കേവലം ആറ് വര്‍ഷം കൊണ്ട് 124 സിനിമകളില്‍ അഭിനയിച്ച് തിയേറ്ററുകള്‍ ഇളക്കി മറിച്ച ജയന്‍ എന്ന നടന്‍ ഇന്നും ഒരു താരവിസ്മയമായി തുടരുന്നു. മലയാള സിനിമാചരിത്രത്തില്‍ വിസ്മരിക്കാനാവാത്ത സാന്നിദ്ധ്യമായിരുന്നു നടന്‍ ജയന്റേത്. നായക വേഷങ്ങളിലും വില്ലന്‍ വേഷങ്ങളിലും ഒരുപോലെ തിളങ്ങിയ വ്യക്തിത്വമായിരുന്നു അദ്ദേഹം. തന്റേതായ പൗരുഷഭാവങ്ങള്‍ക്കും അതുല്യമായ അഭിനയശൈലിയ്ക്കും ഉടമയായിരുന്നു ജയന്‍.
എഴുപതുകളുടെ തുടക്കത്തിലാണ് ജയന്‍ എന്ന താരത്തിന്റെ ഉദയം. 1974ല്‍ പുറത്തിറങ്ങിയ ‘ശാപമോക്ഷം’ ആയിരുന്നു ആദ്യ ചിത്രം. ആണഴകിന്റെ പ്രതിരൂപമായിരുന്നു ജയന്‍. അഭിനയ ശേഷിയെക്കാള്‍ അഭിനയത്തിലെ പ്രത്യേകതകളായിരുന്നു ജയനെ പ്രേക്ഷകരുടെ ആരാധനാപാത്രമാക്കിയത്. ആ ശബ്ദഗാംഭീര്യവും സ്‌റ്റൈലും അന്നത്തെ യുവതലമുറയ്ക്ക് തീര്‍ത്തും ഹരമായിരുന്നു. ‘അങ്ങാടി’ എന്ന ചിത്രം കൂടി പുറത്ത് വന്നതോടെ ആ ജനപ്രീതിക്ക് കിരീടവും ചെങ്കോലും കൈവന്നു.
ജയനിലെ ശരീരശാരീര ഭാവങ്ങളെ ആഘോഷമാക്കി ആരാധകര്‍. ശരപഞ്ജരം, കഴുകന്‍, മീന്‍, അങ്ങാടി, കാന്തവലയം, നായാട്ട്, കരിമ്പന മലയാളിയുടെ മനസ്സിലെ നായക സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതി ജയന്‍. ഒടുവില്‍ സാഹസികതയ്ക്ക് പേര് കേട്ട നടന്‍ അതിസാഹസികതയില്‍ എരിഞ്ഞടങ്ങി. കോളിളക്കത്തിലെ ഹെലികോപ്റ്റര്‍ സീന്‍ ജയന്റെ ജീവിതത്തിലെ തന്നെ അവസാന സീനായി. 1980 നവംബര്‍ 16ന് ജയന്‍ വിടവാങ്ങി.
നാല്‍പ്പത്തിയൊന്നാം വയസ്സില്‍ ‘കോളിളക്കം’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ ജനകോടികളുടെ മിന്നും താരത്തെ കാലം മാറോടണച്ചു. ഒരു ഹെലികോപ്ടര്‍ ഉള്‍പ്പെടുന്ന രംഗത്തെ അത്യന്തം അപകടം പിടിച്ച ഒരു ഫൈറ്റ് സീന്‍ ഷൂട്ട് ചെയ്യുന്ന സമയത്താണ് ഇതു സംഭവിച്ചത്. പറന്നു പൊങ്ങിയ ഹെലിക്കോപ്റ്റിന്റെ ലാന്റിംഗ് പാഡില്‍ തൂങ്ങി ഫൈറ്റ് സീന്‍ ചിത്രീകരിക്കുന്ന വേളയില്‍ ഹെലിക്കോപ്റ്റര്‍ തകര്‍ന്നുവീഴുകയായിരുന്നു. കാലത്തിന്റെ തിരശീലയ്ക്കു പിന്നില്‍ മറഞ്ഞുവെങ്കിലും പൌരുഷത്തിന്റേയും സാഹസകതയുടേയും പ്രതീകമായി ഇന്നും ജനമനസുകളില്‍ സ്ഥാനം ലഭിക്കുന്ന എന്നത് ഇന്ത്യന്‍ സിനിമയില്‍ ജയനു മാത്രമാണ് സാധിച്ചിട്ടുള്ളത്. അവിശ്വസനീയം എന്ന് നമ്മള്‍ പല ദുരന്തങ്ങളെ കുറിച്ചും പറയാറുണ്ടെങ്കിലും മലയാള സിനിമയില്‍ ആ പദം ഇത്രമേല്‍ അര്‍ത്ഥവത്തായത് ജയന്റെ മരണത്തിലൂടെയാണ്. മണ്ണിലെ താരങ്ങള്‍ക്കിടയില്‍ നിന്ന് അസ്തമിച്ച ആ സൂര്യന്റെ വേര്‍പാട് നാല് പതിറ്റാണ്ടിനോടടുക്കുമ്പോഴും ഇന്നും ആരാലും അനുകരിക്കാതെ ശോഭിക്കുന്നു.
1939 ജൂലൈ 25ന് കൊല്ലം ജില്ലയില്‍ തേവള്ളി എന്ന സ്ഥലത്താണ് ജയന്‍ ജനിച്ചത്. തിരുവിതാംകൂര്‍ രാജവംശത്തിന്റെ കൊല്ലം ശാഖയായ തേവള്ളി കൊട്ടാരത്തിലെ വിചാരിപ്പുകാരനായിരുന്നു ജയന്റെ പിതാവ് മാധവവിലാസം വീട്ടില്‍ മാധവന്‍പിള്ള. സത്രം മാധവന്‍പിള്ള എന്നും കൊട്ടാരക്കര മാധവന്‍പിള്ള എന്നും ജയന്റെ പിതാവ് അറിയപ്പെട്ടിരുന്നു. മാതാവ് ഓലയില്‍ ഭാരതിയമ്മ. സോമന്‍ നായര്‍ എന്ന അനുജനും അദ്ദേഹത്തിനുണ്ടായിരുന്നു. വീടിനടുത്തുണ്ടായിരുന്ന മലയാളി മന്ദിരം സ്‌കൂളിലാണ് ജയന്‍ പ്രാഥമികവിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. പിന്നീട് ജയന്‍ ഒരു ഗവണ്‍മെന്റ് ബോയ്‌സ് സ്‌കൂളിലാണ് പഠിച്ചത്. പഠനത്തിലും കലാകായികരംഗത്തും മിടുമിടുക്കനായിരുനു ജയന്‍. ചെറുപ്പത്തിലേ ജയന്‍ നന്നായി പാടുമായിരുന്നു. സ്‌കൂളിലെ എന്‍.സി.സിയില്‍ ബെസ്റ്റ് കേഡറ്റായി തിരഞ്ഞെടുക്കപ്പെട്ട ജയന് അതുവഴി നേവിയിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കുകയായിരുന്നു.
1974-ല്‍ ശാപമോക്ഷം എന്ന ചിത്രത്തിലൂടെയാണ് ജയന്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ചെറിയ വേഷങ്ങള്‍ ജയന് ലഭിച്ചുതുടങ്ങി. ഇവയില്‍ പലതും വില്ലന്‍വേഷങ്ങളായിരുന്നു. ജയഭാരതിയാണ് ജയനെ ചലച്ചിത്രരംഗത്തു പരിചയപ്പെടുത്തുന്നത്. ജയന്റെ അമ്മാവന്റെ മകളായിരുന്നു ജയഭാരതി. പിന്നെ അവസരങ്ങള്‍ ജയനെ തേടി എത്തുകയായിരുന്നു. അഭിനയത്തിലെ പ്രത്യേക ശൈലികൊണ്ട് കഥാപാത്രങ്ങളെ ശ്രദ്ധേയമാക്കുവാന്‍ ജയനു കഴിഞ്ഞു. മിന്നിമറയുന്നത് ഒരു സീനിലാണെങ്കില്‍ പോലും ജയന്റെ കഥാപാത്രം പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റി. ഭാവാഭിനയത്തില്‍ മികവു പുലര്‍ത്തിയിതോടൊപ്പം ശരീരത്തിന്റെ കരുത്തും വഴക്കവും അഭിനയത്തില്‍ സംക്രമിപ്പിച്ച് ജയന്‍ അവതരിപ്പിച്ച സ്‌റ്റൈലൈസ്ഡ് ആക്ടിംഗ് പ്രേക്ഷകര്‍ ആവേശപൂര്‍വ്വം നെഞ്ചിലേറ്റി. സംഭാഷണത്തില്‍ വളരെയധികം സ്വാഭാവികതയുണ്ടായിരുന്ന ജയന്റെ ശബ്ദം അതുവരെ മലയാള സിനിമയിലെ നായകന്‍മാര്‍ക്കില്ലാതിരുന്ന തരത്തില്‍ ഗാംഭീര്യമുള്ളതായിരുന്നു. ജയന്റെ മനസ്സിലെ സാഹസികതയോടുള്ള പ്രണയം തുടക്കത്തില്‍ തന്നെ തിരിച്ചറിഞ്ഞ സംവിധായകര്‍ ജയനുവേണ്ടി അതുവരെയുണ്ടായിരുന്ന മലയാള സിനിമയുടെ കഥാഗതിയെപ്പോലും തിരുത്തിയെഴുതി. സിംഹത്തോടും കാട്ടാനയോടും ഏറ്റുമുട്ടാനോ ക്രെയിനില്‍ തൂങ്ങി ഉയരങ്ങളിലേക്ക് പൊങ്ങിപ്പോകാനോ കൂറ്റന്‍ ഗ്ലാസ് ഡോറുകള്‍ തകര്‍ത്തു മുന്നേറാനോ വലിയ കെട്ടിടത്തില്‍ നിന്നു താഴേക്ക് ചാടാനോ ജയന് ഒട്ടും ഭയമുണ്ടായിരുന്നില്ല. തനിക്കു ലഭിക്കുന്ന കയ്യടികള്‍ തന്റെ അദ്ധ്വാനത്തിനു കിട്ടുന്ന പ്രതിഫലമായിരിക്കണമെന്ന് അദ്ദേഹം ആത്മാര്‍ത്ഥമായി ആഗ്രഹിച്ചു. ജയന്റ അസാധ്യമായ പ്രകടനങ്ങള്‍ക്കൊപ്പം നിഴലുപോലെ സഞ്ചരിച്ചിരുന്ന മരണം ഒടുവില്‍ ജയനെ കീഴ്പെടുത്തി. പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ജയനെ ജയിച്ചെന്നു കരുതുന്ന മരണത്തെ ആരാധക ഹൃദയങ്ങളിലെ കെടാത്ത സാന്നിധ്യമായി നിന്ന് ജയന്‍ തോല്പിച്ചുകൊണ്ടേയിരിക്കുന്നു.
ജീവിതാഭിനയത്തിന് വളരെ ചെറുപ്പത്തില്‍ തന്നെ അപകടം തിരശ്ശീല വീഴ്ത്തിയെങ്കിലും പൗരുഷത്തിന്റെയും സാഹസികതയുടെയും പ്രതീകമായി ഇന്നും ജനമനസ്സുകളില്‍ സ്ഥാനം ലഭിക്കുന്നു എന്നത് ഇന്ത്യന്‍ സിനിമയില്‍ ജയനു മാത്രം സാധ്യമായ അപൂര്‍വ്വതയാണ്. ചെറിയ വില്ലന്‍വേഷങ്ങളില്‍ നിന്നു പ്രധാന വില്ലന്‍വേഷങ്ങളിലേക്കും ഉപനായകവേഷങ്ങളിലേക്കും അവിടെ നിന്ന് നായക വേഷങ്ങളിലേക്കുമുള്ള ജയന്റെ വളര്‍ച്ച വളരെ പെട്ടെന്നായിരുന്നു. ഹരിഹരന്‍ സംവിധാനം ചെയ്ത ശരപഞ്ജരമാണ് അദ്ദേഹത്തിനു നായകപദവി നല്‍കിയ ആദ്യവേഷം. 1974 മുതല്‍ ’80 വരെ കേവലം ആറ് വര്‍ഷങ്ങള്‍കൊണ്ട് ‘പൂട്ടാത്ത പൂട്ടുകള്‍’ എന്ന തമിഴ്ചിത്രമുള്‍പ്പെടെ നൂറ്റിപതിനാറ് ചിത്രങ്ങളില്‍ ജയന്‍ വേഷമിട്ടു. ശാപമോക്ഷം മുതല്‍ കോളിളക്കം വരെ ജയന്റെ മുദ്ര പതിഞ്ഞ 90 ശതമാനം ചിത്രങ്ങളും ഹിറ്റുകളും സൂപ്പര്‍ഹിറ്റുകളും ആയിരുന്നു. ജയനെ ജനകീയ നടനാക്കിത്തീര്‍ത്തത് അങ്ങാടി ആയിരുന്നു. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഐ.വി ശശി സംവിധാനം ചെയ്ത ഈ ചിത്രം മുന്‍കാല കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ചു.
കോളിളക്കം എന്ന സിനിമയിലെ ഒരു സാഹസികരംഗത്തിന്റെ ചിത്രീകരണത്തിനിടയിലുണ്ടായ ഒരു ഹെലിക്കോപ്റ്റര്‍ അപകടത്തിലാണ് 1980 നവംബര്‍ 16-ന് ജയന്‍ അകാലമൃത്യുവടഞ്ഞത്. 41 വയസ്സേ അദ്ദേഹത്തിന് അപ്പോള്‍ ഉണ്ടായിരുന്നുള്ളൂ. തമിഴ്‌നാട്ടിലെ ചെന്നൈക്കടുത്തുള്ള ഷോളാവാരത്ത് ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു സിനിമാലോകത്തെ ഞെട്ടിച്ച ഈ സംഭവം ഉണ്ടായത്. സംവിധായകന്‍ ഈ രംഗത്തിന്റെ ആദ്യ ഷൂട്ടില്‍ സംതൃപ്തനായിരുന്നു എന്നു പറയപ്പെടുന്നു. ഈ രംഗത്തിന്റെ മൂന്നു ഷോട്ടുകള്‍ എടുത്തിരുന്നു. എന്നാല്‍ തന്റെ പ്രകടനത്തില്‍ അസംതൃപ്തനായിരുന്ന ജയനായിരുന്നു മറ്റൊരു ഷോട്ട് എടുക്കാന്‍ സംവിധായകനെ നിര്‍ബന്ധിച്ചത് എന്ന് കോളിളക്കത്തിന്റെ നിര്‍മാതാവ് പറയുന്നു. റീടേക്കില്‍ ഹെലിക്കോപ്റ്റര്‍ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു.
ജയന്റെ മരണസമയത്ത് ഹിറ്റായി ഓടുകയായിരുന്ന ചിത്രമായ ‘ദീപ’ത്തില്‍ ജയന്റെ മരണവാര്‍ത്ത ചേര്‍ത്തു. ഈ ചിത്രം കണ്ടുകൊണ്ടിരുന്ന ലക്ഷക്കണക്കിന് ആരാധകര്‍ പൊട്ടിക്കരഞ്ഞു തിയേറ്ററിന്റെ പുറത്തേക്ക് ഓടി. ചിലര്‍ വിശ്വസിക്കാന്‍ കഴിയാതെ അമ്പരന്ന് നിന്നു. മറ്റ് ചിലര്‍ ഇതു വിശ്വസിക്കാന്‍ തയ്യാറാവാതെ വരാന്‍ പോകുന്ന ചലച്ചിത്രത്തിന്റെ ഒരു പരസ്യമാണ് എന്ന് കരുതി സിനിമ കാണുന്നത് തുടര്‍ന്നു.
സിനിമ’ എന്ന വാക്ക് പോലും ഉച്ചരിക്കപ്പെടുന്ന കാലത്തോളം, ‘ജയന്‍’ എന്ന ‘വിസ്മയം’ ജനകോടികളുടെ മനസ്സില്‍ മരണമില്ലാത്ത, അജയ്യനായി ജീവിക്കുക തന്നെ ചെയ്യും! ‘
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.