ജിഷ ബാലന്‍
വരകളിലൂടെ മനുഷ്യരെ ചിരിപ്പിക്കുക എന്നത് പ്രയാസമാണ്. എന്നാല്‍ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും കഴിയുന്നത് ഒരു കാര്‍ട്ടൂണിസ്റ്റിനായിരിക്കും. സമകാലിക രാഷ്ട്രീയ പ്രശ്‌നങ്ങളെ കാര്‍ട്ടൂണിലൂടെ ഹാസ്യവത്കരിച്ച് നര്‍മ്മ മനസ്സുകള്‍ കീഴക്കിയ, കേരളത്തിന്‍റെ പ്രിയപ്പെട്ട കാര്‍ട്ടൂണിസ്റ്റാണ് സുധീര്‍ നാഥ്…കുറഞ്ഞ കാലയളവില്‍ കാര്‍ട്ടൂണ്‍ മേഖലയില്‍ തന്റേതായ കയ്യൊപ്പ് പതിപ്പിച്ച വ്യക്തി…കാലത്തിനനുസൃതമായ നര്‍മ്മ രസക്കൂട്ടുകള്‍ കാര്‍ട്ടൂണ്‍ ആയി അവതരിപ്പിക്കുന്ന സുധീര്‍, യുവതലമുറക്കാര്‍ക്കിടയിലെ താരമാണ്.
സ്‌കൂളില്‍ ഉണ്ടായ ഒരു അബദ്ധമാണ് രാജ്യം അറിയപ്പെടുന്ന സുധീര്‍ എന്ന കാര്‍ട്ടൂണിസ്റ്റിനെ വാര്‍ത്തെടുത്തത്. കരുണാകരനെ വരച്ചുകൊണ്ടാണ് സുധീര്‍ നാഥ് കാര്‍ട്ടൂണ്‍ കലയിലേക്ക് പ്രവേശിക്കുന്നത്. തൃക്കാക്കര സെന്റ് ജോസഫ് സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് കാര്‍ട്ടൂണിസ്റ്റ് നാഥന്‍ ക്ലാസെടുക്കാന്‍ എത്തി. ക്യാമ്പ് കഴിഞ്ഞപ്പോള്‍ നാഥന്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കരുണാകരന്‍റെ ചിത്രം സുധീറിന് ഓട്ടോഗ്രാഫായി വരച്ചുനല്‍കി. മറ്റ് കൂട്ടുകാരൊക്കെ ചിത്രം കാണാന്‍ കൂടിയതോടെ ക്ലാസില്‍ ബഹളമായി. ഉടന്‍ ടീച്ചര്‍ എത്തുകയും ചിത്രം പിടിച്ചുവാങ്ങുകയും ചെയ്തു. കരുണാകരന്റെ ചിത്രം സുധീര്‍ വരച്ചതാണെന്ന് ടീച്ചര്‍ വിശ്വസിച്ചതോടെ സുധീര്‍ സ്‌കൂളില്‍ വലിയ വരക്കാരനായി അറിയപ്പെട്ടു. കുട്ടികള്‍ക്കെല്ലാം സുധീറിന്‍റെ കാര്‍ട്ടൂണ്‍ വേണമെന്നായപ്പോള്‍ ഉറക്കമിളച്ചിരുന്ന് കരുണാകരന്‍റെ കാര്‍ട്ടൂണ്‍ വരച്ചു പഠിച്ചു. യാദൃച്ഛികമായി തുടങ്ങിയ വരകള്‍ സുധീറിന് സമ്മാനിച്ചത് വിശാലമായ കാര്‍ട്ടൂണ്‍ ലോകമാണ്.
നോട്ടുപുസ്തകങ്ങളിലെ വരകള്‍ കണ്ട അമ്മ സുധീര്‍ നാഥിനെ പുതിയ പാഠങ്ങള്‍ പഠിക്കാന്‍ കാര്‍ട്ടൂണിസ്റ്റ് യേശുദാസിന്‍റെ അടുത്തേക്കാണ് അയച്ചത്. സുധീര്‍ വരയ്ക്കുന്ന ചിത്രങ്ങള്‍ പരിശോധിച്ച് കുറ്റങ്ങളും കുറവുകളും കണ്ടെത്തുകയല്ലാതെ, നല്ലതാണെന്ന് യേശുദാസ് പറഞ്ഞിട്ടില്ല. ഇത് സുധീറിലെ കാര്‍ട്ടൂണിസ്റ്റിനെ മിനുക്കിയെടുക്കാന്‍ സഹായിച്ചു.
1987ലെ നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നൂറോളം ചുമര്‍ ചിത്രങ്ങള്‍ വരച്ചതോടെയാണ് സുധീറിനെ പുറംലോകം അറിയുന്നത്. പിന്നീട് വിവിധ മാധ്യമങ്ങളിലൂടെ തന്‍റെ വരകള്‍ പ്രസിദ്ധീകരിച്ചുതുടങ്ങി. രാഷ്ട്രീയം മുന്‍ നിര്‍ത്തികൊണ്ടുള്ള സുധീറിന്റെ നര്‍മ്മ രസമുള്ള കാര്‍ട്ടൂണുകള്‍ ജനമനസ്സുകള്‍ കീഴടക്കി.
മലയാള മാധ്യമ, പ്രസിദ്ധീകരണ മേഖലയില്‍ ജോലി ചെയ്ത സുധീര്‍ പിന്നീട് ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങള്‍ക്ക് വേണ്ടിയും വരച്ചുതുടങ്ങി. കാര്‍ട്ടൂണ്‍ മേഖലയില്‍ പുതുവിപ്ലവം സൃഷ്ടിച്ച സുധീര്‍, 1989 ല്‍ കേരള കാര്‍ട്ടൂണ്‍ അക്കാദമിയില്‍ അംഗത്വം നേടി. മൂന്ന് വര്‍ഷം കൊണ്ടാണ് ഈ നേട്ടം. അവിടെ നിന്നും മറ്റ് കാര്‍ട്ടൂണിസ്റ്റുകളുടെ സഹായത്തോടെ വരകളുടെ പുതു തലങ്ങള്‍ പഠിച്ചെടുത്തു.
ഡല്‍ഹിയിലേക്ക് ജീവിതം പറിച്ചുനട്ട സുധീര്‍, കാര്‍ട്ടൂണ്‍ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രദര്‍ശനങ്ങള്‍, പഠനക്ലാസുകള്‍ എന്നിവയ്ക്ക് നേതൃത്വം നല്‍കി. കാര്‍ട്ടൂണിന്‍റെ പ്രാധാന്യവും അറിവുകളും പുതുതലമുറകളിലേക്ക് പകര്‍ത്താന്‍ 23 സംസ്ഥാനങ്ങളിലായി 53 ഓളം കാര്‍ട്ടൂണ്‍ പ്രദര്‍ശനങ്ങള്‍ സംഘടിപ്പിച്ചു. ന്യൂഡല്‍ഹി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ 20 കാര്‍ട്ടൂണ്‍ ഷോകളും സംഘടിപ്പിച്ചു.
22 വര്‍ഷ കാര്‍ട്ടൂണിസ്റ്റ്, കോളമിനിസ്റ്റ് ജീവിതത്തിനിടയില്‍ സുധീര്‍ സ്വന്തമാക്കിയത് വന്‍ നേട്ടങ്ങളാണ്. എന്‍സിആര്‍ടി പാഠപുസ്തകങ്ങളിലൂടെ വിദ്യാര്‍ത്ഥി സമൂഹം സുധീറിന്റെ വരകള്‍ കണ്ടു. എന്‍സിആര്‍ടിയുടെ. ലോകാരോഗ്യ സംഘടന ഇന്ത്യയില്‍ സംഘടിപ്പിച്ച പള്‍സ് പോളിയോ കാമ്പെയ്ന്‍റെ ഭാഗമാകാന്‍ സുധീറിന് അവസരം ലഭിച്ചു. ലോകോത്തര കാര്‍ട്ടൂണ്‍ അക്കാദമികളില്‍ പഠിപ്പിക്കാന്‍ അവസരം ലഭിച്ചു. ആദ്യ യുപിഎ മന്ത്രിസഭയില്‍ ഊര്‍ജ മന്ത്രിയായിരുന്ന പി എം സയീദിന്‍റെ മാധ്യമകാര്യ സെക്രട്ടറി ആയി സുധീര്‍ നാഥ് പ്രവര്‍ത്തിച്ചിട്ടുണ്ട്. വി പി സിംഗിന്‍റെ കവിതകള്‍ ആദ്യമായി മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയത് സുധീര്‍ ആയിരുന്നു.
എട്ട് വര്‍ഷം കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ സെക്രട്ടറിയായും നാല് വര്‍ഷം ട്രഷററായും സുധീര്‍ നാഥ് സേവനമനുഷ്ഠിച്ചു. ഈ കാലയളവില്‍ തന്റെ പകരം വെയ്ക്കാനാവാത്ത വ്യത്യസ്തമാര്‍ന്ന കാര്‍ട്ടൂണുകളും കാരികേച്ചറുകളും ജനങ്ങളിലേക്ക് എത്തിച്ചു.ദൂരദര്‍ശന് വേണ്ടി രണ്ട് ടെലി ഫിലിം സുധീര്‍ സംവിധാനം ചെയ്തിട്ടുണ്ട്. കൂടാതെ രണ്ട് മലയാള ചിത്രങ്ങളുടെ പബ്ലിക് റിലേഷന്‍ ഇന്‍ചാര്‍ജ് ആയും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
40 ഓളം പുസ്തകങ്ങള്‍ ആണ് സുധീര്‍ നാഥിന്‍റെതായി പുറത്തിറങ്ങിയിട്ടുള്ളത്. തന്റെ കാര്‍ട്ടൂണുകള്‍ മൂന്ന് പുസ്തകങ്ങളായി സുധീര്‍ പ്രസിദ്ധീകരിച്ചു. മലയാളം കാര്‍ട്ടൂണുകള്‍ ‘ഇന്ദ്രപ്രസ്ഥം’ എന്ന പേരിലും ഇംഗ്ലീഷ് കാര്‍ട്ടൂണുകള്‍ ‘അരീന ഓഫ് ലാഫ്റ്റര്‍’ എന്ന പേരില്‍ രണ്ട് പുസ്തകങ്ങള്‍ പുറത്തിറക്കി. 2017ല്‍ പുറത്തിറങ്ങിയ കാര്‍ട്ടൂണിന്‍റെ ചരിത്രം പറയുന്ന സുധീറിന്‍റെ ‘വരയും കുറിയും’ എന്ന പുസ്തകം ഏറെ ശ്രദ്ധിക്കപ്പെട്ടു. കഴിഞ്ഞ സെപ്തംബറില്‍ കായംകുളം ശങ്കര്‍ ദേശീയ കാര്‍ട്ടൂണ്‍ മ്യൂസിയത്തില്‍ സുധീറിന്‍റെ കാര്‍ട്ടൂണ്‍ പ്രദര്‍ശനം ഉണ്ടായിരുന്നു. കേരളത്തില്‍ ആദ്യമായാണ് സുധീറിന്‍റെ കാര്‍ട്ടൂണുകള്‍ പ്രദര്‍ശിപ്പിക്കുന്നത്. മീഡിയ അക്കാദമി അവാര്‍ഡ്, ലളിത കലാ അക്കാദമി അവാര്‍ഡ് തുടങ്ങിയ നിരവധി പുരസ്‌കാരങ്ങള്‍ സുധീര്‍ സ്വന്തമാക്കിയിട്ടുണ്ട്.
കാര്‍ട്ടൂണുകള്‍ക്ക് മനസ്സിനെ സ്പര്‍ശിക്കാന്‍ കഴിയുമെന്ന് സുധീര്‍ പറയുന്നു. ചിത്രം വരയ്ക്കാന്‍ അറിഞ്ഞാല്‍ മാത്രം മികച്ച കാര്‍ട്ടൂണിസ്റ്റാകില്ല.. ആശയം, തമാശ എന്നിവ ലഘു വാക്കുകളിലൂടെയോ ചിത്രത്തിലൂടെയോ അവതരിപ്പിക്കാനുള്ള കഴിവും വേണമെന്ന് സുധീര്‍ പറയുന്നു.