീഡിയുടേയും, കാജാ ബീഡിയുടേയും പ്രിയങ്കരനായിരുന്നു. ബ്ലാക്ക് ആന്‍റ് വൈറ്റ് മുഖചിത്രമുള്ള മലയാള മനോരമ ആഴ്ച്ചപ്പതിപ്പിന്‍റേയും, മംഗളത്തിന്‍റേയും കോപ്പികള്‍ തൂങ്ങി കിടക്കുന്നതും, മിഠായി ഭരണിയിലെ കപ്പലണ്ടി മിഠായി, നാരങ്ങാ മിഠായി, പ്യാരീ മിഠായി, മൈസൂര്‍ പാക്ക് തുടങ്ങിയവ മനസില്‍ മായാതെ തെളിയുന്ന ചിത്രങ്ങളാണ്. ഇടയ്ക്ക് നല്ല നാടന്‍ പൂവന്‍ പഴത്തിന്‍റെയോ, റോബസ്റ്റാ പഴത്തിന്‍റേയോ കുലകള്‍ കടയില്‍ തൂങ്ങിയിരുന്നു.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

2 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.