Kerala

ഇടിയുന്ന നികുതി വരുമാനവും, ഉയരുന്ന ചെലവും

കെ.പി. സേതുനാഥ്

കേരളത്തിന്റെ സാമ്പത്തിക മേഖല അഭിമുഖീകരിക്കുന്ന കടുത്ത പ്രതിസന്ധിയുടെ ആഴങ്ങള്‍ വ്യക്തമാക്കുന്നതാണ് 2020 ഏപ്രില്‍-ജൂലൈ കാലയളവിലെ സംസ്ഥാനത്തിന്റെ വരവു-ചെലവ് കണക്കുകളില്‍ തെളിയുന്ന അന്തരങ്ങള്‍. കോവിഡ്-19-നു മുമ്പുതന്നെ തുടങ്ങിയെങ്കിലും മഹാമാരിയുടെ വ്യാപനത്തോടെ തീവ്രമായ സാമ്പത്തിക ഞെരുക്കം ഒരു മയവുമില്ലാതെ തുടരുന്നുവെന്ന് നികുതി-നികുതിയേതര വരുമാനത്തില്‍ സംഭവിച്ച വലിയ ഇടിവും കുത്തനെ ഉയരുന്ന ചെലവുകളും വെളിപ്പെടുത്തുന്നു. 2019 ഏപ്രില്‍ -ജൂലൈ കാലയളവിനെ അപേക്ഷിച്ച് സംസ്ഥാനത്തിന്റെ വരുമാനം ഇക്കൊല്ലം 15.6 ശതമാനം ഇടിഞ്ഞപ്പോള്‍ ചെലവ് 7.6 ശതമാനം ഉയര്‍ന്നു. ചെലവിന്റെ ഇരട്ടിയിലധികം വരുമാനം കുറഞ്ഞു എന്നു സാരം. സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്റ് ടാക്സേഷന്‍ (ഗിഫ്റ്റ്) പ്രസിദ്ധീകരിക്കുന്ന ‘കേരള എക്കോണമി’-യുടെ ഒക്ടോബര്‍ ലക്കത്തല്‍ ആര്‍.കെ. സിംഗും, എല്‍. അനിത കുമാരിയും തയ്യാറാക്കിയ പഠനത്തിലാണ് ഈ വിവരങ്ങള്‍ അടങ്ങിയിട്ടുള്ളത്.

നികുതിയേതര വരുമാനത്തില്‍ ഭീമമായ വീഴ്ച സംസ്ഥാനം നേരിടുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 79.3 ശതമാനം ഇടിവാണ് നികുതിയേതര വരുമാനത്തില്‍ രേഖപ്പെടുത്തിയിട്ടുളളത്. 2019 ഏപ്രില്‍-ജൂലൈ കാലയളവില്‍ സംസ്ഥാനത്തിന്റെ നികുതിയേതര വരുമാനം 2,808.3 കോടി രൂപയായിരുന്നുവെങ്കില്‍ 2020-ലെ അതേ കാലയളവില്‍ അത് 581.8 കോടി രൂപ മാത്രമായിരുന്നു. ലോട്ടറി വരുമാനത്തിലുണ്ടായ കുറവാണ് ഇത്രയും വലിയ ഇടിവിനുള്ള കാരണമെന്നാണ് അനുമാനം. 15-ാം ധനകാര്യ കമീഷന്റെ ശുപാര്‍ശ അനുസരിച്ച് റവന്യൂ കമ്മി നേരിടുന്നതിന് കേന്ദ്രം നല്‍കുവാന്‍ ബാധ്യസ്ഥമായ ഗ്രാന്റ് നികുതിയേതര വരുമാനത്തിന്റെ പട്ടികയില്‍ വരുന്നതിന്റെ ആശ്വാസം ഒഴിവാക്കിയാല്‍ സ്ഥിതി പരിതാപകരമാണ്. ചരക്കു സേവന നികുതി (ജിഎസ്ടി), മറ്റു വാണിജ്യ നികുതികള്‍, റജിസ്ട്രേഷന്‍ ഫീസ്, എക്സൈസ് വരുമാനം, കേന്ദ്രത്തില്‍ നിന്നുള്ള നികുതി വിഹിതം തുടങ്ങിയ പ്രധാന വരുമാന ശ്രോതസ്സുകളുടെ മേഖലയിലെല്ലാം 18 മുതള്‍ 46 ശതമാനം വരെ കുറവാണ് കോവിഡ് കാലഘട്ടം രേഖപ്പെടുത്തിയിട്ടുളളത്.

മൊത്തം കണക്കിലെടുക്കുകയാണെങ്കില്‍ 7,168.7 കോടി രൂപയുടെ (37.3 ശതമാനം) കുറവാണ് ഈ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ നാലു മാസങ്ങളില്‍ നികുതി വരുമാനത്തിന്റെ കാര്യത്തില്‍ സംസ്ഥാനം നേരിട്ടത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍-ജൂലൈ കാലയളവില്‍ ലഭിച്ച 19,240.4 കോടി രൂപക്കു പകരം ഈ വര്‍ഷം അതേ കാലയളവില്‍ ലഭിച്ച മൊത്തം നികുതി വരുമാനം 12,071.8 കോടി രൂപ മാത്രമായിരുന്നു. അതേ സമയം സംസ്ഥാനത്തിന്റെ മൊത്തം ചെലവ് 2020 ഏപ്രില്‍-ജൂലൈ കാലയളവില്‍ 40,774.3 കോടി രുപയായി ഉയര്‍ന്നു. കഴിഞ്ഞ കൊല്ലം ഇതേ കാലയളവില്‍ അത് 37,920.8 കോടി രൂപ മാത്രമായിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ മേഖലയിലും, സാമൂഹ്യ സുരക്ഷ രംഗത്തും നടപ്പിലാക്കിയ ക്ഷേമപദ്ധതികളും സൗജന്യ റേഷനുമെല്ലാം സര്‍ക്കാരിന്റെ ചെലവ് ഗണ്യമായി ഉയര്‍ത്തിയെന്ന കാര്യത്തില്‍ തര്‍ക്കമില്ല. വരുമാനം കുത്തനെ ഇടിയുകയും, ചെലവുകള്‍ ഉയരുകയും ചെയ്യുന്ന പ്രവണത ഈ വിധത്തില്‍ തുടരുന്നപക്ഷം ഇപ്പറഞ്ഞ പദ്ധതികള്‍ക്ക് പണം കണ്ടെത്താന്‍ സര്‍ക്കാരിന്റെ മുമ്പിലെ സാധ്യതകള്‍ വിരളമാണ്.

സര്‍ക്കാരിന്റെ ഖജനാവിലുണ്ടാവുന്ന കമ്മിയും മിച്ചവും എന്നതിനപ്പുറം ഈ കണക്കുകള്‍ നല്‍കുന്ന സൂചനകള്‍ എന്താണ്. നികുതി വരുമാനത്തിലെ കുറവ് ഉല്‍പ്പന്ന-സേവന മേഖലകളിലെ ക്രയവിക്രയങ്ങളില്‍ സംഭവിച്ച കുറവിന്റെ നാന്ദിയായി വിലയിരുത്തുകയാണെങ്കില്‍ പ്രസ്തുത മേഖലകളില്‍ വ്യാപരിച്ചിരുന്ന ജനങ്ങളുടെ വരുമാനത്തില്‍ സംഭവിച്ച ഏറ്റക്കുറച്ചിലുകളുടെ പ്രതിഫലനം കൂടിയായി ഈ കണക്കുകളെ കാണേണ്ടി വരും. കേരളത്തിലെ ജിഎസ്ടി വരുമാനത്തിന്റെ വ്യത്യസ്ത ഉല്‍പ്പന്ന-സേവന മേഖലകളെ പറ്റി കേരള എക്കോണമി-യുടെ ഇതേ ലക്കത്തില്‍ തന്നെ മറ്റൊരു പഠനത്തില്‍ ആനന്ദ് സിംഗും, എന്‍. രാമലിംഗവും വെളിപ്പെടുത്തുന്ന കണക്കുകള്‍ ഈ വസ്തുത കൂടുതല്‍ നന്നായി മനസ്സിലാക്കുവാന്‍ സഹായിക്കുന്നതാണ്. കേരളത്തിന്റെ ജിഎസ്ടി വരുമാനത്തിന്റെ 82-ശതമാനവും ഉല്‍പ്പന്നങ്ങളില്‍ (ഗുഡ്സ്) നിന്നാണെന്നു പ്രസ്തുത പഠനം ചൂണ്ടിക്കാട്ടുന്നു. അതില്‍ തന്നെ 50 ശതമാനത്തോളം മൂന്നു ഗ്രൂപ്പുകളില്‍ പെടുന്ന ഉല്‍പ്പന്നങ്ങളുടെ സംഭാവനയാണ്.

കെട്ടിടനിര്‍മാണ സാമഗ്രികള്‍, മോട്ടോര്‍ വാഹനങ്ങള്‍, ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ് ഉല്‍പന്നങ്ങള്‍ എന്നിവയാണ് പ്രസ്തുത മൂന്നു ഗ്രൂപ്പുകള്‍. മഹാമാരിയുടെ വ്യാപനത്തിനു ശേഷമുള്ള ആറു മാസത്തെ ജിഎസ്ടി വരുമാനത്തെ അടിസ്ഥാനമാക്കിയുള്ള അവരുടെ വിശകലനമനുസരിച്ച് നികുതി വരുമാനത്തില്‍ 50-മുതല്‍ 68-ശതമാനം വരെ കുറവ് രേഖപ്പെടുത്തിയ ഉല്‍പ്പന്നങ്ങള്‍ ഉണ്ടെന്നാണ്. നാലു പ്രധാന ഉല്‍പന്ന ഗ്രൂപ്പുകളില്‍ ജിഎസ്ടി വരുമാനം 51 മുതല്‍ 68 ശതമാനം വരെ കുറഞ്ഞതായി പഠനം ചൂണ്ടിക്കാട്ടുന്നു. മോട്ടോര്‍ വാഹനങ്ങള്‍ 51 ശതമാനം, തുണിത്തരങ്ങള്‍ 68 ശതമാനം, പാദരക്ഷകള്‍ 66 ശതമാനം, ഗൃഹോപകരണ സാമഗ്രികള്‍ 53 ശതമാനം കുറവു വീതമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പഠനത്തിനായി തരം തിരിക്കപ്പെട്ട 16 ഉല്‍പ്പന്ന ഗ്രൂപ്പുകളിലും, 12 സേവന ഗ്രൂപ്പുകളിലും ജിഎസ്ടി വരുമാനം ഗണ്യമായി കുറഞ്ഞു. ഉല്‍പ്പന്ന ഗ്രൂപ്പുകളില്‍ ശരാശരി 38-ശതമാനം കുറവ് ദൃശ്യമാണെങ്കില്‍ സേവന ഗ്രൂപ്പുകളില്‍ കുറവ് ശരാശരി 37-ശതമാനമായിരുന്നു. ജിഎസ്ടി വരുമാനത്തിലുണ്ടായ നഷ്ടം മൊത്തം ജനജീവിതത്തില്‍ ഉണ്ടായ സാമ്പത്തിക ഞെരുക്കത്തിന്റെ പ്രതിഫലനം കൂടിയാണെന്നു തിരിച്ചറിയുമ്പോഴാണ് കേരളം അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടെ ആഴം ബോധ്യമാവുക.

നികുതി വരുമാനത്തില്‍ സംഭവിച്ച ശരാശരി 37-38 ശതമാനം കുറവ് ഈ ബിസിനസ്സുകളുമായി ബന്ധപ്പെട്ട ക്രയവിക്രയങ്ങളുടെ തോതിലുണ്ടായ കുറവിന്റെ പ്രതിഫലനമായി കണക്കാക്കുകയാണെങ്കില്‍ അവയില്‍ ഏര്‍പ്പെട്ടിരിക്കുന്ന വ്യക്തികളുടെ സാമ്പത്തിക സ്ഥിതി എന്താവും. കച്ചവടത്തില്‍ സംഭവിച്ച 37-38 ശതമാനം ഇടിവ് അവരില്‍ എത്രപേര്‍ക്ക് അതിജീവിക്കാനാവും? ജിഡിപി-വളര്‍ച്ചയുടെ കണക്കുകളില്‍ ഇടം ലഭിക്കാതെ പോവുന്ന ഇത്തരം ചോദ്യങ്ങളെ അഭിമുഖീകരിക്കുമ്പോഴാണ് നമ്മുടെ സാമ്പത്തിക മേഖലയുടെ യഥാര്‍ത്ഥത്തിലുള്ള ശക്തിയും, ദൗര്‍ബല്യങ്ങളും വെളിപ്പെടുക. സ്വര്‍ണ്ണക്കടത്തിന്റെ നിഗൂഢ രഹസ്യങ്ങളില്‍ മാത്രം വ്യാപൃതരായ പ്രതിപക്ഷവും, മുഖ്യധാരയിലെ മാധ്യമങ്ങളും തിരിച്ചറിയാതെ പോവുന്നതും ഈ യാഥാര്‍ത്ഥ്യമാണ്.
.

 

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

1 week ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

1 week ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

1 week ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

1 week ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

1 week ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

1 week ago

This website uses cookies.