തിരുവനന്തപുരം: കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട ആശങ്കകളും സംശയങ്ങളും ദുരീകരിക്കുന്നതിനായി അടിയന്തിരമായി സര്‍വ്വ കക്ഷി യോഗം വിളിച്ച് ചേര്‍ക്കണമെന്നും അതുവരെ പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്കണമെന്നുമാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. കേന്ദ്ര ധനകാര്യമന്ത്രാലയം ഉപേക്ഷിച്ച കെ.റെയില്‍ പദ്ധതി (സില്‍വര്‍ലൈന്‍ പദ്ധതി) യുമായി സംസ്ഥാനസര്‍ക്കാര്‍ മുന്നോട്ട് നീങ്ങുന്നത് അഴിമതിക്കും, റിയല്‍ എസ്റ്റേറ്റ് കുംഭകോണത്തിനും വേണ്ടിയാണെന്ന സംശയം ബലപ്പെടുകയാണ്. കെ.ഫോണ്‍, ഇ-മൊബിലിറ്റി, ബ്രൂവറി- ഡിസ്റ്റിലറി, സ്പ്രിംഗ്ളര്‍ ഡാറ്റാ കച്ചവടം- പമ്പാ മണല്‍കടത്ത് തുടങ്ങിയ പദ്ധതികളുമായി ബന്ധപ്പെട്ട് ഉയര്‍ന്നിട്ടുള്ള ക്രമക്കേടുകളും, ആരോപണങ്ങളും ഈ പദ്ധതിയെക്കുറിച്ചും കൂടുതല്‍ സംശയങ്ങള്‍ ജനിപ്പിക്കുന്നെന്നും രമേശ് ചെന്നിത്തല കത്തില്‍ സൂചിപ്പിക്കുന്നു.
ഈ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ലെന്ന് മാത്രമല്ല, കേന്ദ്ര ധനകാര്യ മന്ത്രാലയം ഈ പദ്ധതി നിരാകരിക്കുകയും ചെയ്തതാണ്. മാത്രമല്ല ഈ പദ്ധതിയുമായി ബന്ധപ്പെട്ട് പാരിസ്ഥിക ആഘാത പഠനങ്ങളോ സാമൂഹിക ആഘാത പഠനങ്ങളോ നടത്തിയിട്ടുമില്ല. കേന്ദ്രം അനുമതി നിഷേധിച്ചിട്ടും ഭൂമി ഏറ്റെടുക്കല്‍ നടപടിയുമായി മുന്നോട്ട് പോകരുതെന്ന് റവന്യൂ വകുപ്പ് ആവശ്യപ്പെട്ടിട്ടും അതിനെയെല്ലാം കാറ്റില്‍ പറത്തി ഭൂമിയേറ്റെടുക്കല്‍ നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത് തന്നെ റിയല്‍ എസ്റ്റേറ്റ് കുംഭകോണം ലക്ഷ്യമിട്ടാണെന്ന ആരോപണവും ഉയര്‍ന്നുവരുന്നുണ്ടെന്നും രമേശ് ചെന്നിത്തല കത്തില്‍ സൂചിപ്പിക്കുന്നുണ്ട്. ഇതിന്റെയൊക്കെ പശ്ചാത്തലത്തിലാണ് ഉടന്‍ ഒരു സര്‍വ്വ കക്ഷിയോഗം വിളിച്ച് കെ റെയിലുമായി ബന്ധപ്പെട്ട ആശങ്കകളെല്ലാം പരിഹരിക്കണമെന്നും അതിന് ശേഷമേ ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ കൈക്കൊള്ളാവൂ എന്നും രമേശ് ചെന്നിത്തല കത്തിലൂടെ ആവശ്യപ്പെടുന്നത്.
കത്തിന്റെപൂര്‍ണ്ണ രൂപം:
കേന്ദ്ര ധനകാര്യമന്ത്രാലയം ഉപേക്ഷിച്ച കെ.റെയില്‍ പദ്ധതി (സില്‍വര്‍ലൈന്‍ പദ്ധതി) യുമായി സംസ്ഥാനസര്‍ക്കാര്‍ മുന്നോട്ട് നീങ്ങുന്നത് അഴിമതിക്കും, റിയല്‍ എസ്റ്റേറ്റ് കുംഭകോണത്തിനും വേണ്ടിയാണെന്ന സംശയം ബലപ്പെടുകയാണ്. കെ.ഫോണ്‍, ഇ-മൊബിലിറ്റി, ബ്രൂവറി- ഡിസ്റ്റിലറി, സ്പ്രിംഗ്ളര്‍ ഡാറ്റാ കച്ചവടം- പമ്പാ മണല്‍കടത്ത് തുടങ്ങിയ പദ്ധതികളുമായി ബന്ധപ്പെട്ട് ഉയര്‍ന്നിട്ടുള്ള ക്രമക്കേടുകളും, ആരോപണങ്ങളും ഈ പദ്ധതിയെക്കുറിച്ചും കൂടുതല്‍ സംശയങ്ങള്‍ ജനിപ്പിക്കുന്നു.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ മുന്നോട്ട് വച്ചിരുന്ന ബുള്ളറ്റ് ട്രെയിന്‍ എന്ന ആശയത്തെ അട്ടിമറിച്ചാണ് പുതിയ പ്രോജക്ടിന് എല്‍ഡിഎഫ് സര്‍ക്കാര്‍ രൂപം നല്‍കിയതെന്ന ആക്ഷേപമുണ്ട്. ഇ.ശ്രീധരന്റെ നേതൃത്വത്തില്‍ ഡി.എം.ആര്‍.സി യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വിശദമായ പ്രോജക്ട് റിപ്പോര്‍ട്ടും തയ്യാറാക്കിയിരുന്നതാണ്. എന്നാല്‍ അത് അവഗണിച്ചാണ് പുതിയ പദ്ധതിയുമായി എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്.
ഈ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ലെന്ന് മാത്രമല്ല, കേന്ദ്ര ധനകാര്യ മന്ത്രാലയം ഈ പദ്ധതി നിരാകരിക്കുകയും ചെയ്തതാണ്. സംസ്ഥാനത്ത് ഈ പദ്ധതിയുമായി ബന്ധപ്പെട്ട് പാരിസ്ഥിതികാഘാതപഠനമോ, സാമൂഹ്യാഘാത പഠനമോ നടത്തിയിട്ടില്ല. ഇതിനാവശ്യമായ ധനസ്രോതസ്സ് എവിടെ നിന്ന് കണ്ടെത്താനാകുമെന്ന കാര്യത്തിലും അവ്യക്തയുണ്ട്. ഗതാഗത പ്രിന്‍സിപ്പല്‍ സെക്രട്ടറി ജ്യോതിലാല്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍തന്നെ ഈ പദ്ധതിക്ക് കേന്ദ്ര അനുമതിയൊന്നും ലഭിച്ചിട്ടില്ലെന്നും കേന്ദ്ര ധനകാര്യമന്ത്രാലയം ഉപേക്ഷിച്ച പദ്ധതിയാണെന്നും വ്യക്തമാക്കുന്നുണ്ട്. നീതി ആയോഗ്, റവന്യൂ വകുപ്പ്, കേന്ദ്ര ധനകാര്യ മന്ത്രാലയം എന്നിയുടെ എതിര്‍പ്പ് മറികടന്ന് ഔട്ട് സോര്‍സിംഗ് സമ്പ്രദായത്തില്‍ ഭൂമി ഏറ്റെടുക്കല്‍ നടപടി ഉടന്‍ ആരംഭിക്കാന്‍ 20.11.2020 ന് ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗ തീരുമാനം തന്നെ പദ്ധതിയുടെ മറവില്‍ നടക്കുന്ന ക്രമക്കേടുകളുടെ വ്യക്തമായ സൂചനയാണ്.
മാത്രമല്ല പ്രസ്തുത മീറ്റിംഗില്‍ വളരെ വിചിത്രമായ തീരുമാനങ്ങളാണ് കൈക്കൊണ്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ഫയല്‍ ഇപ്പോള്‍ താങ്കളുടെ പരിഗണയിലുണ്ടെന്നാണ് മനസ്സിലാകുന്നത്.
കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ സ്‌ക്രീനിംഗ് കമ്മിറ്റി 2020 ആഗസ്റ്റ് 18 ന് ഈ പദ്ധതി വിശദമായി വിലയിരുത്തിയ ശേഷം ഉപേക്ഷിച്ചു എന്നതാണ് വസ്തുത. ഈ പദ്ധതി ഉപേക്ഷിക്കുകയാണെന്ന് അറിയിച്ചുകൊണ്ട് 2020 സെപ്തംബര്‍ 3 ന് കേന്ദ്ര ധനകാര്യ വകുപ്പ് അണ്ടര്‍ സെക്രട്ടറി ബുദ്ധദേവ് തുടു സംസ്ഥാന സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. ആ നിലയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ ഉപേക്ഷിച്ച പദ്ധതിയുമായി സംസ്ഥാന സര്‍ക്കാരിന് എങ്ങിനെ മുന്നോട്ടു പോകാനാകും? ഈ പദ്ധതിക്ക് കേന്ദ്ര റെയില്‍വേ ബോര്‍ഡിന്റെയോ കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്റെയോ അംഗീകാരം ഇതുവരെ ലഭിച്ചിട്ടില്ല. കേന്ദ്ര റെയില്‍വേ മന്ത്രാലയം stand – alone elevated rail corridorനാണ് 2018 ല്‍ തത്വത്തില്‍ അനുമതി നല്‍കിയിട്ടുള്ളത്. (18.10.2018 ല്‍ മുഖ്യമന്ത്രിക്കുള്ള കത്തില്‍ കേന്ദ്ര റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.) പക്ഷേ കേരളത്തില്‍ ഭൂ-നിരപ്പിലൂടെയാണ് പാത കടന്നു പോകുന്നത്. 1989 ലെ റെയില്‍ വേ ആക്റ്റ് സെക്ഷന്‍ 21 അനുസരിച്ച് റെയില്‍വേ പോലെ മറ്റൊരു പൊതുഗതാഗത സംവിധാനം ആരംഭിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയും ഉത്തരവും വാങ്ങേണ്ടതുണ്ട്. ഇവിടെ അതും ലഭിച്ചിട്ടില്ല.
കേന്ദ്രം അനുമതി നിഷേധിച്ചിട്ടും ഭൂമി ഏറ്റെടുക്കല്‍ നടപടിയുമായി മുന്നോട്ട് പോകരുതെന്ന് റവന്യൂ വകുപ്പ് ആവശ്യപ്പെട്ടിട്ടും അതിനെയെല്ലാം കാറ്റില്‍ പറത്തി ഭൂമിയേറ്റെടുക്കല്‍ നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത് തന്നെ റിയല്‍ എസ്റ്റേറ്റ് കുംഭകോണം ലക്ഷ്യമിട്ടാണെന്ന ആരോപണവും ഉയര്‍ന്നുവരുന്നുണ്ട്.
വിവാദ ഫ്രഞ്ച് കമ്പനിയായ സിസ്ട്ര ആണ് ഈ പദ്ധതിയുടെ കണ്‍സള്‍ട്ടന്റ്. പ്രൊജക്റ്റ് റിപ്പോര്‍ട്ടും അലൈന്‍മെന്റുമെല്ലാം തയ്യാറാക്കിയത് സിസ്ട്രയാണ്. കേരള റെയില്‍ ഡവലപ്മെന്റ് കോര്‍പ്പറേഷന്‍ 3 വര്‍ഷത്തെ കണ്‍സള്‍ട്ടന്‍സി കരാറാണ് സിസ്ട്രക്ക് നല്‍കിയിരിക്കുന്നത്. ഫീസ് 27 കോടി രൂപ. 23.09.20 വരെയുള്ള കണക്കനുസരിച്ച് ഇതുവരെ 12.2. കോടി രൂപ. സിസ്ട്രയ്ക്ക് നല്‍കിയിട്ടുണ്ട്. മറ്റൊരു കണ്‍സള്‍ട്ടന്‍സി അഴിമതിക്ക് കൂടിയാണ് സര്‍ക്കാര്‍ കളമൊരുക്കുകയാണെന്നും വ്യക്തം.
ഈ പദ്ധതിയുടെ പരിസ്ഥിതി ആഘാത പഠനം ഇനിയും നടത്തിയിട്ടില്ല. 20,000 കുടുംബങ്ങളെ കുടിഒഴിപ്പിക്കേണ്ടിവരും, 50,000 കച്ചവട സ്ഥാപനങ്ങള്‍ പൊളിച്ചുനീക്കേണ്ടിവരും. 145 ഹെക്ടര്‍ നെല്‍വയല്‍ നികത്തേണ്ടി വരും. 1000 മേല്‍പ്പാലങ്ങളോ അടിപാതകളോ നിര്‍മിക്കേണ്ടിവരും. വലിയൊരുവിഭാഗം ജനങ്ങളുടെ സ്ഥലവും, വീടും, ജീവനോപാധികളും നഷ്ടപ്പെടുത്തുന്ന ഈ പദ്ധതിയുമായി ബന്ധപ്പെട്ട പൊതുസമൂഹത്തില്‍ നിന്നുയര്‍ന്നിട്ടുള്ള ആശങ്കകളും, പ്രയാസങ്ങളും പരിഗണിക്കാതെയുളള സര്‍ക്കാരിന്റെ ഏകപക്ഷീയവും, തിടുക്കപ്പെട്ടുള്ളതുമായ നടപടികളില്‍ ജനങ്ങള്‍ക്ക് ശക്തമായ പ്രതിഷേധമുണ്ട്.
സുതാര്യവും, നിയമാനുസൃതമായ നപടിക്രമങ്ങള്‍ പാലിച്ചുകൊണ്ട് നടപ്പിലാക്കുന്ന യാതൊരു വികസന പദ്ധതികള്‍ക്കും യുഡിഎഫ് എതിരല്ല. എന്നാല്‍ അതിന്റെ മറവില്‍ നടത്തുന്ന വഴിവിട്ട നീക്കങ്ങളെ ചെറുക്കേണ്ട ബാധ്യത പ്രതിപക്ഷത്തിനുണ്ട്. ഈ സാഹചര്യത്തില്‍ സെമി ഹൈസ്പീഡ് റയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് പൊതുസമൂഹത്തില്‍ നിന്നും, വിവിധ തലങ്ങളില്‍ നിന്നും ഉയര്‍ന്നിട്ടുള്ള ആശങ്കളും, സംശയങ്ങളും ദൂരീകരിക്കുന്നതിന് അടിയന്തിരമായി ഒരു സര്‍വ്വക്ഷിയോഗം വിളിച്ചു ചേര്‍ക്കണമെന്നും അതുവരെ പദ്ധതിയുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ നിറുത്തിവയ്ക്കണമെന്നും താല്‍പര്യപ്പെടുന്നു.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.