World

സ്വീഡനും, ഹെര്‍ഡ് ഇമ്യൂണിറ്റിയും, കോവിഡും

ഗള്‍ഫ് ഇന്ത്യന്‍സ്.കോം

കോവിഡ് മഹാമാരിയെ നേരിടുന്ന വിഷയത്തില്‍ സ്വീഡന്‍ സ്വീകരിച്ച മാതൃക ആഗോളതലത്തില്‍ ശ്രദ്ധ പിടിച്ചുപറ്റിയെങ്കിലും ഇത്തരം അടിയന്തിര ഘട്ടങ്ങളില്‍ പൊതുജനാരോഗ്യ നയത്തിന്റെ രൂപീകരണം എങ്ങനെയാവണമെന്ന കാര്യത്തില്‍ ഗൗരവമായ സംവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. സ്വീഡനില്‍ യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന കാര്യത്തില്‍ ഒരു ധാരണയുമില്ലാത്തവര്‍ പോലും സ്വീഡിഷ് മാതൃകയെപ്പറ്റി ആധികാരികമായി പൊതുവേദികളില്‍ അഭിപ്രായം രേഖപ്പെടുത്തന്നതിന്റെ ഉദാഹരണങ്ങള്‍ കേരളത്തില്‍ പോലും നിരവധിയാണ്. പരമ്പരാഗത മാധ്യമങ്ങളിലും, സോഷ്യല്‍ മീഡിയയിലും പ്രത്യക്ഷപ്പെടുന്ന വാര്‍ത്തകളുടെ മുന്‍ഗണനക്രമം അനുസരിച്ചുള്ള ചേരുവകളും, ഭാഗികമായ മറ്റു വിവരങ്ങളുമായിരുന്നു അവയുടെ അടിസ്ഥാനം. ഭാഗികമായ ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയ പല ധാരണകളെയും പുനപരിശോധിക്കുന്നതിന് പ്രേരിപ്പിക്കുന്നതാണ് വിഖ്യാത ശാസ്ത്ര പ്രസിദ്ധീകരണമായ സയന്‍സിന്റെ ഓണ്‍ലൈന്‍ എഡിഷനില്‍ ഒക്ടോബര്‍ 6-ന് പ്രസിദ്ധീകരിച്ച ലേഖനം.

സ്വീഡനിലെ ഔദ്യോഗിക പൊതുജനാരോഗ്യ സംവിധാനത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍, ഔദ്യോഗിക നയത്തിന്റെ  വിമര്‍ശകരായ ഡോക്ടര്‍മാരും, ശാസ്ത്രജ്ഞരും തുടങ്ങിയ വിവിധ മേഖലകളിലുള്ളവര്‍ തമ്മില്‍ നടന്ന സംവാദങ്ങളും, സംഭാഷണങ്ങളും അടിസ്ഥാനമാക്കിയുള്ള ലേഖനം കോവിഡ് പ്രതിരോധത്തിന്റെ കാര്യത്തില്‍ സ്വീഡനില്‍ എന്താണ് സംഭവിച്ചതെന്ന് ഏകദേശധാരണ രൂപീകരിക്കുവാന്‍ സഹായകമാണ്. മരണം, രോഗവ്യാപനം, ഹെര്‍ഡ് ഇമ്യൂണിറ്റി, സാമ്പത്തിക വളര്‍ച്ച തുടങ്ങിയ ഏതു മേഖലയെടുത്താലും സ്വീഡന്റെ മാതൃക പിന്തുടരാന്‍ പറ്റിയതല്ലെന്നു വ്യക്തമാക്കുന്നതാണ് സയന്‍സിലെ ലേഖനം.

രോഗം തടയുന്നതിനും, നിയന്ത്രിക്കുന്നതിനുമുള്ള യൂറോപ്യന്‍ സെന്റര്‍ (ഇസിഡിസി) പൊതുസ്ഥലങ്ങളില്‍ മുഖാവരണം ധരിക്കണമെന്നു നിര്‍ദ്ദേശിച്ചതിനെതിരെ സ്വീഡനിലെ പൊതുജനാരോഗ്യ സംവിധാനത്തിലെ എപിഡിമയോളജി ചീഫായ ആന്തേഴ്‌സ് ടെഗ്നല്‍ ഏപ്രില്‍ 5-ന് അയച്ച സന്ദേശം മുതലാണ് സ്വീഡിഷ് മാതൃക ശ്രദ്ധ നേടുന്നത്. വായു വഴിയാണ് രോഗം പകരുന്നതെന്ന ധാരണ ഉറപ്പിക്കുവാന്‍ സഹായിക്കുന്നതാണ് മുഖാവരണം ധരിക്കാനുള്ള നിര്‍ദ്ദേശമെന്നും അത് ജനങ്ങളുടെയും, ആരോഗ്യപ്രവര്‍ത്തകരുടെയും പരസ്പരവിശ്വാസം നഷ്ടപ്പെടുത്താനിടയാക്കുമെന്നായിരുന്നു ടെഗ്നലിന്റെ സന്ദേശം. രോഗലക്ഷണമില്ലാത്തവര്‍ രോഗവ്യാപനത്തിന് എത്രത്തോളം ഇടവരുത്തുമെന്ന് തീര്‍ച്ചയില്ലാത്ത സ്ഥിതിക്ക് ഇത്തരമൊരു നിര്‍ദ്ദേശം പുറപ്പെടുവിച്ചതിന്റെ ഔചിത്യവും അദ്ദേഹം ഉന്നയിച്ചു. ഏതായാലും അന്നുമുതല്‍ തുടങ്ങിയ സ്വീഡിഷ് മാതൃകയുടെ മുഖ്യചേരുവകള്‍ ഇവയായിരുന്നു. മുഖാവരണം ധരിക്കുന്നതിനെ ബോധപൂര്‍വ്വം നിരുത്സാഹപ്പെടുത്തുക, പ്രകടമായ രോഗലക്ഷണം ഇല്ലാത്ത വൈറസ് ബാധിതരെ സ്വതന്ത്രമായി ഇടപഴകുവാന്‍ അനുവദിക്കുക, ടെസ്റ്റിംഗ് ആവശ്യത്തിനു മാത്രമായി പരിമിതപ്പെടുത്തുക, രോഗബാധിതര്‍ സ്വന്തം നിലയില്‍ അവരുടെ സമ്പര്‍ക്കങ്ങള്‍ വെളിപ്പെടുത്തക എന്നിവയായിരുന്നു അവയില്‍ മുഖ്യം. കടകളും, ഭക്ഷണ ശാലകളും, സ്‌കൂളുകളും, ഓഫീസുകളുമെല്ലാം സാധാരണ പോലെ പ്രവര്‍ത്തിച്ചു. സ്വീഡന്റെ ഈ നയങ്ങള്‍ ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെട്ടുവെങ്കിലും സ്വീഡനില്‍ ഈ നയങ്ങള്‍ കടുത്ത വിവാദങ്ങള്‍ക്ക് വഴിതെളിച്ചു. 22 എന്ന പേരില്‍ അറിയപ്പെട്ട ഒരു കൂട്ടം ശാസ്ത്രജ്ഞര്‍ FoHM എന്നറിയപ്പെടുന്ന പൊതുജനാരോഗ്യ വകുപ്പിനെ രൂക്ഷമായി വിമര്‍ശിക്കുന്ന കുറിപ്പ് പ്രസിദ്ധീകരിച്ചതോടെ വിവാദം പൊതുമണ്ഠലത്തിലെത്തി. താമസിയാതെ 50 ശാസ്ത്രജ്ഞരും, മറ്റു 150 പേര്‍ പിന്തുണക്കാരുമുള്ള ഒന്നായി വളര്‍ന്ന ഈ ഗ്രൂപ്പ്  ഇപ്പോള്‍ സയന്‍സ് ഫോറം കോവിഡ്-19 എന്ന പേരിലാണ് അറിയപ്പെടുന്നത്.

സ്വീഡന്‍ സ്വീകരിച്ച നയം ആത്മഹത്യപരമായിരുന്നുവെന്നാണ് അവരുടെ നിലപാട്. മഹാമാരി തുടങ്ങിയതിനു ശേഷമുള്ള സ്വീഡനിലെ മരണനിരക്ക് അമേരിക്കയെക്കാള്‍ കൂടുതലാണെന്ന് അവര്‍ പറയുന്നു. ഏറ്റവുമധികം പരിരക്ഷ ആവശ്യമുള്ള വിഭാഗത്തെയാണ് ഈ നയങ്ങള്‍ ഏറ്റവും പ്രതികൂലമായി ബാധിച്ചത്. നഴ്‌സിംഗ് ഹോമുകളിലെ അന്തേവാസികളാണ് അതില്‍ ഏറ്റവും പ്രധാനം. ആയിരത്തോളം പേര്‍ ആഴ്ചകള്‍ക്കുള്ളില്‍ തന്നെ മരണമടഞ്ഞു. സ്വീഡന്റെ തലസ്ഥാനമായ സ്റ്റോക്‌ഹോമിലെ 14,000 നഴ്‌സിംഗ് ഹോം അന്തേവാസികളില്‍ 7-ശതമാനം പേരെ കോവഡ് കൊണ്ടുപോയി. സര്‍ക്കാരിന്റെ നയങ്ങളെ വിമര്‍ശിച്ചത് രൂക്ഷമായ പ്രതികരണത്തിന് ഇടയാക്കിയെന്നു ഫോറത്തിലെ അംഗങ്ങള്‍ പറയുന്നു. മുഖാവരണം ധരിക്കാതിരിക്കുന്നത് വ്യക്തിഗതമായ നിലയില്‍ മനസ്സിലാക്കാം. പക്ഷെ മുഖാവരണം ധരിക്കുന്നതിനെ ശിക്ഷിക്കുന്നതിനെ എങ്ങനെ ന്യായീകരിക്കാനാവുമെന്നാണ് സ്വീഡിഷ് അനുഭവം കാണിക്കുന്നത്. എന്നാല്‍ വിമര്‍ശകരുടെ വാദങ്ങളെ തള്ളുന്ന സമീപനമാണ് ടെഗ്നല്‍ സ്വീകരിച്ചത്. വിമര്‍ശകര്‍ തങ്ങളുടെ വാദങ്ങളെ സാധൂകരിക്കാന്‍ സഹായിക്കുന്ന ഡാറ്റ മാത്രമാണ് ഉപയോഗിച്ചതെന്നു അദ്ദേഹം പറഞ്ഞു. എന്നാല്‍ തങ്ങള്‍ ഇസിഡിസി-യുടെ ഡാറ്റയാണ് ഉപയോഗിച്ചതെന്നു ഫോറത്തിലെ അംഗങ്ങള്‍ പറയുന്നു.

ഏതായാലും സ്വീഡന്റെ മാതൃക ഗുണത്തെക്കാള്‍ ദോഷം വരുത്തിയെന്നാണ് പൊതുവെയുള്ള അനുമാനം. വളരെയധികം വാര്‍ത്താ പ്രാധാന്യം നേടിയ ഹെര്‍ഡ് ഇമ്യൂണിറ്റി ഇപ്പോഴും അകലെയാണെന്നു ഭൂരിഭാഗം ശാസ്ത്രജ്ഞരും അഭിപ്രായപ്പെടുന്നു. ഹെര്‍ഡ് ഇമ്യൂണിറ്റിയുടെ കാര്യത്തില്‍ ശാസ്ത്രജ്ഞര്‍ക്കിടയില്‍ ഇപ്പോഴും അഭിപ്രായ സമന്വയമില്ല. നിശ്ചിത ജനസംഖ്യയുടെ 30-ശതമാനം പേരെ വൈറസ് ബാധിച്ചാല്‍ ഹെര്‍ഡ് ഇമ്യുണിറ്റിയുണ്ടാവുമെന്നു ഒരു കൂട്ടര്‍ പറയുമ്പോള്‍ 40 മുതല്‍ 70 ശതമാനം വരെ ആളുകള്‍ക്ക് വൈറസ് ബാധയുണ്ടാവണമെന്നു പറയുന്നവരും ധാരാളമാണ്. ഹെര്‍ഡ് ഇമ്യൂണിറ്റിക്കു വേണ്ടി ഇത്രയധികം മനുഷ്യരുടെ ജീവന്‍ അപകടത്തിലാക്കിയതിനെ ന്യായീകരിക്കാനാവില്ലെന്നു വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. ഏതായാലും ടെഗ്നലും, FoHM-ഉം ഇപ്പോള്‍ ഇമ്യുണിറ്റിയെ പറ്റി അധികം സംസാരിക്കുന്നില്ല.

സെപ്തംബറിലെ കണക്കുകളനുസരിച്ച് സ്റ്റോക്‌ഹോം പ്രവിശ്യയിലെ 12 ശതമാനം ജനങ്ങള്‍ക്കും, സ്വീഡനിലെ മൊത്തം ജനസംഖ്യയില്‍ 6-8 ശതമാനം പേര്‍ക്കു മാത്രമാണ് ജൂണ്‍ പകുതി വരെ വൈറസിനെതിരെ ആന്റിബോഡീസ് ഉള്ളതായി കണ്ടെത്തിയിരിക്കുന്നത്. രോഗം കണ്ടെത്തുന്നവരുടെ എണ്ണത്തില്‍ സെപ്തംബര്‍ ആദ്യവാരം പ്രകടമായ കുറവാണ് ഇപ്പോഴത്തെ ഏകപ്രതീക്ഷ. ജുണ്‍ 24-നു 1,698 പേര്‍ ഒറ്റ ദിവസം രോഗബാധിതരായെങ്കില്‍ സെപ്തംബര്‍ ആദ്യവാരം അത് 200 ആയി കുറഞ്ഞിട്ടുണ്ട്. കേരളത്തിന്റെ മൂന്നിലൊന്നു പോലും ജനസംഖ്യയില്ലാത്ത രാജ്യമായ സ്വീഡനില്‍ (1.02 കോടി ജനങ്ങള്‍) കോവിഡ് മൂലം ഇതുവരെ മരണമടഞ്ഞത് 5,985 പേരാണ്. രോഗബാധിതരുടെ എണ്ണം 94,000 പേരാണ്. ഒരു ദശലക്ഷത്തിന് 590 പേരാണ് സ്വീഡനിലെ മരണനിരക്ക്. അമേരിക്കയില്‍ 591-ഉം ഇറ്റലിയില്‍ 600-മായിരുന്നു മരണനിരക്ക്. സ്വീഡന്റെ അയല്‍രാജ്യമായ നോര്‍വെയില്‍ മരണനിരക്ക് 10-ലക്ഷത്തില്‍ 50 മാത്രമായിരുന്നു. കോവിഡ് വ്യാപനത്തിന്റെ ഒരു ഘട്ടം പിന്നിടുമ്പോള്‍ സ്വീഡിഷ് മാതൃക ബാക്കിവെയ്ക്കുന്നത് പൊതുജനാരോഗ്യ പരിരക്ഷയുടെ ചുമതലയുള്ളവര്‍ പുലര്‍ത്തിയ അലംഭാവവും, വിമര്‍ശനങ്ങളോടുള്ള അസഹിഷ്ണുതയുമാണ്.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.