Editorial

എഎംഎംഎയിലെ ജീവച്ഛവങ്ങള്‍

ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ എഎംഎംഎ നിര്‍മിച്ച സിനിമയാണ്‌ താരനിബിഡമായ `ട്വന്റി ട്വന്റി’. ജോഷി സംവിധാനം ചെയ്‌ത ഈ ചിത്രത്തില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ്‌ ഗോപി, ദിലീപ്‌ തുടങ്ങിയ സൂപ്പര്‍താരങ്ങളെല്ലാം അണിനിരന്നിരുന്നു. ചിത്രം നിര്‍മിച്ചത്‌ എഎംഎംഎക്കു വേണ്ടി ദിലീപായിരുന്നെങ്കിലും താരങ്ങളെയെല്ലാം ഒരു സിനിമക്കു കീഴില്‍ അണിനിരത്തുക എന്ന ഭാരിച്ച ജോലി ചെയ്‌തത്‌ താനാണെന്നാണ്‌ സംഘടനയുടെ ഇപ്പോഴത്തെ ജനറല്‍ സെക്രട്ടറിയായ ഇടവേള ബാബു അവകാശപ്പെട്ടിരുന്നത്‌. എഎംഎംഎ നിര്‍മിക്കുന്ന പുതിയ ചിത്രത്തില്‍ ദിലീപ്‌ പ്രതിയായ പീഡന കേസിലെ ഇരയെ അഭിനയിപ്പിക്കുമോ എന്ന ചോദ്യത്തിന്‌ ഒരു അഭിമുഖത്തില്‍ ഇടവേള ബാബു നല്‍കിയ മറുപടിയാണ്‌ പുതിയ വിവാദത്തിനും നടി പാര്‍വതിയുടെ എഎംഎംഎയില്‍ നിന്നുള്ള രാജിക്കും വഴിയൊരുക്കിയിരിക്കുന്നത്‌.

`ട്വന്റി ട്വന്റി’ എന്ന ചിത്രത്തില്‍ അശ്വതി നമ്പ്യാര്‍ എന്ന കോളജ്‌ വിദ്യാര്‍ത്ഥിനിയുടെ കഥാപാത്രത്തെയാണ്‌ പീഡനത്തിന്‌ ഇരയായ നടി അവതരിപ്പിച്ചത്‌. സിനിമയില്‍ ബലാത്സംഗത്തിന്‌ ഇരയായി ജീവച്ഛവമായി മാറുകയാണ്‌ ദിലീപ്‌ അവതരിപ്പിച്ച കഥാപാത്രത്തിന്റെ കാമുകിയായ അശ്വതി നമ്പ്യാര്‍. ഏതാണ്ട്‌ സമാനമായ അനുഭവമാണ്‌ പില്‍ക്കാലത്ത്‌ ഈ നടിക്ക്‌ നേരിടേണ്ടി വന്നത്‌. നടിയെ ബലാത്സംഗം ചെയ്യാന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന ആരോപണം നേരിടുന്നത്‌ ആ സിനിമയിലെ നടിയുടെ നായകനായിരുന്ന ദിലീപാണ്‌ എന്നതാണ്‌ വിചിത്രം. ഈ ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ച്‌ ചോദിച്ചപ്പോഴാണ്‌ `മരിച്ചയാള്‍ക്ക്‌ ഇനിയെന്ത്‌ റോള്‍’ എന്ന്‌ എഎംഎംഎ സെക്രട്ടറി പറഞ്ഞത്‌.

യഥാര്‍ത്ഥത്തില്‍ `ട്വന്റി ട്വന്റി’ എന്ന ചിത്രത്തില്‍ അശ്വതി നമ്പ്യാര്‍ എന്ന കഥാപാത്രം മരിക്കുന്നില്ല. ബലാത്സംഗത്തിന്‌ ഇരയായി മൃതപ്രായയായ അവരെ ജീവിതത്തിലേക്ക്‌ തിരിച്ചുകൊണ്ടു വരാന്‍ എല്ലാ ശ്രമവും നടത്തുകയാണ്‌ മമ്മൂട്ടി അവതരിപ്പിക്കുന്ന ജ്യേഷ്‌ഠസഹോദരന്റെ കഥാപാത്രം. അതുകൊണ്ടുതന്നെ രണ്ടാം ഭാഗത്തില്‍ ദുരന്തങ്ങളെ അതിജീവിച്ച്‌ തിരികെയെത്തുന്ന കഥാപാത്രമായി അവതരിപ്പിക്കപ്പെടാനുള്ള സാധ്യതയുണ്ട്‌. പക്ഷേ ഇടവേള ബാബു എന്ന എഎംഎംഎ സെക്രട്ടറിക്ക്‌ ആ കഥാപാത്രം മരിച്ചു കഴിഞ്ഞു. ആ കഥാപാത്രത്തെ അവതരിപ്പിച്ച നടി മരിച്ചതിന്‌ തുല്യവും. അതൊരു നാക്ക്‌പിഴയോ മറവിയോ അല്ല. അത്‌ അയാളുടെ മനോഭാവത്തിന്റെ പ്രതിഫലനമാണ്‌. എഎംഎംഎയില്‍ ഇപ്പോള്‍ അംഗമല്ലാത്ത നടിയെ, കരുത്തനായ പ്രതിക്കെതിരെ നീതിക്ക്‌ വേണ്ടി നിയമത്തിന്റെ വഴിയേ പോരാടുന്ന പീഡന കേസിലെ ഇരയെ അയാള്‍ എങ്ങനെയാണ്‌ കാണുന്നതെന്ന്‌ വ്യക്തമാക്കുകയാണ്‌ ആ വാക്കുകള്‍. അത്‌ എഎംഎംഎ ജനറല്‍ സെക്രട്ടറിയായ അയാളുടെ വ്യക്തിപരമായ നിലപാടല്ല. എഎംഎംഎ എന്ന സംഘടനയുടെ നിലപാട്‌ കൂടിയാണ്‌.

എഎംഎംഎയിലും സിനിമാ മേഖലയിലും സര്‍വ സ്വാധീനവുമുള്ള നടന്‍ നല്‍കിയ ക്വട്ടേഷന്‍ ഏറ്റെടുത്താണ്‌ താന്‍ നടിയെ തട്ടികൊണ്ടുപോയതെന്നാണ്‌ കേസിലെ ഒന്നാം പ്രതിയുടെ മൊഴി. ഗുണ്ടകള്‍ നടിയോട്‌ ചെയ്‌തതിനേക്കാള്‍ വലിയ പരാക്രമവും പീഡനവുമാണ്‌ വാക്കുകള്‍ കൊണ്ടും നിലപാടുകള്‍ കൊണ്ടും പിന്നീട്‌ ആ സംഘടനയില്‍ ഉള്‍പ്പെട്ട വിവിധ അംഗങ്ങള്‍ പലപ്പോഴായി കാണിച്ചത്‌. തിരശീലയിലെ വെള്ളിനക്ഷത്രങ്ങള്‍ ആ നടിയോടുള്ള പീഡനം തുടര്‍ന്നു. `ഇര’ എന്ന പ്രയോഗത്തെ പോലും പരിഹസിച്ചും ദിലീപിന്‌ പരസ്യമായ പിന്തുണ പ്രഖ്യാപിച്ചും നടിക്ക്‌ ആ പിന്തുണ ഒരിക്കലും നല്‍കാതെയും നടിയുടെ വെളിപ്പെടുത്തലുകളിലെ സത്യസന്ധതയെ ചോദ്യം ചെയ്‌തും അവര്‍ വാക്കുകള്‍ കൊണ്ടുള്ള ബലാത്സംഗം തുടര്‍ന്നു. തങ്ങള്‍ക്കൊപ്പം ഏറെ കാലമായി പ്രവര്‍ത്തിച്ചുവരുന്ന ഒരു നടിക്ക്‌ മാനുഷിക പരിഗണന പോലും കൊടുക്കാന്‍ തയാറാകാതെ അവര്‍ വെള്ളിത്തിരക്കു പിന്നിലുള്ള തങ്ങളുടെ യഥാര്‍ത്ഥ സ്വരൂപം വെളിപ്പെടുത്തി. കേസിലെ പ്രതിയായ നടനെ സംരക്ഷിക്കാനായി കോടതിയില്‍ മൊഴികള്‍ മാറ്റി, വാക്കുകള്‍ക്ക്‌ യാതൊരു വിലയും കല്‍പ്പിക്കാത്ത, നീതിയോട്‌ പുറംതിരിഞ്ഞുനില്‍ക്കുന്ന അധാര്‍മികതയുടെ ആള്‍രൂപങ്ങളാണ്‌ തങ്ങളെന്ന്‌ തെളിയിച്ചു.

ഇടവേള ബാബുവിനും എഎംഎംഎക്കും ഇരയായ നടി ജീവച്ഛവമോ മരിച്ചതിന്‌ തുല്യമോ ആയിരിക്കാം. പക്ഷേ ആ നടി ഇനിമേല്‍ സിനിമയില്‍ നിന്ന്‌ ഉപരോധിക്കപ്പെട്ടാല്‍ പോലും നീതിക്ക്‌ വേണ്ടി പോരാടുന്ന ജീവസ്സുറ്റ താരമായി ജീവിതത്തില്‍ തുടരും. നീതിയുടെയും ധാര്‍മികതയുടെയും കണ്ണില്‍ യഥാര്‍ത്ഥത്തില്‍ മൃതപ്രായരായി മാറിയിരിക്കുന്നത്‌ എഎംഎംഎ സെക്രട്ടറിയും അതിലെ പ്രമുഖരുമൊക്കെയാണ്‌. സിനിമയില്‍ താരങ്ങളും ജീവിതത്തില്‍ മാനുഷികത തൊട്ടുതീണ്ടിയിട്ടില്ലാത്ത ജീവച്ഛവങ്ങളുമായ കുറെ ആളുകളുടെ കൂട്ടമാണ്‌ എഎംഎംഎ എന്ന്‌ പറയാന്‍ പ്രേരിപ്പിക്കുന്നത്‌ ആ സംഘടനയുടെ വക്താക്കളുടെ വാക്കുകളും പ്രവൃത്തികളും തന്നെയാണ്‌.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

1 month ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

1 month ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.