തുളസി പ്രസാദ്
“ഞങ്ങള്‍ക്ക് വോട്ടു ചെയ്യൂ സൗജന്യമായി കോവിഡ് വാക്സിന്‍ നല്‍കാം..” ബീഹാറില്‍ മുഴങ്ങിക്കേട്ട ഒരു തെരഞ്ഞെടുപ്പ് വാഗ്ദാനമാണ് ഇത്. നിലവില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന ബീഹാറില്‍ മാത്രമല്ല, ഇനി തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തമിഴ്‌നാടിലും മധ്യപ്രദേശിലും മറ്റ് സംസ്ഥാനങ്ങളിലുമൊക്കെ തന്നെ രാഷട്രീയ കക്ഷികള്‍ കോവിഡ് വാക്‌സിന്‍ വച്ച് വോട്ടു തേടുന്ന തിരക്കിലാണ്. ജനങ്ങള്‍ക്കിടയിലെ കോവിഡ് ഭീതി രാഷ്ട്രീയ മുതലെടുപ്പിനായി ഉപയോഗിക്കുന്ന രാഷട്രീയ പാര്‍ട്ടികളുടെ എണ്ണവും കൂടിവരുന്നു.
ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഒക്ടോബര്‍ 22 നായിരുന്നു കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കിയത്. തങ്ങള്‍ വിജയിച്ച് വീണ്ടും അധികാരത്തിലെത്തിയാല്‍ ബീഹാറിലെ മുഴുവന്‍ ജനങ്ങള്‍ക്കും കോവിഡ് പ്രതിരോധ വാക്‌സിന്‍ സൗജന്യമായി നല്‍കാം എന്നായിരുന്നു രാജ്യം ഭരിക്കുന്ന എന്‍ഡിഎ സര്‍ക്കാരിന്റെ, പ്രമുഖ കക്ഷിയായ ബിജെപി ബീഹാറില്‍ പുറത്തിറക്കിയ പ്രകടന പത്രികയിലെ മുഖ്യ വാഗ്ദാനം.
കോവിഡ് പൊട്ടിപ്പുറപ്പെട്ടതിനു ശേഷമുള്ള ആദ്യ നിയമസഭാ തെരഞ്ഞെടുപ്പാണ് ഒക്ടോബര്‍ 28-ന് ബീഹാറില്‍ ആരംഭിച്ചത്. മൂന്ന് ഘട്ടങ്ങളായി നടക്കുന്ന വോട്ടെടുപ്പ് നവംബര്‍ ഏഴിന് അവസാനിക്കും. കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിന്‍ നയത്തിന് വിരുദ്ധമായ ബീഹാറിലെ ബിജെപി ഘടകത്തിന്റെ വാഗ്ദാനം വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴിവച്ചത്. ബീഹാറിലെ ജനങ്ങളുടെ വോട്ട് ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ മുതലെടുപ്പാണ് ഇതെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ പാര്‍ട്ടികളും രാഷ്ട്രീയ നിരീക്ഷകരും രംഗത്തെത്തി.
ഇതിനു പിന്നാലെ രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും സൗജന്യ കോവിഡ് വാക്‌സിന്‍ നല്‍കുമെന്ന കേന്ദ്രമന്ത്രി പ്രതാപ് സാരംഗിയുടെ പ്രതികരണവുമെത്തി. പ്രകടന പത്രികയിലെ പ്രഖ്യാപനം ബിജെപിയെ വെട്ടിലാക്കിയതോടെയാണ് ഒഡീഷയില്‍ നിന്നുള്ള ഈ കേന്ദ്ര മന്ത്രിയുടെ ഈ വിശദീകരണം എന്നതും ഓര്‍ക്കണം.
ഭരണത്തിലേറും മുന്‍പ് നിരവധി വാഗ്ദാനങ്ങള്‍ നല്‍കിയ ബീഹാറിലെ നിതീഷ് കുമാര്‍ സര്‍ക്കാര്‍ അതൊന്നും പാലിച്ചില്ല എന്നു മാത്രമല്ല ഭരണകാര്യത്തില്‍ പരാജയവുമായിരുന്നു. സംസ്ഥാനത്തെ കോവിഡ് പ്രതിരോധം, പ്രളയം, ലോക്ഡൗണ്‍ കാരണം ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തിയ കുടിയേറ്റ തൊഴിലാളികള്‍ക്ക് തൊഴില്‍ ഉറപ്പാക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ ബീഹാര്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ പരാജയമായിരുന്നു.
ഭരണ പരാജയങ്ങള്‍ മറച്ചുപിടിക്കാന്‍ നിതീഷ് സര്‍ക്കാര്‍ ആദ്യം ഉപയോഗിച്ചത് നടന്‍ സുശാന്ത് സിങ്ങിന്റെ മരണമായിരുന്നു. സുശാന്തിന്റെ മരണത്തിനു കാരണക്കാരായവരെ കണ്ടെത്തി അദ്ദേഹത്തിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്നും സിബിഐ അന്വേഷണം കൊണ്ടുവന്നത് ബീഹാര്‍ സര്‍ക്കാരിന്റെ ഇടപെടലുകള്‍ കൊണ്ടുമാത്രമാണ് എന്നായിരുന്നു നിതീഷ് കുമാര്‍ ആദ്യ വെര്‍ച്വല്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞത്. സുശാന്തിന് നീതി ഉറപ്പാക്കുക എന്നത് രജ്പൂത് സമുദായത്തിന്റെയും ബീഹാരികളുടെയും അഭിമാന പ്രശ്‌നമായും ഉയര്‍ത്തിക്കാട്ടിയായിരുന്നു ബിജെപിയുടെയും പ്രചരണം.
ഇതിനു പിന്നാലെയാണ് പ്രകടന പത്രികയിലെ വാക്‌സിന്‍ വാഗ്ദാനവും. ബീഹാറിലെ ആര്‍ജെഡി-ബിജെപി സഖ്യത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ച് മഹാജനസഖ്യം രൂപീകരിച്ച് തെരഞ്ഞെടുപ്പിനെ നേരിടാനിറങ്ങിയതോടെ, ഈ സഖ്യത്തെ ചെറുക്കാനാണ് ബിജെപി പ്രകടന പത്രികയില്‍ സൗജന്യ വാക്‌സിന്‍ എന്ന വാഗ്ദാനം ഉള്‍പ്പെടുത്തിയതെന്നും ചിലര്‍ പറയുന്നു.
വാഗ്ദാനങ്ങള്‍ വാരിക്കോരി നല്‍കി പ്രതിച്ഛായ സൃഷ്ടിക്കുന്ന കാര്യത്തില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ മാത്രമല്ല രാജ്യം ഭരിക്കുന്ന മോദി സര്‍ക്കാരും ഒട്ടും പുറകിലല്ല. സാധാരണക്കാരുടെ വികാരങ്ങളും വിശ്വാസങ്ങളും ഭയവും രാഷ്ട്രീയ ആയുധമാക്കുന്ന ബിജെപിയും എന്‍ഡിഎ സര്‍ക്കാരും സൗജന്യ വാക്‌സിന്‍ നല്‍കുമെന്ന് പറയുന്നതിലും അതിശയിക്കാനില്ല. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന മറ്റ് ചില സംസ്ഥാനങ്ങളിലെ ഭരണപക്ഷ പാര്‍ട്ടികളും ഇതേ വാഗ്ദാനവുമായി രംഗത്തെത്തിയിട്ടുണ്ട്.
ബീഹാറിലെ ബിജെപിയുടെ വാക്‌സിന്‍ വാഗ്ദാനത്തിനു ചുവടുപിടിച്ച് തമിഴ്‌നാട്, മധ്യപ്രദേശ്, അസം, പുതുച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളിലെ ഭരണപക്ഷ പാര്‍ട്ടികളാണ് സൗജന്യ വാക്‌സിന്‍ പ്രഖ്യാപനവുമായി രംഗത്തെത്തിയത്. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളാണ് ഇവ. മധ്യപ്രദേശിലെ ബിജെപി മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ തന്റെ ട്വിറ്റര്‍ പോസ്റ്റിലൂടെയാണ് സംസ്ഥാനത്തെ ജനങ്ങള്‍ക്ക് സൗജന്യ കോവിഡ് വാക്‌സിന്‍ നല്‍കുമെന്ന പ്രഖ്യാപനം നടത്തിയത്.
വാക്സിന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ രാജ്യത്ത് വേഗത്തില്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും തയ്യാറാകുമ്പോള്‍ ഉടന്‍ മധ്യപ്രദേശില്‍ എത്തിക്കുമെന്നുമാണ് ചൗഹാന്‍ ട്വിറ്ററില്‍ കുറിച്ചത്. വാക്സിന്‍ എത്തിയാല്‍ സംസ്ഥാനത്ത് സൗജന്യമായി ലഭ്യമാക്കും എന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയും പ്രഖ്യാപനം നടത്തി.
മുന്‍ മുഖ്യമന്ത്രി ജയലളിത അന്തരിച്ചതിനു ശേഷമുള്ള ആദ്യ നിയമസഭാ തെരഞ്ഞെടുപ്പാണ് തമിഴ്‌നാട്ടില്‍ നടക്കാനിരിക്കുന്നത്. എടപ്പാടി സര്‍ക്കാരിന്റെ ആദ്യ ജനവിധി തേടലും. ബിജെപിയോട് അനുഭാവം പുലര്‍ത്തുന്ന എഐഎഡിഎംകെക്കും മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്കും ഈ തെരഞ്ഞെടുപ്പ് നിര്‍ണായകമാണ് എന്നതു തന്നെയാണ് ഇത്തരമൊരു പ്രഖ്യാപനം ചൂണ്ടിക്കാട്ടുന്നതും.
ബിജെപി സര്‍ക്കാരുകളുടെയും ബിജെപി അനുഭാവ പാര്‍ട്ടികളുടേയും വാക്‌സിന്‍ വാഗ്ദാനത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളടക്കം നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്. കോവിഡ് വാക്‌സിന്‍ ജീവന്‍ രക്ഷാ മാര്‍ഗമായി കാണേണ്ടതിന് പകരം ഒരു തെരഞ്ഞെടുപ്പ് ഉപകരണമായി കരുതുന്ന ഏക രാഷ്ട്രീയ പാര്‍ട്ടി ബിജെപി ആയിരിക്കുമെന്നാണ് കോണ്‍ഗ്രസ് വക്താവ് ജയ് വീര്‍ ഷെര്‍ഗില്‍ പ്രതികരിച്ചത്.
കോവിഡ് വാക്‌സിന്‍ രാജ്യത്തിന്റേതാണ് ബിജെപിയുടേതല്ലെന്ന് പറഞ്ഞ ആര്‍ജെഡി, രോഗവും മരണവും ഉണ്ടാക്കുന്ന ഭയം മുതലെടുത്ത് വോട്ട് നേടുകയല്ലാതെ ബീഹാറിലെ ബിജെപി ഘടകത്തിന് വേറെ വഴിയില്ലെന്ന് ഈ പ്രഖ്യാപനത്തോടെ മനസിലായെന്നും തുറന്നടിച്ചു. ബിജെപിക്ക് വോട്ടു ചെയ്യാത്തവര്‍ക്ക് കോവിഡ് വാക്‌സിന്‍ ലഭിക്കില്ലേ എന്നായിരുന്നു ആം ആദ്മി പാര്‍ട്ടിയുടെ ചോദ്യം. തോല്‍ക്കുമെന്നുള്ള തീവ്ര നൈരാശ്യവും മഹാജനസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി തേജസ്വി യാദവ് തീര്‍ക്കുന്ന ജനക്കൂട്ടത്തെ കാണുമ്പോഴുള്ള ഭയവുമാണ് ബിജെപിയുടെ ഇത്തരം തീരുമാനങ്ങള്‍ക്ക് പിന്നിലെന്നാണ് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ പ്രതികരിച്ചത്.
‘എനിക്ക് രക്തം തരൂ ഞാന്‍ നിങ്ങള്‍ക്ക് സ്വാതന്ത്ര്യം തരാം’ എന്നു പറഞ്ഞ നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ഇന്ത്യയിലാണ് ഇന്ന് ‘ഞങ്ങള്‍ക്ക് വോട്ടു ചെയ്യൂ, നിങ്ങള്‍ക്ക് സൗജന്യ കോവിഡ് വാക്‌സിന്‍ നല്‍കാമെന്ന’ വാഗ്ദാനം ഉയര്‍ന്നു കേള്‍ക്കുന്നത്. രാഷട്രീയ പാര്‍ട്ടികളുടെ ഈ രാഷ്ട്രീയ കച്ചവട വിഷം എത്രമാത്രം ജനങ്ങളില്‍ ആഴ്ന്നിറങ്ങിയിട്ടുണ്ടെന്ന് ബീഹാര്‍ തെരഞ്ഞെടുപ്പ് ഫലം മനസിലാക്കി തരും. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഈ വാക്‌സിന്‍ വാഗ്ദാനം പ്രാവര്‍ത്തികമാകുമോ എന്നും കണ്ടുതന്നെ അറിയണം.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.