Features

റിപ്പോര്‍ട്ട് ചെയ്യാത്ത വാര്‍ത്തകള്‍

ഗള്‍ഫ് ഇന്ത്യന്‍സ്.കോം

‘പരിഭാഷയില്‍ നഷ്ടപ്പെടുന്നതാണ് കവിത’ എന്ന പ്രയോഗം സ്വര്‍ണ്ണക്കടത്തു കേസ്സിന്റെ കാര്യത്തില്‍ പ്രയോഗിച്ചാല്‍ എന്താവും ഫലം. റിപോര്‍ടു ചെയ്യാത്തതാണ് വാര്‍ത്തകള്‍ എന്നായിരിക്കും ഒരു പക്ഷെ ലഭിക്കുന്ന ഉത്തരം. സ്വര്‍ണ്ണക്കടത്തു കേസ്സില്‍ യുഎപിഎ പ്രകാരം അറസ്റ്റു ചെയ്ത രണ്ടു പേര്‍ക്കു കൂടി വെള്ളിയാഴ്ച (23-10-20) എന്‍ഐഎ പ്രത്യേക കോടതി ജാമ്യം അനുവദിച്ചു. ഭീകര പ്രവര്‍ത്തനത്തിനായുള്ള ധനസമാഹരണവും, കള്ളക്കടത്തും തമ്മിലുള്ള അന്തര്‍ധാര സജീവമാണെന്ന തെളിയിക്കുന്ന രേഖകളൊന്നും സമര്‍പ്പിക്കാന്‍ അന്വേഷണ ഏജന്‍സിയായ എന്‍ഐഎ-ക്കു കഴിഞ്ഞില്ല എന്നാണ് കോടതി പറഞ്ഞത്. ഇതു രണ്ടാം തവണയാണ് എന്‍ഐഎ കോടതി സ്വര്‍ണ്ണക്കടത്തു കേസ്സില്‍ ഇങ്ങനെയൊരു നിഗമനത്തിലെത്തുന്നത്. ഇതിനു മുമ്പ് ഈ കേസ്സില്‍ യുഎപിഎ ചുമത്തിയ 10-പേര്‍ക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു.

വില്‍പ്പനയിലും, വായനയിലും ഒന്നും, രണ്ടും സ്ഥാനങ്ങളില്‍ നില്‍ക്കുന്ന കേരളത്തിലെ രണ്ടു മലയാള പത്രങ്ങളില്‍ ശനിയാഴ്ച ഈ വാര്‍ത്ത കണ്ടെത്തുന്നതിന് ഒരു വായനക്കാരന്‍ ഗവേഷണം നടത്തണം. ‘സ്വപ്‌ന മുഖം മാത്രം, പിന്നില്‍ ശിവശങ്കറാകാമെന്നു ഇഡി’, എന്ന ഒന്നാം പേജ് വാര്‍ത്തയുടെ അരികില്‍ ‘സന്ദീപ് നായരുടെ രഹസ്യമൊഴി കസ്റ്റംസിനു നല്‍കില്ല’ എന്ന കുട്ടിവാര്‍ത്തയുടെ അവസാനത്തെ രണ്ടു വരികള്‍ ഇങ്ങനെ പറയുന്നു. ‘അതിനിടെ കേസ്സിലെ പ്രതികളായ ഹംസല്‍ അബ്ദു സലാം, സംജു എന്നിവര്‍ക്കു എന്‍ഐഎ-കോടതി ജാമ്യം അനുവദിച്ചു. 10 ലക്ഷം രൂപയുടെ ബോണ്ടും, തുല്യതുകയ്ക്കുള്ള രണ്ടു ആള്‍ജാമ്യത്തിലുമാണ് ജാമ്യം അനുവദിച്ചത്’. വായനയിലു, വില്‍പനയിലും രണ്ടാം സ്ഥാനത്തു നില്‍ക്കുന്ന പത്രത്തിലെ വാര്‍ത്ത. ഏതു കേസ്സ് എന്ന വിഷയമെല്ലാം വായനക്കാരന്‍ സ്വന്തമായി ഗവേഷണം നടത്തി മനസ്സിലാക്കണമെന്നാവും പത്രാധിപരുടെ മനോഗതം. ‘കേസ്സിലെ പ്രതികളായ ഹംസദ് അബ്ദു സലാം, സംജു എന്നിവര്‍ക്ക് എന്‍ഐഎ കോടതി ഇന്നലെ ജാമ്യം അനുവദിച്ചു. 10 ലക്ഷം രൂപയുടെ ബോണ്ടും തുല്യതുകയ്ക്കുള്ള രണ്ടാള്‍ ജാമ്യവുമാണ് വ്യവസ്ഥ. ഇതോടെ യുഎപിഎ കേസ്സില്‍ ജാമ്യം ലഭിച്ചവരുടെ എണ്ണം പന്ത്രണ്ടായി’. ഇത്രയുമാണ് ഒന്നാം സ്ഥാനക്കാരന്റെ വാര്‍ത്ത. കുറഞ്ഞപക്ഷം യുഎപിഎ കേസ്സിലാണ് ജാമ്യം അനുവദിച്ചതെന്ന വസ്തുത വെളിപ്പെടുത്താനുള്ള മാന്യത പത്രം പ്രകടിപ്പിച്ചിട്ടുണ്ട്. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട അഞ്ചു വാര്‍ത്തകള്‍ വീതം ഇരുപത്രങ്ങളും നല്‍കിയ ദിവസമായിരുന്നു ശനിയാഴ്ച. പ്രധാനമായും ശിവശങ്കരനെ എന്തുകൊണ്ട് അറസ്റ്റു ചെയ്യണമെന്നു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഹൈക്കോടതിയില്‍ നടത്തിയ വാദങ്ങളാണ് ഈ വാര്‍ത്തകളുടെ അടിസ്ഥാനം. അത്രയും  വിശദമായി സ്വര്‍ണ്ണ കടത്തു കേസ്സിനെ പിന്തുടരുന്ന ഈ മാധ്യമങ്ങള്‍ എന്തുകൊണ്ടാണ് എന്‍ഐഎ കോടതിയുടെ സുപ്രധാനമായ നിരീക്ഷണം പൂര്‍ണ്ണമായും ഒഴിവാക്കുന്നത്.

നയതന്ത്ര ബാഗേജു വഴിയുള്ള സ്വര്‍ണ്ണക്കടത്തു കേസ്സില്‍ പ്രതികളായവര്‍ക്ക് ഏതെങ്കിലും ഭീകരവാദ ശക്തികളുമായുള്ള ബന്ധമുണ്ടെന്നു തെളിയിക്കുവാന്‍ 100 ദിവസം അന്വേഷിച്ചിട്ടും ദേശീയ അന്വേഷണ ഏജന്‍സി (എന്‍ ഐഎ) ക്ക് കഴിഞ്ഞിട്ടില്ലെന്നു കോടതി നിരീക്ഷിച്ചു. ഹിന്ദു ദിനപത്രത്തില്‍ വന്ന വാര്‍ത്ത ഇതായിരുന്നു. കുറ്റാരോപിതര്‍ ചെലവഴിച്ച തുക ഏതെങ്കിലും ഭീകരവാദ സംഘടനകളില്‍ നിന്നും ലഭിച്ചതാണന്നോ അല്ലെങ്കില്‍ അവര്‍ കൈപ്പറ്റിയ സ്വര്‍ണ്ണം അത്തരത്തിലുള്ള ഏതെങ്കിലും ഇരുണ്ട ശക്തികള്‍ക്ക് കൈമാറിയെന്നതിനോ ഉള്ള ഒരു തെളിവുകളും കേസ്സ് ഡയറിയില്‍ ഇല്ലെന്ന് ഹംസത്ത് അബ്ദുസലാം, ടിഎം സംജു എന്നിവര്‍ക്കു ജാമ്യം അനുവദിച്ച എന്‍ഐഎ പ്രത്യേക കോടതി ജഡ്ജി പി കൃഷ്ണകുമാര്‍ പറഞ്ഞു. വാര്‍ത്തയുടെ രണ്ടാമത്തെ വാചകം ഇതായിരുന്നു.

കഴിഞ്ഞ മൂന്നു മാസത്തിലധികമായി കേരളത്തിലെ മുഖ്യധാര മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന വാര്‍ത്തകളുടെ അടിത്തറ ഇല്ലാതാക്കുന്നതാണ് എന്‍ഐഎ കോടതി രണ്ടു തവണകളായി ഈ കേസ്സിലെ കുറ്റാരോപിതര്‍ക്ക് ജാമ്യം അനുവദിച്ച നടപടി. യുഎപിഎ-നിയമം ഉപയോഗിക്കുന്നതിന്റെ ഒരു പ്രധാന കാരണം തന്നെ കുറ്റാരോപിതരായവര്‍ക്ക് എളുപ്പം ജാമ്യം ലഭിക്കാതിരിക്കുന്നതിനു വേണ്ടിയാണ്. മൂന്നു മുതല്‍ ആറുമാസം വരെ ജാമ്യം നിഷേധിക്കുന്നതിനുള്ള വകുപ്പുകളാണ് യുഎപിഎ-നിയമം അന്വേഷണ ഏജന്‍സികളുടെ ഇഷ്ടവിഷയമാകുന്നതിന്റെ കാരണം. യുഎപിഎ-ചാര്‍ത്തിയിട്ടുള്ള കേസ്സുകളുടെ നാള്‍വഴികള്‍ പരിശോധിക്കുന്നവര്‍ക്ക് ഇക്കാര്യം ബോധ്യപ്പെടും. യുഎപിഎ പ്രകാരം അറസ്റ്റു ചെയ്യപ്പെട്ടവര്‍ക്ക് പ്രത്യേക കോടതികള്‍ പൊതുവില്‍ 6-മാസം വരെ ജാമ്യം നിഷേധിക്കുന്ന പ്രവണതായാണ് സാധാരണ കണ്ടു വരുന്നത്. ഈയൊരു പശ്ചാത്തലത്തില്‍ വേണം സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട യുഎപിഎ-കേസ്സിലെ കുറ്റാരോപിതര്‍ക്ക് മൂന്നു മാസത്തിനുള്ളില്‍ ജാമ്യം ലഭിച്ചതിനെ വിലയിരുത്താനാവുക. നയതന്ത്ര ബാഗേജു വഴിയുള്ള കള്ളക്കടത്തിലെ കുറ്റാരോപിതര്‍ ഭീകര പ്രവര്‍ത്തനവും, രാജ്യദ്രോഹവും നടത്തിയതിനുള്ള തെളിവുകള്‍ ഹാജരാക്കുന്നതിന് എന്‍ഐഎ-ക്കു ഇതുവരെ കഴിഞ്ഞിട്ടില്ലെന്നു പ്രത്യേക കോടതി ആവര്‍ത്തിക്കുന്നത് വാര്‍ത്തയാവാതെ പോവുന്നത് ആശ്ചര്യകരമാവുന്നതും അതുകൊണ്ടാണ്.

കേരളത്തിലെ മാധ്യമീകൃത പൊതുമണ്ഠലത്തില്‍ കഴിഞ്ഞ മൂന്നു മാസത്തിലധികമായി നിറഞ്ഞുനില്‍ക്കുന്ന രാജ്യദ്രോഹത്തിന്റെയും, ഭീകര പ്രവര്‍ത്തനത്തിന്റെയും ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ഭാവനാസൃഷ്ടികള്‍ മാത്രമായിരുന്നുവെന്ന ജാള്യത ഒഴിവാക്കുന്നതിനുള്ള വിഫലശ്രമമായി ഈ തമസ്‌ക്കരണങ്ങളെ വിലയിരുത്തകയാണെങ്കില്‍ സ്വാഭാവികമായും ഉയരുന്ന ചോദ്യം എന്തായിരിക്കും അതിനുള്ള പ്രേരണ എന്നാവും. ആ വിഷയം ഈ കുറുപ്പിന്റെ പരിധിയില്‍ വരുന്നതല്ലാത്തതിനാല്‍ അതിലേക്കു പ്രവേശിക്കുന്നില്ല.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 weeks ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 weeks ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 weeks ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 weeks ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

4 weeks ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

4 weeks ago

This website uses cookies.