Features

കോവിഡ് കാലത്തിന്റെ ശേഷിപ്പുകള്‍

കെ. സച്ചിദാനന്ദന്‍  

കോവിഡ് 19  പോലെ ലോകമാകെ സ്തംഭിപ്പിച്ച ഒരു മഹാമാരി എന്റെ ജീവിതകാലത്ത് ഉണ്ടായിട്ടില്ല. സ്പാനിഷ്‌ ഫ്ലൂ, ബ്യൂബോണിക്പ്ലേഗ് തുടങ്ങിയ രോഗങ്ങള്‍ ചില രാജ്യങ്ങളിലോ ഭൂഖണ്ഡങ്ങളിലോ മാത്രമായിരുന്നു പടര്‍ന്നത്. എന്നാല്‍ രാജ്യാന്തര യാത്രകളും വ്യാപാരവും വര്‍ധിച്ച ഈ ആഗോളീകരണ കാലം രോഗങ്ങളെപ്പോലും ആഗോളീകരിച്ചിരിക്കുന്നു.ജനതയുടെ ക്ഷേമത്തെക്കാള്‍ സ്വന്തം ലാഭം ലക്ഷ്യമാക്കുന്ന ന്യൂനപക്ഷത്തിന്റെ ഉന്നമനത്തിലാണ് ലോകത്തെ അധികം ഭരണകൂടങ്ങളും ഇന്ന് ശ്രദ്ധ ചെലുത്തുന്നത്, ചൈന ആയാലും അമേരിക്ക ആയാലും സാമാന്യജനത രണ്ടാംതരം  പൌരന്മാരാണ്. മൌലികാവകാശങ്ങളെ അമര്‍ച്ച ചെയ്യുന്നതില്‍ ബ്രസീലും ഹംഗറിയും ടര്‍ക്കിയുമെല്ലാം മത്സരിക്കുന്നു. ജനാധിപത്യ രാജ്യങ്ങളില്‍ പോലും ജനാധിപത്യത്തിന്റെ ഘടന നില നില്‍ക്കുമ്പോഴും സത്ത ചോര്‍ന്നു പോയിരിക്കുന്നു.

ഈ മഹാമാരിക്ക് ശേഷമുള്ള ലോകത്തെക്കുറിച്ച് ഒട്ടേറെ ചിന്തകര്‍ പല രീതിയിലുള്ള വിചാരങ്ങളും പ്രവചനങ്ങളും മുന്നോട്ടു വെച്ചിട്ടുണ്ട്, അവ പലപ്പോഴും പരസ്പര വിരുദ്ധമാണ്, പക്ഷെ അവയ്ക്കെല്ലാം അവയുടേതായ യുക്തികളും ഉണ്ട്. ചിലര്‍ ശുഭാപ്തി വിശ്വാസികളാണ് , ജോര്‍ജിയോ അഗംബന്‍ അവരില്‍ പ്രധാനിയാണ്‌. അദ്ദേഹം വിശ്വസിക്കുന്നത് ഒരു പുതിയ രാഷ്ട്രീയം  ഇനിയുള്ള ലോകത്ത് ഉരുത്തിരിയും  എന്നാണ്. പൊതുജനാരോഗ്യം പൊതുമേഖലയിലുള്ള രാജ്യങ്ങളോ സ്ഥലങ്ങളോ ആണ് കോവിഡിനെ   നേരിടുന്നതില്‍ കൂടുതല്‍ സാഫല്യം നേടിയിട്ടുള്ളത്. ക്യൂബ, വിയത്നാം, കേരളം എന്നിങ്ങിനെയുള്ള സ്ഥലങ്ങള്‍ ഉദാഹരണം. ഒപ്പം ഇവിടെയെല്ലാം ജനങ്ങള്‍ ഒന്നിച്ചു നിന്ന യാതനയുടെയും അതിജീവനത്തിന്റെയും  ഉയിര്‍ത്തെഴുന്നേല്പ്പിന്റെയും ഒരു ദീര്‍ഘ ചരിത്രമുണ്ട്, സജീവമായ സാംസ്കാരിക ജീവിതമുള്ള ഇടങ്ങളാണ് ഇവ. തന്നെയുമല്ല, കൂടുതല്‍ വികേന്ദ്രീകൃതമായ, ജനങ്ങള്‍ക്കു കൂടുതല്‍ ശബ്ദമുള്ള, ഇടങ്ങള്‍ കൂടിയാണ് . ചെറിയ ചെറിയ യൂനിറ്റുകളായി ജനങ്ങളുടെ ആരോഗ്യത്തില്‍ ശ്രദ്ധ ചെലുത്തിയത് കൊണ്ടാണ്  ഈ നാടുകള്‍ രോഗത്തെ നന്നായി നേരിടാന്‍ പ്രാപ്തി നേടിയത്. അങ്ങിനെ  ഗാന്ധി മുന്നോട്ട്  വെച്ച  ഗ്രാമതല ജനാധിപത്യം എന്ന ആശയം ഈ കാലത്ത് നടപ്പാക്കുകയാണ് അവര്‍ ചെയ്തത് എന്ന് പറയാം.

അതേ സമയം ബഹുരാഷ്ട്രസംഘടനകളില്‍ വിള്ളലുകള്‍ വീഴുന്നതും നാം കാണുന്നു. ലോകാരോഗ്യസംഘടന മുതല്‍ ബ്രെക്സിറ്റ് വരെയുള്ള സംഘടനകള്‍ വെല്ലുവിളികള്‍ നേരിടുന്നു. പലതിന്റെയും വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടുന്നു. ഒപ്പം തന്നെ സമ്പന്നരാജ്യങ്ങളായി  ലോക നേതൃത്വം  അവകാശപ്പെട്ടിരുന്ന  അമേരിക്കന്‍ ഐക്യനാടുകള്‍ പോലെയുള്ള രാജ്യങ്ങള്‍ പ്രതിസന്ധി നേരിടാനാകാതെ കുഴങ്ങുന്നു. നാമെല്ലാം നമ്മെക്കാള്‍ മീതെ എന്ന് കരുതിയിരുന്ന  യൂറോപ്പ്  പോലും നിസ്സഹായരാകുന്നത് നാം കണ്ടു. ന്യൂ സീ ലാന്‍ഡ് പോലുള്ള ചില ചെറിയ രാജ്യങ്ങള്‍ മാത്രമായിരുന്നു അപവാദം. അതിന്റെ കാരണങ്ങള്‍ അവിടത്തെ  ചുരുങ്ങിയ ജനസംഖ്യയിലും അച്ചടക്കത്തിലും സംസ്കാരത്തിലും രാഷ്ട്രീയ സംവിധാനത്തിലുമാണ് അന്വേഷിക്കേണ്ടത്. അമേരിക്ക ഇപ്പോള്‍ വര്‍ണ്ണ വിവേചനത്തിന്നെതിരായ വലിയൊരു പ്രക്ഷോഭം നേരിടുകയാണ്, പ്രസിഡന്റിനു തന്നെ വൈറ്റ് ഹൌസിലെ ബങ്കറില്‍ ഒളിക്കേണ്ട അവസ്ഥ.  അത് പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ മുഴുവന്‍ പടര്‍ന്നു പിടിച്ചിരിക്കുന്നു. ഇത് ഒരു പുതിയ ജനകീയ പ്രക്ഷോഭ മാതൃക മുന്നോട്ടു വെയ്ക്കുന്നു. കീഴാളര്‍ക്കു  ലോകമെങ്ങും പ്രത്യാശ നല്‍കുന്നു. ബ്രസീലിനെപ്പോലുള്ള തെക്കന്‍ അമേരിക്കന്‍ രാജ്യങ്ങളുടെ ഭരണകൂടങ്ങളുടെ ക്രൂരതയും അവഗണനയും അനുഭവിക്കുന്ന ജനങ്ങളും ഏറെക്കാലം അടങ്ങിയിരിക്കാനിടയില്ല.

ഇതോടൊപ്പം  വികസനത്തെക്കുറിച്ചുള്ള നമ്മുടെ  സങ്കല്പങ്ങള്‍ തന്നെ മാറിയേക്കാം.  ആഗോളതാപനം ഉള്‍പ്പെടെയുള്ള പരിസ്ഥിതിപ്രശ്നങ്ങള്‍ ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധ നേടുന്നുണ്ട്. പുതിയ പുതിയ രോഗങ്ങള്‍ – സാഴ്സ്, നിപ്പ തുടങ്ങിയവ- ഉണ്ടാക്കുന്നതില്‍ ഈ മാറ്റങ്ങള്‍ക്കും പങ്കുണ്ടെന്ന സംശയം ശാസ്ത്രജ്ഞര്‍ക്കുണ്ട്. ഒപ്പം ഇവയെ വ്യാപിപ്പിക്കുവാന്‍ രാജ്യാന്തര യാത്രകളും വാണിജ്യവും സഹായിക്കുന്നുമുണ്ട്. ഈ സാഹചര്യത്തില്‍ രാജ്യങ്ങളുടെ സ്വയം പര്യാപ്തത പ്രധാനമായി വരാം. ആമസോണ്‍ മഴക്കാടുകളുടെ തീപ്പിടുത്തവും, വനസംരക്ഷണ നിയമങ്ങളിലും പരിസ്ഥിതി നിയന്ത്രണങ്ങളിലും  അമേര്‍ക്ക, ഇന്ത്യ, ബ്രസീല്‍ തുടങ്ങിയ രാഷ്ട്രങ്ങള്‍ ധനികര്‍ക്ക് വേണ്ടി വരുത്തുന്ന അയവുകളും ചോദ്യം ചെയ്യപ്പെടാതെ പോവില്ല. ഒപ്പം തന്നെ കര്‍ഷകരുടെ  സഹനവും തൊഴിലാളികളുടെ ജോലിസമ യത്തിലെ വര്‍ദ്ധനവും മറ്റും ജനങ്ങള്‍  ശ്രദ്ധിച്ചു തുടങ്ങിയിട്ടുണ്ട്. ഇന്ത്യയിലെ കുടിയേറ്റത്തൊഴിലാളികളുടെ പ്രയാണവും മറ്റും  നമ്മുടെ വ്യവസ്ഥിതിയിലെ വിള്ളലുകള്‍ പുറത്തു കൊണ്ടുവന്നിരിക്കുന്നു. നെഹ്രൂവിയന്‍ ക്ഷേമരാഷ്ട്രസങ്കല്‍പ്പം എത്ര പ്രധാനമാണെന്ന് ഈ സഹനങ്ങള്‍ കാണിച്ചു തരുന്നു. അതോടൊപ്പം അംബേദ്‌കര്‍ ചിന്തയും ജാതിവിവേചനത്തിന്റെ അസമത്വതിന്നെതിരായ സമരങ്ങളെ കൂടുതലായി പ്രചോദിപ്പിച്ചേക്കാം.

ഗാന്ധിയുടെ മറ്റൊരു തത്വം- മിതവ്യയം- ഇക്കാലത്ത് ജനങ്ങള്‍ക്ക്‌ ശീലിക്കേണ്ടി വന്നിരിക്കുന്നു. ആഡംബരങ്ങള്‍ക്ക് സമയമില്ലാതാകുന്ന അവസ്ഥ.  ജീവിച്ചു പോകാന്‍ അത്യാവശ്യത്തിനു മാത്രമുള്ള സാധനങ്ങള്‍ മതി എന്ന് ജനങ്ങളെ ഈ അടച്ചിരിപ്പ് പഠിപ്പിച്ചു. ഉപഭോഗഭ്രാന്തിനു ഇത് കുറവ് വരുത്തിയേക്കാം.

സംഘടിതമതങ്ങള്‍ ഈ ചെറിയ വൈറസിന് മുന്നില്‍ നിസ്സഹായരാകുന്നതും നാം കണ്ടു.  അരുന്ധതി റോയ് പറഞ്ഞത് പോലെ ഈ രോഗത്തിന് ശാസ്ത്രം എന്തെങ്കിലും പ്രതിവിധി കണ്ടെത്തും എന്ന് പ്രതീക്ഷിക്കാത്ത മതനേതാക്കള്‍ പോലും ഇല്ല; മറിച്ചു എന്തെങ്കിലും ദിവ്യാത്ഭുതം ഈ രോഗത്തെ ഇല്ലാതാക്കും എന്ന് പ്രതീക്ഷിക്കുന്ന ശാസ്ത്രജ്ഞരും ഇല്ലാതില്ല.

കലയും സംസ്കാരവും സാങ്കേതികവിദ്യകളെ കൂടുതലായി ആശ്രയിക്കാന്‍ തുടങ്ങിയതാണ്‌ മറ്റൊരു ശ്രദ്ധേയമായ കാര്യം. പുതിയ പ്ലാറ്റ്ഫോമുകള്‍ ധാരാളമായി ഉണ്ടായി വരുന്നു. സൂം, ബ്ലൂ ജീന്‍സ്, ഗൂഗിള്‍ മീറ്റ്‌ , വെബെക്സ് – ഇങ്ങിനെ സ്കൈപ്പിനു പുറമേ ഒട്ടേറെ വെര്‍ച്വല്‍ വേദികള്‍ സജീവമായിരിക്കുന്നു.  കലാപ്രദര്‍ശനങ്ങള്‍, കവിയരങ്ങുകള്‍, വെബിനാറുകള്‍ എന്നറിയപ്പെടുന്ന വെബ്‌ സെമിനാറുകള്‍, ഫേസ് ബുക്ക്‌ ലൈവ്  പ്രഭാഷണങ്ങള്‍ -ഇങ്ങിനെയുള്ള  അകലത്തിലും അടുപ്പം സൃഷ്ടിക്കുന്ന സംവിധാനങ്ങള്‍ ഇനി സ്ഥിരമായേക്കാം. സാഹിത്യോത്സവങ്ങള്‍ പോലും ഈ രീതിയിലേക്ക് മാറാന്‍ സാധ്യതയുണ്ട്. ഇപ്പോള്‍ തന്നെ കൊളംബിയായിലെ മെഡലിന്‍ കാവ്യോത്സവം ഈ രീതിയിലേക്ക് മാറ്റിയിരിക്കുന്നു. ഞാന്‍ ഡയറക്ടര്‍ ആയി ഡീ സീ ബുക്സ് കേരളത്തില്‍ നടത്തുന്ന അന്തര്‍ദേശീയ സാഹിത്യോത്സവം മുഴുവനായോ ഭാഗികമായോ ഈ രീതിയില്‍ നടന്നേക്കാം.

 നേരെ മറിച്ചു വാദിക്കുന്ന സ്ലാവോയ് സിസെകിനെപ്പോലുള്ള ചിന്തകരും ഉണ്ട്- ഈ ആഗോള മഹാമാരി സമഗ്രാധിപതികള്‍ക്ക് ജനങ്ങളെ നിയന്ത്രിക്കാന്‍ പുതിയ അവസരങ്ങള്‍ നല്‍കുകയും അവരെ ഇനിയും ശക്തരാക്കുകയും ചെയ്യും എന്നാണു  അവര്‍ വിചാരിക്കുന്നത്. ഈ സാധ്യതയും തള്ളിക്കളയാനാവില്ലെങ്കിലും ജനാധിപത്യവും സമത്വചിന്തയും സ്വാശ്രയത്വവും  പരിസ്ഥിതിചിന്തയും  ഇനിയുള്ള കാലം ശക്തിപ്പെടും എന്ന് കരുതാന്‍ തന്നെയാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്.  

 

The Gulf Indians

View Comments

  • Mashey...condensed and focused.. although the title of the column reminds some fake Gurus..may be we should claim it back like this meaningful column. Joshy.

  • Mashey...condensed and focused.. although the title of the column reminds some fake Gurus..may be we should claim it back like this meaningful column.

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 weeks ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 weeks ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 weeks ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 weeks ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

4 weeks ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

4 weeks ago

This website uses cookies.