Kerala

കോവിഡ് കാലത്തും 500 ഭവനങ്ങളുടെ നിര്‍മാണം പൂര്‍ത്തീകരിച്ച് അസറ്റ് ഹോംസ്; 12 പുതിയ പദ്ധതികളുടെ നിര്‍മാണം ആരംഭിക്കും

 

കൊച്ചി: നേരത്തേ തന്നെ വിവിധ വെല്ലുവിളികള്‍ നേരിട്ട് ക്ഷീണത്തിലായിരുന്ന ആഗോള സമ്പദ് വ്യവസ്ഥ, അപ്രതീക്ഷിതമായി വന്ന കോവിഡില്‍ കൂടുതല്‍ പ്രതിസന്ധിയിലായെങ്കിലും 2020-ല്‍ ഉപയോക്താക്കള്‍ക്ക് നല്‍കിയിരുന്ന വാഗ്ദാനങ്ങള്‍ പാലിക്കാനായെന്ന് പ്രമുഖ ബില്‍ഡറായ അസറ്റ് ഹോംസിന്റെ മാനേജിംഗ് ഡയറക്ടര്‍ സുനില്‍ കുമാര്‍ വി. കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഏഴു ഭവന പദ്ധതികളിലും രണ്ട് വാണിജ്യ പദ്ധതികളിലുമായി മൊത്തം 11 ലക്ഷം ച അടി വരുന്ന 500-ലേറെ അപ്പാര്‍ട്ടുമെന്റുകളും വില്ലകളും ഷോറൂമുകളും ഓഫീസുകളുമാണ് കമ്പനി നിര്‍മാണം പൂര്‍ത്തിയാക്കിയത്. 2020-ല്‍ ലക്ഷ്യമിട്ട 500 ഭവനങ്ങളുടെ നിര്‍മാണം ഈ പ്രതികൂല സാഹചര്യങ്ങള്‍ക്കിടയിലും പൂര്‍ത്തീകരിക്കുകയും ബഹുഭൂരിഭാഗം ഭവനങ്ങളും ഉടമകള്‍ക്കു കൈമാറുകയും ചെയ്തു.

അതിനേക്കാളുപരിയായി കേരളത്തിലെ ബില്‍ഡര്‍മാര്‍ക്ക് ഇതുവരെ ലഭിച്ചിട്ടുള്ള ഏറ്റവും ഉയര്‍ന്ന ക്രിസില്‍ റേറ്റിംഗായ ഡിഎ2+ ഈ വര്‍ഷവും നിലനിര്‍ത്താനായതും അസറ്റ് ഹോംസിന് നേട്ടമായി. ക്രിസിലിന്റെ ഈ ഉയര്‍ന്ന റേറ്റിംഗ് ഉന്നത ഗുണനിലവാരത്തിലും നിശ്ചിത സമയത്തിനുള്ളിലും പദ്ധതികള്‍ പൂര്‍ത്തീകരിക്കാനുള്ള ഒരു ഡെവലപ്പറുടെ കഴിവിനെയും 100% നിയമാനുസൃതമായ ഉടമസ്ഥാവകാശം കെമാറുന്നതിനേയുമാണ് സൂചിപ്പിക്കുന്നത്. ഈ രംഗത്തെ എല്ലാ തുറകളിലുമുള്ള മികച്ച പ്രകടനം കണക്കിലെടുത്താണ് കമ്പനിക്ക് ഈ റേറ്റിംഗ് നിലനിര്‍ത്താനായത്.

2021-ല്‍ നാല് പദ്ധതികള്‍കൂടി നിര്‍മാണം പൂര്‍ത്തീകരിച്ച് ഉപയോക്താക്കള്‍ക്ക് കൈമാറുമെന്നും സുനില്‍ കുമാര്‍ പറഞ്ഞു. കൊല്ലം, തൃശൂര്‍, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് ഈ പദ്ധതികള്‍ നിര്‍മാണം പുരോഗമിക്കുന്നത്. അതു കൂടാതെ 12 പുതിയ ഭവന പദ്ധതികളുടെ നിര്‍മാണവും 2021-ല്‍ ആരംഭിക്കും.

പുതിയ പദ്ധതികളുടെ ഭാഗമായി സ്റ്റുഡന്റ് ഹൗസിംഗ്, സീനിയര്‍ ലിവിംഗ്, അഫോഡബ്ള്‍ ഹൗസിംഗ് എന്നീ മൂന്ന് പുതിയ മേഖലകളിലേയ്ക്കു കൂടി കമ്പനി പ്രവേശിക്കുകയാണ്. കൊച്ചിയില്‍ കാക്കനാട്, ഡൗണ്‍ റ്റു എര്‍ത്ത് എന്ന പേരിലാണ് കുറഞ്ഞ വിലയിലുള്ള അപ്പാര്‍ട്മെന്റുകളുടെ പദ്ധതി നടപ്പാക്കുക. മുതിര്‍ന്ന പൗരന്‍മാര്‍ക്കായി പാര്‍പ്പിടങ്ങള്‍ നിര്‍മിക്കാന്‍ യുഎസ്ടി സ്ഥാപകനും 100 മില്യണ്‍ ഡോളറിന്റെ വെഞ്ച്വര്‍ ക്യാപ്പിറ്റല്‍ ഫണ്ട് മാനേജിംഗ് ഡയറക്ടറുമായ സാജന്‍ പിള്ളയ്ക്ക് നിക്ഷേപമുള്ള സീസണ്‍ ടു ലിവിംഗുമായി സഹകരിച്ച് ആലുവ രാജഗിരി ഹോസ്പിറ്റലിനു സമീപം നടപ്പാക്കുന്ന 360 അപ്പാര്‍ട്മെന്റുകളുള്‍പ്പെട്ട പദ്ധതിയാണ് യംഗ് അറ്റ് ഹാര്‍ട്ട്. മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള പാര്‍പ്പിട രംഗത്ത് ആഗോളതലത്തില്‍ ദീര്‍ഘകാലത്തെ അനുഭവസമ്പത്തുള്ള സ്ഥാപനമാണ് സീസണ്‍ ടു. തിരുവനന്തപുരത്തെ ടെക്നോപാര്‍ക്ക് ഫേസ് ത്രീയില്‍ യുഎസ്എയിലെ ബോസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടോറസ് ഡെവലപ്പേഴ്സ് നടപ്പാക്കുന്ന ടോറസ് ഡൗണ്‍ടൗണ്‍ പദ്ധതിയുടെ ഭാഗമായാണ് അസറ്റ് ഹോംസിന്റെ സ്റ്റുജന്റ്/ബാച്ചിലര്‍ പാര്‍പ്പിട പദ്ധതിയായ അസറ്റ് ഐഡന്റിറ്റി വരുന്നത്.

അസറ്റ് ഹോംസിന്റെ വളര്‍ച്ചാസാധ്യതകള്‍ പരിഗണിച്ച് ഖത്തറിലെ പ്രമുഖ വ്യവസായിയും ഇന്‍കെല്‍ ഡയറക്ടറും ലോകകേരളസഭാംഗവും നോര്‍ക്ക റൂട്സ് അംഗവുമായ സി വി റപ്പായി അസറ്റ് ഹോംസില്‍ മൂലധനനിക്ഷേപം നടത്തിയതായും ഇതേത്തുടര്‍ന്ന് അദ്ദേഹത്തെക്കൂടി ഉള്‍പ്പെടുത്തി കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് വിപുലീകരിച്ചതായും സുനില്‍ കുമാര്‍ പറഞ്ഞു. ഖത്തറിലെ അഹമദ് ബിന്‍ സെയ്ഫ് താനി ആന്‍ഡ് പാര്‍ട്ണേഴ്സിന്റെ ഡയറക്ടറും സിഇഒയുമായ റപ്പായി ഖത്തറിലെ ബിര്‍ള പബ്ലിക് സ്‌കൂളിന്റെ സ്ഥാപകാംഗം കൂടിയാണ്. കേരളത്തിലെ പ്രമുഖ നിര്‍മാണ ബ്രാന്‍ഡായ അസറ്റിലൂടെ സംസ്ഥാനത്ത് മുതല്‍മുടക്കുന്നതിനുള്ള അവസരം ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് സി വി റപ്പായി പറഞ്ഞു. വിവിധ മേഖലകളില്‍ സി വി റപ്പായിക്കുള്ള അനുഭവസമ്പത്ത് അസറ്റ് ഹോംസിന് മുതല്‍ക്കൂട്ടാകുമെന്ന് സുനില്‍ കുമാര്‍ പ്രത്യാശിച്ചു.

അസറ്റ് ഹോംസുമായി സഹകരിച്ച് മുതിര്‍ന്ന പൗരന്മാര്‍ക്കാവശ്യമായ ലോകോത്തര നിലവാരമുളള സവിശേഷ സൗകര്യങ്ങളോടെ നിര്‍മിക്കുന്ന യംഗ് അറ്റ് ഹാര്‍ട്ട്, രാജ്യത്തെ ഇത്തരത്തില്‍പ്പെട്ട ആദ്യപദ്ധതിയാണെന്ന് പദ്ധതിയുടെ പങ്കാളിയായ സീസണ്‍ ടു ലിവിംഗില്‍ നിക്ഷേപമുള്ള സാജന്‍ പിള്ള പറഞ്ഞു. പ്രാഥമിക ആരോഗ്യ സേവനം, ഫിസിയോതെറാപ്പി, ഹൈഡ്രോതെറാപ്പി, ആയുര്‍വേദ ചികിത്സ, വാക്ക് വേ, യോഗാ സെന്റര്‍, ഫിറ്റ്നസ് സെന്റര്‍, വിനോദ സൗകര്യങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയാണ് പദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ ഐടി പാര്‍ക്ക്, വിനോദകേന്ദ്രങ്ങള്‍, പാര്‍പ്പിട സമുച്ചയങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന കേരളത്തിലെ ഏറ്റവും വലിയ സംയോജിത സൗകര്യങ്ങളുള്ള പദ്ധതിയാകും ടോറസ് ഡൗണ്‍ടൗണെന്ന് ടോറസ് ഇന്‍വെസ്റ്റ്മെന്റ് ഹോള്‍ഡിംഗ്സ് കണ്‍ട്രി മാനേജിംഗ് ഡയറക്ടര്‍ (ഇന്ത്യ) അജയ് പ്രസാദ് പറഞ്ഞു. ഈ പദ്ധതിയുടെ ഭാഗമായ പാര്‍പ്പിടങ്ങളുടെ നിര്‍മാണത്തിന് ഗുണനിലവാരത്തിലും സമയബന്ധിത നിര്‍മാണപൂര്‍ത്തീകരണത്തിലും പേരുകേട്ട അസറ്റ് ഹോംസിനെത്തന്നെ പങ്കാളിയായി ലഭിച്ചതില്‍ ഏറെ ആഹ്ലാദമുണ്ടെന്നും അജയ് പ്രസാദ് പറഞ്ഞു.

കോവിഡ് വാക്സിന്‍ വന്നതോടെ 2021-നെ വലിയ പ്രതീക്ഷകളോടെയാണ് ആഗോള ബിസിനസ് സമൂഹം ഉറ്റുനോക്കുന്നത്. ഇതിനു പുറമെ ഗള്‍ഫ് മേഖലയില്‍ അകല്‍ച്ചയിലായിരുന്ന സഹോദര രാഷ്ട്രങ്ങള്‍ തമ്മിലടുത്തതും ലോകരാഷ്ട്രങ്ങള്‍ക്കിടിയില്‍ കൂടുതല്‍ സമാധാനം പുലര്‍ന്നതും ശുഭസൂചനകളാണെന്ന് അസറ്റ് ഹോംസ് ഡയറക്ടറും ഖത്തറിലെ പ്രമുഖ വ്യവസായിയുമായ ഡോ എം പി ഹസ്സന്‍കുഞ്ഞി പറഞ്ഞു. പ്രവാസികള്‍ക്ക് ഏറെ പ്രാമുഖ്യമുള്ള കേരളത്തിന്റേതുപോലുള്ള സമ്പദ് വ്യവസ്ഥകള്‍ക്ക് ഇത് ഏറെ ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പതിമൂന്നു വര്‍ഷത്തിനിടെ 66 പദ്ധതികളാണ് അസറ്റ് ഹോംസ് ഇതുവരെ പൂര്‍ത്തീകരിച്ച് കൈമാറിയിട്ടുള്ളത്. നിലവില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലായി കമ്പനിക്ക് 19 ഭവനപദ്ധതികള്‍ നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളിലുണ്ട്.

വെഞ്ച്വര്‍ ക്യാപ്പിറ്റല്‍ ഫണ്ട് മാനേജിംഗ് പാര്‍ടണര്‍ സാജന്‍ പിള്ള, ടോറസ് ഇന്‍വെസ്റ്റ്മെന്റ് ഹോള്‍ഡിംഗ്സ് കണ്‍ട്രി മാനേജിംഗ് ഡയറക്ടര്‍ (ഇന്ത്യ) അജയ് പ്രസാദ്, സീസണ്‍ ടു സിഇഒ അഞ്ജലി നായര്‍, ക്രിസില്‍ എംഎസ്എംഇ സൊലൂഷന്‍സ് ബിസിനസ് ഹെഡ് ബിനൈഫര്‍ ജഹാനി, അസറ്റ് ഹോംസ് ഡയറക്ടര്‍മാരായ ഡോ എം പി ഹസ്സന്‍കുഞ്ഞി, സി വി റപ്പായി, എന്‍ മോഹനന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംസാരിച്ചു.

 

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 weeks ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 weeks ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 weeks ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 weeks ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

4 weeks ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

4 weeks ago

This website uses cookies.