Corporate

ലോകത്തിലെ ഏറ്റവും വലിയ ‘ഐപിഒ’ യുമായി ചൈന കമ്പനി

ഗള്‍ഫ് ഇന്ത്യന്‍സ്.കോം

ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളും, അമേരിക്കയുമായുള്ള വാണിജ്യ യുദ്ധവുമാണ് ചൈനയുമായി ബന്ധപ്പെട്ട് ലോകത്തിലെ മിക്കവാറും മാധ്യമങ്ങളില്‍ കുറച്ചുകാലങ്ങളായി നിറഞ്ഞുനില്‍ക്കുന്ന വാര്‍ത്തകള്‍. ചൈനയുമായുള്ള വാണിജ്യവും, അല്ലാത്തതുമായ യുദ്ധങ്ങളെക്കുറിച്ചുള്ള ഭാവനകള്‍ മാധ്യമങ്ങളില്‍ നിറഞ്ഞപ്പോള്‍ ചൈന മറ്റൊരു തയ്യാറെടുപ്പിലായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ആദ്യ ഓഹരി വിനിമയം അഥവാ ഇനിഷ്യല്‍ പബ്ലിക് ഓഫറിന്റെ (ഐപിഒ) മിനുക്ക് പണികളിലായിരുന്നു ചൈനീസ് കമ്പനിയായ ആന്റ്. ആലിബാബ എന്ന ഓണ്‍ലൈന്‍ വാണിജ്യ ശൃംഖലയുടെ പേയ്‌മെന്റ് ആപ്പ് ആയി തുടങ്ങിയ സ്ഥാപനമാണ് ഇപ്പോള്‍ ആന്റ് എന്ന പേരില്‍ ലോകത്തിലെ ഏറ്റവും വലിയ ഐപിഒ-ക്കു വേണ്ടിയുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയത്. 30-35 ബില്യണ്‍ ഡോളര്‍ (1 ബില്യണ്‍=100 കോടി) സമാഹരിക്കുകയാണ് ഹോങ്ക്‌കോംഗ്, ഷാങ്ഹായ് ഓഹരി വിപണികളില്‍ ഒരേസമയം ലിസ്റ്റ് ചെയ്യാന്‍ ഉദ്ദേശിക്കുന്ന ഐപിഒ ലക്ഷ്യം വയ്ക്കുന്നത്. 2019-ഡിസംബറില്‍ ലോകത്തിലെ ഏറ്റവും വലിയ പെട്രോളിയം കമ്പനികളിലൊന്നായ സൗദി അറേബ്യയിലെ അരാംകോ 26 ബില്യണ്‍ ഡോളര്‍ നേടിയതായിരുന്നു ലോകത്തിലെ ഇതുവരെയുള്ള ഏറ്റവും വലിയ ഐപിഒ. അരാംകോയുടെ നേട്ടത്തെ കവച്ചുവയ്ക്കുന്നതിനാണ് ആന്റ് ലക്ഷ്യമിടുന്നത്.  ഒക്ടോബര്‍ അവസാനത്തോടെ ലിസ്റ്റിംഗ് നടപടികള്‍ പൂര്‍ത്തിയാവുമ്പോള്‍ ആന്റിന്റെ ഐപിഒ അരാംകോയുടെ റിക്കോര്‍ഡ് മറികടക്കുമെന്നാണ് വിപണിയിലെ വിദഗ്ധരുടെ അഭിപ്രായം.

ഐപിഒ-യുടെ മേഖലയില്‍ റിക്കോര്‍ഡ് സൃഷ്ടിക്കുന്നതിനേക്കാള്‍ പ്രധാനം ധനകാര്യ സേവനമേഖലയും ഡിജിറ്റല്‍ സാങ്കേതിക വിദ്യയും സമന്വയിപ്പിക്കുന്ന പുതിയ തരത്തിലുള്ള ലോകോത്തരമായ ധനകാര്യ-സാങ്കേതിക സ്ഥാപനം (ഫിന്‍ടെക്) പടുത്തുയര്‍ത്തുന്നതില്‍ ചൈന കൈവരിച്ച നേട്ടമാണ് ആന്റിന്റെ വിജയരഹസ്യം. ആലിബാബയുടെ സ്ഥാപകനെന്ന പേരില്‍ ലോകമാകെ ഖ്യാതി നേടിയ ജാക് മാ-യുടെ രണ്ടാമത്തെ വിസ്മയമാണ് ആന്റെന്ന ധനകാര്യസ്ഥാപനം. ആലിബാബയുടെ ഒണ്‍ലൈന്‍ വാണിജ്യത്തിനുള്ള ഡിജിറ്റല്‍ പേയ്‌മെന്റ് ആപ്പായിരുന്ന ആലിപേ ആന്റായി രൂപാന്തരം പ്രാപിക്കുമ്പോള്‍ ബാങ്കിംഗും, ഇന്‍ഷ്വറന്‍സും, നിക്ഷേപവും, വായ്പയുമെല്ലാം കൈകാര്യം ചെയ്യുന്ന ധനകാര്യസ്ഥാപനമായി മാറി.

വെനീസില്‍ നിന്നുള്ള വ്യാപാരിയായ മാര്‍ക്കോപോളോ 14-ാം നൂറ്റണ്ടിന്റെ തുടക്കത്തിലാണ് ചൈനയില്‍ നിലനില്‍ക്കുന്ന പേപ്പര്‍ ഉപയോഗിച്ചുള്ള നാണയത്തെപ്പറ്റി പാശ്ചാത്യലോകത്തെ അറിയിക്കുന്നത്. മരത്തോലില്‍ നിന്നായിരുന്നു നാണയത്തിനായി ഉപയോഗിച്ചിരുന്ന പേപ്പറിനു സമാനമായ ഉല്‍പ്പന്നം ചൈന തയ്യാറാക്കിയിരുന്നത്. താമസിയാതെ പേപ്പര്‍ നാണയം ലോകമാകെ വ്യാപിച്ചു. നൂറ്റാണ്ടുകള്‍ക്കു ശേഷം പേപ്പറിനു പകരം ഡിജിറ്റല്‍ പിക്‌സലുകള്‍ നാണയമായി മാറുന്നതിന്റെ ചുക്കാന്‍ പിടിക്കുന്നതും ഒരു ചൈനീസ് കമ്പനി ആയത് യാദൃച്ഛികമല്ലെന്നാണ് പ്രശസ്ത സാമ്പത്തിക വാരികയായ എക്കണോമിസ്റ്റിന്റെ നിഗമനം. ധനകാര്യസേവനങ്ങളും, ഡിജിറ്റല്‍ സാങ്കേതിക വിദ്യയും ഒരുമിക്കുന്ന പ്ലാറ്റ്‌ഫോമുകളും ബിറ്റ്‌കോയിന്‍ പോലുള്ള ഡിജിറ്റല്‍ പണവും സാമ്പത്തികമായ എല്ലാത്തരം ക്രയവിക്രയങ്ങളുടെയും അവിഭാജ്യഘടകമാവുന്നതിന്റെ വ്യക്തമായ സൂചനകളാണ് ആന്റു പോലുള്ള സ്ഥാപനങ്ങളുടെ ആവിര്‍ഭാവം പ്രകടിപ്പിക്കുന്നത്. സാങ്കേതികവിദ്യയും ധനകാര്യവും ഒന്നുചേരുന്ന ഈ മേഖലയില്‍ ചൈന തങ്ങളുടെ ശക്തമായ സാന്നിദ്ധ്യം ഉറപ്പിക്കുന്നതിന്റെ തെളിവായും ആന്റോയുടെ വളര്‍ച്ചയെ കണക്കാക്കാവുന്നതാണ്. ചെറുകിട സംരഭങ്ങള്‍ക്ക് ബാങ്കുകളില്‍ നിന്നും വായ്പ ലഭിക്കുന്നതിനുള്ള ബുദ്ധിമുട്ടുകളെ പറ്റി 2008-ല്‍ പരാതി പറഞ്ഞിരുന്ന ജാക് മായുടെ അഭിപ്രായത്തില്‍ ബാങ്കുകള്‍ സ്വയം മാറിയില്ലെങ്കില്‍ നമ്മള്‍ ബാങ്കുകളെ മാറ്റണം എന്നായിരുന്നു. 2014-ല്‍ ആലിപേയുടെ രൂപീകരണത്തോടെ മാ അതിനുള്ള തുടക്കം കുറിച്ചു.

ഐപിഒ-ക്കു തയ്യാറായ ആന്റിന്റെ ഇപ്പോള്‍ കണക്കാക്കിയിട്ടുള്ള മൂല്യം 250 ബില്യണ്‍ ഡോളറാണ്. ഏകദേശം 100 കോടി ആളുകള്‍ ഇടപാടു നടത്തുന്ന സ്ഥാപനമായി 14-വര്‍ഷം കൊണ്ടു വളര്‍ന്ന ആന്റിന്റെ 2020-ആദ്യപകുതിയിലെ മൊത്തം വരുമാനം 72.5 ബില്യണ്‍ യുവാന്‍ (10.7 ബില്യണ്‍ ഡോളര്‍) ആയിരുന്നു. ആദ്യപകുതിയിലെ ലാഭം 21.1 ബില്യണ്‍ യുവാനായിരുന്നു. ഐടി മേഖലയിലെ പ്രാവീണ്യത്തെ പറ്റി നിരന്തരം സംസാരിക്കുന്ന ഇന്ത്യയിലെ നയകര്‍ത്താക്കളും, വ്യവസായ പ്രമുഖരും ഗൗരവപൂര്‍വ്വം പഠിക്കേണ്ട വിഷയമാണ് ആലിബാബ മുതല്‍ ആന്റു വരെയുള്ള ചൈനയിലെ കമ്പനികളുടെ ആവിര്‍ഭാവവും അവയുടെ വളര്‍ച്ചയും.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തകം പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

3 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.