Features

സുല്‍ത്താന്‍റെ ഇമ്മിണി ബല്ല്യ ദുനിയാവ്

ഹസീന ഇബ്രാഹിം

ഓര്‍മ്മയുടെ പച്ചത്തുരുത്തില്‍….’ഗുത്തിനഹാലിട്ട ലിത്താപ്പോ….സഞ്ചിനബാലിക…ലുട്ടാപ്പി’, “ഹുന്ത്രാപ്പി ബുസ്സാട്ടോ” തുടങ്ങിയ കൊസ്രാകൊള്ളി പ്രയോഗങ്ങൾ ഇന്നും പൊരുളറിയാണ്ട് കിടപ്പുണ്ട്.

എട്ടൊമ്പത് കൊല്ലം ലക്കും ലഗാനുമില്ലാതെ നടന്ന, സൃഷ്ടി രഹസ്യങ്ങളെല്ലാം തന്നില്‍ ഒളിപ്പിച്ച, കഷണ്ടിതല തടവി തന്നത്താന്‍ ചിരിക്കുന്ന വിശ്വവിഖ്യാത എഴുത്തുകാരന്‍ ഓര്‍മ്മയായിട്ട് ഇരുപത്തിയാറാണ്ട്. കാലമിത്രകഴിഞ്ഞിട്ടും വൈക്കം മുഹമ്മദ് ബഷീര്‍ എന്ന ലെജണ്ടിനോളം പോന്ന മറ്റൊരു പരകായപ്രവേശം മലയാള സാഹിത്യത്തില്‍ വേറെ ഉണ്ടായില്ല.

അണ്ഡകടാഹങ്ങള്‍ ആകെ ചുറ്റിയലഞ്ഞ് ഇച്ചിരിപ്പിടി അനുഭവങ്ങളുമായാണ് സുല്‍ത്താന്‍ സവര്‍ണ്ണസങ്കല്‍പത്തിന്‍റെ നടുത്തളത്തില്‍ ചാരുകസേര വലിച്ചിട്ടിരുന്നത്. ജയകേസരി എന്ന പ്രസിദ്ധീകരണ ശാലയിലെ പത്രാധിപര്‍ പത്മനാഭ പൈയുടെ നിര്‍ദ്ദശത്തെ തുടര്‍ന്ന് ദാരിദ്ര്യത്തില്‍ നിന്നും കരകയറാന്‍ വൈക്കം മുഹമ്മദ് ബഷീര്‍ ആദ്യ കഥയെഴുതി.കറുത്ത് തടിച്ചുരൂണ്ട നായികയും,ചട്ടുകാലും കോങ്കണ്ണും കൂനുമുള്ള യാചകന്‍ നായകനുമായിരുന്നു അതിലെ കഥാപാത്രങ്ങള്‍. അന്നോളം മലയാള സാഹിത്യം പല്ലക്കിലേറ്റിയ നായിക നായക സങ്കല്പങ്ങള്‍ ബഷീറിന്റെ ആദ്യ കഥ ‘തങ്കം’ തച്ചുടച്ചു. തലയില്‍ വര്‍ണ്ണ വ്യവസ്ഥിതി ചുരണ്ടിയ സമൂഹം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. കടിച്ചാല്‍ പൊട്ടാത്ത ഇസ്തിരിയിട്ട വാക്കുകളില്‍ ഒരിക്കല്‍ പേലും അദ്ദേഹം വായനക്കാരനെ തളച്ചിട്ടില്ല. വ്യാകരണത്തിന്‍റെ കാച്ചിക്കുറുക്കലില്ലാത്ത നല്ല അസ്സല്‍ ബഷീറിയന്‍ സാഹിത്യം പിന്നങ്ങോട് ചരിത്രത്തിനു വഴിമാറുകയായിരുന്നു. അബ്ദുള്‍ ഖാദറിന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ ഒന്നാന്തരം ചപ്ലാച്ചി സാഹിത്യം.

പോക്കറ്റടിക്കാരനും തെരുവ് തെണ്ടിയും,ഭ്രാന്തനും, ജയില്‍ പുള്ളിയും വന്ന് മാനവ പ്രേമത്തേക്കാള്‍ ഉല്‍കൃഷ്ടമായ മതമേതുണ്ട് എന്ന് ലളിതവും ഹൃദ്യവുമായി പറഞ്ഞുപോയി. പുഴുവും പുല്‍ച്ചാടിയും പാമ്പും പറവയും ഉള്‍ക്കൊള്ളുന്ന വര്‍ണ്ണ ശബളമായ ലോകത്തെ വാക്കുകള്‍ക്കൊണ്ട് അതിമനോഹരമായി അദ്ദേഹം വരച്ചിട്ടു. കഥകളിലൂടെ എത്രയോ തവണ ആടും,കാക്കയും,പൂച്ചയും,നായയും വന്ന് തൊട്ടു.ചുറ്റും കാണുന്ന മാങ്കോസ്റ്റിന്‍ മരം പോലും ഇന്ന് വല്ലാത്ത അനുഭവമാണ്.മലയാള ഭാഷ പിന്തുടര്‍ന്ന ലിഖിത തത്വങ്ങളെ ബഡുക്കൂസന്‍ സിദ്ധാന്തമുപയോഗിച്ചു സ്റ്റൈലായി ബഷീർ എന്ന മാന്ത്രികൻ മാറ്റിയെഴുതി.ഹൃദയം പൊള്ളിപ്പിടിക്കുമ്പോഴും ചിരി നിറക്കാന്‍ ആ തൂലികയ്‌ക്കേ കഴിഞ്ഞുള്ളു….നിശബ്ദതയില്‍ വാചാലമായ സംഭാഷണ ശകലങ്ങള്‍ പലതും കാതിനിമ്പമേറിയ ഗസലുകളായി വായനക്കാരന്‍ അനുഭവിച്ചു. പടര്‍ന്നു പന്തലിച്ച സാഹിത്യ ശാഖയില്‍ മറ്റൊരു മരവും ഇത്രയേറെ തണലും കുളിരും പൊഴിച്ചില്ല.

“ഹേ…അജസുന്ദരി!…ഭവതീ ആ പുതപ്പ് തിന്നരുത്.
അതിന് നൂറുരൂപ വിലയുണ്ട്. അതിന്‍റെ കോപ്പി എന്‍റെ പക്കല്‍ വേറെയില്ല. എന്‍റെ പുസ്തകങ്ങള്‍ ഇനി വേറെയുണ്ട്. ഭവതിക്കെല്ലാം വരുത്തി സൗജന്യമായി തരാം”

ഒന്നും പരത്തിപ്പറയാതെ കുറുക്കി കുറുക്കിയെടുത്ത വാക്യങ്ങളിലൂടെ ബഷീര്‍ സൃഷ്ടിച്ചെടുത്ത ഹാസ്യാത്മക ശൈലി അത്രമേല്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ചു തലമുറ വായിക്കുന്നുണ്ട്. ആ വീട്ടിലെ ആടുമുതല്‍ പൂടവരെ മലയാളയത്തിന്‍റെ സ്വന്തമാണ്.സാധാരണ കാഴ്ചയ്ക്കപ്പുറത്തെ അസാധാരണ പ്രണയത്തില്‍ ചാലിച്ച പ്രേമലേഖനവും,’യു കാന്‍ ഗോ മിസ്റ്റര്‍ ബഷീര്‍ യൂ ഓര്‍ ഫ്രീ’ എന്ന സംഭാഷണ ശകലത്തില്‍ അവസാനിക്കുന്ന മതിലുകളും പ്രണയ കഥകളില്‍ മറ്റാരും ചെന്നെത്താത്ത ഭാവനാ തലത്തിലേക്കാണ് ഓരോ വായനക്കാരെയും കൂട്ടിക്കൊണ്ടു പോയത്. മണ്ടന്‍ മത്തപ്പായിലുമുണ്ട് നന്മയുടെ ഉള്‍നോവ്. അതി നാടകീയതയിൽ അവിശ്വസനീയമാകുമായിരുന്ന ഭാർഗവി നിലയം പോലും മലയാളിക്ക് പ്രിയങ്കരിയായ യക്ഷിയെ സമ്മാനിച്ചു.

മനോഹര പ്രണയ കഥയെന്ന് ബാല്യകാല സഖി പറയപ്പെടുമ്പോഴും അതിദാരുണമായ ജീവിതയാര്‍ത്ഥ്യങ്ങളെ ഹൃദയത്തില്‍ അടയാളപ്പെടുത്തുന്ന മറ്റേത് കൃതിയുണ്ട് മലയാള സാഹിത്യത്തില്‍. വെറും 76 പേജില്‍ ബാല്യവും,കൗമാരവും.യൗവ്വനവും, മരണവും അനുഭവിപ്പിക്കുന്ന ഇതിഹാസ നോവല്‍. മലയാള സാഹിത്യം എന്നും വൈക്കം മുഹമ്മദ് ബഷീര്‍ എന്ന ലോകോത്തര എഴുത്തുകാരനോട് കടപ്പെട്ടിരിക്കുന്നു.

ബഷീറിന്‍റെ ഓരൊ കൃതിയും അപൂര്‍വ്വ സൃഷ്ടിയാണ് .അതിലെ കഥാപാത്രങ്ങള്‍ എല്ലാ കാലത്തും അനുവാചകരുമായി ഹൃദയ സംവാദം നടത്തുന്നുണ്ട്. ആനവാരി രാമന്‍ നായര്‍,കണ്ടം പറിയാന്‍,മുഴയം നാണു,എട്ടുകാലി മമ്മുഞ്ഞ്,തൊരപ്പന്‍ അവറാന്‍,ഒറ്റക്കണ്ണന്‍ പോക്കര്‍,ഡ്രൈവര്‍ പപ്പുണ്ണി,കൊച്ചു ത്രേസ്യ,സൈനബ,മണ്ടന്‍ മുസ്തഫ,എന്നിങ്ങനെ എത്രയെത്ര കഥാപാത്രങ്ങളാണ് തീക്ഷണമായ അനുഭവങ്ങള്‍ക്കൊണ്ട് വായനക്കാരെ ഇന്നും ചുറ്റിവരിയുന്നത്.

ഉന്മാദ രോഗത്തിനടിപ്പെട്ട് ചികിത്സയ്ക്കെത്തിയ വിശ്വ സാഹിത്യകാരനോട് വൈദ്യർ ചോദിച്ചു  “ഇതൊക്കെ എഴുതിയ വിദ്വാൻ എന്തെ ഇവിടെ വരാൻ ഇത്ര വൈകി !

തൂലികയില്‍ ആക്ഷേപ ഹാസ്യം കലര്‍ത്തി അധികാര വ്യവസ്ഥിതിയെ ചൊടിപ്പിച്ച എഴുത്തുകാരനെ പലകുറി നാലു ചുവരുകള്‍ക്കുള്ളില്‍ ഒതുക്കി. പക്ഷേ, ആ ചതുരംഗ കളത്തിലും നിറഞ്ഞുകളിക്കാനായിരുന്നു അദേഹത്തിന്‍റെ നിയോഗം. അപ്പോഴും ഒരു മതത്തിൽ ജനിച്ചു എന്ന കാരണത്താൽ ദേശീയ വാദിയാണെന്ന് കോപ്പിയെഴുതി കൊടുക്കേണ്ട ഗതികേട് ബഷീറിനുണ്ടായില്ല……

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.