Kerala

കിരീടം’ ചൂടിയ 31 വർഷങ്ങൾ

സഫീർ അഹമ്മദ്

ജൂലൈ 7 1989…
സേതുമാധവന്റെയും അച്ചുതൻ നായരുടെയും സ്നേഹവും സ്വപ്നവും വാൽസല്യവും ഒക്കെ മലയാള സിനിമ പ്രേക്ഷകർ അനുഭവിച്ചിട്ട്, അവർ മലയാളി മനസിന്റെ ഒരു നൊമ്പരമായിട്ട് ഇന്നേക്ക് 31 വർഷങ്ങൾ…അതെ, ലോഹിതദാസ്-സിബിമലയിൽ-മോഹൻലാൽ കൂട്ടുക്കെട്ടിൽ പിറന്ന കിരീടം, മലയാളത്തിലെ ഏറ്റവും നല്ല അഭിനയ മുഹൂർത്തങ്ങൾ ഉള്ള ഏറ്റവും മികച്ച സിനിമ ഏതെന്നു ചോദിച്ചാൽ മലയാളികൾക്ക് അഭിമാനത്തോടെ ചൂണ്ടികാണിക്കാവുന്ന സിനിമ റിലീസായിട്ട് 31 വർഷങ്ങൾ…

ടൈറ്റിൽ കാർഡിലെ ഫിലിം നെഗറ്റീവ് ടോണിലെ സംഘട്ടന രംഗത്തിനു ശേഷം ഉള്ള ആദ്യ രംഗത്തിൽ തന്നെ കിരീടം പ്രേക്ഷകരുടെ മനസിനെ കീഴ്പ്പെടുത്തി എന്ന് പറഞ്ഞാലും അതിൽ അതിശയോക്തി ഇല്ല…കാരണം അത്രമാത്രം ഹൃദ്യം ആയിരുന്നു പോലീസ് സ്റ്റേഷനിലേക്കു കയറി വരുന്ന സബ് ഇൻസ്‌പെക്ടർ സേതുമാധവനും, സേതുമാധവനെ കണ്ടു എഴുന്നേറ്റു സല്യൂട്ട് അടിക്കുന്ന ഹെഡ് കോൺസ്റ്റബിൾ അച്ചുതൻ നായരും, പിന്നെ തൊപ്പി ഊരിയ ശേഷം “സബ് ഇൻസ്‌പെക്ടർ സേതു, അച്ഛന്റെ തെമ്മാടി” എന്നും പറഞ്ഞുള്ള സേതുമാധവന്റെ ചിരിയും..

കഥ,തിരക്കഥ,സംവിധാനം,അഭിനേതാക്കളുടെ പ്രകടനം,സംഗീതം, സംഘട്ടനം തുടങ്ങിയ സകല മേഖലകളിലും കിരീടത്തോളം മികവ് പുലർത്തിയ സിനിമകൾ അപൂർവമാണ്, അത് തന്നെ ആണ് കിരീടം എന്ന സിനിമയെ ക്ലാസിക് ആക്കുന്നതും, 31 വർഷങ്ങൾക്കിപ്പുറവും നമ്മൾ ഈ സിനിമയുടെ മികവിനെ പറ്റി വാചാലരാകുന്നതും….

സേതുമാധവൻ എന്ന ഒരു സാധാരണ ചെറുപ്പക്കാരന്റെയും അച്ചുതൻ നായർ എന്ന അച്ഛന്റെയും സ്വപ്നങ്ങളും പ്രതീക്ഷകളും, പിന്നീട് ആ സ്വപ്നങ്ങൾ തകർന്നു വീഴുന്നത്‌ നിസ്സഹായതയോടെ നോക്കി നിൽക്കുന്നതും ഒക്കെ എത്ര മനോഹരമായിട്ടാണ് ലോഹിതദാസ് എഴുതിയിരിക്കുന്നത്, എഴുതിയതിനേക്കാൾ എത്രയോ മനോഹരമായിട്ടാണ് സിബി മലയിൽ അത് അഭ്രപാളികളിലേക്ക് പകർത്തിയിരിക്കുന്നത്…അച്ഛൻ-മകൻ ബന്ധം കിരീടത്തോളം തീവ്രമായി, മനോഹരമായി വേറെ ഒരു സിനിമയിലും പറഞ്ഞിട്ടുണ്ടാകില്ല…ആ അച്ഛനും മകനും ആയി തിരശ്ശീലയിൽ വിസ്മയിപ്പിക്കുന്ന പ്രകടനം കാഴ്ച്ച വെയ്ക്കാൻ തിലകനും മോഹൻലാലിനും സാധിച്ചു… അനാവശ്യമായി ഒരു രംഗമൊ ഒരു സംഭാഷണമൊ കിരീടത്തിൽ ഇല്ല എന്ന് തന്നെ പറയാം, അത്രയ്ക്ക് മികച്ച തിരക്കഥയാണ് കിരീടത്തിന്റേത്…മലയാള സിനിമയിലെ ഏറ്റവും മികച്ച തിരക്കഥ കിരീടത്തിന്റെതാണെന്ന് മഹാനടൻ തിലകൻ ഒരിക്കൽ പറഞ്ഞിട്ടുണ്ട്….

കിരീടം എന്ന സിനിമയ്ക്ക് 1989 വരെ ഇറങ്ങിയ മറ്റു സിനിമകളിൽ നിന്നും വ്യത്യസ്തമാക്കുന്ന കുറച്ച് പ്രത്യേകതകൾ ഉണ്ട്…കിരീടം അവസാനിക്കുന്നതും മറ്റു സിനിമകളെ പോലെ തന്നെ വില്ലന് മേൽ നായകൻ വിജയം നേടി തന്നെ ആണ്…കീരീക്കാടൻ ജോസിനെ കുത്തി മലർത്തിയിട്ടു “ഇനി ആർക്കാടാ എന്റെ ജീവൻ വേണ്ടത്” എന്നും പറഞ്ഞ് സേതുമാധവൻ ആക്രോശിക്കുമ്പോൾ, അതിനു ശേഷം തന്റെ ജീവിതം നഷ്ട്ടപ്പെട്ട വേദനയിൽ പരിസരം മറന്ന് സേതുമാധവൻ പൊട്ടിക്കരയുമ്പോൾ, വില്ലന് മേൽ വിജയം നേടിയ നായകനെയല്ല മറിച്ചു ജീവിതം കൈവിട്ട് പോയ, പരാജയപ്പെട്ട നായകനെ ആണ് ലോഹിതദാസും സിബി മലയിലും കൂടി നമുക്ക് കാണിച്ചു തന്നത്, വിങ്ങുന്ന ഒരു നൊമ്പരമാണ് പ്രേക്ഷകന്റെ മനസിലേക്ക് അവർ ആഴ്ന്നിറക്കിയത്… തിരക്കഥാകൃത്തിനും സംവിധായകനും വേണമെങ്കിൽ ശുഭപര്യവസാനിപ്പിക്കാമായിരുന്നു കിരീടം…പക്ഷെ അങ്ങനെ ചെയ്തിരുന്നുവെങ്കിൽ കീരിടം ഇത്രയും ചർച്ച ചെയ്യപ്പെടില്ലായിരുന്നു….

കിരീടത്തിനു മുമ്പും എണ്ണിയാൽ തീരാത്തത്ര സിനിമകളിൽ സംഘട്ടന രംഗത്തിനു ശേഷം നായകന്റെ വിജയം കാണിച്ചുള്ള ക്ലൈമാക്സ് ഉണ്ടായിട്ടുണ്ട്…പക്ഷെ ഒരു ക്ലൈമാക്സ് സംഘട്ടന രംഗത്തിൽ അല്ലെങ്കിൽ അതിനോട് അനുബന്ധിച്ചുള്ള രംഗങ്ങളിൽ ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച അഭിനയ മുഹൂർത്തങ്ങൾ ഉണ്ടാകുക, അത് കണ്ടു വിങ്ങുന്ന മനസോടെ ഒരു തുള്ളി കണ്ണീർ പൊഴിച്ച് പ്രേക്ഷകൻ തിയേറ്ററിൽ നിന്നും ഇറങ്ങുക, അത് കിരീടം സിനിമയുടെ മാത്രം പ്രത്യേകതയാണ്…കിരീടത്തിലെ ക്ലൈമാക്സ് സീനിലെ മോഹൻലാലിൻ്റെയും തിലകൻ്റെയും അഭിനയ മുഹൂർത്തങ്ങളെ വെല്ലുന്ന വേറെ ഒരു സിനിമ ഉണ്ടൊ?? എന്റെ പരിമിതമായ അറിവ് വെച്ച് ഇല്ല എന്ന് തന്നെ പറയും…

കീരീടത്തിന്റെ എടുത്ത് പറയേണ്ട മറ്റൊരു കാര്യമാണ് കണ്ണീർപൂവ് എന്ന പാട്ടും അതിലെ രംഗങ്ങളും….താൻ സ്നേഹിച്ച പെൺകുട്ടി മറ്റൊരാളുടെ കൈ പിടിച്ച് പോകുന്നത് ദൂരെ ഒരു മരത്തിന്റെ പിന്നിൽ നിന്ന് നിസഹായതയോടെ സേതു നോക്കി നില്ക്കുന്നതും, വിജനമായ റോഡിലൂടെ സേതു ഒറ്റയ്ക്ക് നടന്ന് പോകുന്നതും ഒക്കെ എത്ര മനോഹരമായിട്ടാണ് സിബി മലയിൽ ചിത്രീകരിച്ചിരിക്കുന്നത്, എത്ര ആഴ്ത്തിലാണ് സേതുവിന്റെ വേദന അദ്ദേഹം പ്രേക്ഷകന്റെ വേദനയാക്കി മാറ്റിയിരിക്കുന്നത്….

കിരീടത്തിന്റെ എല്ലാ വർക്കുകളും കഴിഞ്ഞ് റിലീസ് തയ്യാറായി നില്ക്കുമ്പൊൾ ആണ് സിബിമലയിൽ നിർമ്മാതാക്കളോട് മോഹൻലാലിന്റെ ഒരു ദിവസത്തെ കൂടി ഡേറ്റ് വേണമെന്ന് ആവശ്യപ്പെട്ടത്….നടക്കുന്ന കാര്യമല്ല എന്ന് നിർമ്മാതാക്കൾ പറഞ്ഞു… മോഹൻലാലിനെ വെച്ച് ഒരു സീൻ കൂടി ഷൂട്ട് ചെയ്ത ശേഷമേ സിനിമ റിലീസ് ചെയ്യാൻ പറ്റു എന്ന് സിബിമലയിൽ തറപ്പിച്ച് പറഞ്ഞു… ഇത് എങ്ങനെയൊ മോഹൻലാൽ അറിത്തു, സിബിമലയിനെ വിളിച്ച് എന്താ കാര്യമെന്ന് ചോദിച്ചു, ഒരു ദിവസം കൂടി ലാലിനെ കിട്ടിയേ പറ്റു എന്ന് സിബിമലയിൽ പറഞ്ഞു, അങ്ങനെ മോഹൻലാൽ വന്ന് അഭിനയിച്ചു… കണ്ണീർപൂവിന്റെ പാട്ട് രംഗത്തിൽ സേതുമാധവൻ വിജനമായ പാതയിലൂടെ ഒറ്റയ്ക്ക് നടന്ന് പോകുന്ന ആ രംഗമാണ് സിബിമലയിൽ അങ്ങനെ ഷൂട്ട് ചെയ്തത്..മുമ്പൊരിക്കൽ ഒരു പഴയ സിനിമ സുഹൃത്ത് വഴി അറിഞ്ഞ കാര്യമാണിത്…കണ്ണീർപൂവ് എന്ന പാട്ട് പ്രേക്ഷകനെ ഒരുപാട് സ്വാധിനിച്ചിട്ടുണ്ടെങ്കിൽ, വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അതിൽ സേതുമാധവൻ ഒറ്റയ്ക്ക് നടന്ന് പോകുന്ന ആ രംഗത്തിന് നിർണായക പങ്ക് ഉണ്ടെന്ന് നിസംശയം പറയാം….

ഭൂരിഭാഗം സിനിമ പ്രേക്ഷകർക്കും അവാർഡ് ജൂറിക്കും ഒരു മുൻവിധി/തെറ്റിദ്ധാരണയുണ്ട്, സെന്റിമെന്റൽ സീനുകളിൽ ശോഭിക്കുന്നവർ അല്ലെങ്കിൽ പൊട്ടി കരഞ്ഞ് അഭിനയിക്കുന്നവർ മാത്രമാണ് മികച്ച നടീനടന്മാർ എന്ന്… പ്രിയദർശന്റെ സിനിമകളിൽ തലക്കുത്തി മറിയുന്ന, സത്യൻ അന്തിക്കാടിന്റെ സിനിമകളിൽ കോമഡി ചെയ്യുന്ന, പിന്നെ നന്നായി ആക്ഷൻ ചെയ്യാൻ പറ്റുന്ന നടൻ എന്നാണ് കിരീടം വരുന്നത് വരെ മോഹൻലാലിനെ കുറിച്ച് പൊതുവെ ഉണ്ടായിരുന്ന ധാരണ…കിരീടത്തിന് മുമ്പ് അമൃതംഗമയ, ഉണ്ണികളെ ഒരു കഥ പറയാം പാദമുദ്ര തുടങ്ങിയ സീരിയസ് സിനിമകളിൽ അത്യുജ്വല അഭിനയം മോഹൻലാൽ കാഴ്ച്ചവെച്ചിട്ടുണ്ടെങ്കിലും മോഹൻലാലിനെ മികച്ച നടനായി അംഗീകരിക്കാൻ പൊതുവെ എന്തൊ ഒരു മടി ഉണ്ടായിരുന്നു, കാരണം മേൽപ്പറഞ്ഞ മുൻവിധി തന്നെ….
പക്ഷെ കിരീടത്തിലെ പെർഫോമൻസിലൂടെ തന്നെ കുറിച്ച് ഉണ്ടായിരുന്ന ആ മുൻധാരണകളെ ഒക്കെ മോഹൻലാൽ തിരുത്തി വിമർശകരുടെ വായ് അടപ്പിച്ചു…കിരീടത്തിലെ മോഹൻലാലിൻ്റെ ക്ലൈമാക്സ് പെർഫോമൻസിനെ ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച പെർഫോമൻസ് എന്ന് തന്നെ പറയാം, അത്രയ്ക്ക് മനോഹരം ആണത്,അതിഗംഭീരവും…
കരിയറിന്റെ 9 ആം വർഷത്തിൽ, കേവലം 29 ആം വയസിലാണ് മോഹൻലാൽ എന്ന നടൻ വിസ്മയിപ്പിക്കുന്ന ആ പ്രകടനം നടത്തിയത് എന്നത് അതിശയിപ്പിക്കുന്ന കാര്യമാണ്… പാദമുദ്രയിലൂടെ ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടന്മാരുടെ നിരയിലേക്ക് മോഹൻലാൽ എന്ന നടൻ ഒരു കസേര വലിച്ചിട്ട് ഇരുന്നുവെങ്കിൽ ആ കസേരയിൽ കാലിൻമേൽ കാൽ കയറ്റി വെച്ച് മോഹൻലാൽ ഇരുന്നത് കിരീടത്തിലൂടെയാണ്…

ലോഹിതദാസ് കിരീടത്തിന്റെ കഥ കണ്ടെത്തിയത് എങ്ങനെയെന്ന് പണ്ടൊരിക്കൽ ഏതൊ മാഗസിനിൽ പറഞ്ഞത് ചുവടെ ചേർക്കുന്നു…
ചാലക്കുടിയിൽ ഒരിക്കൽ ഒരു ആശാരി വന്നു…
അയാൾ ദിവസവും ജോലി കഴിഞ്ഞു വൈകുന്നേരങ്ങളിൽ ഷാപ്പിൽ പോയി മദ്യപിക്കുമായിരുന്നു..
ആ പ്രദേശത്ത് ഒരു പേടിപ്പെടുത്തുന്ന ഗുണ്ട ഉണ്ടായിരുന്നു…അയാൾ ഷാപ്പിലേക്കു വരുമ്പോൾ ഷാപ്പിൽ ഉള്ളവർ എഴുന്നേറ്റ് നില്ക്കണം എന്നൊരു അലിഖിത നിയമം ഉണ്ടായിരുന്നു, പക്ഷെ
ആശാരിക്ക് ഇത് അറിയില്ലായിരുന്നു.. ഒരു ദിവസം ഗുണ്ട വന്നപ്പോൾ ആശാരി ഒഴികെ ഷാപ്പിലെ എല്ലാവരും എഴുന്നേറ്റു നിന്നു… എഴുന്നേൽക്കാത്ത ആശാരിയെ ഗുണ്ട മർദ്ദിച്ചു..
ഒരു കാരണവും കൂടാതെ തന്നെ മർദ്ദിച്ച ദേഷ്യത്തിൽ ആശാരി തന്റെ പണി സഞ്ചിയിൽ നിന്നും വീതുളി എടുത്തു ഗുണ്ട യെ കുത്തി…വലിയ ഒരു ഗുണ്ട യാണ് തന്റെ കുത്തേറ്റ് പിടഞ്ഞു വീണത് എന്ന് ആ പാവം ആശാരി അറിഞ്ഞത് പിന്നീട് ആണ്, ആശാരി എവിടേക്കോ ഓടി പോയി”..
ഈ നടന്ന സംഭവത്തിൽ നിന്നാണ് ലോഹിദാസ് ഇത്രയും മനോഹരമായ ഒരു സിനിമ മലയാള സിനിമയ്ക്ക് സമ്മാനിച്ചത്…

1989 ജൂലൈ 7 ന് കൊടുങ്ങല്ലൂർ ശ്രീകാളീശ്വരി തിയേറ്ററിൽ നിന്നും ഫസ്റ്റ് ഷോ കണ്ടതാണ് ഞാൻ കിരീടം…തൃശ്ശൂർ ജില്ലയിൽ കൊടുങ്ങല്ലൂർ എന്ന റിലീസ് സെന്ററിൽ മാത്രമേ കിരീടം റിലീസ് ഉണ്ടായിരുന്നുള്ളു, ഒരുപക്ഷെ ഇങ്ങനെ റിലീസ് ചെയ്ത ആദ്യ സിനിമ കൂടിയായിരിക്കാം കിരീടം.. സേതുമാധവന്റെ സ്വപ്നങ്ങളുടെയും പ്രതീക്ഷകളുടെയും പതനം കണ്ട് വിങ്ങുന്ന മനസോടെയാണ് അന്ന് 9ആം ക്ലാസ്ക്കാരനായ ഞാൻ തിയേറ്റർ നിന്നും ഇറങ്ങിയത്…1989-90 കാലഘട്ടം വരെ ഭൂരിഭാഗം ബ്ലോക്ബസ്റ്റർ സിനിമകൾക്കും തിരുവനന്തപുരം, എറണാകുളം, കോട്ടയം, തൃശ്ശൂർ, കോഴിക്കോട്, പാലക്കാട് തുടങ്ങിയ എ ക്ലാസ് കേന്ദ്രങ്ങളിൽ മാത്രമാണ് ആണ് 50 ദിവസം റൺ കിട്ടിയിരുന്നത്…മറ്റു എ ക്ലാസ് കേന്ദ്രങ്ങളിൽ കിട്ടിയിരുന്ന പരാമവധി റൺ 35 ദിവസങ്ങൾ ആയിരുന്നു…എന്നാൽ കിരീടം കൊടുങ്ങല്ലൂർ ശ്രീകാളീശ്വരി തിയേറ്ററിൽ 50 ദിവസങ്ങളാണ് പ്രദർശിപ്പിച്ചത്, അതും റെഗുലർ ഷോയിൽ…വൈശാലിക്കും ചിത്രത്തിനും നാടുവാഴികൾക്കും ശേഷം കൊടുങ്ങല്ലൂരിൽ 50 ദിവസങ്ങൾ പ്രദർശിപ്പിച്ച സിനിമ കിരീടമാണ്…1989 ൽ ഏറ്റവും വിജയം നേടിയ സിനിമകളിൽ ഒന്നാണ് കിരീടം…

1989 ലെ നാഷണൽ അവാർഡ് കമ്മിറ്റി ജൂറി ചെയർമാന്റെ വ്യക്തിതാല്പ്പര്യവും പിടിവാശിയും കാസ്റ്റിങ്ങ് വോട്ടും ഒക്കെ കാരണം മികച്ച നടനുള്ള അവാർഡ് അക്കൊല്ലവും മോഹൻലാലിൽ നിന്നും വഴുതി പോയി…പകരം സ്പെഷ്യൽ ജൂറി അവാർഡ് കൊടുത്തു കിരീടത്തിലെ പെർഫോമൻസിന്…കൂടാതെ വരവേൽപ്പ്, ദശരഥം തുടങ്ങിയ സിനിമകളിലെ മികച്ച പ്രകടനം ഉൾപ്പെടുത്തിയതുമില്ല അവാർഡ് ജൂറി..1988 ലും 1989 ലും കപ്പിനും ചുണ്ടിനും ഇടയിലാണ് മോഹൻലാലിന് സ്റ്റേറ്റ് അവാർഡും നാഷണൽ അവാർഡും നഷ്ടമായത്….

മോഹൻലാൽ,തിലകൻ എന്നിവരുടെ വിസ്മയിപ്പിക്കുന്ന പ്രകടനത്തോടൊപ്പം എടുത്ത് പറയേണ്ടതാണ് കവിയൂർ പൊന്നമ്മ, മോഹൻരാജ്, ജഗതി, ശ്രീനാഥ്, കൊച്ചിൻ ഹനീഫ തുടങ്ങിയവരുടെ പ്രകടനങ്ങളും…
ഇതിൽ മോഹൻരാജ്, സ്വന്തം പേരിന് പകരം കഥാപാത്രത്തിന്റെ പേരിൽ അറിയപ്പെടുന്ന അപൂർവ്വം നടന്മാരിൽ ഒരാളായി മാറി…..
എസ്.കുമാറിന്റെ ഛായാഗ്രഹണവും ജോൺസൺ മാഷിന്റെ സംഗീതവും, ബാഷയുടെ സംഘട്ടനവും കീരീടം എന്ന സിനിമയെ മനോഹരമാക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചു… ഇന്നും കണ്ണീർപൂവിന്റെ എന്ന പാട്ടും അതിലെ രംഗങ്ങളും ഒരു നൊമ്പരമാണ്….കിരീടത്തിലെ മോഹൻലാലിന്റെയും തിലകന്റെയും അഭിനയം ക്യാമറ കണ്ണിലൂടെ ആദ്യം കണ്ട, അവയെല്ലാം ഒപ്പിയെടുത്ത എസ്.കുമാർ ഒക്കെയാണ് ശരിക്കും ഭാഗ്യമുള്ള ക്യാമറമാൻ….

31 വർഷങ്ങൾക്കിപ്പുറവും സേതുമാധവനും അച്ചുതൻനായരും ദേവിയും പിന്നെ സേതുവിന്റെ സ്വപ്നങ്ങൾ തല്ലി തകർത്ത ആ തെരുവും മനസിന്റെ ഒരു വിങ്ങലായി നിലനില്ക്കുന്നു…..
മോഹൻലാൽ എന്ന നടന്റെ ഏറ്റവും മികച്ച സിനിമയും ഏറ്റവും മികച്ച പെർഫോമൻസും ഏതെന്ന് ചോദിച്ചാൽ അതിൽ ആദ്യത്തെ 5 ൽ കിരീടം ഉണ്ടാകും….സേതുവിലൂടെ, മോഹൻലാലിലൂടെ കടന്ന് പോകാത്ത ഭാവങ്ങളില്ല എന്ന് തന്നെ പറയാം…

കിരീടം എന്ന എക്കാലത്തെയും മികച്ച സിനിമ മലയാള സിനിമയ്ക്ക് സമ്മാനിച്ച തിരക്കഥാകൃത്ത് ലോഹിതദാസ്, സംവിധായകൻ സിബി മലയിൽ, നിർമ്മാതാക്കളായ ഉണ്ണി, ദിനേശ് പണിക്കർ പിന്നെ സേതുമാധവനായി നിറഞ്ഞാടിയ മോഹൻലാൽ.. കിരീടം ചൂടിയ 31 വർഷങ്ങൾ

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.