തുളസി പ്രസാദ്
മുംബൈയിലെ ലോക്കല്‍ ട്രെയിനില്‍ യാത്ര ചെയ്യുക എന്നതിനപ്പുറം ദുഷ്‌കരമായ കാര്യം വേറെയില്ല. എന്നാല്‍ കഴിഞ്ഞ 56 വര്‍ഷമായി ഈ ട്രെയിന്‍ കയറി ഇറങ്ങിയാണ് ഒരാള്‍ വസായ് റോഡില്‍ നിന്നും ആസാദ് മൈതാനിയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ (മാര്‍ക്സിസ്റ്റ്) ഓഫീസില്‍ എത്തുന്നത്. 1964 ല്‍ മഹാരാഷ്ട്രയിലെ പാര്‍ട്ടി രൂപീകരണത്തിനായി അണിചേര്‍ന്ന അന്നുമുതലുള്ള പതിവാണിത്.
പറഞ്ഞു വരുന്നത് തൊഴിലാളി വര്‍ഗ്ഗ പ്രസ്ഥാനത്തിന്റെ നേതൃനിരയില്‍ പ്രധാനിയും ട്രേഡ് യൂണിയന്‍ നേതാവുമായ പി.ആര്‍ കൃഷ്ണനെക്കുറിച്ചാണ്. മുംബൈയിലെയും മാഹാരാഷ്ട്രയിലെയും തൊഴിലാളികളുടെ അവകാശത്തിനുവേണ്ടി ശബ്ദമുയര്‍ത്തിയ പി.ആര്‍ കൃഷ്ണന്‍ അന്നത്തെയും ഇന്നത്തെയും നിരവധി രാഷ്ട്രീയ നേതാക്കള്‍ ബഹുമാനിക്കുന്ന വ്യക്തിത്വമാണ്.
നിരവധി സമരങ്ങളിലൂടെയും കോടതി വിധികളിലൂടെയും തൊഴിലാളി വര്‍ഗ്ഗത്തിന് അവരുടെ അവകാശങ്ങള്‍ നേടിക്കൊടുക്കുന്നതില്‍ വിജയിച്ച പി.ആര്‍ കൃഷ്ണന്‍, ഇന്ന് തൊഴിലാളികള്‍ നേരിടുന്ന വിവിധ പ്രതിസന്ധികളെക്കുറിച്ച് വ്യാകുലപ്പെടുകയാണ്. പ്രധാനമായും എന്‍ഡിഎ സര്‍ക്കാരിന് കീഴില്‍ ആസൂത്രിതമായി നടക്കുന്ന തൊഴിലാളികളുടെ അവകാശ ലംഘനങ്ങളില്‍ അദ്ദേഹം ആശങ്കാകുലനാണ്.
1934 ഒക്ടോബര്‍ 7-ന് തൃശ്ശൂര്‍ ജില്ലയില്‍ പരങ്കനാട് രാമന്റെയും പാര്‍വ്വതി അമ്മയുടേയും മകനായി ഒരു കര്‍ഷക കുടുംബത്തിലാണ് പി.ആര്‍ കൃഷ്ണന്‍ ജനിച്ചത്. വടുതല എല്‍.പി സ്‌കൂള്‍, പറക്കാട് എല്‍.പി സ്‌കൂള്‍ എന്നിവിടങ്ങളിലായി പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഇദ്ദേഹം 1950 ലാണ് മുംബൈയില്‍ എത്തുന്നത്.
ആ കാലയളവില്‍ മുംബൈയിലെ ഹോട്ടലുകള്‍, ഫാക്ടറികള്‍, മില്ലുകള്‍ എന്നിവിടങ്ങളിലായി ജോലി ചെയ്ത കൃഷ്ണന്‍, അവിടെവച്ചാണ് പാവപ്പെട്ട തൊഴിലാളി വര്‍ഗ്ഗത്തിന്റെ ദുഷ്‌കരമായ ജീവിതം നേരിട്ട് അനുഭവിച്ചത്. ഫാക്ടറികളിലെയും മില്ലുകളിലേയും മണിക്കൂറുകള്‍ നീണ്ട ജോലിയും കുറഞ്ഞ പ്രതിഫലവും യുവാവായ കൃഷ്ണനെ വിഷമിപ്പിച്ചു. ഇതോടെ ഗ്രാമത്തില്‍ നിന്ന് മുംബൈയിലേക്ക് തിരിക്കുമ്പോള്‍ പാതിവഴിയില്‍ ഉപേക്ഷിച്ച പഠനം കൃഷ്ണന്‍ പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചു. ജോലിയോടൊപ്പം തന്നെ അദ്ദേഹം ബോംബെ കേരളിയ സാക്ഷരത പ്രചാര സഭ നടത്തിയിരുന്ന നൈറ്റ് സ്‌കൂള്‍ പഠനവും കൊണ്ടുപോയി.
തുടക്കകാലത്ത് മലയാളികളുടെ സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ സംഘടനകളില്‍ പ്രവര്‍ത്തിച്ച കൃഷ്ണന്‍ 1953 സെപ്റ്റംബറില്‍ തന്റെ 18-ാം വയസിലാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയില്‍ അംഗത്വം നേടിയത്. ഈ കാലയളവില്‍ നിരവധി പ്രക്ഷോഭങ്ങളിലും പോരാട്ടങ്ങളിലും മുന്‍പന്തിയില്‍ തന്നെ അദ്ദേഹം ഉണ്ടായിരുന്നു.
ഫാക്ടറികളിലും മില്ലുകളിലും ജോലിചെയ്യുന്ന തൊഴിലാളികളുടെ ദുരവസ്ഥ നേരിട്ട് അനുഭവിച്ച കൃഷ്ണന്‍ തന്റെ ജീവിത ദൗത്യം തൊഴിലാളി വര്‍ഗത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുകയാണെന്ന് തിരിച്ചറിഞ്ഞു. അങ്ങിനെ തന്റെ രാഷ്ട്രീയ-ട്രേഡ് യൂണിയന്‍ പ്രവര്‍ത്തന മേഖലയായി തൊഴിലാളിവര്‍ഗ്ഗ പ്രസ്ഥനം അദ്ദേഹം തെരഞ്ഞെടുത്തു.
ട്രേഡ് യൂണിയനില്‍ അന്ധരായ തൊഴിലാളികളെ ഉള്‍പ്പെടുത്തിയ ആദ്യ നേതാവായിരുന്നു പി.ആര്‍ കൃഷ്ണന്‍. ശ്മശാനങ്ങളിലും ISKCON പോലുള്ള സ്ഥാപനങ്ങളിലും ജോലിചെയ്യുന്ന തൊഴിലാളികളെ സംഘടിപ്പിക്കുന്നതില്‍ അദ്ദേഹം മുന്‍കൈയെടുത്തു.
1960 മുതല്‍ 1964 വരെ എഐടിയുസി മഹാരാഷ്ട്ര സ്റ്റേറ്റ് കമ്മിറ്റി അംഗമായി പ്രവര്‍ത്തിച്ച കൃഷ്ണന്‍ മഹാരാഷ്ട്രയിലെ സിപിഐ(എം) പാര്‍ട്ടി രൂപീകരണത്തില്‍ പ്രധാന പങ്കുവഹിച്ചിരുന്നു. പിന്നാലെ 1964-ല്‍ പാര്‍ട്ടിയുടെ ബോംബെ കമ്മിറ്റി അംഗമാവുകയും ചെയ്തു.
1965-66 കാലയളവില്‍ രാജ്യത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രസ്ഥാനത്തെ സര്‍ക്കാര്‍ അടിച്ചമര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ കൃഷ്ണന്‍ അടക്കമുള്ള നേതാക്കള്‍ ഒളിവില്‍ പോകാന്‍ നിര്‍ബന്ധിതരായി. പോലീസ് പിടിയിലായതോടെ പ്രതിരോധ നിയമ പ്രകാരം (DIR) ഒന്നര വര്‍ഷക്കാലം(1996-97) പി.ആര്‍ കൃഷ്ണനെ ജയിലില്‍ അടക്കുകയും പ്രതികാര നടപടിയുടെ ഭാഗമായി അദ്ദേഹത്തിന്റെ ബാന്ദ്രയിലെ വാസസ്ഥലം സര്‍ക്കാര്‍ കണ്ടുകെട്ടുകയും ചെയ്തു.
മഹാരാഷ്ട്രയിലെ സിഐടിയു രൂപീകരണത്തിലും പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് പി.ആര്‍ കൃഷ്ണന്‍. 1974 മുതല്‍ സിഐടിയുവിന്റെ മഹാരാഷ്ട്ര സ്റ്റേറ്റ് കമ്മിറ്റിയുടെ സെക്രട്ടറിയായിരുന്ന അദ്ദേഹം 2018 മുതല്‍ അതിന്റെ വൈസ് പ്രസിഡന്റായി പ്രവര്‍ത്തിക്കുകയാണ്. സിഐടിയു രൂപീകരിച്ചതു മുതല്‍ ബോംബെ കമ്മിറ്റി പ്രസിഡന്റാണ് അദ്ദേഹം. കൂടാതെ ഒന്‍പത് വര്‍ഷത്തോളം ഗോവ സ്റ്റേറ്റ് കമ്മിറ്റിയുടെ വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ച പി.ആര്‍ കൃഷ്ണന്‍ 20 വര്‍ഷത്തോളമായി സിഐടിയു അഖിലേന്ത്യാ ജനറല്‍ കൗണ്‍സില്‍ അംഗമാണ്.
അതേസമയം മഹാരാഷ്ട്രയില്‍ ഇത്രയും ശക്തനായ പി.ആര്‍ കൃഷ്ണനെ കുറിച്ച് അദ്ദേഹത്തിന്റെ ജന്മനാടായ കേരളത്തില്‍ ഉള്ളവര്‍ക്കുള്ള അറിവ് വളരെ പരിമിതമാണ്. കഴിഞ്ഞ എഴുപത് വര്‍ഷങ്ങള്‍ക്കിടയില്‍ മുംബൈയിലെ സാമൂഹികം, സാംസ്‌കാരികം, സാഹിത്യം, വിദ്യാഭ്യാസം, രാഷ്ട്രീയം, നിയമം, ട്രേഡ് യൂണിയന്‍ മേഖലകളില്‍ വ്യത്യസ്ത തലങ്ങളില്‍ പ്രവര്‍ത്തിച്ച വ്യക്തിയാണ് പി.ആര്‍ കൃഷ്ണന്‍. തൊഴില്‍ നിയമങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ വിദഗ്ധന്‍ എന്ന നിലയില്‍ മഹാരാഷ്ട്ര ഗസറ്റില്‍ അദ്ദേഹത്തിന്റെ പേരില്‍ 1,200-ലേറെ വിധി ന്യായങ്ങളാണ് പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളത്. കോടതി വ്യവഹാരങ്ങളിലൂടെ തൊഴിലാളികള്‍ക്ക് അനുകൂലമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതില്‍ അദ്ദേഹം ഒരു നിര്‍ണായക ശക്തിയായി പ്രവര്‍ത്തിച്ചു.
എന്‍.സി.പി നേതാവ് ശരദ് പവാറിനെ പോലുള്ള എതിര്‍ പാര്‍ട്ടികളിലെ നേതാക്കന്‍മാര്‍ പി.ആര്‍ കൃഷ്ണന്റെ ശക്തിയും പ്രവര്‍ത്തന മികവും തിരിച്ചറിഞ്ഞവരാണ്. മഹാരാഷട്രയിലെ മാത്രമല്ല ഇന്ത്യയിലെ തന്നെ പ്രമുഖ കമ്യൂണിസ്റ്റ് നേതാക്കന്‍മാരുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തിയാണ് ഇദ്ദേഹം.
ഭാഷാ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപീകരിക്കുന്നതിനു വേണ്ടിയുള്ള പോരാട്ടങ്ങളിലെ പി.ആര്‍ കൃഷ്ണന്റെ നിര്‍ണായക പങ്കിനെക്കുറിച്ച് മഹാരാഷ്ട്രയ്ക്ക് പുറത്തുള്ളവരുടെ അറിവ് പരിമിതമാണ്. സംയുക്ത മഹാരാഷ്ട്രയ്ക്കായുള്ള പ്രക്ഷോഭത്തില്‍ രണ്ടുതവണ അറസ്റ്റ് വരിച്ച അദ്ദേഹം ഗോവ-ഡിയു-ദാമന്‍, പോണ്ടിച്ചേരി, മാഹി വിമോചന സമരങ്ങളിലും സജീവ പങ്കാളിയായിരുന്നു.
വി.കെ കൃഷ്ണമേനോന്‍ സ്ഥാനാര്‍ത്തിയായിരുന്ന രണ്ടു തവണയും പി.ആര്‍ കൃഷ്ണന്‍ തെരഞ്ഞെടുപ്പ് പ്രചാരണ സമിതികളില്‍ അംഗമായിരുന്നു. കൂടാതെ 1987-ല്‍ ജസ്റ്റിസ് വി.ആര്‍ കൃഷ്ണ അയ്യര്‍, ആര്‍.വെങ്കിട്ടരാമനെിരെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചപ്പോള്‍, മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് പ്രചരണങ്ങളുടെ മുഖ്യ സംഘാടകന്‍ പി.ആര്‍.കെയായിരുന്നു.
ഒരു ട്രേഡ് യൂണിയന്‍ നേതാവെന്ന നിലയില്‍, ഇന്ത്യയ്ക്ക് പുറത്ത് നടന്ന നിരവധി സാമ്രാജ്യത്വ വിരുദ്ധ സമ്മേളനങ്ങളിലാണ് പി.ആര്‍ കൃഷ്ണന്‍ പങ്കെടുത്തിട്ടുള്ളത്. 1981-ല്‍ ചെക്കോസ്ലോവാക്യയില്‍ നടന്ന അന്താരാഷ്ട്ര സമ്മേളനത്തില്‍ തുടങ്ങി തായ്‌ലന്‍ഡ് (1985), ക്യൂബ (1994), വിയറ്റ്‌നാം (1997), സ്‌പെയിന്‍ (2004), ശ്രീലങ്ക (2006) എന്നിവിടങ്ങളില്‍ സിഐടിയു പ്രതിനിധിയായി അദ്ദേഹം തന്റെ സാനിധ്യം അറിയിച്ചു. അന്താരാഷ്ട്ര സമ്മേളനങ്ങളിലെയും അഖിലേന്ത്യാ സമ്മേളനങ്ങളിലെയും പി.ആര്‍ കൃഷ്ണന്റെ സാന്നിധ്യം അദ്ദേഹത്തിന് തൊഴിലാളി വര്‍ഗങ്ങള്‍ക്കിടയിലെ ശക്തമായ സ്വാധീനം തെളിയിക്കുന്നതാണ്.
ബോംബെ ലേബര്‍ ലോ പ്രാക്ടീഷണേഴ്‌സ് അസോസിയേഷന്‍ സ്ഥാപക അംഗമായ ഇദ്ദേഹത്തെ മാനേജിംഗ് കമ്മിറ്റി അംഗമായും രണ്ടുതവണ വൈസ് പ്രസിഡന്റായും തെരഞ്ഞെടുത്തിട്ടുണ്ട്. കൂടാതെ മഹാരാഷ്ട്ര സര്‍ക്കാരിന്റെ സംസ്ഥാന ലേബര്‍ ബോര്‍ഡ് ഉപദേശക സമിതി അംഗമായും പി.ആര്‍ കൃഷ്ണന്‍ അഞ്ചുവര്‍ഷം സേവനം അനുഷ്ടിച്ചിരുന്നു.
ഏത് സര്‍ക്കാര്‍ സംസ്ഥാനം ഭരിച്ചാലും തൊഴിലാളി അവകാശ സംരക്ഷകനെന്ന നിലയില്‍ പി.ആര്‍ കൃഷ്ണന്‍ നല്‍കിയ സംഭാവനകളും വിവധ സര്‍ക്കാര്‍ പാനലുകളിലെ അദ്ദേഹത്തിന്റെ അംഗത്വവും അവര്‍ക്ക് ഒരിക്കലും അവഗണിക്കാനാവില്ല. മഹാരാഷ്ട്ര സര്‍ക്കാരിന്റെ നിയമ സഹായ സമിതി അംഗമായി അഞ്ചുവര്‍ഷം സേവനം അനുഷ്ടിച്ച പി.ആര്‍ കൃഷ്ണന്‍ തൊഴിലാളികളുടെ നഷ്ടപരിഹാര നിയമത്തിലെ കേന്ദ്ര ഉപദേശക സമിതി അംഗവുമായിരുന്നു.
കൂടാതെ തൊഴില്‍ നിയമങ്ങള്‍ ലളിതമാക്കുന്നതിനായി സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് മഹാരാഷ്ട്ര (SICOM) രൂപീകരിച്ച സമിതിയിലും, മാഹാരാഷ്ട്രയിലെ വ്യാവസായിക തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനായി വ്യവസായ-തൊഴില്‍ വകുപ്പ് രൂപീകരിച്ച അദാലത്തില്‍ രണ്ടുതവണയും അംഗമായി പ്രവര്‍ത്തിച്ചു. അതോടൊപ്പം ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍ ജോയിന്‍ കമ്മിറ്റി, ബോംബെ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി (5 വര്‍ഷം) എന്നിവിടങ്ങളിലും അദ്ദേഹം അംഗമായിരുന്നു.
മഹാരാഷ്ട്രയിലെ വിവിധ തൊഴില്‍ പ്രശ്നങ്ങളെക്കുറിച്ചും തൊഴില്‍ നിയമങ്ങളെക്കുറിച്ചും അഗാധവും പ്രായോഗികവുമായ അറിവ് കൃഷ്ണനെ അധ്യാപന മേഖലയിലേക്കും നയിച്ചു. ഒരു കാലത്ത് സംസ്ഥാന സര്‍ക്കാരിന്റെ മഹാരാഷ്ട്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ സ്റ്റഡീസ്, കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജി എന്നിവിടങ്ങളില്‍ ഗസ്റ്റ് ലക്ച്ചറെര്‍ ആയി അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
മാധ്യമപ്രവര്‍ത്തകന്‍ എന്ന പി.ആര്‍ കൃഷ്ണന്‍
പൊതുപ്രവര്‍ത്തന രംഗത്തെന്നപോലെ പത്ര മാധ്യമ രംഗത്തും തന്റെതായ മുഖമുദ്ര പതിപ്പിച്ച വ്യക്തിയാണ് പി.ആര്‍ കൃഷ്ണന്‍. 1960 കളുടെ തുടക്കം മുതലാണ് അദ്ദേഹം പത്രങ്ങളില്‍ പതിവായി ലേഖനങ്ങള്‍ എഴുതാന്‍ ആരംഭിച്ചത്. തൊഴില്‍ മേഖലയെക്കുറിച്ചും അതില്‍ തനിക്കുണ്ടായ അനുഭവങ്ങളും പല പ്രമുഖ പത്ര മാധ്യമങ്ങളിലും അദ്ദേഹം തുറന്നെഴുതിയിരുന്നു.
മുംബൈയില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന എല്ലാ ദിനപത്രങ്ങളിലും മാസികകളിലും ആനുകാലികങ്ങളിലും അദ്ദേഹം മുടങ്ങാതെ ലേഖനങ്ങള്‍ എഴുതി. 1964-1965 കാലങ്ങളില്‍ ദേശാഭിമാനിയുടെ ദിനപത്രവും ചിന്താ വാരികയും പതിവായി അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. ഈ കാലയളവില്‍ അദ്ദേഹം ഈ പ്രസിദ്ധീകരണങ്ങളുടെ മുംബൈ ലേഖകനായി പ്രവര്‍ത്തിക്കുകയും ചെയ്തു.
കൂടാതെ ദേശീയവും അന്തര്‍ദേശീയവുമായ വിഷയങ്ങളില്‍, മുംബൈയില്‍ നിന്നുള്ള കലാകൗമുദി ദിനപത്രം, പൂനെയില്‍ നിന്നുള്ള മാസികയായ പ്രവാസി ശബ്ദം, വിശാല കേരളം(മുംബൈ), മറുനാട് എക്സ്പ്രസ്, ജ്വാല, ഗ്രാമരത്നം, കേരള മിത്രം, വൈറ്റ് ലൈന്‍ മാഗസിന്‍, തുടങ്ങി നിരവധി പ്രസിദ്ധീകരണങ്ങളില്‍ പി.ആര്‍ കൃഷ്ണന്‍ ധാരാളം ലേഖനങ്ങള്‍ എഴുതി. 1947 മുതല്‍ സിപിഐ(എം) മുഖപത്രമായ പീപ്പിള്‍ ഡെമോക്രസിയുടെ മുംബൈ ലേഖകനുമാണ് ഇദ്ദേഹം.
പീപ്പിള്‍ ഡെമോക്രസിയിലും സിഐടിയു മുഖപത്രമായ ദി വര്‍ക്കിംഗ് ക്ലാസിലും പി.ആര്‍ കൃഷ്ണന്‍ എഴുതിയ ഇംഗ്ലീഷ് ലേഖനങ്ങള്‍ നിരവധി പ്രാദേശിക ഭാഷാ പ്രസിദ്ധീകരണങ്ങളില്‍ വിവര്‍ത്തനം ചെയ്ത് വന്നിട്ടുമുണ്ട്. ഹിന്ദി പ്രസ്ദ്ധീകരണമായ ലോക്-ലഹറില്‍ തുടങ്ങി, ജീവന്‍ മാര്‍ഗ് (മറാത്തി), സ്വാധീനത (ബംഗാളി), ചിന്ത, ദേശാഭിമാനി (മലയാളം), തീക്കതിര്‍ (തമിഴ്), ഐക്യരംഗ (കന്നഡ), പ്രജാശക്തി (തെലുങ്കു), ദേശ്സേവക് (പഞ്ചാബി), ദേശര്‍ കഥ (തൃപുരി) എന്നിങ്ങനെ പ്രസിദ്ധീകരണങ്ങളുടെ പട്ടിക നീളുന്നു.
കൃഷ്ണനെന്ന എഴുത്തുകാരന്‍
തൊഴിലാളി പ്രസ്ഥാനങ്ങളുടെ നേതൃനിരയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന പി.ആര്‍ കൃഷ്ണന്‍ തന്റെ രാഷ്ട്രീയ-പൊതുപ്രവര്‍ത്തന ജീവിതത്തിനിടയില്‍ ഇംഗ്ലീഷിലും മലയാളത്തിലും മറാത്തിയിലും നിരവധി പുസ്തകങ്ങളും എഴുതിയിട്ടുണ്ട്.
2005-ലാണ് പിആര്‍ കൃഷ്ണന്‍ തന്റെ ആദ്യ പുസ്തകമായ ‘അടിച്ചമര്‍ത്തലും ചെറുത്തു നില്‍പും-ഒളിവിലെ ലേഖനങ്ങള്‍’ (Oppression & Resistance – Writings from Underground) പ്രസിദ്ധീകരിക്കുന്നത്. 1965-66 കാലത്തെ ഒളിവു ജീവിതത്തിനിടയില്‍ എഴുതിയ പുസ്തകമാണ് ഇത്.
പിന്നീട് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രണ്ടാമത്തെ പുസ്തകം വായനക്കാരില്‍ എത്തുന്നത്. ‘ഒളിമങ്ങാത്ത ഓര്‍മകള്‍-ഒരു പ്രവാസിയുടെ വിപ്ലവ ജീവിത സ്മരണകള്‍’ (The Unfading Memories – Recollections from the Revolutionary Life of an Emigrant) 2010-ലാണ് ഇത് പ്രസിദ്ധീകരിച്ചത്.
2012-ല്‍ പ്രസിദ്ധീകരിച്ച ‘മൈല്‍സ്റ്റോണ്‍ റീവിസിറ്റഡ്’, 2013-ല്‍ പ്രസിദ്ധീകരിച്ച ‘ഫ്ലെയിംസ് ആന്റ് ബാറ്റില്‍ഫ്രണ്ട്’ എന്നിവ അദ്ദേഹം ഇംഗ്ലിഷില്‍ എഴുതിയ പുസ്തകങ്ങളാണ്. മൈല്‍ സ്റ്റോണ്‍ റീവിസിറ്റിന്റെ മലയാളം പതിപ്പായ ‘പിന്നിട്ട നാഴികക്കല്ലുകള്‍’ 2019-ല്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. പ്രൊഫസര്‍ ഇ.രാജനാണ് പുസ്തകം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത്.
തൊഴിലാളി സമൂഹം നേരിടുന്ന നിരവധി പ്രശ്നങ്ങളെയും പ്രതിസന്ധികളെയും ചൂണ്ടിക്കാട്ടുന്ന പുസ്തകമാണ് 2015-ല്‍ പ്രസിദ്ധീകരിച്ച ‘അനുഭവങ്ങള്‍ സമീപനങ്ങള്‍’ (Experiences and Approaches). ‘കടന്നാക്രമണങ്ങളുടെ ചരിത്രരേഖകള്‍’ (History of the Onslaughts), ‘മോസം നദിക്കപ്പുറവുമിപ്പുറവും’ (On either side of Mosam River), തുടങ്ങിയ പുസ്തകങ്ങളും അദ്ദേഹത്തിന്റേതാണ്. പി.ആര്‍ കൃഷ്ണന്റെ ആദ്യ മറാത്തി പുസ്‌കമായ ‘ന സംപ്ലേല്യ സoഘർഷാത്തുൻ ഏക് പ്രവാസ്’ ഇന്‍ഡസ്ട്രിയല്‍ വര്‍ക്കേഴ്സ് യൂണിയനാണ് 2016-ല്‍ പ്രസിദ്ധീകരിച്ചത്.
അതേസമയം മുംബൈയിലെ പ്രമുഖ സാമൂഹിക പ്രവര്‍ത്തകനും മറാത്തി ദിനപത്രമായ ‘ലോക് സത്ത’യുടെ മുന്‍ ഡപ്യൂട്ടി എഡിറ്ററുമായ വസന്ത് പ്രധാന്‍ എഴുതിയ ‘ചക്രധാരാചേ സാംഗാതീ’ എന്ന മറാത്തി ഗ്രന്ഥത്തില്‍ പി.ആര്‍ കൃഷ്ണന്റെ പൊതുപ്രവര്‍ത്തനത്തെ കുറിച്ച് എഴുതിയിട്ടുണ്ട്. മഹാരാഷ്ട്രയിലെ പ്രമുഖ ട്രേഡ് യൂണിയന്‍ നേതാക്കളെയും സാമൂഹിക പ്രവര്‍ത്തകരെയും കുറിച്ചുള്ള ഗ്രസ്ഥത്തിലെ ‘കൃഷ്ണാച്യാ കരാoഗളീവർ കാര്യാചാ ഡോംഗർ’ ( കൈ വിരലില്‍ കര്‍മ്മ പര്‍വ്വതമുയര്‍ത്തുന്ന കൃഷ്ണന്‍) എന്ന അദ്ധ്യായത്തിലാണ് പിആര്‍കെയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നത്. കെ.രാജന്‍ എഴുതി 2017-ല്‍ ചിന്ത പബ്ലിഷേഴ്സ് പുറത്തിറക്കിയ ‘പോരാട്ട വഴിയില്‍ പതറാതെ’ എന്ന മലയാള ഗ്രന്ഥം പി.ആര്‍ കൃഷ്ണന്റെ ജീവചരിത്രവുമാണ്.
രാജ്യത്തെ തൊഴിലാളി പ്രസ്ഥാനങ്ങള്‍ക്ക് പി.ആര്‍ കൃഷ്ണന്‍ നല്‍കിയ സംഭാവനകളും സമൂഹത്തിനായി ചെയ്ത സേവനങ്ങളും വിലമതിക്കാനാവാത്തതാണ്. ഇത്തരം മഹത്തായ സേവനങ്ങള്‍ക്ക് നിരവധി അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തി.
1986-ല്‍ മലയാള മനോരമ നടത്തിയ സര്‍വ്വേയില്‍ പ്രമുഖ പ്രവാസി മലയാളികളില്‍ ഇടം പിടിച്ച വ്യക്തിയാണ് പി.ആര്‍ കൃഷ്ണന്‍. കൂടാതെ നിരവധി തൊഴിലാളി യൂണിയന്‍ സംഘടനകളും പ്രസിദ്ധീകരണങ്ങളും അവാര്‍ഡുകള്‍ നില്‍കി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.
വേതന നിര്‍ണയവുമായി ബന്ധപ്പെട്ട് ട്രിബ്യൂണലുകളില്‍ നിന്നും കോടതികളില്‍ നിന്നും തൊഴിലാളികള്‍ക്ക് അനുകൂല വിധി നേടിക്കൊടുക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ച വ്യക്തിയാണ് പി.ആര്‍ കൃഷ്ണന്‍. ഇത്തരം പ്രവര്‍ത്തനങ്ങളും വ്യാവസായിക തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണുന്ന അദാലത്തുകളിലെ അംഗത്വവും അദ്ദേഹത്തെ അംബേദ്കര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ലേബര്‍ സ്റ്റഡീസിന്റെ മൂന്ന് അവാര്‍ഡുകള്‍ക്ക് അര്‍ഹനാക്കി.
അതോടൊപ്പം ജി.ആര്‍ ഖാനോല്‍ക്കര്‍ അവാര്‍ഡ്, വെസ്റ്റേണ്‍ റെയില്‍വെ എംപ്ലോയീസ് യൂണിയന്‍ അവാര്‍ഡ്, തുടങ്ങിയവയും അദ്ദേഹത്തെ തേടിയെത്തി. കേരള സര്‍ക്കാരിന്റെ നോണ്‍ റെസിഡന്റ് കേരളൈറ്റ്സ് വെല്‍ഫെയര്‍ ബോര്‍ഡ് ഡയറക്ടറായിരുന്ന പി.ആര്‍ കൃഷ്ണന്‍ 2018-ലും 2020-ലും ലോക കേരള സഭയുടെ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു.
തന്റെ ഇത്രയും കാലത്തെ പൊതുപ്രവര്‍ത്തന ജീവിതത്തില്‍ എന്ന പോലെ വ്യക്തിബന്ധങ്ങളിലും സൗഹൃദങ്ങളിലും ഒരിക്കല്‍ പോലും രാഷ്ട്രീയം കലര്‍ത്താത്ത വ്യക്തിയാണ് പി.ആര്‍ കൃഷ്ണന്‍. അതുകൊണ്ടുതന്നെ രാജ്യത്തിനകത്തും പുറത്തുമുള്ള പല പ്രമുഖ നേതാക്കന്‍മാരുമായി വളരെ അടുത്ത ബന്ധമാണ് അദ്ദേഹത്തിനുള്ളത്. ഒരു പക്ഷെ പി.ആര്‍ കൃഷ്ണന്‍ എന്ന നേതാവ് തന്റെ കര്‍മ്മ മണ്ഡലമായി കേരളം തെരഞ്ഞെടുത്തിരുന്നു എങ്കില്‍ അത് കേരള ജനതയ്ക്ക് വളരെ അധികം ഗുണം ചെയ്യുമായിരുന്നു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.